ഈ വർഷത്തെ രാഷ്ട്രദീപിക വാർഷികപ്പതിപ്പിൽ (രാഷ്ട്രദീപിക 2024, Vol.1) പ്രസിദ്ധ കവിയായ റഫീഖ് അഹമ്മദുമായി നടത്തിയ ഒരു അഭിമുഖസംഭാഷണം പ്രസിദ്ധീകരിച്ചിരുന്നു.

ആ അഭിമുഖത്തിൽ അദ്ദേഹം വിശ്വാസത്തെയും മതത്തെയും വളരെ നിഷേധാത്മകമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. വിശ്വാസത്തിന് ഒരു വലിയ കുഴപ്പമുണ്ടെന്നും മനുഷ്യന്റെ യുക്തിബോധത്തെ ബാധിക്കുന്നതാണ് അതെന്നും അദ്ദേഹം തന്റെ അഭിമുഖത്തിൽ പറയുന്നുണ്ട്.മനസ്സിന് ശക്തി ഇല്ലാത്തവർക്ക് അഭയം എന്ന നിലയിലാണ് അദ്ദേഹം വിശ്വാസത്തെ അവതരിപ്പിക്കുന്നത്.

വിശ്വാസത്തിൽ യുക്തി ബോധത്തിന് സ്ഥാനമില്ല എന്ന രീതിയിലാണ് പലപ്പോഴും പുരോഗമന സാഹിത്യകാരന്മാർ എന്ന് കരുതുന്നവർ എഴുതുകയും പറയുകയും ചെയ്യുന്നത്. യുക്തി എന്നത് തങ്ങളുടെ മാത്രം കുത്തകയാണെന്ന് ചിലപ്പോഴെങ്കിലും അവർ ധരിച്ചുവശാകാറുണ്ട്! വിശ്വാസത്തെയും മതങ്ങളെയും ഇകഴ്ത്തിക്കാണിക്കുക എന്നത് എക്കാലത്തെയും നിരീശ്വര പ്രത്യയശാസ്ത്രങ്ങളുടെയും അവയോട് ആഭിമുഖ്യമുള്ളവരുടെയും ശൈലിയാണ്. മതവിശ്വാസികൾ എന്ന് അവകാശപ്പെടുന്ന ചിലർ മതത്തിന് വർഗീയതയുടെ നിറം കൊടുക്കാറുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. അക്കാരണത്താൽ, വിശ്വാസവും മതങ്ങളുമെല്ലാം അന്ധകാരമാണെന്നും യുക്തിരഹിതമാണെന്നും സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഇതേക്കുറിച്ചുള്ള അജ്ഞത മൂലമാണ് .കത്തോലിക്കാ സഭയ്ക്ക് ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരമുണ്ട്. സഭയുടെ കാഴ്ചപ്പാടിൽ വിശ്വാസവും യുക്തിയും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്. ഈ ബന്ധത്തെക്കുറിച്ച് ജോൺപോൾ രണ്ടാമൻ മാർപാപ്പ 1998 സെപ്റ്റംബർ 14ന് പ്രസിദ്ധീകരിച്ച “വിശ്വാസവും യുക്തിയും” എന്ന ചാക്രിക ലേഖനത്തിൽ വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. സത്യത്തെക്കുറിച്ചുള്ള ധ്യാനത്തിലേക്ക് മനുഷ്യമനസ്സിന് പറന്നുയരാനുള്ള രണ്ട് ചിറകുകൾ പോലെയാണ് വിശ്വാസവും യുക്തിയും എന്ന് പാപ്പ ചാക്രികലേഖനത്തിന്റെ ആമുഖത്തിൽത്തന്നെ സൂചിപ്പിക്കുന്നു.

