അതിശയിച്ചുപോയ ചില ആശീർവാദങ്ങളും പ്രാർത്ഥനകളും

ഞാൻ കോളേജിൽ പഠിക്കുമ്പോൾ അന്യമതസ്ഥനായ എന്റെ ഒരു സ്നേഹിതൻ വളരെ വിഷണ്ണനായി കണ്ടു. അവൻ എന്നോട് അവനു വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ എന്ന് ചോദിച്ചു. നേരെ നില്ക്കാൻ ആവതില്ലാത്ത ഞാൻ അവനു വേണ്ടി പ്രാർത്ഥിക്കുകയോ ? നിനക്ക് വേണമെങ്കിൽ ഞങ്ങളുടെ അച്ചന്റെ അടുത്ത് കൊണ്ടുപോകാം എന്ന് ഞാൻ പറഞ്ഞു.

അടുത്തുള്ള ഐ എം എസ ധ്യാന ഭവനിലെ പ്രശാന്ത് അച്ചന്റെ അടുത്താണ് ഞാൻ അവനെ കൊണ്ട് പോയത്. അന്യ മതസ്ഥനായ ഒരു ചെറുപ്പക്കാരനോട് ഹൃദ്യമായി ഇടപെടുന്ന അച്ചന്റെ രീതി എന്നെ അതിശയിപ്പിച്ചു. അവൻ ആവശ്യപ്പെട്ടപ്പോൾ അച്ചൻ അവന്റെ കൈപ്പത്തിയുടെ മേൽ കൈകൾ വച്ച് പ്രാർത്ഥിച്ചു. പെട്ടെന്ന് അവൻ ഒന്ന് ഞെട്ടുന്നതു കണ്ടു. പുറത്തു പ്രസാദമുള്ള മുഖത്തോടെ വന്ന അവൻ എന്നോട് ചോദിച്ചു “അച്ചൻ പ്രാർത്ഥിച്ചപ്പോൾ എന്റെ ഉള്ളിലേക്ക് സമാധാനം നൽകുന്ന ഒരു ശക്തി പ്രവേശിച്ചല്ലോ. അതെന്താണ് ? “

പണ്ട് ഡിവൈനിൽ വന്നു പ്രസംഗിച്ച ജോനാഥൻ അൻസാരി എന്ന ആംഗ്ലിക്കൻ മെത്രാനെക്കുറിച്ചു എത്രപേർ ഓർമിക്കും എന്നറിയില്ല. പാകിസ്ഥാന്കാരനായ അദ്ദേഹം ക്രിസ്തുവിനെ സ്വീകരിച്ചശേഷം മെത്രാൻ വരെ ആയി തീർന്നു. യൂറോപ്പിലെ ഒരു ദേവാലയത്തിൽ അദ്ദേഹം വൈദീകനായിരിക്കുമ്പോൾ സ്ഥലത്തെ ഒരു പബ്ബിലെ വഴക്കാളികളായ ഒരു സംഘം ചെറുപ്പക്കാരെ കാണാൻ ഇടയായി. മേടയിൽ ചെന്ന അദ്ദേഹം നാൽപതു ദിവസം ഉപവാസ പ്രാർത്ഥന ആരംഭിച്ചു. അതിനുശേഷം നേരെ പബ്ബിലേക്കു കടന്നു ചെന്നു. ഒരു പ്രകോപനമില്ലാതെ ഓരോ തല്ലുകൊള്ളിയെയും കെട്ടിപ്പിടിച്ചു തലയിൽ കൈവച്ചു അനുഗ്രഹിച്ച ശേഷം അവിടുന്ന് മുങ്ങി. അടുത്ത ഞായറാഴ്ച പ്രാർത്ഥിക്കാൻ അൾത്താരയിൽ എത്തി ജനത്തെ നോക്കുമ്പൾ ദേവാലയത്തിന്റെ ഏറ്റവും പിന്നിൽ ശിരസു താഴ്ത്തി നിരന്നു നിൽക്കുന്ന ഒരു സംഘം ചെറുപ്പക്കാർ. അതെ ആ പ്രാർത്ഥന അവരെ മാറ്റി മറിക്കുകയായിരുന്നു

ഇംഗ്ലണ്ടിലെ എന്റെ അടുത്ത സുഹൃത്താണ് അനൂപ്. ഒരു ധ്യാനവേളയിൽ ഒരു ശുശ്രൂഷകൻ തലയിൽ കൈ വച്ച് പ്രാർത്ഥിച്ചപ്പോൾ അസാധാരണമായ ദൈവ സ്നേഹം അനുഭവിച്ചു അദ്ദേഹം കരയാൻ തുടങ്ങി. അനൂപിന്റെ ജീവിതത്തെ പൂർണമായി മാറ്റി മറിച്ച ഒരു നിമിഷം ആയിരുന്നു അത്. ജീവിതം യേശുവിനുവേണ്ടി മാറ്റി വച്ചു. പാർട്ട് ടൈം ജോലി മാത്രം ചെയ്തുകൊണ്ട് ബാക്കി സമയം മുഴുവൻ ശാലോം ടീമിന്റെ ശുശ്രൂഷ ചെയ്യുന്നു.

