“ആധുനിക ആശയങ്ങൾകൊണ്ട് ഈസ്റ്റർ എട്ടാമിടമായ ഞായറിനെ ഞെരുക്കരുത്” എന്ന കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗറിന്റെ (ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പാ) വാക്കുകളാണ് ഈ കുറിപ്പിന് തലക്കെട്ടായി ചേർത്തിരിക്കുന്നത്.

അടുത്തകാലത്തായി പുതുഞായർ ദിവസത്തെ “ഡിവൈൻ മേഴ്സി സൺഡേ” – കരുണയുടെ ഞായർ – ദിനമായി ആചരിക്കാൻ ആഹ്വാനംചെയ്തുകൊണ്ട് പല കേന്ദ്രങ്ങളും ഏറെ പ്രചാരണങ്ങൾ നടത്തിവരുന്നുണ്ട്. സ്വകാര്യഭക്തികൾക്ക് അമിതപ്രാധാന്യം നൽകിക്കൊണ്ടുള്ള ഒട്ടേറെ ആചരണങ്ങളും നടക്കുന്നുണ്ട്. റോമാസഭയിൽ ആരംഭിച്ച ഈ തിരുനാൾ തോമാശ്ലീഹായുടെ പുതുഞായറിന്റെ ശോഭകെടുത്തുന്ന രീതിയിൽ പൗരസ്ത്യസഭകളിൽ പ്രചരിച്ചുവരുന്നത് സഭാത്മകമായി ഗുണകരമല്ല.

*കരുണയുടെ ഞായറിന്റെ ഉത്ഭവത്തെക്കുറിച്ച് ബെനഡിക്ട് XVI*

ഇത്തരുണത്തിൽ താരതമ്യേന ഒരു പുതിയ തിരുനാളായ കരുണയുടെ ഞായർ റോമാസഭയിൽ എങ്ങനെയാണ് ആരംഭംകുറിച്ചത് എന്നതിനെക്കുറിച്ച് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പാ പങ്കുവെച്ച ഒരു അനുസ്മരണം ശ്രദ്ധേയമാണ്.

ജോൺപോൾ രണ്ടാമൻ മാർപ്പാപ്പായുടെ ജന്മശതാബ്ദിയോടനു ബന്ധിച്ച് പോളണ്ടിലെ ബിഷപ്പ്സ് കോൺഫറൻസിന് 2020 മെയ് 15ന് ബെനഡിക്റ്റ് പിതാവ് എഴുതിയ കത്തിലാണ് പ്രസ്തുത അനുസ്മരണമുള്ളത്. ദൈവകരുണയുടെ പ്രേഷിതയായ വി. മരിയ ഫൗസ്തീനാ കവാൽസ്‌കയുടെ (+1938) നാമകരണത്തോടനുബന്ധിച്ച് (ഏപ്രിൽ 30, 2000) ഈസ്റ്റർ കഴിഞ്ഞുള്ള ഞായറാഴ്ച “ദൈവ കരുണയുടെ ഞായറാ”യി പ്രഖ്യാപിക്കാൻ ജോൺപോൾ രണ്ടാമൻ മാർപ്പാപ്പാ ആഗ്രഹിച്ചുകൊണ്ട് വിശ്വാസതിരുസംഘ ത്തിന്റെ വിദഗ്ദ്ധാഭിപ്രായം ആരായുകയുണ്ടായി. എന്നാൽ ഈസ്റ്റർ കഴിഞ്ഞുവരുന്ന Easter Octave – “ഈസ്റ്റർ എട്ടാമിടഞായറാഴ്ച”യെ –

(Domenica in Albis- പുതുതായി മാമോദിസാ സ്വീകരിച്ചവർ വെള്ളവസ്ത്രം ധരിച്ച് വരുന്ന ഞായർ) ആധുനിക ആശയങ്ങൾകൊണ്ട് ഞെരുക്കരുതെന്ന മറുപടിയാണ് വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനെന്ന നിലയിൽ താൻ നൽകിയതെന്നും, അത് പരിഗണിച്ചുകൊണ്ട് പരിശുദ്ധ പിതാവ് കുർബാനതക്സായിൽ (Missal) കൂടുതൽ മാറ്റങ്ങൾ വരുത്താതെ ‘ദൈവകരുണയുടെ ഞായർ’ എന്ന തലക്കെട്ട് മാത്രം കൂട്ടിച്ചേർക്കുകയാണുണ്ടായതെന്നും അദ്ദേഹംഅനുസ്മരിക്കുന്നു.

