സീറോ മലബാർ സഭയിലെയും കെസിബിസിയിലെയും അല്മായ നേതൃത്വ പരിശീലനങ്ങള്‍ക്ക് മുഖ്യപങ്കാളിത്തം വഹിക്കുകയും,വിശ്വാസത്തിന്റെയും സഭയുടെയും വ്യാപനത്തിൽ പ്രേഷിത ചൈതന്യത്താൽ നിറഞ്ഞ്, വളരെയേറെ അധ്വാനംവഴി കത്തോലിക്കാ സമൂഹത്തിന് സവിശേഷവും അവശ്യാവശ്യകവുമായ സഹായം നൽകിയ സീറോ മലബാർ സഭയുടെ മുൻ അൽമായ കമ്മീഷൻ സെക്രട്ടറി ശ്രീ ജോസ് വിതയത്തിലിന്റെ മൂന്നാം ചരമവാർഷികദിനമാണ് ഏപ്രിൽ 16.

സീറോ മലബാർ സഭയിലെ മാതൃകാ യോഗ്യനായ അൽമായ പ്രേഷിതനായിരുന്നു ശ്രീ ജോസ് വിതയത്തിൽ. സഭയോടൊപ്പം ചേര്‍ന്നുനിന്ന് പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുകയും മികച്ച സംഘടനാ പാടവത്തിലൂടെയും നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെയും അനേകായിരങ്ങള്‍ക്ക് നന്മകള്‍ വര്‍ഷിക്കുകയും ചെയ്ത വിതയത്തിലിന്റെ സ്മരണ എക്കാലവും ഓർമ്മിക്കപ്പെടും.

മുൻ മേജർ ആർച്ച് ബിഷപ്പും കർദിനാളുമായ മാർ ജോർജ് ആലഞ്ചേരി പിതാവുമായും,അൽമായ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ടുമായും,മറ്റു സഭാപിതാക്കന്മാരുമായും കാത്തുസൂക്ഷിച്ച വ്യക്തിബന്ധങ്ങൾ ഉത്തമ കത്തോലിക്കാ വിശ്വാസത്തിൽ ജീവിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി.

സഭയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കുകയും അല്മായരുടെ വൈവിധ്യമാർന്ന പ്രേഷിത പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും വളർത്തുകയും ചെയ്തതിലൂടെ ഇതരക്രൈസ്തവരോടും അക്രൈസ്തവരോടും, പ്രത്യേകിച്ച് മറ്റു സഭകളിലെ സംഘടനകളുടെ അംഗങ്ങളോടും, ഭ്രാത്യസഹജമായ മനസ്സോടെ സഹപ്രവർത്തനം കാഴ്ചവയ്ക്കുകയും ചെയ്യാൻ ജോസ് വിതയത്തിലിന് സാധിച്ചു.സാമൂഹ്യ പ്രവർത്തനരംഗത്ത് സർക്കാരിലും,രാഷ്ട്രീയത്തിലും തിളങ്ങി നിൽക്കാൻ അദ്ദേഹത്തിന് സാധിച്ചു.
സഭയുടെ പ്രോ ലൈഫ്,മാതൃവേദി,കത്തോലിക്കാ കോൺഗ്രസ്,തുടങ്ങി മറ്റു അൽമായ സംഘടനകളുമായി നിരന്തരം സമ്പർക്കത്തിൽ പ്രവർത്തിക്കുകയും,എല്ലാവരുടെയും സ്നേഹവും സൗഹൃദവും നേടിയ വ്യക്തിയായ ശ്രീ ജോസ് വിതയത്തിലിന്റെ ഓർമ്മകൾ വിശ്വാസികളുടെ ഹൃദയങ്ങളിൽ എന്നും നിറഞ്ഞു നിൽക്കും

.അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ ആദരവോടെ പ്രാർത്ഥനയോടെ…

ടോണി ചിറ്റിലപ്പിള്ളി
അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ

നിങ്ങൾ വിട്ടുപോയത്