1965 ഡിസംബർ 8 -ന് സെന്റ് പീറ്റേഴ്‌സ് സ്‌കൊയറിൽ പോൾ ആറാമൻ മാർപ്പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെ രണ്ടാം വത്തിക്കാൻ കൗൺസിലിന് തിരശീല വീണിട്ട് അൻപത്തി ഏഴു വർഷങ്ങൾ കഴിഞ്ഞു.

ക്രൈസ്‌തവ ചരിത്രത്തിലെ 21 -മത്തെ എക്കു‌മെനിക്കൽ കൗൺസിൽ ആണ് അന്ന്‌ അവസാനിച്ചത്. “അജിയോർണമെന്റോ” (agiornamento) “ആധുനിക ലോകത്തിനും കാലത്തിനും സഭയെ തുറന്നു കൊടുക്കുക” എന്ന ഇരുപത്തി മൂന്നാം യോഹന്നാൻ മാർപ്പാപ്പയുടെ കൽപ്പന കേട്ടവരിൽ പലരും ജനലുകൾ മാത്രമല്ല കതകുകളും തുറന്നിട്ടു. “കാറ്റും വെളിച്ചവും” മാത്രമല്ല “ചൂടും പൊടിയും” കൂടി അകത്തു കയറി. പൊടി തടയാൻ തുറന്നിട്ട കതകുകളിൽ ചിലത് അടച്ചാൽ അകത്തു കയറിയ പൊടി അടിഞ്ഞു കൂടാനേ അത് കാരണമാകൂ.

“രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചു കൂട്ടുക വഴി ഇരുപത്തിമൂന്നാം യോഹന്നാൻ മാർപ്പാപ്പ വരുത്തിവച്ച വിപത്തുകളെ അതിജീവിക്കാൻ സഭക്ക് അൻപത് വർഷങ്ങൾ മതിയാകില്ല” എന്ന് പറഞ്ഞത് ജനീവായിലെ ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ഗുസേപ്പേ സീരി (1906 -1989) ആയിരുന്നു. 1978 -ൽ പോളണ്ടിലെ ആർച്ച് ബിഷപ്പായിരുന്ന കരോൾ വോയിറ്റിൽവയെ മാർപ്പാപ്പ ആയി തിരഞ്ഞെടുത്തപ്പോൾ (ജോൺ പോൾ II) കർദിനാൾ സീരി ആകും മാർപ്പാപ്പ എന്ന് കരീതിയിരുന്നവരും അതിനായി ആഗ്രഹിച്ചവരും ധാരാളം ഉണ്ടായിരുന്നു എന്നതും വിസ്മരിച്ചു കൂടാ. അതായത് കൗൺസിൽ പ്രഖ്യാപന നേരത്ത് മാത്രമല്ല കൗൺസിലിന് ശേഷവും കൗൺസിൽ വിരുദ്ധ തരംഗം സഭയിൽ ശക്തമായിട്ടുണ്ട്.

കൗൺസിൽ തരംഗത്തിനും കൗൺസിൽ വിരുദ്ധ തരംഗത്തിനും ഇടയിൽ കാലത്തിന്റെ സ്വരം ശ്രവിക്കാനുള്ള കാതുകളുടെ കൂർമ്മതയും ദൈവാരൂപിയാൽ നയിക്കപ്പെടാനുള്ള ഹൃ ദയത്തിന്റെ തുറവിയുമാണ് സഭാനേതൃത്വത്തിനും വിശ്വാസഗണത്തിനും ഇന്ന് ആവശ്യം.

1 . നവീകരണത്തിന്റെ അറുപത് വർഷങ്ങൾ

ഒരു കൗൺസിലിന്റെ പ്രാധാന്യവും സ്വാധീനവും കണക്കാക്കാൻ അൻപത് വർഷങ്ങളെങ്കിലും കഴിയണം എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ കഴിഞ്ഞിട്ട് ഇപ്പോൾ അറുപതു വർഷങ്ങളാകുന്നു. ഇപ്പറഞ്ഞ പ്രസ്താവന ശരിയാണെങ്കിൽ കൗൺസിലിന്റെ ഗുണവും ദോഷവും അളക്കാൻ നേരമായിട്ടുണ്ട്.