അന്നേദിവസത്തെ വിശുദ്ധഗ്രന്ഥവായനകളും പ്രാർത്ഥനകളും ജോൺപോൾ രണ്ടാമൻ മാർപാപ്പ പഴയപടി നിലനിർത്തുകയാണുണ്ടായതെന്നും അത് അദ്ദേഹത്തിന്റെ തുറന്ന മനോഭാവത്തിന്റെയും വിനയത്തിന്റെയും വലിയ മാതൃകയായിരുന്നെന്നും ബെനഡിക്ട് പിതാവ് പ്രസ്തുത കത്തിൽ എടുത്തു പറയുന്നുണ്ട് .

അതായത്, ലാറ്റിൻ ആരാധനക്രമത്തിൽ ഈ ഞായറാഴ്ചയുടെ പേര് സമൂലമായി മാറ്റിയിട്ടില്ല എന്നതാണ് വസ്തുത. പ്രസ്തുത ദിവസത്തിന്റെ ചരിത്രപരമായ രൂപം നിലനിർത്തിക്കൊണ്ടുതന്നെ അതിന്റെ പേരിൽ മാത്രം ഒരു മാറ്റം വരുത്താനാണ് തീരുമാനിച്ചത്. Domenica II Pascha, seu de Divina Misericordia – Second Sunday of Easter, or of Divine Mercy – “ഈസ്റ്ററിന്റെ രണ്ടാം ഞായർ, അല്ലെങ്കിൽ കരുണയുടെ ഞായർ” എന്നാണ് ആരാധനക്രമ കലണ്ടറിൽ ചേർത്തിരിക്കുന്നത്.

തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനമാണ് ഇന്നേദിവസത്തെ സുവിശേഷവായനയ്ക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്നതും. അങ്ങനെ, പൗരസ്ത്യ-ഗ്രീക്ക് സഭകൾ “Thomas Sunday”- “തോമസ് ഞായർ” – എന്നും സുറിയാനി സഭകൾ ‘പുതുഞായർ’ എന്നും വിളിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം ലാറ്റിൻ ആരാധനക്രമത്തിലും നിലനിർത്തിയിട്ടുണ്ട് എന്നു കാണാം.

*സ്വകാര്യഭക്തികൾ അതിരുകടക്കരുത്*

എന്നാൽ ഈസ്റ്റർ എട്ടാമിടത്തിനും പുതുഞായറിനും പകരമെന്നതുപോലെ ചിലർ കരുണയുടെ ഞായറാഴ്ചയെ അവതരിപ്പിക്കുന്നത് ഉചിതമല്ല. ലാറ്റിൻ ആരാധനക്രമത്തിപ്പോലും അങ്ങനെ ഉദ്ദേശിക്കുന്നുമില്ല. മാത്രമല്ല, ആരാധനാവത്സരത്തിന്റെ കേന്ദ്രമായ പീഡാനുഭവ ആഴ്ചയിൽ, അതിൽത്തന്നെ പെസഹാത്രിദിനത്തിന്റെ രണ്ടാം ദിവസമായ പീഡാനുഭവവെള്ളിയാഴ്ച, സ്വകാര്യ നൊവേന ആരംഭിക്കുന്നതും അത് പ്രോത്സാഹിപ്പിക്കുന്നതും ആരാധനക്രമപരമായും സഭാപരമായും ആരോഗ്യകരമായ പ്രവണതയല്ല. ഉയിർപ്പുതിരുനാൾ ഉൾപ്പെടെയുള്ള പെസഹാത്രിദിനങ്ങളു ടെയും, Bright Week, Easter Week എന്നൊക്കെ അറിയപ്പെടുന്ന ഈസ്റ്റർ ആഴ്ചയുടെയും ഈസ്റ്റർ എട്ടാമിടത്തിന്റെയും പ്രാധാന്യം വിസ്മരിക്കത്തക്കവിധ ത്തിലുള്ള ആചരണങ്ങളും ആഘോഷങ്ങളും പ്രബോധനങ്ങളുമൊ ക്കെ ഒഴിവാക്കുകയും വേണം.

സ്വകാര്യഭക്താഭ്യാസങ്ങൾക്ക്‌ അതിന്റേതായ സ്ഥാനവും പ്രാധാന്യവുമുണ്ട്; എന്നാൽ, അത് ആരാധനക്രമത്തിന്റെ ശോഭകെടുത്താൻ അനുവദിക്കരുത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നതുപോലെ ആരാധനക്രമം അതിന്റെ സ്വഭാവത്താൽത്തന്നെ ഭക്താഭ്യാസങ്ങളെ അതിശയിക്കുന്നതാണല്ലോ (SC, 13).

🖋️ഫാ. ജോസ് കൊച്ചുപറമ്പിൽ

– പുതുഞായർ: ഏപ്രിൽ 7, 2024).

നിങ്ങൾ വിട്ടുപോയത്