ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 1

സമാധാനം – “കർത്താവേ, എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ”

വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ സ്വർഗ്ഗ പ്രവേശനത്തിന്റെ (The Transitus) 800-ാം വാർഷികത്തോടനുബന്ധിച്ച്,ലെയോ പതിനാലാമൻ മാർപാപ്പ 2026 ജനുവരി 10 – 2027 ജനുവരി 10 വരെ

വിശുദ്ധ ഫ്രാൻസിസിന്റെ ജൂബിലി വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഈ വർഷത്തിൽ ഫ്രാൻസിസ്‌കൻ വിചാരങ്ങൾ നമുക്കു പരിചയപ്പെടാം

സമാധാനം ഈശോ നമ്മുക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ്. ഉയിർത്തെഴുന്നേറ്റ ഈശോ ശിഷ്യന്മാരോട് ആദ്യമായി പറഞ്ഞ വാക്കുകൾ:“നിങ്ങൾക്കു സമാധാനം.” (യോഹന്നാൻ 20:19) എന്നാണ്. ഈ സമാധാനം ലോകം തരുന്നതുപോലെയുള്ള ശാന്തി മാത്രമല്ല, ഹൃദയത്തിന്റെ ആഴത്തിൽ നിന്നു വരുന്ന ദൈവത്തിന്റെ അനുഗ്രഹമാണ്. അതുകൊണ്ടാണ് ഈശോ പറഞ്ഞത്: “ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.(യോഹന്നാന്‍ 14 : 27)

ലോകം അസമാധാനത്തിൻ്റെയും അശാന്തിയുടെയും കാർമേഘങ്ങളാൽ മൂടപ്പെട്ടിരിക്കുമ്പോൾ സമാധാന രാജാവായ ഈശോയുടെ തനിപകർപ്പായ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻ്റെ “കർത്താവേ, എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ.” എന്ന പ്രാർത്ഥന സമാധാനം സ്വന്തമായി അനുഭവിക്കുമ്പോൾ മാത്രമല്ല, മറ്റുള്ളവരിലേക്കു പകരുമ്പോഴാണ് അത് പൂർണ്ണമാകുന്നത് എന്ന സത്യം നമ്മെ പഠിപ്പിക്കുന്നു.

ശത്രുത ഉള്ളിടത്ത് സ്നേഹം വിതറാനും, വൈരാഗ്യമുള്ളിടത്ത് ക്ഷമ കൊണ്ടുവരാനും, കലഹമുള്ളിടത്ത് ഐക്യം സ്ഥാപിക്കാനും നാം വിളിക്കപ്പെട്ടവരാണ്.

ഫ്രാൻസിസ്കൻ ആദ്ധ്യാത്മികതയുടെ അന്തസത്ത സമാധാനം സ്ഥാപിക്കലിലാണ്. വിശുദ്ധ ഫ്രാൻസിസിൻ്റെ എല്ലാ ആശംസകളും ആരംഭിച്ചത് “പാക്സ് എറ്റ് ബോനും ” (സമാധാനവും നന്മയും) എന്ന വാക്കോടെയാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സമാധാനം സംഘർഷത്തിന്റെ അഭാവമല്ല, മറിച്ച് ക്രിസ്തുവിലൂടെയുള്ള അനുരഞ്ജനമായിരുന്നു.

ഫ്രാൻസിസ് തന്റെ പിൽക്കാല നിയമത്തിൽ ഇങ്ങനെ നിർദ്ദേശിച്ചു: “അവർ വാക്കുകൾ കൊണ്ട് കലഹിക്കുകയോ വഴക്കിടുകയോ ചെയ്യരുത്, മറിച്ച് അവർ സൗമ്യരും, സമാധാനപയരും, എളിമയുള്ളവരും, സൗമ്യരും, വിനയമുള്ളവരുമായിരിക്കട്ടെ, എല്ലാവരോടും മാന്യമായി സംസാരിക്കട്ടെ” (III:10–11).