കൗൺസിൽ പിതാക്കന്മാരിൽ വിരലിൽ എണ്ണാവുന്നവരേ ഇന്ന് ജീവിച്ചിരിപ്പുള്ളൂ. കൗൺസിൽ പ്രമാണ രേഖകൾ എഴുതി തയ്യാറാക്കിയ ദൈവശാസ്ത്രജ്ഞരിൽ മിക്കവരും ദിവംഗതരായി. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ , റ്റീനേജ് (teenage) ദൈവശാസ്ത്രജ്ഞരെന്ന് അന്ന് മ്യൂണിക് യൂണിവേഴ്സിറ്റിയിലെ പ്രശസ്ത ദൈവ ശാസ്ത്രജ്ഞനായിരുന്ന മിഷായേൽ ഷ്മാവ്സ് (Michael Schmaus) വിളിച്ച രണ്ടു പേരിൽ ഒരാളായ ജോസഫ് റാറ്റ്സിംഗർ (Joseph Ratzingar) (1927 -2022) ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയായി സഭയെ നയിച്ചു. (2005 -2013) 2022 ഡിസംബർ 31-ന് അദ്ദേഹം കാലം ചെയ്തു.

രണ്ടാമത്തെ ടീനേജ് ദൈവശാസ്ത്രജ്ഞനെന്ന് വിളിക്കപ്പെട്ട ഹാൻസ് കയൂങ് (Hans Kueng 1928 -2021 ) ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ശക്തനായ വിമർശകനായും സഭ നവീകരണത്തിന്റെ വക്താവായും സഭയെ സ്വാധീനിച്ചു. ഒരുകാലത്ത് ഇരുവരും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ യുവസ്വരവും ഒരേ യൂണിവെർഴ്സിറ്റിയിൽ സഹപ്രവർത്തകരും ആയിരുന്നുവെന്നത് ചരിത്രത്തിന്റെ മറുപുറം.

ഇന്ന് അറുപതും അറുപത്തി അഞ്ചും വയസുകഴിഞ്ഞ വിശ്വാസികളും ദൈവശാസ്ത്രജ്ഞരും കൗൺസിലിന്റെ സഭാനവീകരണ പദ്ധതികളോടുകൂടി വളർന്നവരാണ്.

കത്തോലിക്കാ സഭക്കും ക്രിസ്തീയ സഭകൾക്കും മാത്രമല്ല മാനവരാശിക്കുതന്നെ വീണുകിട്ടിയ മഹാഭാഗ്യമായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ. ചരിത്രത്തെ തിരുത്തിക്കുറിച്ച സംഭവം.

സഭയെ ചരിത്രത്തിന്റെ നാഴികക്കല്ലും ചരിത്രഗതിവിഗതികളുടെ ചൂണ്ടുപലകയുമായി സ്ഥാപിച്ച ചരിത്ര സംഭവം. വിവിധ ഭൂഖണ്ഡങ്ങളിലെ പിതാക്കന്മാർ സഭാനവീകരണത്തിന്റെ സാധ്യതകളെക്കുറിച്ച്‌ ഒരുമിച്ചിരുന്ന് ചിന്തിക്കാൻ കൗൺസിൽ അവസരം ഉണ്ടാക്കി. ലോകത്തിനു നേരെ കണ്ണ് തുറന്നിരിക്കാനും കാത് കൂർപ്പിച്ചരിക്കാനും സഭ ജാഗരൂകരായി.

പാരമ്പര്യങ്ങൾ പഠിച്ചും കാലത്തിന്റെ സ്വരം കേട്ടും പണ്ഡിതരും പ്രഗത്ഭരുമായ ദൈവശാസ്ത്രജ്ഞർ സഭാജീവിതത്തെ വ്യാഖ്യാനിച്ചു. കൗൺസിൽ മാർപ്പാപ്പാമാരായ യോഹന്നാൻ ഇരുപത്തിമൂന്നാമനും പോൾ ആറാമനും മാത്രമല്ല അവർക്കു ശേഷമുള്ള മാർപ്പാപ്പാമാരും മാനവസമൂഹത്തിൽ സഭയുടെ സ്ഥാനവും സ്വാധീനവും അറിഞ്ഞും അരക്കിട്ടുറപ്പിച്ചും ക്രൈസ്തവ നിലപാടുകളും ക്രൈസ്തവ മൂല്യബോധവും മാനവ സമൂഹത്തെ ഓർമ്മിപ്പിക്കാനും ബോദ്ധ്യപ്പെടുത്താനുമുള്ള ദൗത്യം ഏറ്റെടുത്തു.

