ഹിക്രിമു

അക്രൈസ്തവയായ ആ യുവതിയുടെ വലിയ സ്വപ്നമായിരുന്നു ഒരു “ഹിക്രിമു” തയ്യാറാക്കുക എന്നത്.

ഹിന്ദു , ക്രിസ്ത്യൻ, മുസ്ലീം മതങ്ങളെക്കുറിച്ചുള്ള പഠനഗ്രന്ഥം എന്നർത്ഥം.
ഈ ആഗ്രഹത്തോടെ വിവിധ മതങ്ങളെക്കുറിച്ചുള്ള പഠനം അവൾ ആരംഭിച്ചു.

ഇതിനിടയിലാണ് അവളുടെ ജീവിതത്തിൽ
ആ ദുരന്തം നടന്നത്;
അച്ഛന്റെ അപ്രതീക്ഷിതമായ വേർപാട്. അതവളെ വല്ലാതെ പിടിച്ചുലച്ചു.
അതോടൊപ്പം വിവാഹം വരെ എത്തിയ
ഒരു ബന്ധത്തിൽ നിന്നുമുണ്ടായ സാമ്പത്തിക ബാധ്യതയും അവളെ തകർത്തു കളഞ്ഞു.

രണ്ട് എം ബി എ യും ഒരു പോസ്റ്റ് ഗ്രാഡുവേഷനും ഉണ്ടായിരുന്ന
അവളുടെ സർട്ടിഫിക്കേറ്റുകളെല്ലാം ഇതിനിടയിൽ നഷ്ടമായി.
ബിരുദാനന്തര ബിരുദങ്ങൾ ഉണ്ടായിട്ടും ജോലി ലഭിക്കാത്ത അവസ്ഥ. കുടുംബത്തിന്റെ ഈ പ്രതിസന്ധിയിൽ
ദുഃഖിതയായിരുന്ന അമ്മയോടവൾ ഇങ്ങനെ പറഞ്ഞു:
“പണമില്ലാത്തതിനെക്കുറിച്ച്
അമ്മ വിഷമിക്കേണ്ട, എനിക്കൊരു ജോലി കിട്ടിയില്ലെങ്കിൽ
അടുത്തുള്ള ഹോളോബ്രിക്സ് കമ്പനിയിൽ കൂലിവേലയ്ക്ക്
പോയെങ്കിലും ഞാൻ കുടുംബം പോറ്റും.”

ദുരിതപൂർണ്ണമായ ആ യാത്രയിൽ
അവളുടെ ജീവിതത്തിലേക്ക് പ്രത്യാശയുടെ തിരിവെട്ടമായി കടന്നുവന്ന വ്യക്തിയാണ്
സിസ്റ്റർ ട്രീസ ആൻ. അവരാണ് ആദ്യമായി അവൾക്കൊരു സമ്പൂർണ്ണ ബൈബിൾ സമ്മാനിക്കുന്നത്.
അത് നൽകിയപ്പോൾ അവർ പറഞ്ഞു:
“മകളെ ഇതിലെ ഒരു വരിയെങ്കിലും
നീ എന്നും വായിക്കണം.”

ആ വാക്കുകൾ അവൾ നെഞ്ചേറ്റി.
വേദപുസ്തകത്തിന്റെ ഏടുകളിലൂടെ അവൾ ജീവനുളള ദൈവത്തെ പരിചയപ്പെട്ടു.

എന്നിരുന്നാലും എവിടെയൊക്കെയോ നിരാശയുടെ നീരാളിക്കൈകൾ അവളെ വരിഞ്ഞു മുറുക്കിയിരുന്നു.

കഠിനമായ വിഷാദ രോഗത്തിന്നടിമയായ അവൾ പതിമൂന്ന് തവണയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ദൈവാനുഗ്രഹത്താൽ പതിമൂന്ന് തവണയും അവളുടെ ജീവൻ അപായപ്പെട്ടില്ല.

പതിമൂന്നാം തവണ നടത്തിയ ആത്മഹത്യാ ശ്രമം അവളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു. ആശുപത്രിയിൽ അവളെ കാണാൻ ദൈവദൂതനെപ്പോലെ ഒരു വൈദികൻ കടന്നുവന്നു: ഫാ:വിൻസന്റ് ചെമ്പകശേരി.

അവൾ ആ വൈദികനോട് പറഞ്ഞു എനിക്കെന്റെ അച്ഛനെ വല്ലാതെ
മിസ് ചെയ്യുന്നു. അച്ചനെനിക്കൊരു പാട്ടു പാടിത്തരാമോ?
അച്ചൻ പറഞ്ഞു:
“ഞാൻ വലിയ പാട്ടുകാരനല്ല.
എങ്കിലും നിന്റെ സന്തോഷത്തിനും സൗഖ്യത്തിനുമായി കുർബാനയിലെ
ഒരു ഗീതം ഞാൻ പാടാം:
മിശിഹാ കർത്താവിൻ കൃപയും ദൈവപിതാവിൻ സ്നേഹമതും
റൂഹാതൻ സഹവാസവുമീ
നമ്മോടൊത്തുണ്ടാകട്ടെ …..
ആമ്മേൻ”

അങ്ങനെ തിരുവചനത്തിലൂടെയും
വിശുദ്ധ കുർബാനയിലൂടെയും അവൾ ദൈവത്തെ അറിഞ്ഞു.
അനുഭവിച്ചു.
ആ ദൈവത്തെ സ്വന്തമാക്കാനും അനേകരിലേക്ക് ദൈവസ്നേഹം
പങ്കു വയ്ക്കാനുമായി അവൾ ക്രിസ്ത്യാനിയാകാൻ തീരുമാനിച്ചു.
2015 ജനുവരി ഒന്നിന്, റോസ് മരിയ
എന്ന പേരിൽ അവൾ മാമ്മോദീസാ സ്വീകരിച്ചു.

തന്റെ രചനകളിലൂടെയും പ്രവർത്തനങ്ങളിലൂടെയും
ജീവനുള്ള ദൈവത്തിന്റെ പുത്രനായ യേശുക്രിസ്തുവിന് സാക്ഷിയായി
ഇന്നും അവൾ ജീവിതം തുടരുന്നു.
(കടപ്പാട്: ശാലോം ടി.വി.)

വിതക്കാരന്റെ ഉപമയിൽ ക്രിസ്തു പറഞ്ഞതു പോലെ,
“നല്ല നിലത്തു വീണ വിത്ത്‌
നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിക്കുന്നു”

(മത്തായി 13 : 23).

നല്ല നിലത്തുവീണ വിത്താണ് ദേവീമേനോൻ എന്ന പേരിൽ നിന്ന് റോസ് മരിയയിലേക്ക് വളർന്ന അച്ചു!

ക്രിസ്ത്യാനിയായതുകൊണ്ട് മാത്രമല്ല
ക്രിസ്തുവിനു വേണ്ടി ജീവിക്കുമ്പോഴാണ് നമ്മൾ ഫലം പുറപ്പെടുവിക്കുന്ന വിത്തുകളാകുന്നത് എന്ന സത്യം നമുക്ക് വെളിച്ചം പകരട്ടെ.

ഫാദർ ജെൻസൺ ലാസലെറ്റ്

നിങ്ങൾ വിട്ടുപോയത്