ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 6
സൃഷ്ടി – “സകല സൃഷ്ടിയും ദൈവത്തെ സ്തുതിക്കുന്നു”
സൃഷ്ടി മുഴുവനും ദൈവത്തിന്റെ മഹത്വം പ്രഖ്യാപിക്കുന്ന ഒരു വലിയ ഗീതമാണ്. ആകാശവും ഭൂമിയും, പർവതങ്ങളും നദികളും, പക്ഷികളും മരങ്ങളും എല്ലാം മൗനമായും വാക്കുകളില്ലാതെയും ദൈവത്തെ സ്തുതിക്കുന്നു. ആകാശം ദൈവത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.(സങ്കീ 19 : 1)
വിശുദ്ധ ഫ്രാൻസിസ് എല്ലാ സൃഷ്ടികളും ഉൾക്കൊള്ളുന്ന പ്രപഞ്ചത്തെ ഒരു കുടുംബമായി മനസ്സിലാക്കി. സര്‍വ്വചരാചരങ്ങളിലും അദ്ദേഹം ദൈവത്തിന്റെ പ്രതിഛായ കണ്ടു. തന്റെ പ്രസിദ്ധമായ “സൂര്യകീര്‍ത്തന”ത്തില്‍ സൂര്യന്‍ തന്റെ സഹോദരനും ചന്ദ്രന്‍ സഹോദരിയും ഭൂമി അമ്മയുമാണ്. മരണാസന്നനായപ്പോള്‍ സഹോദരീ എന്നാണ് അദ്ദേഹം മരണത്തെ സംബോധന ചെയ്തത്. വിശുദ്ധ ബൊണവെഞ്ചർ ഈ ദൈവശാസ്ത്രത്തെ കൂടുതൽ ആഴത്തിലാക്കി: “മുഴുവൻ പ്രപഞ്ചവും ഒരുമിച്ച് ദിവ്യ നന്മയിൽ പങ്കെടുക്കുന്നു, അതിന്റെ വൈവിധ്യത്തിലൂടെ ദിവ്യജ്ഞാനം കാണിക്കുന്നു” (Breviloquium II,12). അദ്ദേഹത്തിന്, സൃഷ്ടി നമ്മെ ദൈവത്തിലേക്ക് നയിക്കുന്ന ഒരു ഗോവണി ആയിരുന്നു. അങ്ങേയ്ക്കു സ്തുതിയിൽ (2015) ഫ്രാൻസിസ് മാർപാപ്പ ഈ ഫ്രാൻസിസ്കൻ പാരമ്പര്യത്തെ വീണ്ടും ഉറപ്പിച്ചു പറഞ്ഞു: “ദൈവം നമ്മോട് സംസാരിക്കുകയും അവന്റെ അനന്തമായ സൗന്ദര്യത്തിന്റെയും നന്മയുടെയും ഒരു കാഴ്ച നമുക്ക് നൽകുകയും ചെയ്യുന്ന ഒരു മഹത്തായ പുസ്തകമായി പ്രകൃതിയെ കാണാൻ വിശുദ്ധ ഫ്രാൻസിസ് നമ്മെ ക്ഷണിക്കുന്നു” (No : 12).
ഫ്രാൻസിസിൻ്റെ കാഴ്ചപാടിൽ:“സൃഷ്ടിയിലെ ഓരോ ജീവിയും ദൈവസ്നേഹത്തിന്റെ അടയാളമാണ്.” അതുകൊണ്ടാണ് അദ്ദേഹം മൃഗങ്ങളോടും പക്ഷികളോടും പോലും സ്നേഹത്തോടെ സംസാരിച്ചത്.
