ചില ക്ലബ്ഹൗസ് വിചാരങ്ങള്‍

ഓഡിയോ ബേസ്ഡ് ആയ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ഹൗസ്. വാതോരാതെ സംസാരിക്കാന്‍ താല്‍പര്യമുള്ള മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ഈ പുത്തന്‍ ആപ്പിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

2021 മെയ് 21ന് ക്ലബ്ഹൗസിന്റെ ആന്‍ഡ്രോയിഡ് പതിപ്പെത്തിയതോടെയാണ് ആപ്പ് ജനപ്രിയമായത്. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ലോക്ക്ഡൗണ്‍ ഉല്‍പന്നമാണ്. 2020 മാര്‍ച്ചില്‍ അമേരിക്കയില്‍ ആല്‍ഫ എക്സ്സ്പ്ലൊറേഷന്‍ കമ്പനിയാണ് ക്ലബ്ഹൗസ് അവതരിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ മുമ്പുള്ള കണക്കനുസരിച്ച് 10 മില്യണിലധികം ഉപഭോക്താക്കളുള്ള ഈ ആപ്പ് കഴിഞ്ഞ ഒരാഴ്ചയിലധികമായി മലയാളികളുടെ ഇടയില്‍ ട്രെന്റിങ്ങ് ആണ്.

ഓരോരുത്തര്‍ക്കും താല്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും, ലോകത്തെവിടെയുമുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനും പാട്ട് കേള്‍ക്കാനും പാടാനും അശയപ്രചരണത്തിനും ഈ ആപ്പ് വേദിയൊരുക്കുന്നു. ഈ ആപ്പിന്റെ അനന്തസാധ്യതകള്‍ മനസ്സിലാക്കിയ ചിലപ്രത്യേക വിഭാഗക്കാര്‍ ക്ലബ്ഹൗസ് കയ്യടക്കി എന്ന സങ്കടം പറച്ചിലുകളുടെ പശ്ചാത്തലത്തില്‍ ഏതാനും കാര്യങ്ങള്‍ കുറിക്കുകയാണ്.

കുറച്ച് തിയറി

ആശയവിനിമയശാസ്ത്ര പണ്ഡിതനും സാമൂഹ്യശാസ്ത്രജ്ഞനുമായ എവററ്റ് എം റോജേഴ്സിന്റെ Diffusion of innovations സിദ്ധാന്തമനുസരിച്ച് ക്ലബ്ഹൗസ് എന്ന പുതിയ സോഷ്യല്‍ മീഡിയ പ്രൊഡക്ടിനെ ഉപയോഗിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വ്യക്തികളെ അഞ്ചായി തരം തിരിക്കാം

1 ഇന്നവവേറ്റേഴ്സ്

ഒരു പുതിയ ഉല്‍പ്പന്നം പരീക്ഷിക്കുന്ന ആദ്യ ഉപഭോക്താക്കളാണ് ഇന്നൊവേറ്റര്‍മാര്‍. അവര്‍ സ്വഭാവത്തില്‍, റിസ്‌ക് എടുക്കുന്നവരാണ്, കൂടാതെ പുതിയ ആശയങ്ങളുടെ സാധ്യതകളും കാര്യങ്ങള്‍ ചെയ്യാനുള്ള പുതിയ വഴികളും കൊണ്ട് ആവേശഭരിതരുമാണ്.

  1. ഏര്‍ലി അഡാപ്റ്റേഴ്സ്

പുതുമയുള്ള ഉല്‍പ്പന്ന വാങ്ങുന്നവരെ പിന്തുടരുന്നവരാണ് രണ്ടാം ഘട്ടത്തില്‍ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്. എല്ലാ കമ്പോളങ്ങളിലും വലിയ സ്വാധീനം പുലര്‍ത്താന്‍ കഴിവുള്ളവരാണ് ആ വിഭാഗം. മറ്റുള്ളവരുടെ തീരുമാനങ്ങളിലും നടപ്പാക്കലുകളിലും ആശയപരമായ നേതൃത്വം നല്‍കാന്‍ പ്രാപ്തിയുള്ളവരാണ് ഇക്കൂട്ടര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഇത്തരക്കാര്‍ അവര്‍ക്ക് താല്‍പര്യമുള്ള ഉല്‍പ്പന്നങ്ങളെ കൂടുതലായി പ്രചരിപ്പിക്കുകയും താല്‍പര്യമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കെതിരായ പൊതുബോധം സൃഷ്ടിക്കാന്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നവരാണ്.