ലോക പ്രശ്നങ്ങളോട് പ്രതികരിക്കണമെന്നും ലോകരാഷ്ട്രങ്ങൾക്കും മാനവസമൂഹത്തിനും മാർഗ്ഗദർശി ആകണമെന്നും രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയുടെ നേതൃത്വത്തെയും സഭാസമൂഹത്തെയും ബോദ്ധ്യപ്പെടുത്തി. സഭയുടെ ഈ കാഴ്ചപ്പാടിന്റെ പ്രതിഫലനമായിരുന്നു അന്ന് ഇറാക്കുയുദ്ധം അരുതെന്നും അത് തെറ്റാണെന്നുമുള്ള ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ ധാർമ്മികസ്വരം.

ഉക്രൈൻ-റഷ്യ യുദ്ധത്തിൽ ഫ്രാൻസിസ് മാർപാപ്പ എടുത്ത അനുരഞ്ജനത്തിന്റെ നിലപാടും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യം പ്രസരിക്കുന്ന നിലപാടായിരുന്നു.

കഴിഞ്ഞ ആറ് സംവത്സരങ്ങളിലായി സഭാസൗധത്തിലൂടെ ഒട്ടേറെ ശുദ്ധവായു കടന്നുപോയി. ഒട്ടേറെ ശുദ്ധജലം ഒഴുകി. ദീർഘമായ കഴിഞ്ഞ അറുപത് വർഷങ്ങൾ കൗൺസിൽ ചിന്തകളാൽ കത്തോലിക്കാസഭ മുഖരിതമായിരുന്നു എന്നത് നിസ്സാര കാര്യമല്ല.

കൗൺസിൽ ചൈതന്യം കർമ്മവൽക്കരിക്കാൻ സഭാമക്കൾ കർമ്മനിരതരാകുകയും വത്തിക്കാൻ തിരുസംഘങ്ങൾ അധികാരത്തിന്റെ വടി എടുക്കുകയും അത് കണ്ടു പലരും അമ്പരക്കുകയും ചെയ്‌തുപോയ ശൈലി ഒരു വശത്ത്. ഔദ്യോഗികമായിത്തന്നെ സഭ നടപ്പാക്കിയ ഒട്ടനവധി പുരോഗമന സംരംഭങ്ങൾ മറുവശത്ത്. സഭാമക്കൾ തനതായ സംരംഭങ്ങൾക്ക് മുൻകൈ എടുത്തപ്പോൾ അവയെ ഔദ്യോഗികമായി സഭ ആശീർവദിച്ചു അനുഗ്രഹിച്ച സംഭവങ്ങളും വേറെ. ആരും തെറ്റുകൾക്കതീതരല്ല എന്ന വസ്തുതയും സഭയിലും സമൂഹത്തിലും അല്മായ-വൈദിക കൂട്ടുത്തരവാദിത്തവും പരസ്പരാൽമകതയും ഫലം നൽകുമെന്ന യാഥാർഥ്യവുമാണ് കൗൺസിലിന് ശേഷമുള്ള സഭയുടെ ചരിത്രം വ്യക്തമാക്കുന്നത്.

കഴിഞ്ഞ കാലങ്ങളിൽ സഭക്ക് പറ്റിയ തെറ്റുകൾക്ക് മാപ്പുചോദിക്കാൻ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ പ്രേരിപ്പിച്ചത് കൗൺസിലിന്റെ ചൈതന്യമായിരുന്നു. സഭക്ക് ചരിത്രത്തിന്റെ ഗതിവിഗതികളിൽ വന്നു ഭവിച്ച തെറ്റുകൾക്ക് മാനവസമൂഹത്തോട് മാപ്പ് ചോദിക്കാനുള്ള വിനയം ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പയും ഫ്രാൻസിസ് മാർപ്പാപ്പയും പ്രകടമാക്കി.

