ദൈവകാരുണയുടെ തിരുനാൾ

ഏവർക്കും പ്രാർത്ഥന മംഗളങ്ങൾ

കത്തോലിക്കാ തിരുസഭയിൽ ഉയിർപ്പ് തിരുനാളിന് ശേഷം വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിൻ്റെ തിരുനാൾ ആഘോഷിക്കപ്പെടുന്നു. യേശുക്രിസ്തുവിൻ്റെ പെസഹാ രഹസ്യങ്ങളിലൂടെ വെളിവാക്കപ്പെട്ട ദൈവത്തിൻ്റെ കരുണാർദ്രമായ സ്നേഹത്തിന് സന്തോഷത്തോടെ പ്രത്യുത്തരം നൽകുവാനുള്ള ആഹ്വാനമാണ് ഈ തിരുനാൾ നൽകുന്നത്. 1980 പുറത്തിറങ്ങിയ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ‘കരുണാ സമ്പന്നനായ ദൈവം’ (Dives in Misericordia) എന്ന ചാക്രികലേഖനത്തിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു: “ദൈവസ്നേഹത്തിൽ വിശ്വസിക്കുക എന്നാൽ ദൈവകാരുണ്യത്തിൽ വിശ്വസിക്കുകയാണ്, കാരണം കാരുണ്യം സ്നേഹത്തിൻ്റെ ഒഴിവാക്കാൻ പറ്റാത്ത വശമാണ്; അത് സ്നേഹത്തിൻ്റെ രണ്ടാമത്തെ പേരും, അതോടൊപ്പം സ്നേഹം വെളിപ്പെടുന്ന സവിശേഷ രീതിയുമാണ്” (നം. 5). ലളിതമായി പറഞ്ഞാൽ ക്രിസ്തുവിൻ്റെ ജീവിതത്തിലും മരണത്തിലും ഉത്ഥാനത്തിലും ഉച്ചസ്ഥായിയിൽ എത്തിയ ദൈവസ്നേഹത്തിൻ്റെ മഹത്തരമായ വെളിപ്പെടുത്തലിൻ്റെ മറ്റൊരു പേരാണ് ദൈവകാരുണ്യം. ക്രൈസ്തവർ ദൈവകാരുണ്യത്തിൽ പടുത്തുയർത്തപ്പെട്ട ഒരു സമൂഹമാണ്.

അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്നു: “എൻ്റെ കാരുണ്യത്തിലേക്ക് തിരിയാത്തിടത്തോളം മനുഷ്യവംശത്തിന് സമാധാനം ഉണ്ടായിരിക്കുകയില്ല; ദൈവത്തിൻ്റെ ഏറ്റവും വലിയ ലക്ഷണം കാരുണ്യം ആണെന്ന് പ്രഘോഷിക്കുക”. വിശുദ്ധ ഫൗസ്റ്റീനയ്ക്ക് കൊടുത്ത ഒരു ദർശനത്തിലാണ് അവിടുന്ന് ഇപ്രകാരം ആവശ്യപ്പെട്ടത്.

കാരുണ്യ മാതാവിൻ്റെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിലെ അംഗമായിരുന്നു 1905ൽ പോളണ്ടിൽ ജനിച്ച സിസ്റ്റർ മേരി ഫൗസ്റ്റീന കൊവാൾസ്‌ക. 1931 ഫെബ്രുവരി മാസം ഇരുപത്തിരണ്ടാം തീയതി യേശു ആദ്യമായി സിസ്റ്റർ ഫൗസ്റ്റീനയ്ക്ക് പ്രത്യക്ഷപ്പെട്ടു. വെള്ള മേലങ്കി അണിഞ്ഞു പ്രത്യക്ഷപ്പെട്ട യേശുവിൻ്റെ ഹൃദയത്തിൽ നിന്ന് വെള്ളയും ചുവപ്പും നിറത്തിലുള്ള രണ്ട് പ്രകാശരശ്മികൾ ബഹിർഗമിക്കുന്നുണ്ടായിരുന്നു. ക്രിസ്തുവിൻ്റെ കുരിശു മരണത്തിൽ കുത്തി തുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും നിർഗ്ഗളിച്ച ജലവും രക്തവുമാണ് അവ പ്രതിനിധാനം ചെയ്യുന്നത്. ഈ ചിത്രം വരയ്ക്കണം എന്നും, അതിൽ “യേശുവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു” എന്ന് എഴുതുവാനും സിസ്റ്റർ ഫൗസ്റ്റീനയോട് യേശു ആവശ്യപ്പെട്ടു. അതുപോലെതന്നെ ഉയിർപ്പു തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകരുണയുടെ തിരുനാൾ ആചരിക്കാനും വിശുദ്ധ ഫൗസ്റ്റീനയോട് അവിടുന്ന് ഈ ദർശനത്തിൽ ആവശ്യപ്പെടുകയുണ്ടായി. യേശു പ്രത്യക്ഷപ്പെടുമ്പോൾ എല്ലാം മനുഷ്യരോടുള്ള ദൈവത്തിൻ്റെ മഹത്തായ കാരുണ്യത്തെപ്പറ്റി ആയിരുന്നു അവിടുന്ന് ഫൗസ്റ്റീനയോട് സംസാരിച്ചിരുന്നത്. പിന്നീട് അവൾ ഈ സംഭാഷണങ്ങൾ രേഖപ്പെടുത്താൻ തുടങ്ങി. ദൈവകാരുണ്യം എൻ്റെ ആത്മാവിൽ എന്ന പേരിൽ ഈ കുറിപ്പുകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ, 2000 ഏപ്രിൽ 30ന് സിസ്റ്റർ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും സിസ്റ്റർ ഫൗസ്റ്റീനയ്ക്ക് ഉണ്ടായ ദൈവീക വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിൽ ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകരുണയുടെ ഞായറാഴ്ച ആചരിക്കണം എന്ന ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തു. മാർപാപ്പയുടെ ആഗ്രഹംപോലെ 2000 മെയ് അഞ്ചാം തീയതി ദൈവാരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം ഉയിർപ്പു തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച ദൈവകാരുണ്യത്തിൻ്റെ തിരുനാൾ ആചരിക്കണം എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ദൈവ കാരുണ്യത്തിൻറെ തിരുനാൾ ദൈവസ്നേഹത്തിൻറെ മനോഹരമായ ഓർമ്മപ്പെടുത്തൽ മാത്രമല്ല, ക്രിസ്തു ആരാണെന്നും നമ്മുക്ക് അവനുമായുള്ള ബന്ധം എത്ര ആഴത്തിലുള്ളതും ആണെന്ന് മനസ്സിലാക്കാനുള്ള ഒരു വെല്ലുവിളിയുമാണ്. വിശുദ്ധ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വേളയിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇപ്രകാരം പറഞ്ഞു: “ക്രിസ്തുവിൻ്റെ ക്രൂശിക്കപ്പെട്ട ഹൃദയത്തിൽ നിന്നും ദൈവകാരുണ്യം മനുഷ്യ മക്കളിലേക്ക് എത്തിച്ചേരുന്നു”. ഇന്ന് ഉത്ഥിതൻ്റെ മുഖത്ത് നമ്മുടെ ദൃഷ്ടികൾ ഉറപ്പിച്ച്‌ വലിയ പ്രത്യാശയോടെ നമുക്ക് പ്രാർത്ഥിക്കാം, ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

നിങ്ങൾ വിട്ടുപോയത്