  1. ആദ്യകാല ഭൂരിപക്ഷം അഥവാ ഏര്‍ലി മജോരിറ്റി

ഒരു ഉല്‍പ്പന്നത്തിന് വന്‍തോതിലുള്ള കമ്പോള സ്വീകാര്യത ലഭിക്കുമ്പോള്‍ അതിനെ സ്വീകരിക്കുന്ന വിഭാഗമാണ് ആദ്യകാല ഭൂരിപക്ഷം. ഈ വിഭാഗത്തിലുള്ള ഉപഭോക്താക്കള്‍ അപകടസാദ്ധ്യതകള്‍ ഒഴിവാക്കി യുക്തിസഹമായ വിലയിരുത്തലുകള്‍ നടത്തി ഒരു ഉല്‍പ്പന്നം വിവേകത്തോടെ ഉപയോഗിക്കുന്നവരാണ്. ഇക്കൂട്ടര്‍ പൊതുവേ ശരാശരി സാമൂഹിക നിലവാരത്തേക്കാള്‍ മികച്ചവരും കമ്പോള ആശയരൂപീകരണം നടത്തുന്നവരുടെ ആശയങ്ങളെ പരിഗണിച്ച് സ്വന്തം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നവരുമാണ്.

  1. വൈകിവന്ന ഭൂരിപക്ഷം അഥവാ ലേറ്റ് മജോരിറ്റി

പുതിയ ഉല്‍പന്നങ്ങളെ സ്വീകരിക്കുന്നതില്‍ ആദ്യ മൂന്ന് വിഭാഗങ്ങളിലുള്ള ഉപഭോക്താക്കളേക്കാള്‍ സംശയാലുക്കളാണ് ലേറ്റ് മജോരിറ്റി. നിരവധിയാളുകള്‍ പരീക്ഷിച്ച് നോക്കി അപകടസാധ്യത തീരെയില്ലെന്ന് ഉറപ്പു വരുത്തിയ ഉല്‍പ്പന്നങ്ങളെ മാത്രം സ്വീകരിക്കുന്നവരാണ് ഇക്കൂട്ടര്‍. ഈ വിഭാഗത്തിലുള്ള ഉപഭോക്താക്കള്‍ പൊതുവെ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരും കമ്പോളസ്വാധീനം ചെലുത്തുവാന്‍ പ്രാപ്തിയുള്ളവരുടെ ആശയങ്ങളെക്കുറിച്ച് അജ്ഞരുമായിരിക്കും.

  1. ലഗാര്‍ഡുകള്‍ അഥവാ പിന്നാക്കക്കാര്‍

ഒരു ഉല്‍പന്നം ഏറ്റവും ഒടുവിലായി ഉപയോഗിക്കുന്നവരാണ് ലഗാര്‍ഡുകള്‍. പരമ്പരാഗത രീതികളെ വിലമതിക്കുകയും മാറ്റങ്ങളോട് വളരെയധികം വിമുഖത കാണിക്കുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. സാധാരണഗതിയില്‍ പിന്നാക്കക്കാര്‍ക്ക് സാമൂഹിക-സാമ്പത്തിക നിലവാരം കുറവായിരിക്കും, മാത്രമല്ല അവരുടെ പരിമിതമായ മേഖലകള്‍ക്ക് പുറത്തുനിന്നും അഭിപ്രായങ്ങള്‍ തേടാന്‍ പ്രാപ്തിയില്ലാത്തവരും വിവരസാങ്കേതിക വിദ്യകളെക്കുറിച്ച് അജ്ഞരും താരതമ്യേന പ്രായം കൂടിയവരുമായിരിക്കും.

ഉപസംഹാരം

മുകളില്‍ സൂചിപ്പിച്ച ആദ്യ മൂന്ന് വിഭാഗങ്ങളിലും കേരളത്തിലെ സോഷ്യല്‍ മീഡിയ പ്രോഡക്റ്റ്സ് ഉപയോഗിക്കുന്നതില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത് ഒരു പ്രത്യേക വിഭാഗമാണെന്നത് വസ്തുതയാണ്.