കൗൺസിൽ പിതാക്കന്മാരുടെ നിഗമനങ്ങളും നിലപാടുകളും വീക്ഷണങ്ങളും വിഭാവനകളും വിവിധ ഭൂഖണ്ഡങ്ങളിലെ സഭകളിൽ വ്യത്യസ്ത രൂപഭാവങ്ങളിൽ പ്രതിഫലിച്ചു. എക്യുമെനിസം, മതസ്വാതന്ത്ര്യം, ഡയലോഗ്, നിരീശ്വരവാദികളുടെ സംവാദം, ലോകസംസ്‌ക്കാരങ്ങളുമായി പൊരുത്തപ്പെടൽ, ലോകമതങ്ങളോടുള്ള സൗഹൃദം തുടങ്ങിയ നവമായ കാഴ്ചപ്പാടുകൾ വഴി കത്തോലിക്കാ സഭ വിട്ടുവീഴ്ചയില്ലാതെ കാത്തുപോന്ന പല മാമൂലുകളും തിരുത്തി.

സഭ ദൈവജനം ആണെന്ന സഭാപിതാക്കന്മാരുടെ നിർവചനം വിശ്വാസികളെ ആവേശഭരിതരാക്കി. ദൈവജനം സഭയിൽ സജീവമായി.

നമ്മളൊന്ന് എന്ന ചിന്ത പല ഇടവകകളിലും വൈദികരും അല്മായരും തമ്മിലുണ്ടായ വിടവ് നികത്തി. ദൈവജനമാണ് സഭയെന്ന ദർശനം ദൈവജനത്തെ നയിക്കാൻ നിയോഗിക്കപ്പെട്ടവരെ തള്ളിപ്പറയാൻ പ്രേരിപ്പിച്ച ഒറ്റപ്പെട്ട സംഭവങ്ങളും പ്രസ്ഥാനങ്ങളും ഉണ്ടായിട്ടുണ്ടെന്നത് ശരിതന്നെ. സഭ ദൈവജനമാണെന്ന് മനസിലാക്കാതെയും അത് അംഗീകരിക്കാതെയും അത്തരം ഒറ്റപ്പെട്ട സംഭവങ്ങളെപ്പോലും സമഭാവനയോടെ കാണാത്ത സഭാനേതൃത്വം ഉണ്ടെങ്കിൽ അതും സഭയുടെ ഔദ്യോഗിക നിലപാടല്ല എന്നും പറയേണ്ടി ഇരിക്കുന്നു.

വ്യവസ്ഥിതിയുടെ വിപ്ലവകരമായ മാറ്റമല്ല, ഒരു സംശുദ്ധീകരണമാണ് കൗൺസിൽ ഉന്നം വക്കുന്നത്. “പെരിസ്‌ട്രോയിക്ക”യും “ഗ്ലാസ്സ്‌നോസ്റ്റി”ക്കും വഴി കത്തോലിക്കാ സഭക്ക് കാര്യങ്ങളൊന്നും കൈവിട്ടുപോയിട്ടില്ലെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ചിട്ട് അറുപത് വർഷങ്ങൾ കഴിഞ്ഞിട്ടും നിസംശയം അഭിമാനിക്കാം.

രണ്ടാം വത്തിക്കാൻ കൗൺസിൽ വിഭാവന ചെയ്ത സംശുദ്ധീകരണത്തിന്റെ പാതയിൽ സഭ കുറെയൊക്കെ പിറകിലാണെന്ന ചിന്തയാണ് ആത്മപരിശോധനക്ക് വിധേയമാകേണ്ടത്.

2. കൗൺസിലിന്റെ പശ്ചാത്തലം യുദ്ധത്തിന്റെ ഭീതി വീശിയ നാളുകളിലാണ് കൗൺസിൽ പിതാക്കന്മാർ ആരാധനാക്രമത്തെക്കുറിച്ചും മാദ്ധ്യമങ്ങളെക്കുറിച്ചും ദൈവിക വെളിപാടിനെക്കുറിച്ചുമൊക്കെ ചിന്തിച്ചത്.

