വാരണാസിയിലെ ഐ ഐ റ്റി യിൽ മികച്ച റാങ്കോടെ പ്രവേശനം കിട്ടിയെങ്കിലും ഫീസ് അടയ്ക്കാൻ 15,000 രൂപ തികയാതെവന്നതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ട ദലിത് വിഭാഗക്കാരിയായ സൻസ്കൃതി രാജൻ എന്ന കുട്ടിക്കുവേണ്ടി ഫീസടച്ച അലഹബാദ് ഹൈക്കോടതി ജഡ്ജ് ദിനേശ് കുമാർ സിംഗിന്റെ ചിത്രവും വാർത്തയും (ദ് ഹിന്ദു) എന്നിൽ ഉണർത്തിയത് 32 വർഷം മുൻപുള്ള നമ്പീശൻ സാറിന്റെ ഓർമകളാണ്.

സയൻസ് ബിരുദത്തിനു ശേഷം MSc ക്ക് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ മാത്രം (കിട്ടുമെന്ന് പ്രതീക്ഷ ഇല്ലാതെ) അപേക്ഷ സമർപ്പിച്ചശേഷം, ഇംഗ്ലീഷ് പഠിക്കാം എന്നു കരുതി എറണാകുളം മഹാരാജാസിൽ MA യ്ക്കു ചേർന്നു. 1989 സെപ്തംബറായപ്പോഴേക്കും കുസാറ്റിൽ പ്രവേശനം കിട്ടി. ഒ ബി സി ക്കാർക്കുള്ള ഫീസിളവു മനസ്സിൽക്കണ്ട് കഷ്ടി 50 രൂപ സംഘടിപ്പിച്ചാണ് ഇന്റർവ്യൂവിനു പോയത്.

വൈസ് ചാൻസലർ ഡോ. ഹർഷ് ഗുപ്തയും സ്കൂൾ ഡയറക്ടർ ഡോ. നമ്പീശനും ഇന്റർവ്യൂ നടത്തി പ്രവേശനം തന്നു. അടുത്ത ഡസ്കിലേക്കു മാറി ഫീസടക്കാൻ ചെന്നപ്പോൾ കണക്കെല്ലാം തെറ്റി, ആകെ 250 രൂപയ്ക്കടുത്തു വേണം. എത്ര മനക്കണക്കു കൂട്ടിയിട്ടും അടുത്ത കാലത്തൊന്നും അത് ഒപ്പിക്കാനാവില്ല. ഉണ്ടായിരുന്ന തുട്ടൊക്കെ MA യ്ക്ക് പുസ്തകങ്ങൾ വാങ്ങാൻ ചെലവാക്കിയിരുന്നു.

മതി, ശാസ്ത്രം വേണ്ട, സാഹിത്യക്ലാസിലേക്കു മടങ്ങാം എന്നു നിശ്ചയിച്ച് ഞാൻ എഴുന്നേറ്റു. അമ്പരന്നുപോയ സൂപ്രണ്ട് വി സി യുടെ മുഖത്തേക്കു നോക്കി. അദ്ദേഹം എന്റെ അപേക്ഷാ ഫോം വാങ്ങി പ്രവേശനം റദ്ദാക്കാൻ പേനയെടുത്തതും നമ്പീശൻ സാർ തടഞ്ഞു. “ഫീസടയ്ക്കാൻ നിവൃത്തിയില്ലാതെ ഒരു വിദ്യാർത്ഥിയും ഇവിടെനിന്നു മടങ്ങരുത്,” എന്നു പറഞ്ഞുകൊണ്ട് തന്റെ പഴ്സിൽനിന്നും രണ്ടു നൂറിന്റെ നോട്ടുകളെടുത്ത് എനിക്കു തന്നു, ഞാൻ MSc വിദ്യാർത്ഥിയായി.

ചില്ലറ വിവർത്തനങ്ങളും ട്യൂഷനെടുപ്പുമൊക്കെ നടത്തി ഗഡുക്കളായി ഞാൻ കടം വീട്ടുകയും ചെയ്തു.വർഷം രണ്ടു കഴിഞ്ഞ് കോഴ്സിന്റെ നാലാം സെമസ്റ്ററായപ്പോൾ 1991 ൽ ഇറാഖ്-കുവൈറ്റ് യുദ്ധം തുടങ്ങി. കുവൈറ്റ് തുറമുഖത്ത് എണ്ണ ടാങ്കറുകൾ തകർന്ന് കടലിൽപ്പരന്ന ക്രൂഡ് ഓയിൽ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളുടെ തീരത്തേക്കുവരെ എത്തി.

കനത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഭയപ്പെട്ട സമയം. അതെപ്പറ്റി പഠിക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളിലെ പ്രമുഖശാസ്ത്രജ്ഞർ ഒഡിഷയിൽ ഒത്തുകൂടി. അറിയപ്പെടുന്ന മറൈൻ ജിയോളജിസ്റ്റായിരുന്ന നമ്പീശൻ സാറാണ് കേരളത്തിൽനിന്ന് അതിൽ പങ്കെടുത്തത്.

ഒരു നാൾ സമ്മേളനസ്ഥലത്തുനിന്ന് കടൽത്തീരത്തേക്ക് സാംപിൾ ശേഖരണത്തിനു പോയ നമ്പീശൻ സാറും ഏതാനും ശാസ്ത്രജ്ഞരും കയറിയ ജീപ്പ് ഒരു ലോറിയുമായി കൂട്ടിയിടിച്ചു. മുന്നിലിരുന്നിരുന്ന അദ്ദേഹം തൽക്ഷണം കൊല്ലപ്പെട്ടു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് മൃതദേഹം കേരളത്തിലെത്തിച്ചത്. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ആദരാഞ്ജലിയർപ്പിക്കാൻ എത്തിച്ച മൃതദേഹം കാണാൻ എനിക്ക് ശക്തിയില്ലായിരുന്നു. കളമശ്ശേരിയിൽനിന്നും കൊച്ചിക്കു വണ്ടി കയറി കൂവപ്പാടത്തെ ആശ്വാസസങ്കേതമായിരുന്ന ഗോവിന്ദ പൈ ലൈബ്രറിയിലെത്തി എന്തൊക്കെയോ വായിക്കുന്നതായി ഭാവിച്ച് നേരംകഴിച്ചു.

രാത്രി വൈകിയാണ് ഹോസ്റ്റലിലേക്കു മടങ്ങിയത്… നമ്പീശൻ സാറിന്റെ ഒരു ചിത്രം തേടി പിൽക്കാലത്ത് യൂണിവേഴ്സിറ്റിയിൽ തിരഞ്ഞെങ്കിലും കിട്ടിയില്ല.

ഇന്ന് ദ് ഹിന്ദു ദിനപത്രത്തിൽ ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്റെ ചിത്രത്തിലേക്ക് പലവുരു നോക്കിയിട്ടും ഞാൻ കാണുന്നത് മനസ്സിൽ മായാതെ നിൽക്കുന്ന നമ്പീശൻ സാറിന്റെ സൗമ്യമധുരമായ രൂപമാണ്.

പി വി ആൽബി

നിങ്ങൾ വിട്ടുപോയത്