കത്തോലിക്കാ പ്രബോധനങ്ങള്‍ ആകര്‍ഷണീയമായ രീതിയില്‍ പകര്‍ന്നു നല്‍കാന്‍ പ്രാപ്തിയുള്ളവരുടെ അഭാവം സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നുള്ളത് മറ്റൊരു പ്രധാനപ്പെട്ട വസ്തുതയാണ്. ആധുനിക സാഹചര്യത്തില്‍ പൊതുവായും ലോക്ഡൗണ്‍ സാഹചര്യത്തില്‍ പ്രത്യേകമായും ഉത്തരവാദിത്തപ്പെട്ട ആളുകളുടെ നേതൃത്വത്തില്‍ ക്ലബ്ഹൗസിലും സമാനമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും കത്തോലിക്കാ പ്രബോധനങ്ങളും മൂല്യങ്ങളും പകര്‍ന്ന് നല്‍കാന്‍ പ്രാപ്തരായവരെ ഏകോപിപ്പിച്ച് നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകള്‍ക്കാണ് അര്‍ത്ഥശൂന്യമായ വിലാപങ്ങളെയും മുന്നറിയിപ്പുകളെയുംകാള്‍ ഫലസിദ്ധിയുള്ളത് എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

അറിവിനും വിനോദത്തിനും ഉള്ള നിരവധി വേദികള്‍ ക്ലബ്ഹൗസിലുണ്ടെങ്കിലും മറ്റേതൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമും പോലെ നിരവധി അപകട സാധ്യതകളും ക്ലബ്ഹൗസിലുണ്ട്.

രാഷ്ടീയം, ഭക്ഷണം, യാത്ര, ടെക്‌ണോളജി, പ്രണയം, സിനിമ എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും മലയാളത്തില്‍ ക്ലബ്ഹൗസ് റൂമുകളുണ്ട്. ഇതില്‍ ഏറ്റവും അപകടകരമായി തോന്നിയത് പ്രൊപ്പോസിംഗ് റൂമുകളാണ്. പ്രൊഫൈല്‍ പിക്ചര്‍ മാത്രം നോക്കി ഇഷ്ടപ്പെടുന്ന ആളുളെ പ്രപ്പോസ് ചെയ്യാനും പരസ്പരം ഇഷ്ടപ്പെടുന്നവര്‍ക്കും ഏതാനും നിമിഷങ്ങളുടെ പരചയം മാത്രമുള്ളവര്‍ക്കും തുടര്‍ന്നും ആശയവിനിമയം നടത്താനുമുള്ള വിവരങ്ങള്‍ കൈമാറാനുള്ള സാഹചര്യങ്ങളും ചാറ്റ്റൂമുകളില്‍ നല്‍കുന്നുണ്ട്.

ഇത്തരത്തിലുള്ള ചാറ്റ് റൂമുകളില്‍ ആണ്‍പെണ്‍ വ്യത്യാസം ഇല്ലാതെ നമ്മുടെ മക്കള്‍ കയറുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ് അതിന് പരിഹാരം കണ്ടെത്തേണ്ടതുണ്ട്. വൈദികവേഷധാരിയുടെ പ്രൊഫൈല്‍ ചിത്രവുമായി ഇത്തരം ഒരു റൂമില്‍ സംസാരിച്ചിരുന്ന വ്യക്തിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചത് അപകടങ്ങളുടെ അനന്ത സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ദൈവനിഷേധകരും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരും അബദ്ധപ്രബോധകരും അണിനിരക്കുന്ന ഇത്തരം പ്ലാറ്റ്ഫോമുകളിലെ അപകട കെണികളെക്കുറിച്ച് യുവജനങ്ങളും മാതാപിതാക്കളും അവബോധമുള്ളവരാകണം.

സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ ഭേതിക്കുന്ന തരത്തില്‍ വ്യക്തിവിവരങ്ങള്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നല്‍കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. സോഷ്യല്‍ മീഡിയയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി തട്ടിപ്പുകള്‍ നടന്നിട്ടുള്ളതിന്റെ വാര്‍ത്തകള്‍ മറ്റുള്ളവര്‍ക്ക് പാഠമാകണം.

റോബി തലച്ചെല്ലൂര്‍

നിങ്ങൾ വിട്ടുപോയത്