1961 -ൽ ബർലിൻ മതിൽ പണിതീർത്തു. കമ്യുണിസ്റ് ജർമ്മനിയും ജനാധിപത്യ ജർമ്മനിയും തമ്മിലുള്ള അകലവും വിടവും പൂർണ്ണമാക്കി. റഷ്യയും അമേരിക്കയും ശീതയുദ്ധം അതീവ തീവ്രവും ശക്തവുമാക്കി. ക്യൂബായുടെ പേരിൽ വൻശക്തികൾ യുദ്ധഭീഷണി മുഴക്കി.

മൂന്നാം ലോകമഹായുദ്ധം അണുബോംബ് യുദ്ധമായി തുടങ്ങാൻ പോകുന്നുവെന്ന് ലോകം മുഴുവനും ഭയന്നു. ലോകത്തിന്റെ നാശം അഥവാ അവസാനം അടുത്തുവന്ന് എഴുത്തും വായനയും അറിയാത്തവർ പോലും വിശ്വസിച്ചു.

യൂറോപ്പിന്റെ കൊളോണിയൽ ആധിപത്യം ഏഷ്യയിലും ആഫ്രിക്കയിലും ഏതാണ്ട് അവസാനിച്ചു. കത്തോലിക്കാ സഭയുടെ യഥാസ്ഥിതിക വീക്ഷണം എക്യുമെനിസം ഏതാണ്ട് അസാധ്യമാക്കി.

ബൈബിൾ പഠനം തടസ്സപ്പെട്ടു. ആരാധനക്രമം നവീകരണ പ്രസ്ഥാനങ്ങൾ ചോദ്യങ്ങൾ ഉയർത്തി. പ്രത്യേകിച്ച് ജർമനിയിൽ. പ്രശസ്ത ദൈവശാസ്ത്രജ്ഞനായിരുന്ന റൊമാനൊ ഗുവാർഡിനി (Romano Guardini 1885 -1968) “ആരാധനാക്രമത്തിന്റെ ചൈതന്യത്തെ കുറിച്ച് ” എന്ന പേരിൽ 1918 -ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥവും തുടർന്നുണ്ടായ നവീകരണ ശ്രമങ്ങളും സഭാധികാരികളെ ചിന്തിപ്പിച്ചു. ക്രിസ്തുവർഷം 2000 -ൽ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഏതാണ്ട് അതേ പേരിൽ (ആരാധനാക്രമത്തിന്റെ ചൈതന്യം) മറ്റൊരു പുസ്തകം ആരാധനാക്രമത്തെക്കുറിച്ച എഴുതി എന്നതും ശ്രദ്ധേയം.

റൊമാനൊ ഗുവാർഡിനിയുടെ നാൽപ്പത്തി അഞ്ചാം ചരമ വാർഷികത്തിൽ 2013 ഒക്ടോബർ ഒന്നാം തിയതി അദ്ദേഹത്തിന്റെ നാമകരണ നടപടികൾ ആരംഭിച്ചു എന്നതും അറിയണം.

1949 -ൽ സമൂഹബലി വേണമെന്ന് പറഞ്ഞ കാൾ റാനറിനെ ദൈവശാസ്ത്രഗ്രന്ഥ രചന മുടക്കിയ സഭാധികാരികൾ തന്നെ കൗൺസിലിനു ശേഷം സമൂഹബലി സാർവർത്രികമാക്കി എന്നതും ചരിത്രം.

അതായത് സഭയിൽ വിള്ളലുകൾ ഉണ്ടാകുന്നു എന്നും സഭ സമൂഹത്തിൽ അന്യമാകുന്നു എന്നും മനസിലായപ്പോഴാണ് ഇരുപത്തി മൂന്നാം യോഹന്നാൻ മാർപ്പാപ്പ രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രഖ്യാപിച്ചത്.

മാർപ്പാപ്പയുടെ നിഗമനങ്ങളും ലക്ഷ്യവും തെറ്റിയില്ല. കത്തോലിക്കരെ മാത്രമല്ല, മാനവ സമൂഹത്തെ ഒന്നാകെ ഈ പ്രഖ്യാപനം അത്ഭുതപ്പെടുത്തി എങ്കിലും പ്രമാണ രേഖകളിലൂടെ രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയെ കാലഘട്ടത്തിന്റെ സ്വന്തം പതിപ്പാക്കി മാറ്റി.

