1. കുട്ടികൾ എത്ര വേണമെന്ന് മാതാപിതാക്കളാണ് തീരുമാനിക്കുന്നത്.

2. ഇത്ര കുട്ടികൾ വേണമെന്ന് കാത്തോലിക്ക സഭായോ സഭയിലെ ഏതെങ്കിലും മെത്രാനോ വൈദികനോ നിഷ്കര്ഷിക്കുന്നില്ല, നിർദേശിക്കുന്നില്ല (വരികൾക്കിടയിൽ അർഥം ആരോപിക്കാതിരിക്കുക).

3. പ്രസവിക്കുമ്പോൾ അമ്മ അനുഭവിക്കുന്ന വേദനകൾ അവക്കും അവർ ആരോടെല്ലാം പറയുന്നുവോ അവർക്കുമെല്ലാം അറിയാം, മനസിലാകും. അങ്ങനെ സമൂഹത്തിലുള്ള (ഒരല്പം ഹൃദയമുള്ള) ആർക്കും മനസിലാകും.

4. കുട്ടികൾ ജനിക്കുന്ന അവസരം മുതൽ ഓരോ കുട്ടിയും സ്വന്തം കാലിൽ നിൽക്കാറാകുന്നത് വരെയുള്ള കാലത്ത് ഓരോ അമ്മയും ഓരോ അപ്പനും അനുഭവിക്കുന്ന ശരീരികവും മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ കഷ്ടപ്പാടുകൾ, ഒഴുക്കുന്ന കണ്ണീരുകൾ ഒക്കെ കുടുബത്തിൽ ജീവിച്ചിട്ടുള്ള ആർക്കും അറിയാവുന്നതാണ്.കുട്ടികളുടെ ആരോഗ്യം വിദ്യാഭ്യാസം എന്നിവ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്.

5. ഈ സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബങ്ങളുടെ താങ്ങായി നിൽക്കേണ്ടത് നമ്മുടെ ജനാധിപത്യ ഭരണസംവധാനമാണ്. സർക്കാരുകൾ വളയേറെ കാര്യങ്ങൾ ചെയ്യുന്നുമുണ്ട്.

ശമ്പളത്തോടുകൂടിയ പ്രസവാവധിയും മറ്റും സർക്കാർ നൽകുന്നില്ലേ? ഇങ്ങനെ സർക്കാർ ചെയ്യുന്ന ഓരോന്നും നമുക്കറിയാം. അവയുടെ പരിമിതികളും. ഇനിയും വളരെയേറെ കാര്യങ്ങൾ സാമൂഹ്യ സുരക്ഷക്ക് വേണ്ടി സർക്കാർ ചെയ്യേണ്ടതായിട്ടുണ്ട്.

എന്നാൽ സർക്കാരുകളുടെ കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും കുപ്രസിദ്ധമാണ്.ഇത്തരം സ്ഥിതിയിലാണ് സർക്കാരിതര പ്രസ്ഥാനങ്ങൾക്ക് (NGO- Non Governmental Organisations) പ്രസക്തി ഉണ്ടാകുന്നതു.ഈ ലെവലിൽ ആണ് മതസ്ഥാപനങ്ങൾ പല പ്രസക്തമായ പദ്ധതികളുമായി മുന്നോട്ടു വരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ NGO സാമൂഹ്യപ്രവർത്തന പ്രസ്ഥാനമാണ് ലോകമെമ്പാടുമായി 134 കോടി അംഗങ്ങളുള്ള കാത്തോലിക്ക സഭ. (ഇതെക്കുറിച്ചു വേറൊരിക്കൽ എഴുതാം.)

6. അച്ചന്മാരായാലും മെത്രന്മാരായാലും ആരും സ്വർഗത്തിൽ നിന്ന് നൂലിൽ കെട്ടിയിറക്കപ്പെട്ടവരല്ല. കുടുംബങ്ങളിൽ ജീവിച്ചവർ, കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ നേരിൽ കണ്ടവരാണ്. ഇന്നും കണ്ടുകൊണ്ടിരിക്കുന്നവരുമാണ്.

7. ഓരോ ഇടവകയിലുമുള്ള കുടുംബങ്ങളുടെ ബുദ്ധിമുട്ടുകളും പ്രാരാബ്ദങ്ങളും ഓരോ ഇടവക വൈദികനും ദിവസേന അറിഞ്ഞുകൊണ്ടാണിരിക്കുന്നത്. കുബാന ചൊല്ലുക മാത്രമല്ല വൈദികന്റെ കടമ. തന്റെ ഇടവകയിലെ അംഗങ്ങളുടെ ഓരോ ജീവിത കാൽവയ്പ്പുകളും അറിയുകയും അറിഞ്ഞുകൊണ്ടിരിക്കുകയും സഹായം ആവശ്യമുള്ളവർക്ക് സഹായം നൽകുകയും കൂടെ അദ്ദേഹത്തിന്റെ കടമയാണ്; അത് ചെയ്യുവാൻ വൈദികരെല്ലാം ബന്ധ്യസ്ഥരാണ്. അത് അവർ ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്.

