ഇന്നലെയും എരമല്ലൂര്‍ കര്‍മലീത്താ മിണ്ടാമഠത്തില്‍ പോയിരുന്നു.
അവിടെ എനിക്ക് എഴുത്തഞ്ച് വയസ്സ് കഴിഞ്ഞ ഒരു സഹോദരിയുണ്ട്. സിസ്റ്റര്‍ സാറാ മരിയ. ഇരുപത്തേഴ് വര്‍ഷങ്ങളായി അവര്‍ എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. പണ്ട് ഒരു കര്‍മലീത്താ സന്ന്യാസ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് ഈ ആത്മബന്ധം.
മഞ്ഞുമ്മല്‍ കര്‍മലീത്താ സഭയില്‍ ആദ്യവ്രതങ്ങളെടുത്ത് അംഗങ്ങളാകുന്നവരുടെ പേരുകള്‍ എഴുതി മിണ്ടാമഠത്തിലെ ഒരു കന്യാസ്ത്രീയുടെ കരങ്ങളില്‍ ഏല്പിക്കുന്നു.
അന്ന് മുതല്‍ അയാള്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുക എന്ന ദൗത്യം ആ കന്യാസ്ത്രീക്കാണ്.
അങ്ങനെ എന്റെ പേര് കിട്ടിയ കന്യാസ്ത്രീയാണ് സാറാ മരിയ. ആതുരത എന്നെ സന്ന്യാസത്തിന്റെ വഴികളില്‍ നിന്ന് വേര്‍പെടുത്തിയെങ്കിലും സിസ്റ്റര്‍ സാറാ മരിയ ഇപ്പോഴും സ്വന്തം സഹോദരനു വേണ്ടി എന്നതു പോലെ എനിക്കു വേണ്ടി മുടക്കമില്ലാതെ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു.
‘നമ്മള് സ്വര്‍ഗത്തില്‍ കണ്ടു മുട്ടും വരെ ഞാന്‍ ഈ പ്രാര്‍ത്ഥന തുടരും’ സിസ്റ്റര്‍ ഇന്നലെ കണ്ടപ്പോള്‍ എനിക്ക് തന്ന വാക്കാണ്.
സിസ്റ്റര്‍ സാറാ മരിയ മാത്രമല്ല, എരമല്ലൂര്‍ മിണ്ടാമഠത്തിലെ എല്ലാ കന്യാസ്ത്രീകളും എന്റെ ആത്മസുഹൃത്തുക്കളാണ്. അനേക വര്‍ഷങ്ങളായി അവര്‍ എനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു.
പ്രാര്‍ത്ഥനാ മുറിയിലേക്ക് കയറുമ്പോള്‍ എപ്പോഴും ഓര്മപ്പെടുത്താന് എന്റെ പേര് അവിടെ ഒരു ബോര്‍ഡില്‍ എഴുതി വച്ചിട്ടുണ്ട് എന്നാണ് ഇന്നലെ കണ്ടപ്പോള്‍ പാഷന് ഓഫ് ദ ക്രൈസ്റ്റ് സിനിമയിലെ അമ്മ മറിയത്തിന്റെ മുഖഛായയുള്ള മദര്‍ സിസിലി പറഞ്ഞത്.
മിണ്ടാമഠങ്ങള്‍ ജീവപര്യന്തം തടവറകളാണ് എന്ന് ആരോ പറയുന്നത് കേട്ടു. അങ്ങനെ ഒരു അഭിപ്രായം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളെ ഞാന്‍ എരമല്ലൂര്‍ മിണ്ടാമഠത്തിലേക്ക് ക്ഷണിക്കുന്നു. നിങ്ങള്‍ അവരുടെ മുഖത്തെ സന്തോഷം കാണണം. ഭൂമിയിലെ ഒരു നേട്ടത്തിനും ഒരു സമ്പത്തിനും പകരനാവാത്ത ആനന്ദമാണ് അവരുടെ മുഖത്തും സംസാരത്തിലും പ്രകടമാകുന്നത്. ഒരു പതിനഞ്ചു മിനിറ്റ് നേരം അവരോട് സംസാരിച്ചാല്‍ മതി, ആ ആനന്ദം നമ്മിലേക്ക് പകരുന്നത് നാം അറിയും. ഇത് എന്റെയും എനിക്കൊപ്പം അവരെ പല വര്‍ഷങ്ങളായി സന്ദര്‍ശിച്ചു കൊണ്ടിരിക്കുന്ന എന്റെ കുടുംബത്തിന്റെയും അനുഭവമാണ്. അവരുടെ മുഖത്ത് കളിയാടുന്ന നിഷ്കളങ്കതയാണ് നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന മറ്റൊരു കാര്യം. ദൈവസാമീപ്യം കൊണ്ട് നൈര്‍മല്യമാര്‍ന്ന മാനസങ്ങള്‍.
