ബസിലെ കിളിയെപ്പോലെ വിളിച്ചു പറഞ്ഞു വൈദീകൻ : പ്രതിഷേധങ്ങൾ അവസാനിക്കുമോ ?

ആദ്യമായി ട്രാൻസ്‌പോർട് ബസ്സുകൾ ഇറങ്ങുന്ന കാലം. ഒരു ഭരണാധികാരി ബസ്സ്റ്റാൻഡ് കാണാൻ പുറപ്പെട്ടു. നിരനിരയായി ബസുകൾ കിടക്കുന്നതു കണ്ടിട്ടും ഭരണാധികാരിയുടെ മുഖത്തു ആശയക്കുഴപ്പം. “ഇതെന്താ ഏതു ബസ് എങ്ങോട്ടാ പോകുന്നതെന്ന് ആർക്കും മനസിലാകില്ലല്ലോ ? “ അടുത്ത് നിന്ന ഉദ്യോഗസ്ഥന് ചിരിപൊട്ടി . എങ്കിലും അടക്കിപ്പിടിച്ചു അയാൾ പറഞ്ഞു “ സാർ വണ്ടി പോകുന്ന സ്ഥലം ബോർഡിൽ എഴുതി വച്ചിട്ടുണ്ടല്ലോ ?”

ഭരണാധികാരിക്ക് ശുണ്ഠി കയറി. “ എന്ത് പ്രയോജനം . ഈ ബോർഡെല്ലാം എടുത്തു മാറ്റൂ … എനിക്ക് വായിക്കാൻ അറിയില്ല എന്ന് അറിഞ്ഞുകൂടേ ? സ്ഥലം വിളിച്ചുപറയാൻ ആളെവക്കൂ “

ഉദ്യോഗസ്ഥന് വീണ്ടും ചിരിപൊട്ടി. “വിളിച്ചുപറയാൻ ആളേവയ്ക്കാം . പക്ഷെ അങ്ങേക്ക് വായിക്കാൻ അറിയാത്തതിന് ബോർഡ് മാറ്റണോ ? അറിയുന്നവർ വായിക്കുമല്ലോ ? പോരാത്തതിന്‌ അങ്ങ് വായിക്കാൻ പഠിച്ചാൽ ആ പ്രശ്നവും തീരില്ലേ .. “

ഈ കഥയിലെ ഭരണാധികാരിയുടെ അവസ്ഥയിലാണ് മാർപ്പാപ്പയ്‌ക്കെതിരെ ആശീർവാദ വിഷയത്തിൽ സമരമുണ്ടാക്കുന്ന വിശ്വാസികൾ. ഇവരിൽ എന്റെ അടുത്ത സ്നേഹിതരുമായി സംസാരിക്കുമ്പോഴാണ് ഞാൻ ഇത് മനസിലാക്കിയത്. പലർക്കും ആശീർവാദത്തിന്റെ അർഥം അറിയില്ല. അത് എന്തിനുവേണ്ടിയാണെന്നു അറിയില്ല. എന്നിട്ടാണ് സമരവും ആക്രോശങ്ങളും

പാപ്പാ വിരുദ്ധരായ കൂട്ടുകാരെ .. ഈ കഥ കൂടെ കേൾക്കൂ … ഒരു വൈദീകൻ വഴിയരുകിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു നിൽക്കുകയാമായിരുന്നു . “ പിശാചിന്റെ പിടിയിൽ നിന്ന് വിടുതൽ വേണ്ടവർ വരിക. ദൈവഹിത പ്രകാരം ജീവിതം മാറ്റണം എന്നുള്ളവർ വരിക. നിങ്ങൾ ആയിരിക്കുന്ന അവസ്ഥ പ്രശ്നമല്ല . വരിക .. വരിക “ നന്നാകാൻ ആഗ്രഹമുള്ള എല്ലാവരും സാത്താനെ തോൽപിക്കാൻ ആഗ്രഹമുള്ളവരൊക്കെ അങ്ങോട്ടോടി.