‘ദൈവശാസ്ത്രം’ എന്ന വാക്ക് വിശ്വാസത്തെയും ‘തത്ത്വശാസ്ത്രം’ എന്ന വാക്ക് യുക്തിയെയും സൂചിപ്പിക്കാനാണ് പരമ്പരാഗതമായി നാം ഉപയോഗിക്കുന്നത്. “വിശ്വാസവും യുക്തിയും” എന്ന ചാക്രികലേഖനത്തിൽ അറിവിന്റെ രണ്ട് ക്രമങ്ങളെക്കുറിച്ച് മാർപാപ്പ പറയുന്നുണ്ട് .ഇതിൽ ഒരു ക്രമത്തിൽ നാം സ്വാഭാവിക യുക്തികൊണ്ട് അറിയുന്നു. മറ്റേതിൽ ദൈവിക വിശ്വാസം കൊണ്ട് അറിയുന്നു. സ്വാഭാവിക യുക്തിയുടെ കീഴിലാണ് തത്ത്വശാസ്ത്രവും ഭൗതികശാസ്ത്രങ്ങളും വരുന്നത്.തത്ത്വശാസ്ത്രം ഇന്ദ്രിയജ്ഞാനത്തെയും അനുഭവത്തെയും ആശ്രയിച്ചിരിക്കുന്നതും ബുദ്ധിയുടെ പ്രകാശം കൊണ്ടുമാത്രം മുന്നേറുന്നതുമാണ്. സ്വാഭാവിക യുക്തിക്ക് എത്തിച്ചേരാൻ കഴിയുന്ന കാര്യങ്ങൾക്ക് പുറമേ ദൈവത്തിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളും ഉണ്ട്. ദൈവത്തിന്റെ സാക്ഷ്യത്തിന്റെ അടിസ്ഥാനമുള്ളതും പ്രകൃത്യതീതമായ കൃപാവരത്തിന്റെ സഹായമുള്ളതുമായ വിശ്വാസം എന്ന അറിവാണിത്.അവ ദൈവികമായി വെളിവാക്കപ്പെട്ടിട്ടില്ലെങ്കിൽ അറിയപ്പെടുകയില്ലെന്നും ചാക്രികലേഖനം പറയുന്നു (No.9).

യുക്തിയും വിശ്വാസവും പരസ്പരം ഉൾക്കൊള്ളുന്നുവെന്ന് ഓർമ്മിപ്പിക്കുന്ന ചാക്രിക ലേഖനം അവയ്ക്കോരോന്നിനും സ്വന്തം പ്രവർത്തനമണ്ഡലമുണ്ടെന്നും സൂചിപ്പിക്കുന്നു.സുഭാഷിത ങ്ങളുടെ പുസ്തകത്തിൽ ഇപ്രകാരം പറയുന്നു :“കാര്യങ്ങൾ മറച്ചുവെയ്ക്കുക എന്നത് ദൈവത്തിന്റെ മഹത്വമാണ്. രാജാക്കന്മാരുടെ മഹത്വമോ കാര്യങ്ങൾ ആരാഞ്ഞറിയുന്നതും” (സുഭാ 25 :2). ദൈവത്തിൽ സകല വസ്തുക്കളുടെയും ഉറവിടം നിലകൊള്ളുന്നു. രഹസ്യത്തിന്റെ പൂർണ്ണത അവിടുന്നിലാണ് കാണുന്നത്. അതിൽ അവിടുത്തെ മഹത്വം നിലകൊള്ളുകയും ചെയ്യുന്നു. അതേസമയം, തങ്ങളുടെ യുക്തികൊണ്ട് സത്യത്തെ അന്വേഷിക്കുക എന്ന ജോലി മനുഷ്യരുടേതാണ്. അവരുടെ മഹത്വം അതിൽ അടങ്ങിയിരിക്കുകയും ചെയ്യുന്നു (No. 17).

വിശ്വാസത്തിന് ഒരു വിശദീകരണം നൽകുക എന്ന ഉത്തരവാദിത്വമുള്ള ഒരു വിജ്ഞാന ശാഖയാണ് ദൈവശാസ്ത്രമെന്ന് ഈ ചാക്രിക ലേഖനം വ്യക്തമാക്കുന്നു.വിശ്വാസവും തത്ത്വശാസ്ത്രപരമായ ചിന്തയും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കുക എന്നതാണ് അതിന്റെ കടമ.വിശുദ്ധ പൗലോസ് ശ്ലീഹാ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ മനുഷ്യരെക്കുറിച്ച് ഇപ്രകാരം പറയുന്നു:

“ദൈവത്തെക്കുറിച്ച് അറിയാൻ കഴിയുന്നതൊക്കെ അവർക്ക് വ്യക്തമായി അറിയാം. ദൈവം അവയെല്ലാം അവർക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. ലോകസൃഷ്ടി മുതൽ ദൈവത്തിന്റെ അദൃശ്യപ്രകൃതി അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്”(റോമാ1:19-20).ഇപ്രകാരം സ്വാഭാവികമായി സത്യത്തെ അറിയാൻ സാധിക്കും. അതേസമയം, ദൈവശാസ്ത്രത്തിന്റെ ദൗത്യം ദൈവിക വെളിപാടിനെയും അതിന്റെ വിശ്വാസ്യതയെയുംകുറിച്ച് പഠിക്കുക എന്നതാണ്. യുക്തി കണ്ടെത്തിയ സത്യങ്ങൾക്ക് പൂർണമായ അർത്ഥം നൽകുകയാണ് ദൈവികവെളിപാട് ചെയ്യുന്നത്.വെളിവാക്കപ്പെട്ട രഹസ്യത്തിന്റെ സമ്പന്നതയിലേക്ക് യുക്തിയെ നയിക്കുകയാണ് ദൈവികവെളിപാട് ചെയ്യുന്നത്. ഇപ്രകാരം സത്യത്തിനു വേണ്ടിയുള്ള ആത്മാർത്ഥമായ അന്വേഷണത്തിൽ യുക്തിക്ക് പൂർണമായി മാർഗം കാണിക്കാൻ വിശ്വാസത്തിന് സാധിക്കുമെന്ന് ചാക്രിക ലേഖനം ചൂണ്ടിക്കാണിക്കുന്നു (No. 67).