സഭ ഈ പൈതൃകത്തെ ഇപ്പോഴും അംഗീകരിക്കുന്നു. ഫ്രാൻസിസിന്റെ അസീസി നഗരം സമാധാനത്തിന്റെയും മതാന്തര സാഹോദര്യത്തിന്റെയും ആഗോള പ്രതീകമായി തുടരുന്നു. അതിനാലാണ് 1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ അസീസിയെ ലോക സമാധാന പ്രാർത്ഥനാ ദിനത്തിന്റെ സ്ഥലമായി തിരഞ്ഞെടുത്തത് ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ എന്നു തുടങ്ങുന്ന ഫ്രാൻസീസ് പുണ്യവാൻ്റെ പ്രാർത്ഥന സമാധാനത്തിനു വേണ്ടി നിലകൊള്ളാനുള്ള നമ്മുടെ ദൗത്യം ഓർമ്മിപ്പിക്കുന്നു

കൽക്കത്തയിലെ വിശുദ്ധ മദർ തേരസാ പറയുന്നു:“സമാധാനം ലോകത്ത് ആരംഭിക്കുന്നത് നമ്മുടെ സ്വന്തം ഹൃദയങ്ങളിൽ നിന്നാണ്.” ഇന്ന് നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും സഭയിലും പലവിധ വിഭജനങ്ങളും വേദനകളും കാണുന്നു. ഈ സാഹചര്യത്തിൽ, വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും സമാധാനം വിതറുന്ന ഉപകരണങ്ങളാകാൻ ദൈവം നമ്മെ വിളിക്കുന്നു. വിശുദ്ധ പൗലോസിൻ്റെ വാക്കുകൾ നമുക്ക് എപ്പോഴും ഓർമ്മിക്കാം :” സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍.”(റോമാ 12 : 18)

നമ്മുടെ ചെറിയ സ്നേഹപ്രവൃത്തികളും ക്ഷമയും വിനയവും ലോകത്തെ മാറ്റുന്ന ദൈവിക ഉപകരണങ്ങളാകട്ടെ. അങ്ങനെ, നമ്മിലൂടെ വിശുദ്ധ ഫ്രാൻസീസിനെപ്പോലെ ഈശോയുടെ സമാധാനം അനേകർ അനുഭവിക്കട്ടെ.

ഫാ. ജയ്സൺ കുന്നേൽ MCBS

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 2

ദാരിദ്യം സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്കരം

ക്രൈസ്തവ ജീവിതത്തിന്റെ ഹൃദയത്തിലാണ് ദാരിദ്ര്യത്തിന്റെ ആത്മാവ്. ഇത് വെറും വസ്തുക്കളുടെ കുറവല്ല, മറിച്ച് ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ച് ജീവിക്കുന്ന ഒരു ജീവിതശൈലിയാണ്. ഈശോ പഠിപ്പിക്കുന്നു: “ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.”(മത്തായി 5 : 3). ലോകം സമ്പാദ്യവും സ്വത്തും സുരക്ഷയും തേടുമ്പോൾ, ഈശോയുടെ വഴി പങ്കുവെക്കലിന്റെ വഴിയാണ് യഥാർത്ഥ സമ്പത്തെന്ന്. അതുകൊണ്ടാണ് തിരുവചനം “സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്കരം”(അപ്പ. പ്രവ 20 : 35) എന്നു പഠിപ്പിക്കുന്നത്

അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ഈ സത്യം തന്റെ ജീവിതത്തിലൂടെ ജീവിച്ചു കാണിച്ചു. അദ്ദേഹം തൻ്റെ സഹോദരന്മാരോണ് പറയുമായിരുന്നു “നൽകുമ്പോഴാണ് നാം സ്വീകരിക്കുന്നത്.”