ഇന്നത്തെ ലോകത്ത് പ്രകൃതി ചൂഷണം ചെയ്യപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ സൃഷ്ടിയെ നശിപ്പിക്കുന്നത് ദൈവത്തിന്റെ കൈവേലയെ നശിപ്പിക്കുന്നതുപോലെയാണ്. സങ്കീർത്തകൻ നമ്മെ ഓർമ്മിപ്പിക്കുന്നു: “ ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളും കര്‍ത്താവിന്റേതാണ്. (സങ്കീ 24 : 1,
സൃഷ്ടിയെ സംരക്ഷിക്കുക എന്നത് ഒരു ശാസ്ത്രീയ ബാധ്യത മാത്രമല്ല, ഒരു ആത്മീയ ഉത്തരവാദിത്വമാണ്. പ്രകൃതിയോട് ബഹുമാനത്തോടെ പെരുമാറുമ്പോൾ, നാം ദൈവത്തെ ബഹുമാനിക്കുന്നു.
നമ്മുടെ ജീവിതം തന്നെ ഒരു സ്തുതിഗീതമാകിമാറ്റം വാക്കുകളിലൂടെ മാത്രമല്ല, സൃഷ്ടിയെ സ്നേഹിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന പ്രവൃത്തികളിലൂടെയും. അപ്പോൾ, സകല സൃഷ്ടിയോടൊപ്പം നാം ദൈവത്തെ പാടിപ്പുകഴ്ത്തുന്നവരാകും.
ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 7

വിശുദ്ധ ഫ്രാൻസീസിന്റെയും നമ്മുടെയും മാനസാന്തര യാത്ര
മാനസാന്തരം എന്നാൽ “തിരിഞ്ഞുമാറുക” എന്നതാണ് സ്വയം കേന്ദ്രീകൃതമായ ജീവിതത്തിൽ നിന്ന് ദൈവകേന്ദ്രിതമായ ജീവിതത്തിലേക്ക് കടക്കുക എന്നു സാരം. ഇത് ഒരൊറ്റ നിമിഷത്തിൽ സംഭവിക്കുന്ന കാര്യമാത്രമല്ല, ആഴത്തിലുള്ളതും ദീർഘകാലം നീളുന്നതുമായ ഒരു പ്രക്രിയയാണ്.
1. ജീവിതം മുഴുവൻ നീളുന്ന ഒരു പ്രക്രിയയായ മാനസാന്തരം
അസീസിയിലെ വിശുദ്ധ ഫ്രാൻസീസ് ഒരു രാത്രിയിൽ തന്നെ മാറിയ വ്യക്തിയല്ല. അദ്ദേഹത്തിന്റെ പരിവർത്തനം വർഷങ്ങളിലായി പതുക്കെ വളർന്നതാണ്, മരണം വരെ അതു തുടർന്നു. രോഗം, നിരാശ, പ്രാർത്ഥന, ദരിദ്രരുമായും കുഷ്ഠരോഗിയുമായുള്ള കൂടിക്കാഴ്ചകൾ, സാൻ ദാമിയാനോ ക്രൂശിൽ നിന്നുള്ള വിളി എന്നിവയിലൂടെയും പരിവർത്തനം വളർച്ചപ്രാപിച്ചു. ദാരിദ്ര്യം, ലളിതജീവിതം, ദൈവത്തിൽ പൂർണ്ണവിശ്വാസം — ഇവയെയും ഫ്രാൻസീസ് സ്വീകരിച്ചു. ഫ്രാൻസിസ്കൻ സമൂഹം സ്ഥാപിച്ചതിനുശേഷവും അദ്ദേഹത്തിന്റെ ഉള്ളിലെ പരിവർത്തനം തുടർന്നു. 1224-ൽ ലഭിച്ച പഞ്ചക്ഷതവും, അവസാന വർഷങ്ങളിലെ വേദനയും പൂർണ്ണ സമർപ്പണവും അതിന്റെ ഉച്ചകോടിയായി.
