അത്യാവശ്യം പാചകം ഇഷ്ട്ടപ്പെടുന്ന ആളാണ്‌ ഞാന്‍. അത്യാവശ്യം നന്നായി ഞാന്‍ പാചകം ചെയ്യുകയും ചെയ്യും. പ്രത്യേകിച്ച് ചിക്കനും ബീഫും മീനുമാണ് പാചകം ചെയ്യാന്‍ എനിക്കേറെ ഇഷ്ട്ടം. കൂടാതെ മിക്കവാറും എല്ലാദിവസവും അടുക്കളയില്‍ ഭാര്യയെ സഹായിക്കുന്ന ആളുമാണ് ഞാന്‍. ഇത് വളരെ അഭിമാനത്തോടുകൂടി ഞാന്‍ എന്റെ സുഹൃത്തുക്കളോട് പറയാറുമുണ്ട്. ഞാനൊരു ഫെമിനിസ്റ്റ് ഭര്‍ത്താവാണ് എന്ന്.
കഥ ഇതല്ല…

Man cooking, smelling aroma Original Filename: 200357416-001.jpg

ഒരു പ്രത്യേക സാഹചര്യത്തില്‍ – കഴിഞ്ഞ ഡിസംബര്‍ 29 ആം തിയ്യതിമുതല്‍ ഞാന്‍ എന്റെ വീടിന്റെ അടുക്കളയുടെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നു.

അപ്പോഴാണ്‌ ഞാനൊരു സത്യം മനസിലാക്കുന്നത് നേരംപോക്കിന് കിസ പറഞ്ഞു പാചകം ചെയ്യുന്ന അടുക്കളയല്ല യഥാര്‍ത്ഥഅനുഭവത്തിന്റെ അടുക്കള…

അതൊരു സമരഭൂമിയാണ് അവിടെനിൽക്കുന്നവര്‍ ഒറ്റക്കൊരു പോരാളിയും… അടുക്കള എന്റെ ജീവിതത്തില്‍ പെട്ടെന്ന് തന്നെ പല മാറ്റങ്ങളും വരുത്തി.

വെളുപ്പിന് ആറരയോടെ എഴുന്നേല്‍ക്കണം… കമ്പിളി പുതപ്പിനടിയിടെ സുഖമുള്ള ഉറക്കം എനിക്ക് നഷ്ടമായി… മുഖംകഴുകി അടുക്കളയിലെത്തിയാല്‍ ആദ്യം കട്ടൻ ചായയ്ക്ക്‌ വെള്ളം വെക്കും… ചായ ആകുന്ന സമയത്ത് അരികഴുകി കുക്കറിലാക്കി അടുപ്പില്‍വയ്ക്കും… സിഗരറ്റ് വലിച്ച് ആസ്വദിച്ചുകുടിച്ച കട്ടൻ ചായ പണികളികളുടെ ഇടയിലെ ചെറിയ ഗ്യാപ്പില്‍ കുടിക്കാന്‍ ശീലിച്ചു… ചോറാകുന്ന സമയത്ത് പ്രഭാത ഭക്ഷണത്തിനുള്ള പണിതുടങ്ങും…. അരി അരക്കല്‍… പൂരിക്ക് മാവ് കുഴക്കല്‍….പുട്ട്,ഇടിയപ്പം അങ്ങനെ…പിന്നെ ഉച്ചക്കത്തെക്കുള്ള കറി ഉപ്പേരി… അടുക്കളയുടെ ചെറിയ ദൂരത്ത്‌ ഒരുപാട് ദൂരം നടന്നാലേ ഇതൊക്കെ സാധ്യമാകു.

ഈ യാത്രക്ക് ഒരു താളമുണ്ട്… ഒരു പ്രത്യേക വേഗമുണ്ട്…. എങ്കിലേ സമയബന്ധിതമായി ഇതൊക്കെ സാധ്യമാകു….ഒരു നോട്ടം പോലുംവേണ്ട കൈ നീട്ടിയാല്‍ തനിയെ ചെന്ന് മുളക് പാത്രത്തിലും ഉപ്പുപാത്രത്തിലുമൊക്കെ കൈ ചെന്ന് തൊടും എത്ര കാലങ്ങള്‍ കൊണ്ട് സിദ്ധിച്ചതാണ് ഇവര്‍ അടുക്കളയിലെ ഈ കൃത്യത…

കായിക സമ്മര്‍ദം മാത്രമല്ല മാനസിക സമ്മര്‍ദ്ദത്തിന്റെ സമയം കൂടിയാണ് ഓരോ പാചകവും. മാവില്‍ വെള്ളം കൂടിയാല്‍, കറിക്ക് ഉപ്പോ മുളകോകൂടിയാല്‍, ചോറൊന്നു വെന്തുപോയാല്‍… ഇതിനൊക്കെ എത്രയോ തവണ അമ്മയോടും പെങ്ങന്മാരോടും ഭാര്യയോടുംകുറ്റം പറഞ്ഞ ആളാണ്‌ ഞാന്‍.

അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ അത്രമേല്‍ ഏകാഗ്രത വേണം ഓരോ ചെറിയ പാചകത്തിലും… ഇതിനിടയിൽ കയ്യിൽ ഏൽക്കുന്ന ചെറിയ പൊള്ളലുകളും മുറിവുകളും ശ്രദ്ധിക്കാൻ എവിടെ നേരം… നമ്മളുണ്ടാക്കിയ ഭക്ഷണം ചുറ്റുമുള്ളവര്‍ ആസ്വദിച്ചുകഴിക്കുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ നമ്മളനുഭവിക്കുന്ന ഒരു സന്തോഷമുണ്ട്….

നന്നായാല്‍ ആരും ഒരു നല്ലവാക്ക് പറയില്ല എന്ന് നമുക്കറിയാം… പാചകം കഴിയുമ്പോഴേക്കും കഴുകാന്‍ ഒരുകുന്നുപാത്രമുണ്ടാകും…. അതെല്ലാം കഴുകി കുളിച്ചു ജോലിക്ക് പോകാന്‍ തിടുക്കപ്പെട്ടൊരുങ്ങി കഴിക്കാന്‍ ഇരിക്കുമ്പോള്‍ ഒന്നും കഴിക്കാന്‍ ആവില്ല….

ഒരു ചായ മാത്രം വലിച്ചുകുടിച്ചു ജോലിസ്ഥലത്ത് സമത്തിനെത്താന്‍ ഓട്ടം തുടങ്ങും…രാവിലെ കഴിക്കാതെ ഓടുന്ന എന്റെ പങ്കാളിയെ എത്രമാത്രം ഞാന്‍ ചീത്തപറഞ്ഞിട്ടുണ്ട്… “നിനക്ക് അഹങ്കാരമാണ് തിന്നാന്‍ ഉള്ളതിന്റെ അഹങ്കാരം…” പക്ഷെ ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു അടുക്കളയില്‍കിടന്ന് ഈ യുദ്ധം കഴിയുമ്പോള്‍ നമുക്കൊന്നും കഴിക്കാനാവില്ല…. ഞാനും മിക്കപ്പോഴും ചായമാത്രമേ കുടിക്കാറുള്ളൂ…!


ഓഫിസില്‍ നിന്നും തിരിച്ചെത്തി കുളിച്ച് ചായകുടിച്ച്‌ അവള്‍ മയങ്ങാന്‍ കിടക്കാറുണ്ട് അതിനും ഞാന്‍ എത്രയോതവണ കലഹിചിട്ടുണ്ട്…. പക്ഷെ എനിക്കിപ്പോളറിയാം…

കാലത്ത് തുടങ്ങുന്ന ഈ അദ്ധ്വാനം നമ്മളെ വല്ലാതെ തളര്‍ത്തിക്കളയും… ഈ സമയത്തായിരിക്കും നല്ല ഫ്രഷ്‌ മീനാണെന്നും പറഞ്ഞ് സഞ്ചിനിറയെ പച്ചമീനുമായി പപ്പാ കയറിവരിക… നല്ല മീന്‍ കൂട്ടാനുള്ള പൂതിയില്‍ വൈകുന്നേരം മീനുമായി വരുന്ന എന്നെ അവള്‍ നോക്കിയാ ദയനിയ നോട്ടത്തിന്റെ അര്‍ത്ഥം അപ്പോഴാണ്‌ എനിക്ക് മനസിലായത്….

അത്താഴം കഴിച്ചു കഴിഞ്ഞ് കഴിച്ച പാത്രങ്ങളും വെച്ചപാത്രങ്ങളും കഴുകി അടുക്കള അടിച്ചുവാരി അടുക്കള സ്ലാബ് തുടച്ച് ആ തുണി സ്ലാബിന്റെ മുകളില്‍ വിരിച്ച് കൈയും കാലും കഴുകി കട്ടിലിന്റെ അരികിലെത്തുമ്പോള്‍ത്തന്നെ ക്ഷീണംകൊണ്ട് പാതി ഉറക്കത്തിലാവും….