അജിത് ലിയോൺസ് എന്ന ഒരു മനുഷ്യൻ എന്റെമേൽ കൈ വച്ചു പ്രാർത്ഥിച്ചപ്പോൾ എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റി മറിക്കുന്ന, എന്റെ സഹോദരന്റെ ജീവിതത്തിൽ ഉൾപ്പെടെ ഞങ്ങളുടെ കുടുംബത്തിന്റെ തന്നെ മൊത്തം ഗതിയെ മാറ്റുന്ന ഒരു ഡെലിവെറിൻസ് ആയി അത് മാറുമെന്ന് ഒരു ചെറു ചിരിയോടെ പ്രാർത്ഥിക്കാൻ നിന്നുകൊടുത്ത ഞാൻ അറിഞ്ഞില്ല.

ഉത്തരേന്ത്യയിൽ കാണാറുള്ള ഒരു കാഴ്ചയാണ്. വഴിയരികിലെ വീട്ടുപടിക്കലോ എത്തുന്ന ഒരു സുവിശേഷ പ്രഘോഷകൻ തന്നെ ശ്രദ്ധിക്കുന്ന ആളോട് ഒരു ചോദ്യം ചോദിക്കും. ഒന്ന് പ്രാർത്ഥിച്ചോട്ടെ ? ആ വ്യക്തി സമ്മതിക്കുമ്പോൾ അൽപ സമയം ദൈവം അനുഗ്രഹിക്കാനായി പ്രാർത്ഥിച്ച ശേഷം സുവിശേഷകൻ അടുത്ത ആളിലേക്കു നീങ്ങും. ചിലപ്പോൾ പ്രാർത്ഥന സ്വീകരിച്ച വ്യക്തി അദ്ദേഹത്തിന്റെ പുറകെ കൂടും. നിങ്ങൾ പ്രാർത്ഥിച്ചപ്പോൾ എനിക്കെന്തോ സംഭവിച്ചല്ലോ ? എന്റെ വിഷമങ്ങൾ അസ്തമിച്ചിരിക്കുന്നു. ഒരു സന്തോഷം നിറഞ്ഞപോലെ. ഉത്തരേന്ത്യയിൽ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ധാരാളം പേർ ഒരു കൗതുകം കൊണ്ട് മാത്രം പ്രാർത്ഥിക്കാൻ നിന്ന് കൊടുത്തവരായിരുന്നു.

ഇത്തരം പ്രാർത്ഥനകളിൽ ഒരു പൊതു തത്വം പ്രാർത്ഥന സ്വീകരിക്കുന്നവർ അപ്പോൾ മാനസാന്തര അനുഭവത്തിൽ ആയിരിക്കണമെന്നില്ല എന്നതാണ്. ശുശ്രൂഷകന്റെമേൽ പ്രവർത്തിക്കുന്ന വാക്കുകളേക്കാൾ ഉപരിയായ ദൈവ ശക്തി അവരുടെ ഹൃദയങ്ങളെ സ്പർശിക്കുകയായിരുന്നു.

തിരക്ക് പിടിച്ച ആധുനിക ലോകത്തിൽ ഇതുപോലുള്ള കുഞ്ഞു പ്രാർത്ഥനകൾ സുവിശേഷ പ്രഘോഷണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാർഗമായി മാറാൻ പോകുകയാണ്. ഒരു വാക്കുപോലും പറയാതെ ഒരാൾക്ക് ദൈവത്തെ നൽകാൻ ഇത്തരം പ്രാർത്ഥനകൾക്ക് കഴിയും.

നമ്മുടെ വൈദീകരും ശുശ്രൂഷകരും ആത്മ ശക്തിയാൽ നിറയാനും പാപത്തിൽ ജീവിക്കുന്ന അനേകർ അവരുടെ പക്കൽ ദൈവീക ശക്തിയാൽ ആനയിക്കപ്പെടാനും ക്രിസ്തു അവരുടെ ജീവിതത്തിൽ ഒരു അനുഭവം ആകാനും നമ്മൾ ശക്തിയോടെ പ്രാര്ഥിക്കേണ്ട സമയം എത്തിച്ചേർന്നിരിക്കുന്നു.

പക്ഷെ പ്രാര്ഥിക്കുന്നവർക്കു അതിനുള്ള അധികാരം മാത്രം പോരാ ശക്തിയും പ്രാപിക്കേണ്ടി ഇരിക്കുന്നു. അതാകട്ടെ അവരുടെ വ്യക്തിപരമായ പ്രാർത്ഥനാജീവിതത്തെയും നമ്മൾ അവർക്കുവേണ്ടി നടത്തുന്ന മധ്യസ്ഥ പ്രാര്ഥനകളെയും ആശ്രയിച്ചിരിക്കുന്നു.

ജോസഫ് ദാസൻ

നിങ്ങൾ വിട്ടുപോയത്