2. ഫ്രാൻസീസിനെ രൂപപ്പെടുത്തിയ പ്രധാന സംഭവങ്ങൾ
യുദ്ധത്തിൽ പിടിക്കപ്പെട്ടത്, രോഗബാധ, സൈനികജീവിതം ഉപേക്ഷിച്ചത്, പിതാവിൻ്റെ സ്വത്ത് ഉപേക്ഷിത് , ദരിദ്രരെ ആലിംഗനം ചെയ്തത്, “എന്റെ വീട് പുനർനിർമ്മിക്കൂ” എന്ന വിളി — ഈ സംഭവങ്ങൾ എല്ലാം ഫ്രാൻസീസിനെ പുതിയ മനുഷ്യനാക്കി. 1208-ൽ എല്ലാം ഉപേക്ഷിച്ച് ക്രിസ്തുവിനെ പിന്തുടരാനുള്ള സുവിശേഷവിളി ഫ്രാൻസീസ് കേട്ടു. 1209-ൽ ഇന്നസെന്റ് മൂന്നാമൻ മാർപാപ്പയിൽ നിന്ന് തന്റെ പുതിയ ജീവിതരീതിക്ക് അംഗീകാരം ലഭിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളല്ല ഇവ; എല്ലാം ചേർന്നാണ് ക്രിസ്തുവിന്റെ രൂപത്തിലേക്ക് ഫ്രാൻസീസിൻ്റെ ഹൃദയം രൂപപ്പെട്ടത്.
3. നമ്മുടെ മാനസാന്തരം
ഫ്രാൻസീസിനെപ്പോലെ നമ്മുടെ പരിവർത്തനവും വിവിധ ഘട്ടങ്ങളിലൂടെയും നമ്മുടെ സ്വന്തം സാമൂഹ്യ–സാമ്പത്തിക–ചരിത്രപരമായ സാഹചര്യങ്ങളിലൂടെയും പുരോഗമിക്കുകയും വളരുകയും ചെയ്യുന്നു. എല്ലാം വിട്ടുകൊടുക്കാനും ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കാനും പഠിക്കുന്ന ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ഏറ്റവും ആഴത്തിലുള്ള പരിവർത്തനം സംഭവിക്കുന്നത്. “ഇനി നമുക്ക് ആരംഭിക്കാം; ഇതുവരെ നാം ഒന്നും ചെയ്തിട്ടില്ല.” ഫ്രാൻസീസിൻ്റെ വാക്കുകൾ പരിവർത്തനത്തിനു നമുക്കു കരുത്തേകട്ടെ.
ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 8

ക്രിസ്തുമസ് രാവിൽ ഉണ്ണീശോയുടെ ദർശനം ലഭിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസീസ്
ഈശോയുടെ ദാരിദ്ര്യത്തോടും ലാളിത്യത്തോടും ഉള്ള ആഴമുള്ള സ്നേഹത്തിന്റെ ജീവിച്ച സാക്ഷ്യമായിരുന്നു ഫ്രാൻസിസിൻ്റെ ജീവിതം. 1223-ൽ ഗ്രേക്കിയോയിൽ അദ്ദേഹം ഒരുക്കിയ ആദ്യത്തെ പുൽകൂട്, ഒരു ആചാരപരിപാടിയേക്കാൾ കൂടുതലായി, ബേത്ലേഹമിലെ ദൈവാവതാരത്തെ ഹൃദയത്തിൽ അനുഭവിക്കാൻ മനുഷ്യരെ സഹായിക്കുന്ന ഒരു ആത്മീയ അനുഭവമായിരുന്നു.
വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ ജീവചരിത്രം എഴുതിയ വിശുദ്ധ ബൊനവെഞ്ചൂരാ രേഖപ്പെടുത്തുന്നത് ഇങ്ങനെ ആണ്: പുൽകൂടിനു മുമ്പിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയപ്പോൾ, ദൈവത്തിന്റെ മനുഷ്യനായ ഫ്രാൻസീസ് പൂർണ്ണ ഭക്ത്യാദരവോടെ അവിടെ നിൽക്കുകയായിരുന്നു. സന്തോഷാശ്രുക്കൾ അവന്റെ കണ്ണുകളിൽ നിറഞ്ഞിരുന്നു. ക്രിസ്തുവിന്റെ ദാസനായ ഫ്രാൻസീസ് സുവിശേഷം മധുരമായി ആലപിച്ചു. തുടർന്ന്, ചുറ്റുമുള്ള ജനങ്ങളോട് ദരിദ്രനായ രാജാവിനെക്കുറിച്ച് – പുൽകൂടിൽ കിടക്കുന്ന സ്വർഗ്ഗത്തിന്റെ കർത്താവിനെക്കുറിച്ച് – ഹൃദയസ്പർശിയായ പ്രസംഗം നടത്തി.