തോമാച്ചൻ ഇത് കണ്ടു അങ്ങാടിയിൽ നിൽക്കുമ്പോൾ ഒരു സ്വവർഗ ദമ്പതി തോമാച്ചനോട് ചോദിച്ചു “ ഞങ്ങൾ പൊയി പ്രാർഥിച്ചോട്ടെ “ തോമാച്ചൻ പറഞ്ഞു “ നിങ്ങളുടെ അവസ്ഥയൊന്നും നോക്കണ്ട ചെല്ല് ചെല്ല് ഇപ്പൊ ശരിയാക്കിത്തരും “ അടുത്തുനിന്ന അന്നമ്മ ചേടത്തി പ്രാർത്ഥിക്കാൻ തുടങ്ങി “കർത്താവെ അച്ചന്റെ കരങ്ങളെ ശക്തിപ്പെടുത്തണേ കർത്തവേ “

ഇത്രയേ ഉള്ളൂ സഹോദരങ്ങളേ….മാർപ്പാപ്പയുടെ ഡോക്യൂമെന്റിനെ ഞാൻ അനുകൂലിച്ചു എഴുതിയപ്പോൾ എന്നോട് വിഷമം പറഞ്ഞ സഹോദരങ്ങൾക്ക് വിവാദമായ ഡോക്യൂമെന്റിന്റെ 9 ഉം 10 ഉം ഖണ്ഡികകൾ അയച്ചുകൊടുത്തൂ. ഈ അച്ചൻ വിളിച്ചു പറയുന്നതാണ് അവിടെ എഴുതിയിരിക്കുന്നത്‌. വായിക്കാൻ അറിയാവുന്നവർ പോലും ഡോക്യുമെന്റ് വായിക്കാതെ കലഹം ഉണ്ടാക്കുന്നു

ഒരു മനുഷ്യൻ ഹോട്ടലിൽ കയറി കുഴിമന്തി ഓർഡർ ചെയ്തു. ഹോട്ടലുകാരൻ കുഴിമന്തി കൊടുത്തപ്പോൾ അയാൾ വഴക്കിടാൻ തുടങ്ങി. ബിരിയാണി ആണോടോ കൊണ്ടുവരുന്നത് … ഒടുവിൽ വഷളായപ്പോൾ പോലീസ് വന്നു സ്ഥിരീകരിച്ചു … ഇത് കുഴിമന്തിയാണ്. വഴക്കിട്ടയാൾ പറഞ്ഞു .. ആണോ .. ഈ സാധനം ബിരിയാണി ആണെന്നാണ് എനിക്ക് തോന്നിയത് … പോലീസുകാരന് ദേഷ്യം വന്നു… അങ്ങനെ തനിക്കു മനസ്സിൽ തോന്നുന്ന തോന്നലിലെനെല്ലാം വഴക്കിടാൻ നടക്കല്ലേ ചേട്ടാ … ഒന്നുമില്ലെങ്കിലും കുഴിമന്തി കടക്കാരന് കുഴിമന്തി എന്താണെന്നു പറഞ്ഞു തരാൻ അവകാശമില്ലെടോ ..

അപ്പോൾ സംഗതി അതാണ്. പലർക്കും ഒരു തോന്നൽ ഉണ്ടാകുകയായിരുന്നു .. ആശീർവാദം എന്ന് പറഞ്ഞാൽ എന്തോ അംഗീകാരം കൊടുക്കൽ ആണെന്നാണ്. യഥാർത്ഥത്തിൽ നിങ്ങൾ ചെയ്യേണ്ടത് കത്തോലിക്കാ സഭയിൽ ആശീർവാദം എന്തിനാണ് ആശീര്വദിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ലോകത്തോട് മുഴുവൻ വിളിച്ചു പറയുകയാണ്. അതാണ് ഡിക്കസ്റ്ററി ഓഫ് ഡോക്ട്രിൻ ഓഫ് ഫൈത് (DDF ) ഇപ്പോൾ ചെയ്തിരിക്കുന്നത്.നിങ്ങളാകട്ടെ അതും ചെയ്യാൻ സമ്മതിക്കുന്നില്ല. എന്താണ് ആശീർവാദം എന്ന് വിശദീകരിക്കുന്നത് കേട്ട് അർഥം മനസ്സിലാക്കിയിട്ടും കടന്നുവരുന്നവർ കടന്നുവരട്ടെ.

ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർഥം പോയി പഠിക്കുക എന്ന് യേശു പറയാൻ ഉണ്ടായ സാഹചര്യം ഇത് തന്നെയായിരുന്നു.

അപ്പോൾ ആശീർവാദം ഏറ്റവും ഫലപ്രദമാകാൻ നമുക്ക് പ്രാർത്ഥിക്കാം. അന്നമ്മ ചേടത്തിയുടെ വിശ്വാസത്തോടെ ..

നിങ്ങൾ വിട്ടുപോയത്