*സ്നേഹച്ചെറുവഴിയുടെ വേദാന്തപ്പെരുമ*

ബഹുമാനപ്പെട്ട ഡോക്ടർ സിജു കൊമ്പനച്ചൻ്റെ ‘കൊച്ചുത്രേസ്യയും ശരണാഗതിയും: സ്നേഹത്തിൻ്റെ ഉള്ളൊഴുക്കുകൾ’ എന്ന ഗ്രന്ഥം വായിച്ചത് എനിക്ക് വളരെയേറെ ഗുണകരമായി. എൻ്റെ വ്യക്തിത്വം എത്തിച്ചേരേണ്ട തീരം തന്നെയാണ് ‘ശരണാഗതി’ എന്ന ഉൾക്കാഴ്ചയിലേക്ക് കത്തോലിക്കാ പുരോഹിതനായ എന്നെ ആ വായന നയിച്ചു.

സിജുവച്ചനും ഞാനും സഹപ്രവർത്തകരാണ് – മംഗലപ്പുഴ-കാർമ്മൽഗിരി സെമിനാരികളിൽ പഠിപ്പിക്കുന്നവർ. സെൻ്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫിയുടെ പ്രഗദ്ഭനായ ഡയറക്ടറായ അദ്ദേഹത്തിൻ്റെ ബൗദ്ധികമായ ഔന്നത്യവും തത്ത്വശാസ്ത്രത്തിലുള്ള പ്രാവീണ്യവും ഇടപെടലുകളിലെ കൃത്യതയും വ്യക്തതയും പ്രസിദ്ധമാണ്, സംശയമില്ല. എന്നാൽ, ഈ പുസ്തകം എന്നെ അതിശയിപ്പിച്ചത് ആധ്യാത്മിക ശാസ്ത്രത്തിലും അദ്ദേഹം കൈവച്ചു എന്നതിലാണ്. വിശുദ്ധ കൊച്ചുത്രേസ്യയുടെ സ്നേഹത്തിൻ്റെ ചെറുവഴിക്ക് വേദാന്തത്തിൻ്റെ ഭക്തികാതലായ ശരണാഗതിയോടുള്ള സാമ്യം ലളിതസുന്ദരമായും അതിവിദഗ്ധമായും പുറത്തു കൊണ്ടുവരാൻ സിജു കൊമ്പനച്ചനു കഴിഞ്ഞു എന്നു സാക്ഷ്യപ്പെടുത്തുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്.

ഹൈന്ദവ ഭക്തിദർശനത്തിലെ ശരണാഗതി സങ്കല്പത്തെ വിശദമാക്കാൻ ഉദ്യമിക്കുന്ന ആദ്യ അധ്യായത്തിനും ക്രൈസ്തവ ഭക്തിപ്രസ്ഥാനങ്ങളായ സന്ന്യാസത്തെയും മിസ്റ്റിസിസത്തെയും വിശകലനം ചെയ്യുന്ന രണ്ടാം അധ്യായത്തിനും ശ്രമകരമായ ഒരു ദൗത്യമാണുള്ളത്. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമായി ഈ രണ്ടധ്യായങ്ങളെയും മനസ്സിലാക്കാൻ വായനാശീലമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാവില്ല. എന്നാൽ വായന തുടരുന്നതിൽ നിന്ന് അവ പ്രാരംഭകരായ വായനക്കാരെ നിരുത്സാഹപ്പെടുത്തിയേക്കാം എന്ന തോന്നൽ എനിക്കുണ്ട്. അതിനാൽ ആ പാലം ശ്രദ്ധയോടെ കടന്നാൽ പിന്നെ വായന സുഗമമായിരിക്കും എന്ന് എല്ലാ അനുവാചകർക്കും ഞാൻ ഉറപ്പു തരുന്നു.

തത്ത്വശാസ്ത്രപരമായും ആത്മീയശാസ്ത്രപരമായും ഉന്നത നിലവാരം പുലർത്തുന്നതും പ്രായോഗിക വേദാന്തം എന്നു വിളിക്കപ്പെടുന്നതുമായ ഭഗവദ്ഗീത വിഷാദത്തിൽ നിന്ന് ജ്ഞാനത്തിലേക്കുള്ള ക്ഷണമാണ്. പതിനൊന്നാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യയിൽ ജീവിച്ചിരുന്ന