ഉണ്ണീശോയുടെ സ്നേഹത്തിന്റെ ആർദ്രത മൂലം “ഈശോ” എന്ന നാമം പോലും വ്യക്തമായി ഉച്ചരിക്കാൻ കഴിയാതെ, ഫ്രാൻസീസ് അവനെ “ബേത്ലേഹമിലെ ശിശു” എന്ന് സ്നേഹത്തോടെ വിളിച്ചു. ആ നിമിഷം, അവിടെ ഉണ്ടായിരുന്നവർക്ക് അത് ഒരു നാട്യരംഗം പോലെ അല്ല, മറിച്ച് ഒരു സ്വർഗ്ഗീയ സാന്നിധ്യത്തിന്റെ അനുഭവമായി തോന്നി.
ഫ്രാൻസീസിന്റെ അടുത്ത സുഹൃത്തും, ക്രിസ്തുവിനോടുള്ള സ്നേഹത്തിന് വേണ്ടി ലോകത്തിലെ ആഢംബരങ്ങൾ ഉപേക്ഷിച്ച ധീരനും സത്യസന്ധനുമായ സൈനികനായ ഗ്രേക്കിയോയിലെ ജോൺ, അത്ഭുതകരമായ ഒരു ദർശനം കണ്ടതായി സാക്ഷ്യപ്പെടുത്തി. പുൽകൂടിൽ കിടന്ന ദിവ്യശിശുവിനെ ഫ്രാൻസീസ് പിതാവ് തന്റെ ഇരുകരങ്ങളും നീട്ടി സ്നേഹത്തോടെ സ്വീകരിക്കുന്നതായി അവൻ കണ്ടുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അത്, ഫ്രാൻസീസിന്റെ ഹൃദയത്തിലെ ക്രിസ്തുവിനോടുള്ള ബാല്യസമാനമായ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെ ആഴത്തിന്റെയും ദൃശ്യപ്രകടനമായിരുന്നു.
ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നത്, ക്രിസ്തുമസ് ഒരു ആഘോഷദിനം മാത്രമല്ല, ദൈവം മനുഷ്യനായി നമ്മുടെ ദാരിദ്ര്യത്തിലേക്കു ഇറങ്ങിവന്ന സ്നേഹത്തിന്റെ രഹസ്യമാണെന്ന സത്യമാണ്. ഫ്രാൻസീസിനെപ്പോലെ, നാം പുൽകൂടിന്റെ മുമ്പിൽ വെറും കാണികൾ ആയി നിൽക്കാതെ, ഹൃദയം തുറന്ന് ഉണ്ണീശോയെ സ്വീകരിക്കുന്നവരാകണം. അഹങ്കാരവും ആഢംബരവും വിട്ട്, ലാളിത്യത്തിലും സ്നേഹത്തിലും ജീവിക്കുമ്പോഴാണ് യഥാർത്ഥ ക്രിസ്തുമസ് നമ്മുടെ ജീവിതത്തിൽ ജനിക്കുന്നത്.
ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 9

വിശുദ്ധ ഫ്രാൻസീസ് അസീസി – അനുകമ്പയുടെ വിശുദ്ധൻ
അനുകമ്പ എന്നത് മറ്റുള്ളവരുടെ വേദനയെ സ്വന്തം ഹൃദയത്തിൽ അനുഭവിക്കുകയും അത് കുറയ്ക്കാൻ സ്നേഹത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന മനോഭാവമാണ്. വാക്കുകളിലൊതുങ്ങാതെ, സഹായം, ക്ഷമ, കരുതൽ, ത്യാഗം എന്നിവയായി മാറുന്ന മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ രൂപമാണ് അനുകമ്പ.