സാധാരണ അത്താഴം കഴിഞ്ഞ് ഞാന്‍ ഫോണും നോക്കി കട്ടിലില്‍ വന്നുകിടക്കും… പണികളെല്ലാം തീര്‍ത്ത് അവള്‍ വരുന്നതും കാത്ത്… അവള്‍ വന്ന് ഫോണെടുത്ത് നോക്കിയിരിക്കുമ്പോള്‍ ഞാന്‍ ശല്ല്യം ചെയ്യാറില്ല… ഇപ്പഴല്ലേ ഫോണ്‍ നോക്കുന്നത്…കാത്തിരിക്കും പലപ്പഴും ഫോണ്‍ വെക്കുന്നതും അവള്‍ ഉറക്കത്തിലേക്ക് പോകുന്നതും ഒരുമിച്ചായിരിക്കും…

ഇതിന്റെ പേരില്‍ എത്രയെത്ര തവണ ഞാന്‍ പരിഭവിച്ചിട്ടുണ്ട് കലഹിചിട്ടുണ്ട്….. പക്ഷെ ഇപ്പോള്‍ ഞാനും മനസിലാക്കുന്നു അടുക്കളയെന്ന സമരഭൂമിയിലെ യുദ്ധം നമ്മളെ മാനസികമായും ശാരീരികമായും ആകെ തളര്‍ത്തിക്കളയും….

അടുക്കള ജീവിതം അടുക്കളയില്‍ മാത്രം ഒതുങ്ങുന്നതല്ല… തുണിയലക്കല്‍ അതുണക്കല്‍, അടിച്ചുവാരല്‍….ആ പട്ടിക അങ്ങനെ നീളും… അടുക്കളയില്‍ വല്ലപ്പോഴും ചായക്ക് കടിയുണ്ടാക്കിയും കറിക്കരിഞ്ഞും സഹായിക്കുന്ന ഭര്‍ത്താവെന്ന് ഞാന്‍ ഇനിയൊരിക്കലും വീമ്പു പറയില്ല….

കാരണം അടുക്കള വിശദീകരിക്കാന്‍പോലും കഴിയാത്ത സംഘര്‍ഷങ്ങള്‍ നിറഞ്ഞ സ്ഥാപനമാണ്‌….

ചെറുപ്പത്തില്‍ അമ്മയുടെ അച്ഛന്‍ എന്തെങ്കിലും ആവശ്യത്തിനായിപോലും അടുക്കളയില്‍ നില്‍ക്കുന്നത് കണ്ടാല്‍ ചീത്തപറയുമായിരുന്നു ആണ്‍കുട്ടികള്‍ അടുക്കളയില്‍ കയറാന്‍ പാടില്ലത്രേ…

കാലം അതെല്ലാം മാറ്റി അടുക്കള അത്ര നിഷിദ്ധ സ്ഥലമല്ലായെന്ന് ജീവിതം പഠിപ്പിച്ചിട്ടുണ്ട്. എന്നാലും എനിക്ക് തോന്നുന്നത് ആദ്യം ജനാധിപത്യവല്‍ക്കരിക്കേണ്ട സ്ഥാപനം നമ്മുടെ അടുക്കള തന്നെയാണ്….


കാരണം പ്രഭാതത്തിലെ സുഖമുള്ള ഉറക്കത്തിന്… ക്ഷീണമില്ലാത്ത പകലുകൾക്ക്… സ്വസ്ഥമായ രാത്രികൾക്ക് എല്ലാവർക്കും തുല്ല്യ അവകാശമില്ലേ… അവസര സമത്വം അടുക്കളയിലും വേണ്ടേ….????

(ഇതെല്ലാം എന്റെ മാത്രം അനുഭവവും അഭിപ്രായവുമാണ്)

കടപ്പാട് :
ഇത് അടുക്കളയിൽ കയറുന്ന എല്ലാ പെണ്ണുങ്ങൾക്കും സമർപ്പിക്കുന്നു…

( ഒരു അധ്യാപക സുഹൃത്തിൻ്റെ അനുഭവകഥ )

നിങ്ങൾ വിട്ടുപോയത്

തിരുത്തപ്പെടേണ്ടതിനെ തിരുത്തണമെന്ന് നിങ്ങൾക്ക് ഒന്നിച്ച് പറയാനുള്ള ധാർമിക ഉത്തരവാദിത്തമില്ലേ?| വിശ്വാസവും വിശ്വസ്തതയും ഇത്രയും മതിയോ?