ശ്രീരാമാനുജൻ്റെ വിശിഷ്ടാദ്വൈത വ്യാഖ്യാനം പിന്തുടർന്ന്, പ്രമുഖ വൈഷ്ണവ പണ്ഡിതനും പ്രഭാഷകനുമായ ഡോ. യു.വി. വെങ്കിടേഷ് ഭഗവദ്ഗീതയിലെ 18 അധ്യായങ്ങളെ ആറ് അധ്യായങ്ങൾ വീതമുള്ള മൂന്ന് വിഭാഗങ്ങളായി തിരിക്കുന്നുണ്ട്. ആത്മജ്ഞാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നാം വിഭാഗം, ഭൗതിക ശരീരത്തിൽ നിന്ന് വ്യത്യസ്തമായ നിത്യമായ ആത്മാവാണ് താൻ എന്ന വ്യക്തിയുടെ തിരിച്ചറിവാണ് ലക്ഷ്യം വയ്ക്കുന്നത്. നിഷ്‌കാമ കർമ്മത്തിലൂടെ മനസ്സ് ശുദ്ധീകൃതമായി ആത്മസാക്ഷാത്കാരം പ്രാപിക്കാനുള്ള ഉപദേശമാണ് അവിടെയുള്ളത്. ആത്മകേന്ദ്രീകൃത ബോധത്തിൽ നിന്ന് ദൈവത്തോടുള്ള അഗാധമായ ധ്യാനത്തിലേക്കും ഭക്തിയിലേക്കും മാറാൻ ഇടയാക്കും വിധം പരമാത്മാവിനെ അറിയുന്നതിലാണ് രണ്ടാം വിഭാഗത്തിൻ്റെ ഊന്നൽ. മൂന്നാം വിഭാഗമാകട്ടെ, ജീവാത്മാവ്, ഭൗതിക ലോകം, പരമാത്മാവ് എന്നിവ തമ്മിലുള്ള ബന്ധം വിശദീകരിച്ച് ശരണാഗതിയുടെ അഥവാ ‘പ്രപത്തി’യുടെ പാത അവതരിപ്പിക്കുന്നു. ഈശ്വരൻ്റെ പാദങ്ങളിലെ സമ്പൂർണ സമർപ്പണമാണ് മോക്ഷം നേടാനുള്ള ആത്യന്തിക മാർഗ്ഗമായി ഇവിടെ പറയുന്നത്.

പതിനാറാം നൂറ്റാണ്ടിൽ ഉത്തരേന്ത്യയിൽ ജീവിച്ചിരുന്ന ശ്രീ ചൈതന്യ മഹാപ്രഭുവിനെക്കുറിച്ച് കൃഷ്ണദാസ കവി രാജ എഴുതിയ ‘ശ്രീ ചൈതന്യ ചരിതാമൃത’ത്തിൽ ശരണാഗതിയെ വിവരിക്കുന്ന ആറു ഭാഗങ്ങൾ (ദൈവാനുകൂലമായവ മാത്രം ചിന്തിക്കൽ, ദൈവപ്രതികൂലമായ വർജിക്കൽ, ദൈവത്തിൻ്റെ രക്ഷയിൽ വിശ്വസിക്കൽ, ഏറ്റവും പ്രിയങ്കരനായി ദൈവത്തെ കരുതൽ, സമ്പൂർണ സമർപ്പണം ചെയ്യൽ, വിനയമുള്ളവനായിരിക്കൽ) വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതത്തിൻ്റെയും ആധ്യാത്മികതയുടെയും സംക്ഷിപ്തമായി സിജു കൊമ്പനച്ചൻ കണ്ടെത്തുന്നു.

ശരണാഗതത്വം സ്വന്തമാക്കുന്നതിന് വിശുദ്ധയുടെ കർമ്മലീത്താ പാരമ്പര്യം അവൾക്ക് തീർച്ചയായും ഏറെ സഹായകമായിട്ടുണ്ടാകണം. കൊച്ചുത്രേസ്യയുടെ ദൈവോന്മുഖതയും ലൗകികതയോടുള്ള വിമുഖതയും അചഞ്ചലമായ വിശ്വാസവും ദൈവപൈതലും ക്രിസ്തുവധുവുമെന്ന സ്വയാവബോധവും ആത്മനിവേദനവും വിനയാന്വിതത്വവും അവളുടെ ആത്മകഥയായ നവമാലികയുടെ സഹായത്തോടെ അതിസുന്ദരമായി ചിത്രീകരിക്കാൻ ഗ്രന്ഥകാരനു കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിൻ്റെ തന്നെ വാക്കുകൾ കടമെടുക്കുകയാണ്: “സർവ്വ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന നിത്യസത്യത്തിന്റെ രശ്മി ശരണാഗതി സങ്കല്പത്തിലും വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതത്തിലും ഒരുപോലെ പ്രതിബിംബിക്കുന്നുണ്ടെന്ന് ഈ താരതമ്യ വായന നമുക്ക് വ്യക്തമാക്കി തരുന്നു”.