ഇറ്റലിയിലെ അസീസിയിൽ ജനിച്ച ഫ്രാൻസീസ് അസീസി ലോകചരിത്രത്തിൽ അനുകമ്പയുടെ ജീവിച്ച സാക്ഷ്യമായി മാറിയ വ്യക്തിയാണ്. സമ്പന്നനായ വ്യാപാരിയുടെ മകനായി ജനിച്ചെങ്കിലും, യേശുക്രിസ്തുവിനെ അടുത്തറിയാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം സമ്പത്തും സൗകര്യങ്ങളും ഉപേക്ഷിച്ച് ദരിദ്രരോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു.
ആദ്യം ഭയവും വെറുപ്പും തോന്നിയ കുഷ്ഠരോഗിയെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്ത നിമിഷം ഫ്രാൻസീസിന്റെ ജീവിതത്തിൽ ദൈവകൃപയുടെ വലിയൊരു വേലിയേറ്റം ഉണ്ടായി. ആ അനുഭവം മുതൽ അവഗണിക്കപ്പെട്ടവരെയും വേദനിക്കുന്നവരെയും അദ്ദേഹം തന്റെ സഹോദരങ്ങളായി കണ്ടു. വിശപ്പുള്ളവർക്ക് ഭക്ഷണം കൊടുക്കുകയും, രോഗികളെ ശുശ്രൂഷിക്കുകയും, വഴിയരികിൽ കിടക്കുന്നവരോടൊപ്പം ഇരിക്കുകയും ചെയ്തു.
ഫ്രാൻസീസിന്റെ അനുകമ്പ മനുഷ്യരിൽ മാത്രം ഒതുങ്ങിയില്ല. പക്ഷികൾ, മൃഗങ്ങൾ, മരങ്ങൾ, സൂര്യൻ, ചന്ദ്രൻ – എല്ലാം അദ്ദേഹത്തിന് ദൈവത്തിന്റെ സൃഷ്ടികളായ സഹോദരങ്ങളും സഹോദരിമാരുമായിരുന്നു. സൃഷ്ടിയോടുള്ള ഈ സ്നേഹവും കരുണയും അദ്ദേഹത്തെ “സാർവ്വത്രിക സഹോദരത്വത്തിന്റെ” ദൂതനാക്കി.
ഫ്രാൻസീസ് പഠിപ്പിച്ചത് വാക്കുകളിലൂടെക്കാൾ പ്രവൃത്തികളിലൂടെയാണ്. “സ്നേഹം വാക്കുകളിൽ അല്ല, ജീവിതത്തിലാണ് തെളിയേണ്ടത്” എന്നതാണ് അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ ആഴം. സ്വന്തം ദുഃഖം മറന്ന് മറ്റുള്ളവരുടെ കണ്ണീരിൽ ദൈവത്തിന്റെ മുഖം കണ്ട ഫ്രാൻസീസ്, കരുണ ക്രൈസ്തവജീവിതത്തിന്റെ ആത്മാവാണെന്ന് ലോകത്തെ പഠിപ്പിച്ചു.
