സെപ്റ്റംബർ 21 വി. മത്തായി ശ്ലീഹ
ഈശോയുടെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരാളായിരുന്ന വി. മത്തായി, ഗലീലിയോ പ്രദേശത്തെ ഹെൽപൈയുടെ പുത്രനായ ഒരു യഹൂദനായിരുന്നു. രണ്ടു സുവിശേഷകന്മാർ മത്തായിയെ ലേവി എന്നുകൂടി വിളിക്കുന്നുണ്ട്. ചുങ്കം പിരിക്കുക എന്നതായിരുന്നു മത്തായിയുടെ ജോലി.
യഹൂദരുടെ ഇടയിൽ ചുങ്കക്കാർക്ക് തീരെ താഴ്ന്ന സ്ഥാനമാണ് ഉണ്ടായിരുന്നത്. അവരുമായി ഒരുതരത്തിലും യഹൂദർ സഹകരിച്ചിരുന്നില്ല. കാരണം, തങ്ങളുടെമേൽ റോമാക്കാരുടെ അടിമത്തം അടിച്ചേൽപിക്കുന്നത് ചുങ്കക്കാരണെന്നാണ് അവർ വിശ്വസിച്ചിരുന്നത്. ഒരു തളർവാതരോഗിയെ സുഖപ്പെടുത്തിയതിനുശേഷം യേശു ഗനേസറത്ത് തടാകത്തിന്റെ തീരത്തുകൂടി നടക്കുമ്പോഴാണ് മത്തായിയെ തൻ്റെ അപ്പസ്തോലന്മാരിൽ ഒരുവനായി വിളിക്കുന്നത്. അതുവരെ ലേവി എന്നു വിളിക്കപ്പെട്ടിരുന്ന ശ്ലീഹായ്ക്ക് മത്തായി എന്ന പേര്, മാനസാന്തരശേഷം ഈശോ നൽകിയെന്നാണ് വിശ്വസിക്കപ്പെടുന്നത്. ‘യഹോവയുടെ ദാനം’ എന്നാണ് മത്തായി എന്ന ഹെബ്രായ നാമത്തിന്റെ അർഥം. ചുങ്കപ്പിരിവുകാരനായ മത്തായിയെ തന്റെ പ്രഥമശിക്ഷ്യഗണത്തിലേക്ക് യേശു വിളിച്ചത് യാഥാസ്ഥിതികരായ അന്നത്തെ മതപുരോഹിതര്‍ക്കും, യഹൂദ സമൂഹത്തിനും ഉൾക്കൊള്ളാനാവാത്തതായിരുന്നു. “എന്ത് കൊണ്ടാണ് നിങ്ങളുടെ ഗുരു, ചുങ്കക്കാരുടേയും പാപികളുടേയും ഒപ്പം ഭക്ഷണം കഴിക്കുന്നത്?” എന്നതായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ “ഞാന്‍ നീതിമാന്മാരെയല്ല പാപികളെ വിളിക്കുവാനാണ് വന്നിരിക്കുന്നത്” എന്ന യേശുവിന്റെ മറുപടി അവരുടെ ചിന്തകള്‍ക്കുമപ്പുറമായിരുന്നു.
ഈശോയുടെ മരണോത്ഥാനങ്ങൾക്കുശേഷം വി. മത്തായി ആദ്യം യൂദയായിലും സമീപപ്രദേശങ്ങളിലുമാണ് സുവിശേഷം പ്രസംഗിച്ചിരുന്നത്. അവിടെനിന്നു പോകുന്നതിനു മുമ്പുതന്നെ അദ്ദേഹം അരമായ സംസാരിക്കുന്ന പലസ്തീനിൻ ക്രിസ്തിയാനികൾക്കുവേണ്ടി സുവിശേഷം രചിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. യൂദായിൽ പ്രസംഗിച്ച് ഒരു ജനസമൂഹത്തെ കർത്താവിനുവേണ്ടി സമ്പാദിച്ചതിനുശേഷം കിഴക്കുള്ള അപരിഷ്കൃതരാജ്യങ്ങളിലേക്ക് മത്തായി യാത്ര തിരിച്ചു. അദ്ദേഹം തന്റെ പ്രേഷിതപ്രവർത്തനം എവിടെ നിർവഹിച്ചു എന്ന് കൃത്യമായി പറയുക സാധ്യമല്ല. പേർഷ്യ, എത്യോപ്യാ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രേഷിതപ്രവർത്തനരംഗങ്ങളെന്ന് വിശ്വസിക്കപ്പെടുന്നു.
മത്തായിയുടെ മരണത്തെക്കുറിച്ചും കൃത്യമായ വിവരണങ്ങൾ ലഭ്യമല്ല. അദ്ദേഹം പേർഷ്യയിൽവച്ചു മരിച്ചു എന്നാണ് വി. പൗളിനോസ് സാക്ഷ്യപ്പെടുത്തുന്നത്. ‘പേർഷ്യയിലുള്ള നഡാസർ എന്ന പട്ടണത്തിൽവച്ച് രക്തസാക്ഷിയായി മരിച്ചു’ എന്ന് ചരിത്രകാരനായ മെനാൻസിയൂസ് രേഖപ്പെടുത്തിയിരിക്കുന്നു. മറ്റു ചില ചരിത്രകാരന്മാർ, അദ്ദേഹം ജീവനോടെ തീച്ചൂളയിൽ എറിയപ്പെട്ടു എന്നും പ്രസ്താവിക്കുന്നു.
വിശുദ്ധ മത്തായിയുടെ ജീവിതത്തെ ചൂണ്ടികാണിച്ചു കൊണ്ട് 2006-ല്‍ ബെനഡിക്ട് പാപ്പാപറഞ്ഞത് ഇപ്രകാരമാണ്, “വിശുദ്ധിയില്‍ നിന്നും അകന്ന് നില്ക്കുന്ന പാപികളായവര്‍ക്കു ദൈവകാരുണ്യം വഴി ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തുവാനുള്ള ഒരു മാതൃകയായിട്ടാണ് വിശുദ്ധ മത്തായിയുടെ ജീവിതത്തെ സുവിശേഷം നമുക്ക് നല്‍കുന്നത്”.