8. ഇതിന്റെയെല്ലാം റിപ്പോർട്ടിങ് ഇടവകകൾ മെത്രന്മാർക്ക് അപ്പപ്പോൾ നൽകുന്നുമുണ്ട്. അത്‌കൊണ്ട് തന്റെ രൂപതയുടെ കാര്യങ്ങളെ സംബന്ധിച്ച് ഒരുവിധം വ്യക്തമായ വിവരം മെത്രാനുമുണ്ട്.അല്ലാതെ നേരം മുഴുവൻ നല്ല ഭക്ഷണവും കഴിച് കോട്ടുവാ വിട്ടു relax ചെയ്തു ടിവി കണ്ടിരിക്കലല്ല മെത്രാന്റെ ജീവിതം.

തന്റെ രൂപതയുടെ, രൂപതയിലെ അംഗങ്ങളുടെ, സാമൂഹ്യ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കുള്ള പരിഹാരങ്ങൾ രൂപത തലത്തിൽ രൂപീകരിക്കുകയും പ്രാവർത്തികമാക്കുകയുമാണ് ഒരോ മെത്രാന്റെയും കടമ. അതിനായി ഓരോ രൂപത കേന്ദ്രത്തിലും (അരമന എന്ന വാക്ക് ഉപേക്ഷിക്കുന്നു.) വിവിധ വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ട്, സർക്കാരിൽ ഉള്ളതുപോലെ തന്നെ. സാമൂഹ്യപ്രവർത്തന വകുപ്പ് ഓരോ രൂപതയിലെയും പ്രധാന വകുപ്പുകളിൽ ഒന്നാണ്.കേരളത്തിലെയും ഇന്ത്യയിലെയും 174 രൂപതകളും അതിവിപുലമായ സാമൂഹ്യസേവനം കാഴ്ചവെക്കുന്നുണ്ട്.

(തിരുവനന്തപുരം രൂപതയുടെ സാമൂഹ്യപ്രവർത്തനത്തിന്റെ ഒരു ചെറിയ വിവരണം താഴെ ഫോട്ടോയിൽ ഉണ്ട്.)

9. ഈ പശ്ചാത്തലത്തിൽ വേണം കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതികളെ കാണേണ്ടത്. അങ്ങനൊരു പദ്ധതിയാണ് പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഈയിടെ പ്രഖ്യാപിച്ചത്.

Mar Joseph Kallarangatt

നാലാമത്തെ കുട്ടിയുടെ പ്രസവത്തിന് രൂപതയുടെ കീഴിലുള്ള ആശുപത്രികളിൽ സൗജന്യസേവനം കൊടുക്കുന്നതിൽ എന്താണ് തെറ്റ്?

നാലാമത്തെ കുട്ടിക്ക് രൂപതയുടെ കോളേജിൽ അഡ്മിഷന്നും സ്കോളഷിപ്പും കൊടുക്കുന്നതിൽ എന്താണ് തെറ്റ്. നാലാമതും അഞ്ചാമതും കുട്ടികളുണ്ടാകണമെന്നത് മാതാപിതാക്കളുടെ മാത്രം തീരുമാനമാണ്.

അഞ്ചുകുട്ടികൾ ഉള്ള കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറച്ചൊന്നു കുറക്കാൻ മാസം ₹1500/- കൊടുക്കാമെന്നു പറയുന്നതിൽ എന്താണ് തെറ്റ്?

ഇപ്പോഴത്തെ 2021- ലെ സ്ഥിതിവിവരക്കണക്കെടുത്തു നോക്കിയിട്ടാണ് പറയുന്നത്. നാലാമതും അഞ്ചാമതും കുട്ടിയുണ്ടായതു “ഈ ഓഫർ” പ്രതീക്ഷിച്ചത് കൊണ്ടൊന്നുമല്ല എന്ന് സാമാന്യവിവരമുള്ളവർക്ക് മനസിലാകും.(ഈ 1,500 രൂപയെപ്രതി 4-5 കുട്ടികൾ വീട്ടിൽ ഉണ്ടാകട്ടെ എന്ന് മാതാപിതാക്കൾ തീരുമാനിച്ചുകളയും എന്നും ആരും ചിന്തിക്കേണ്ട!)