രണ്ടാം ക്രിസ്തുവായ ഫ്രാൻസിസ് ദാരിദ്ര്യത്തെ പൂർണ്ണമനസ്സോടെയാണ് ആലിംഗനം ചെയ്യുന്നത്. ദാരിദ്ര്യം ഫ്രാന്‍സീസിന്റെ ആദ്ധ്യാത്മികതയുടെ അടിസ്ഥാനമായിരുന്നു. ഭൗതികമായ ദാരിദ്ര്യം മാത്രമായിരുന്നില്ല അതുകൊണ്ട് അര്‍ത്ഥമാക്കിയത്; ക്രിസ്തുവിനെപ്പോലെ സ്വയം ശൂന്യമാക്കലും അതിന്റെ ഭാഗമായിരുന്നു. ദാരിദ്ര്യത്തെ ഒരു ദുരിതമായിട്ടല്ല മറിച്ച് വിമോചനം ആയിട്ടാണ് അവൻ കണ്ടത്. ദൈവത്തിൽ പൂർണ്ണമായും ആശ്രയിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ വഴിയായിരുന്നു ഫ്രാൻസീസിനു ദാരിദ്യം. ദാരിദ്ര്യത്തെ തൻ്റെ മണവാട്ടിയായി സ്വീകരിച്ചുകൊണ്ടു ഫ്രാൻസിസ് ഇപ്രകാരം പറയുന്നു “ദരിദ്രാവസ്ഥയിൽ ദൈവത്തിനെതിരെ പരാതിപ്പെടാത്തവനും മുറുമുറുക്കാത്തവനും ഭാഗ്യവാൻ.”

Vienna – Paint of st. Francis from vestibule of Schottenkirche church on July 3, 2013 in Vienna.

ഈ ആത്മീയത ഫ്രാൻസിനും മാത്രം സ്വന്തമായിരുന്നതല്ല അവൻ്റെ മാതൃക പിൻചെന്ന അസീസിയിലെ വിശുദ്ധ ക്ലാര ദാരിദ്യത്തെ വിശുദ്ധ ആനുകൂല്യമായി സ്വീകരിച്ച തൻ്റെ സഭാ നിയമത്തിൽ ഇപ്രകാരം എഴുതി “സഹോദരിമാർ തങ്ങൾക്കായി ഒന്നും വീടോ , സ്ഥലമോ കൈവശപ്പെടുത്തരുത്.”

ദാരിദ്ര്യത്തെ പുണരുന്ന ഈ ഫ്രാൻസിസ്കൻ മനോഭാവം ക്രിസ്തുവിൻറെ ശൂന്യവൽക്കരണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഫ്രാൻസിസിൻ്റെ ദാരിദ്ര്യ ചൈതന്യത്തെ വിപ്ലവകരമായ സുവിശേഷ സാക്ഷ്യമായി വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിശേഷിപ്പിന്നു. ക്രിസ്തീയ ദാരിദ്ര്യം പ്രത്യാശയുടെ ഒരു പ്രവർത്തിയാണെന്ന് ഫ്രാൻസിസിൻ്റെ ജീവിതം നമ്മളെ ഓർമിപ്പിക്കുന്നു

തനിക്കവകാശമായിരുന്ന സ്വത്ത് ഉപേക്ഷിച്ച് ദരിദ്രരോടൊപ്പം ജീവിച്ച ഫ്രാൻസിസ് വസ്തുക്കൾകൊണ്ട് ഹൃദയം നിറയ്ക്കാൻ കഴിയില്ലന്നും, സ്നേഹവും ദൈവസാന്നിധ്യവുമാണ് യഥാർത്ഥ സമ്പത്തെന്നും ഓർമ്മിപ്പിക്കുന്നു. നമ്മുടെ സ്വന്തമായി പറയാൻ കഴിയുന്നത് പാപങ്ങൾ മാത്രമാണ്; മറ്റെല്ലാം ദൈവത്തിന്റെ ദാനമാണ്.”