ഈ ജീവപര്യന്തം ആരും അവരുടെ മേല്‍ അടിച്ചേല്പിച്ചതല്ല. അവര്‍ പൂര്ണമനസ്സാ തെരഞ്ഞെടുത്തതാണ്. ലോകത്തിന്റെ നന്മയ്ക്കു വേണ്ടിയുള്ള ത്യാഗപൂര്‍ണമായ പ്രാര്‍ത്ഥനയാണത്. ആ ത്യാഗത്തില്‍ നിന്നുണ്ടാകുന്ന ഊര്‍ജമാണ് ലോകത്തിന്റെ നന്മയെ താങ്ങി നിര്‍ത്തുന്നതെന്ന് ഞാന്‍ കരുതുന്നു. ലോകമെമ്പാടുമുള്ള മിണ്ടാമഠങ്ങളില്‍ മനുഷ്യരാശിക്കു വേണ്ടി നിശബ്ദരാകുന്നവര്‍. എന്റെ ജീവിതത്തിന്, എന്റെ ആയുസ്സിന് ഞാന്‍ അവരുടെ നിരന്തരവും ആത്മാര്‍ത്ഥവുമായ പ്രാര്‍ത്ഥനകളോട് കടപ്പെട്ടിരിക്കുന്നു.
മിണ്ടാമഠങ്ങളിലെ കന്യാസ്ത്രീകള്‍ക്ക് ഒന്നും അറിയില്ല എന്ന തെറ്റിദ്ധാരണയൊന്നും വേണ്ട. അവര്‍ക്ക് ജീവിതത്തെ കുറിച്ച്, മനുഷ്യര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് എല്ലാം ആഴമായ അറിവുണ്ട്. കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഭ്രമം മൂലമുണ്ടാകുന്ന വിപത്തുകളെ കുറിച്ചാണ് മദര്‍ സിസിലി ഇന്നലെ എന്നോട് സംസാരിച്ചത്. അവര്‍ നിരന്തരം മനുഷ്യരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ്. അവര്‍ക്ക് മനുഷ്യരുടെ പ്രശ്നങ്ങള്‍ എല്ലാം അറിയാം. അവരുടെ ഹൃദയങ്ങളില്‍, പ്രാര്‍ത്ഥനകളില്‍ എപ്പോഴും മനഷ്യരുടെ സങ്കടങ്ങളുണ്ട്. അതെല്ലാം അവര്‍ ക്രിസ്തുവിന്റെ പാദങ്ങളില്‍ സമര്‍പ്പിക്കുകയാണ്.
ചെറുപുഷ്പം എന്ന് വിളിക്കപ്പെടുന്ന ലിസ്യുവിലെ വി. കൊച്ചുത്രേസ്യ ഒരു കര്‍മലീത്താ മിണ്ടാമഠവാസിയായിരുന്നു. ഭൂമിയിലുള്ള മനുഷ്യര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയായിരുന്നു, അവരുടെ ജീവിതം. ആ പ്രാര്‍ത്ഥനകളുടെ അത്ഭുതകരമായ ഫലങ്ങളുടെ വിവരണം കൂടിയാണ് അവരുടെ ആത്മകഥയായ Story of a Soul.
ജീവപര്യന്തം സ്നേഹിക്കുന്നവരാണ് മിണ്ടാമഠത്തിലെ കന്യാസ്ത്രീകള്‍. അസാധാരണമായ ആത്മീയതയുള്ളവര്ക്ക് മാത്രമേ അത്തരമൊരു സമര്‍പ്പണം സാധ്യമാകുകയുള്ളൂ.
നാം പുറമേ കാണുന്ന ഇരുമ്പഴികള്‍ക്കുള്ളില്‍ അവര്‍ തടവിലല്ല. അപാരമായ ആത്മീയ സ്വാതന്ത്ര്യവും ആനന്ദവും അവര്‍ അനുഭവിക്കുകയാണ്.
ഒരു പക്ഷേ, നമ്മളേക്കാളേറെ സ്വതന്ത്രരാണവര്‍, ഉളളു കൊണ്ട്! അത്തരമൊരു ആഴത്തിലെത്തിച്ചേരാന് എത്ര യാത്ര ചെയ്യണം നമ്മള്! –
അഭിലാഷ് ഫ്രേസര്‍
അഴികളുടെ മറുവശത്തുള്ള സഹോദരിമാരോട് ഒരു ചെറുപ്പക്കാരൻ – “നിങ്ങൾ അഴികൾക്കുള്ളിൽ ആണെന്ന് ഞങ്ങൾക്ക് തോന്നിപ്പോകുന്നു”
മറുവശത്തു നിന്നും ഒരു മറുപടി – “ഞങ്ങൾക്കും നിങ്ങളെക്കുറിച്ച് അതുതന്നെയാണ് തോന്നുന്നത്”