ഭക്തിയാണ് ശരണാഗതിയുടെ വഴി എന്നു പൊതുവേ കരുതപ്പെടുന്നുണ്ടെങ്കിലും ജ്ഞാനവും കർമവും ഭക്തിയും ശരണാഗതിയിൽ വേർപിരിക്കാനാവാത്ത വിധം ഇഴപിരിഞ്ഞു കിടക്കുന്നു എന്ന വസ്തുത പുറത്തുകൊണ്ടുവരാൻ നാലാം അധ്യായത്തിൽ ഗ്രന്ഥകാരൻ ശ്രമിക്കുന്നുണ്ട്. ഇവിടെ കൊച്ചുത്രേസ്യയെ വിട്ട് ശ്രീ രമണ മഹർഷി, ശ്രീ നാരായണ ഗുരു, ആവിലായിലെ അമ്മ ത്രേസ്യ, കൊൽക്കൊത്തയിലെ മദർ തെരേസ എന്നിവരുടെ പിന്നാലെ പോയത് വായനക്കാർക്ക് അല്പം കല്ലുകടി സമ്മാനിക്കും എന്നു നിരീക്ഷിക്കാതെ വയ്യാ. വിശുദ്ധ കൊച്ചുത്രേസ്യായുടെ തന്നെ ജ്ഞാനാഗാധതയുടെ തെളിവല്ലേ 1997ൽ സഭ അവളെ മൂന്നാമത്തെ വേദപാരംഗതയായി പ്രഖ്യാപിച്ചത്? റോമിൽ നടന്ന അതിസുന്ദരമായ ആ ചടങ്ങിൽ സംബന്ധിച്ചപ്പോൾ ഞാൻ അനുഭവിച്ച വലിയ ആത്മീയാനന്ദം മായാതെ ഇപ്പോഴും എന്നിലുണ്ട്!

ശരണാഗതിയായ കൊച്ചുത്രേസ്യയുടെ കാലികപ്രസക്തി വെളിവാക്കുന്ന അഞ്ചാമധ്യായം അങ്ങേയറ്റം പ്രചോദനാത്മകമാണ്. വെറും മാനുഷികതയിലും സാധാരണത്വത്തിലും രോഗപ്രതിസന്ധികളിലും ശരണാഗതിയായി അവൾ ക്രമാനുഗതം മുന്നേറി. അത് അവളെ ഒരു തരത്തിലും തൻ്റെ അപരോന്മുഖത്വത്തിലും സൗഹൃദങ്ങളിലും നിന്ന് അകറ്റിയതുമില്ല. ആത്മസംഘർഷങ്ങൾക്കിടയിലും ദൈവാശ്രയത്വവും പ്രത്യാശയും പുഞ്ചിരിയും സ്നേഹദീപ്തിയും അവൾക്കു നഷ്ടമായില്ല. അങ്ങനെ ശരണാഗതി എന്നത് അമൂർത്തമോ അതിഭൗതികമോ അസാധ്യമോ ആയ ഒരാശയമല്ല എന്ന സന്ദേശമാണ് ഈ ഗ്രന്ഥത്തിൻ്റെ ഒടുവിൽ അനുവാചകന് ലഭിക്കുന്നത്. അതിന് അർധരാത്രി അച്ചൻ്റെ കാറിൽ ലിഫ്റ്റു നേടിയ ആളെപ്പോലും കർത്താവ് ഉപകരണമാക്കുന്നുണ്ട്. ദൈവത്തിനു നന്ദി!

സിജു കൊമ്പനച്ചൻ ആത്മാർഥമായ അഭിനന്ദനം അർഹിക്കുന്നു. ഈ ഗ്രന്ഥം മാത്രമല്ല, പലവുരു വായിച്ചു പ്രയോജനപ്പെടുത്തി എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്ന നവമാലികയും അനേകർ വായിക്കാനിടയാകട്ടെ എന്ന് ആശംസിക്കുന്നു. ഭഗവത്ഗീതയുടെ ഭക്തിഭാവത്തിന് ജാതിമതഭേദമെന്യേ ഭാരതത്തിൽ എന്നും തുടർച്ചയുണ്ടാകട്ടെ!

ഫാ. ജോഷി മയ്യാറ്റിൽ

നിങ്ങൾ വിട്ടുപോയത്