ഇന്നത്തെ ലോകത്ത് സമ്പത്ത് മത്സരവും സ്വാർത്ഥതയും വർധിക്കുമ്പോൾ, ദാരിദ്ര്യം ഒരു ശക്തമായ സാക്ഷ്യമായി മാറുന്നു. നാം നമ്മുടെ സമയം, കഴിവുകൾ, സമ്പത്ത്, സ്നേഹം എന്നിവ പങ്കുവെക്കുമ്പോൾ, ദൈവത്തിന്റെ സന്തോഷം നമ്മുടെ ഹൃദയത്തിൽ നിറയുന്നു.

ദരിദ്രരെ കാണുമ്പോൾ യേശുവിനെ കാണാൻ പഠിക്കാം. കൊടുക്കുമ്പോൾ കുറയുന്നു എന്ന് തോന്നാമെങ്കിലും, ആത്മാവിൽ നാം കൂടുതൽ സമ്പന്നരാകുന്നു. കാരണം, നൽകുമ്പോഴാണ് നാം യഥാർത്ഥത്തിൽ സ്വീകരിക്കുന്നത്.

ഫാ.ജയ്സൺ കുന്നേൽ MCBS

ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 3

ജീവിതലാളിത്യം – “ഇപ്പോൾ നമുക്ക് ആരംഭിക്കാം; ഇതുവരെ നാം ഒന്നും ചെയ്തിട്ടില്ല.”

ജീവിതലാളിത്യം ക്രൈസ്തവജീവിതത്തിന്റെ ആന്തരിക സൗന്ദര്യമാണ്. അതിന്റെ അർത്ഥം കുറച്ച് വസ്തുക്കളോടെ ജീവിക്കുക എന്നതിലുപരി, വിഭജിക്കപ്പെടാത്ത ഹൃദയത്തോടെ ദൈവത്തെ ആശ്രയിച്ചു ജീവിക്കുക എന്നതാണ്. ഈശോ പറയുന്നു: “നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.”(മത്തായി 6 : 21)

വിശുദ്ധ ഫ്രാൻസിസ് അസീസി സമ്പന്നനായ യുവാവായിരുന്നിട്ടും, ക്രിസ്തുവിനെ കണ്ടുമുട്ടിയശേഷം ലാളിത്യത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തത്. അദ്ദേഹം പലപ്പോഴും പറയുമായിരുന്നു:“ഇപ്പോൾ നമുക്ക് ആരംഭിക്കാം; ഇതുവരെ നാം ഒന്നും ചെയ്തിട്ടില്ല.” ഈ വാക്കുകൾ ആത്മസംതൃപ്തിയിൽ കുടുങ്ങാതിരിക്കാനുള്ള ശക്തമായ മുന്നറിയിപ്പാണ്. ലാളിത്യം നമ്മെ അഭിമാനത്തിൽ നിന്നു വിനയത്തിലേക്കും, ആഡംബരത്തിൽ നിന്നു ആവശ്യത്തിലേക്കും, സ്വാർത്ഥതയിൽ നിന്നു പങ്കുവെക്കലിലേക്കും നയിക്കുന്നു.

“ജീവിത ലാളിത്യത്തിൽ നടക്കുന്നവന് നഷ്ടപ്പെടാനുള്ളത് വളരെ കുറവാണ്, പക്ഷേ നേടാനുള്ളത് ഏറെ ആണ്.” എന്ന ഫ്രാൻസീസ് പിതാവിൻ്റെ വാക്കുകൾ സങ്കീർണ്ണതകളും അമിതാഗ്രഹത്തിന്റെയും വഴിയിൽ നീങ്ങുന്ന ഇന്നത്തെലോകത്തിനുള്ള മറുമരുന്നാണ്. ലാളിത്യം മനുഷ്യനെ സ്വതന്ത്രനാക്കുന്നു. അനാവശ്യ ചിന്തകളും ആഗ്രഹങ്ങളും വെടിഞ്ഞ്, ദൈവസാന്നിധ്യത്തിൽ സന്തോഷത്തോടെ ജീവിക്കാൻ അത് അവനെ സഹായിക്കുന്നു.