വിശ്വാസം ചിന്തയോട് ഒന്നു ചേരുകയും അതിനെ ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുമ്പോൾ കൂടുതൽ ആഴത്തിലും കൂടുതൽ യഥാർത്ഥമായും വളരുന്നു എന്ന അവബോധമാണ് ഈ ചാക്രിക ലേഖനം മുമ്പോട്ട് വെയ്ക്കുന്നത് . സഭാ പിതാവായ വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ ഈ പശ്ചാത്തലത്തിൽ ചിന്തനീയമാണ്:

“വിശ്വസിക്കുക എന്നത് സമ്മതത്തോടുകൂടി ചിന്തിക്കുകയല്ലാതെ മറ്റൊന്നുമല്ല. വിശ്വാസികൾ ചിന്തകന്മാർ കൂടിയാണ്. വിശ്വസിക്കുമ്പോൾ അവർ ചിന്തിക്കുന്നു. ചിന്തിക്കുമ്പോൾ അവർ വിശ്വസിക്കുന്നു.വിശ്വാസം ചിന്തിക്കുന്നില്ലെങ്കിൽ അത് ഒന്നുമല്ല” (No. 79).

സമകാലിക സാംസ്ക്കാരിക ലോകത്തിൽ ഏറ്റവും ആക്രമിക്കപ്പെടുന്ന ഒന്നാണ് വിശ്വാസമെന്നത്. വഴിതെറ്റിപ്പോകുന്ന വിശ്വാസത്തെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പലരും അപ്രകാരം ചെയ്യുന്നത്. നിരീശ്വരവാദ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് വിശ്വാസം എന്നതിന്റെ അർത്ഥം തന്നെ ‘അന്ധമായത്’ എന്നാണ്! ഈ പശ്ചാത്തലത്തിൽ വിശ്വാസത്തെ സംബന്ധിച്ച സഭയുടെ കാഴ്ചപ്പാടുകൾ ഓരോ വിശ്വാസിയും മനസ്സിലാക്കുക എന്നത് പ്രധാനപ്പെട്ടതാണ്.

വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധത്തെ ഏറെ ആദരിക്കുന്ന ഒരു സഭയാണ് കത്തോലിക്കാസഭ.ഇതുമായി ബന്ധപ്പെട്ട സഭയുടെ പഠനങ്ങൾ ഇതിന് ഉത്തമ ദൃഷ്ടാന്തമാണ്. യുക്തിയെ സ്വാഗതം ചെയ്യുകയും ദൈവിക വെളിപാടിൽ നിന്ന് സ്വീകരിച്ച സമ്പന്നത കൊണ്ട് അതിനെ നിറയ്ക്കുകയും ചെയ്ത സഭാ പിതാക്കന്മാർ ഈ സഭയ്ക്ക് സ്വന്തമായുണ്ട് (No. 41). വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ കാഴ്ചപ്പാട് ഈ ചാക്രിക ലേഖനത്തിൽ വ്യക്തമാണ്:”ദൈവദാനമായ വിശ്വാസം യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല.എങ്കിലും യുക്തിയെ ഉപേക്ഷിക്കാൻ തീർച്ചയായും അതിന് കഴിയുകയില്ല. അതേസമയം യുക്തിക്ക് സ്വന്തം കഴിവുകൊണ്ട് എത്തിച്ചേരാനാകാത്ത ചക്രവാളങ്ങൾ കണ്ടെത്താൻ അത് വിശ്വാസത്താൽ വീണ്ടും ഉറപ്പിക്കപ്പെടണമെന്ന് വ്യക്തമാവുകയും ചെയ്യുന്നു”(No. 67).

ഫാ.ജോസഫ് കളത്തിൽ, താമരശ്ശേരി രൂപത.