അതുകൊണ്ട് നാലുകുട്ടികളും അഞ്ചുകുട്ടികളും എല്ലാ വീട്ടിലും ഉണ്ടാകണമെന്ന് വിവക്ഷയില്ല. കുട്ടികൾ ജനിക്കുന്നതും വളരുന്നതും മാതാപിതാക്കളുടെ തീരുമാനപ്രകാരമാണ്. ഉണ്ടായിപ്പോയതുകൊണ്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടിൽ അവരെ സഹായിക്കാൻ സഭക്ക് കടമയുണ്ട്, അത് നിർവഹിക്കുന്നു. സാമൂഹ്യ സംഘടനകളും അതാതു സ്ഥലത്തും സമയത്തുമുള്ള ജനങ്ങളുടെ ബുദ്ധിമുട്ടു നേരിൽ കണ്ടിട്ടാണ് സഹായ ഹസ്തം നീട്ടുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ടുകളും സങ്കടങ്ങളും കണ്ണീരും കാണാൻ കഴിവുള്ളവർക്കേ അങ്ങനെ അവരെ സഹായിക്കാൻ തോന്നുകയുള്ളൂ.

10. ഇങ്ങനൊരു പദ്ധതി പാലാ രൂപത പ്രഖ്യാപിച്ചപ്പോൾ, രൂപത ഇതിനുപുറമേ വേറെയും വളരെയേറെ കാര്യങ്ങൾ സാമൂഹ്യ മേഖലയിൽ ചെയ്യുന്നുണ്ട് എന്നതും മറക്കാതിരിക്കുക.

11. മറ്റ് ചില സമുദായങ്ങളിൽ ജനസംഖ്യ വർധിക്കുന്നു എന്നത് ക്രൈസ്തവർ ഒട്ടും ഭയപ്പെടേണ്ട കാര്യമല്ല. അതിന്യൂന പക്ഷമായി എത്രയോ രാജ്യങ്ങളിൽ ക്രൈസ്തവർ ജീവിക്കുന്നു!

എന്തൊക്കെയായാലും ക്രൈസ്തവർ ഇന്ത്യയിൽ വെറും 2.3% മാത്രമേയുള്ളൂ! എന്നിട്ടും ഈ രാജ്യത്തിൽ ഭയത്തോടെ ജീവിക്കേണ്ട ആവശ്യമുണ്ടായിട്ടില്ല, അല്ലറ ചില്ലറ ബുദ്ധിമുട്ടുകൾ (കേരളത്തിൽ പ്രചാരമുള്ള ശൈലിയിൽ “ഒറ്റപ്പെട്ട”) അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും.

ഞാൻ ഇക്കൊല്ലം (2021) തന്നെ ആസ്സാം, മേഘലയാ, പഞ്ചാബ്, ഡൽഹി, ഹരിയാന, ആന്ധ്ര പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്‌; ഒരിടത്തും ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. മറിച്ചു ബഹുമാനവും സ്നേഹവുമേ കിട്ടിയിട്ടുള്ളൂ.

ഈ രാജ്യത്തിലെ അതി-ന്യൂനപക്ഷമായിട്ടും ക്രൈസ്തവർ ഈ രാജ്യത്തിന്റെ സാമൂഹ്യമേഖലയിൽ 25-ലേറെ ശതമാനം സേവനം നൽകുന്നു എന്ന് മനസിലാക്കുക.

വിദ്യാഭ്യാസ മേഖലയിൽ ഈ അതി-ന്യൂനപക്ഷത്തിനു അതി ബ്രുഹത്തായ സംഭാവന ചെയ്യാനായിട്ടുണ്ട്. ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളാണ് എല്ലാവർക്കും എപ്പോഴും ഇപ്പോഴും ഇഷ്ടം. അത് നമ്മുടെ സേവനത്തിലുള്ള മേന്മയിലൂടെ നമ്മൾ കൈവരിച്ചതാണ് എന്നും ഓർക്കുക. നമ്മുടെ ആവനാഴി നിറയെ നന്മ മാത്രമായിരിക്കട്ടെ.

അതുക്കൊണ്ട് ജനസംഖ്യയിൽ പുറകോട്ടു പോകുന്നു എന്നതിനെക്കുറിച്ചു കാത്തോലിക്കരും അനാവശ്യമായി ഭീതിപ്പെടേണ്ട കാര്യമില്ല.

മുസ്ലിം ജനസംഖ്യ കൂടുന്നു കുറയുന്നൂ എന്നതരത്തിലുള്ള അനാവശ്യമായ ഭീതിയുടെ പേരിൽ അനാവശ്യ കമെന്റുകൾ ഇട്ടു മത സൗഹാർദം തകർക്കാൻ ശ്രമിക്കരുത് എന്നും ഈ അവസരത്തിൽ ഓർമിപ്പിക്കട്ടെ.

അർഹതപ്പെട്ടത് വ്യവസ്ഥാപിത മാർഗത്തിലൂടെ നേടിയെടുക്കാൻ ശ്രമിക്കാം. അപ്പോഴും ആരെയും വെറുക്കുവാനോ ബുദ്ധിമുട്ടിക്കാനോ ക്രൈസ്തവക്കു തോന്നരുത്, തോന്നാൻ പാടില്ല.

ഫാ. സിറിയക്ക്‌ തുണ്ടിയിൽ, CMI

നിങ്ങൾ വിട്ടുപോയത്