ഫ്രാൻസിസ്കകൻ ജീവിത ലാളിത്യം ജീവിതത്തിനു ആനന്ദവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു . ഈ ആനന്ദം കേവലമായ പ്രസാദാത്മകത്വം മാത്രമല്ല, കഷ്ടപ്പാടുകൾക്കിടയിലും ആഴമേറിയതും ക്രിസ്തു കേന്ദ്രീകൃതവുമായ സന്തോഷമായിരുന്നു. ഫിയോറെറ്റിയിൽ (Little Flowers of St, Francis) ഫ്രാൻസിസ് ബ്രദർ ലിയോയോട് “പൂർണ്ണ സന്തോഷം” എന്താണന്നു വിശദീകരിക്കുന്നു: “വിജയമോ ബഹുമാനമോ അല്ല, മറിച്ച് ക്രിസ്തുവിന്റെ സ്നേഹത്തിനുവേണ്ടി തിരസ്കരണവും അപമാനവും ക്ഷമയോടെ സഹിക്കലാണ്.”

മറ്റൊരവസരത്തിൽ ഫ്രാൻസിസ് തൻ്റെ ആദ്യ സഭാ നിയമത്തിലൂടെ സഹോദരന്മാരെ ഉദ്‌ബോധിപ്പിക്കുന്നു: “സഹോദരന്മാർ തങ്ങളെത്തന്നെ ദുഃഖിതരും വിഷാദഭരിതരുമായി ബാഹ്യമായി പ്രകടിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം, മറിച്ച് അവർ കർത്താവിൽ സന്തോഷമുള്ളവരായി കാണിക്കട്ടെ” ( 7:16).

വിശുദ്ധ ക്ലാരയും ഇതേ ചിന്താഗതി പുലർത്തിയിരുന്നു പ്രാഗിലെ വിശുദ്ധ ആഗ്നസിന് എഴുതിയ കത്തിൽ വിശുദ്ധ ക്ലാര ഈ ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നു: “നിൻ്റെ മനസ്സിനെ നിത്യതയുടെ കണ്ണാടിക്ക് മുന്നിൽ വയ്ക്കുക … നിൻ്റെ മുഴുവൻ സത്തയെയും ദൈവത്തിന്റെ പ്രതിച്ഛായയിലേക്ക് മാറ്റുക” (ആഗ്നസിനുള്ള നാലാമത്തെ കത്ത്, 23). അത്തരം ധ്യാനം ക്ലാരയുടെ ജീവിതം കൂടുതൽ തേജോമയമാക്കി.

ഈ സന്തോഷകരമായ ജീവിത ലാളിത്യം ഫ്രാൻസിസ്കൻ സഭയുടെ ഒരു മുഖമുദ്രയായി തുടരുന്നു. “ഇത്‌ ഞാന്‍ നിങ്ങളോടു പറഞ്ഞത്‌ എന്റെ സന്തോഷം നിങ്ങളില്‍ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകാനും വേണ്ടിയാണ്‌.”(യോഹന്നാന്‍ 15 : 11 ക്രിസ്തുവിന്റെ വാക്കുകൾ സഭയെ കൂടുതൽ ആനന്ദ പുളകിതയാക്കുന്നു.

“ഇന്ന് നീ വീണ്ടും ലാളിത്യത്തിൽ ആരംഭിക്കുന്നുണ്ടോ?” എന്ന

ഫ്രാൻസീസ് പിതാവിൻ്റെ ചോദ്യം ഓരോ ദിവത്തിലെയും നമ്മുടെ പ്രഭാതങ്ങളെ ധന്യമാക്കട്ടെ. ഇന്നുതന്നെ നമുക്ക് തുടങ്ങാം – വിനയത്തോടെ, ദൈവത്തിൽ മാത്രം ആശ്രയിച്ച് ലളിത ജീവിതശൈലി

ഫാ. ജയ്സൺ കുന്നേൽ MCBS

നിങ്ങൾ വിട്ടുപോയത്