ഇന്നും ഫ്രാൻസീസിൻ്റെ ജീവിതം നമുക്കുളള വെല്ലുവിളിയാണ് – വേദനിക്കുന്നവരോട് ഹൃദയം തുറക്കാൻ, അവഗണിക്കപ്പെട്ടവരെ ചേർത്തുപിടിക്കാൻ, അനുകമ്പയുടെ വഴിയിലൂടെ ക്രിസ്തുവിനെ അനുകരിക്കുവാൻ…. ഹൃദയം തുറക്കുന്നിടത്താണ് അനുകമ്പ ജനിക്കുന്നത് ഫ്രാൻസീസ് പുണ്യവാനെപ്പോലെ മറ്റുള്ളവർക്കായി ഹൃദയം തുറന്ന് ജീവിതം ധന്യമാക്കാം
ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 10

സാൻ ദാമിയാനോ ദേവാലയവും വിശുദ്ധ ഫ്രാൻസീസ് അസീസിയും
ഇറ്റലിയിലെ അസീസി നഗരത്തിന് സമീപമുള്ള സാൻ ദാമിയാനോ എന്ന ചെറിയ ദേവാലയം, വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് വഹിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മീയ പരിവർത്തനത്തിന്റെ തുടക്കം ഈ ദേവാലയത്തിലാണ് സംഭവിച്ചത്.
1205-ൽ, ജീവിതത്തിന്റെ അർത്ഥം അന്വേഷിച്ചുകൊണ്ടിരുന്ന യുവാവായ ഫ്രാൻസീസ്, തകർന്ന നിലയിൽ കിടന്നിരുന്ന സാൻ ദാമിയാനോ ദേവാലയത്തിൽ പ്രാർത്ഥിക്കാൻ എത്തി. അവിടെ ക്രൂശിതനായ യേശുവിന്റെ മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ, “ഫ്രാൻസീസ്, നീ കാണുന്നപോലെ തകർന്നുകിടക്കുന്ന എന്റെ ഭവനം പുനർനിർമ്മിക്കൂ” എന്ന ദൈവസ്വരം അദ്ദേഹം കേട്ടു.
ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ എടുത്ത ഫ്രാൻസീസ്. ദേവാലയം പുനർനിർമ്മിക്കാൻ തന്റെ പിതാവിന്റെ കടയിൽ നിന്നുള്ള തുണികൾ വിറ്റു പണം കണ്ടെത്തി. ഇതുമൂലം പിതാവുമായി തർക്കമുണ്ടായെങ്കിലും, ദൈവത്തിന്റെ വിളിക്ക് മുൻഗണന നൽകി ഫ്രാൻസീസ് തന്റെ ജീവിതം പൂർണ്ണമായി മാറ്റി.
കാലക്രമേണ, ദൈവം പറഞ്ഞ “ഭവനം” ഒരു കെട്ടിടം മാത്രമല്ലെന്നും, സഭയെ ആത്മീയമായി പുതുക്കാനുള്ള ദൗത്യമാണെന്നും ഫ്രാൻസീസ് തിരിച്ചറിഞ്ഞു. ദാരിദ്ര്യവും ലാളിത്യവും സ്നേഹവും പ്രാർത്ഥനയും നിറഞ്ഞ ജീവിതമാണ് അദ്ദേഹം തിരഞ്ഞെടുത്തത്.
കുറേ കഴിഞ്ഞപ്പോൾ സാൻ ദാമിയാനോ ദേവാലയം വിശുദ്ധ ക്ലാരയും അവളുടെ സഹോദരിമാരും താമസിച്ച ആത്മീയ കേന്ദ്രമായി മാറി. ഇന്നും അവിടെ സൂക്ഷിച്ചിരിക്കുന്ന സാൻ ദാമിയാനോ ക്രൂശിതൻ ലോകമെമ്പാടുമുള്ള വിശ്വാസികളെ ആകർഷിക്കുന്നു.
സാൻ ദാമിയാനോ ദേവാലയം നമ്മെ പഠിപ്പിക്കുന്നത്, ദൈവം സാധാരണ മനുഷ്യരെ വലിയ ദൗത്യങ്ങൾക്ക് വിളിക്കുമെന്ന സത്യമാണ്. വിശുദ്ധ ഫ്രാൻസീസിന്റെ അനുസരണം സഭയ്ക്കും ലോകത്തിനും ഒരു പുതിയ ആത്മീയ വഴിതുറന്നു.
ഫാ. ജയ്സൺ കുന്നേൽ mcbs