പ്രമാണ രേഖകൾ പഠിച്ചും സ്ഥലകാല സാഹചര്യങ്ങൾക്കനുസൃതം വ്യാഖ്യാനിച്ചും സഭാനേതൃത്വവും ദൈവജനവും യാഥാർഥ്യബോധം കാണിക്കണം എന്ന് മാത്രം.

3. പുരോഗമനപരമായ കൗൺസിൽ

രണ്ടാം വത്തിക്കാൻ കൗൺസിലിൽ വിപ്ലവകരമായ പുരോഗമന ചിന്തകളുടെ ഒരു വേലിയേറ്റമുണ്ടായി.

കത്തോലിക്കാ സഭയുടെ വിവിധ ഭൂഖണ്ഡങ്ങളിലെ മെത്രാന്മാർ ഒരു സുപ്രഭാതത്തിൽ പുരോഗമന വാദികളായി മലക്കം മറിഞ്ഞു എന്നല്ല അതിനർത്ഥം. പകരം അവർ കാലഘട്ടത്തിന്റെ സ്വരം കേൾക്കാൻ തയ്യാറായി എന്നാണ്. യൂറോപ്പിൽ ആരാധനാക്രമത്തിലും ദൈവശാസ്ത്രത്തിലും സഭാസംവിധാനത്തിലും നവീകരണം വേണമെന്ന ചിന്ത അടിമുതൽ മുടി വരെയുള്ള തലങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. മാത്രമല്ല മെത്രാന്മാരിൽ പലരും പ്രഗത്ഭരായ ദൈവശാസ്ത്രജ്ഞരെ സ്വന്തം ദൈവശാസ്ത്രഞ്ജരും ഉപദേശികളുമായി കൗൺസിലിൽ പങ്കെടുക്കവാൻ കൂടെ കൊണ്ടുപോയിരുന്നു.

കൊളോണിലെ ആർച്ച്ബിഷപ്പായിരുന്ന കർദിനാൾ ജോസഫ് ഫ്രിങ്സ് (Josef Frings 1887 -1978 )ജോസഫ് റ്റസിഗാറിനെ (പിന്നീട ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ) യാണ് ഉപദേശകനായി കൊണ്ടുപോയത്. വിയന്നയിലെ ആർച്ചുബിഷപ്പായിരുന്ന കർദിനാൾ ക്യോനിഗ് (Franz Koenig 1905 -2004) ഉപദേശകനായി കൊണ്ടുപോയത് അന്ന് ഏറ്റം പുരോഗമനവാദിയായ ദൈവശാസ്ത്രജ്ഞൻ എന്ന നിലയിൽ വത്തിക്കാന്റെ നോട്ടപ്പുള്ളി ആയിരുന്ന കാൾ റാനറിനെ ആയിരുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിലിനെ ഏറെ സ്വാധീനിച്ച മറ്റൊരു ദൈവശാസ്ത്രജ്ഞൻ നിരവധി ഗ്രന്ഥങ്ങളിലൂടെ സഭ നവീകരണത്തിനും എക്‌മെനിസം, മതസംവാദം, സഭ വിജ്ഞാനീയം തുടങ്ങിയ വിഷയങ്ങളിൽ തനതായ സംഭാവനകൾ നൽകി ചലനങ്ങൾ സൃഷ്ട്ടിച്ച ഹാൻസ് കുങായിരുന്നു (Hans Kueng) (1928 2021).

നവ ദൈവശാസ്ത്രമെന്ന (Theologic nouvelle) എന്ന പേരിൽ ഫ്രാൻസിൽ 1950 – കളിലും 60 – കളിലും പ്രചരിച്ച പുരോഗമന ദൈവശാസ്ത്രത്തിന്റെ വക്താക്കളായ ഹെൻറി ഡെ ലുബാക് (Henry de Lubac 1986 1991 ) വിസ് കോൺഗാർ (Yves Congar 1904 1995 ) മരിയ ഡൊമിനിക് ചെനു (Maria Dominic Chenu 1895 1990 ) ഷാൻ ഡാനിയേലു (Jean Danielu 1905 1974 ) തുടങ്ങിയവരൊക്കെ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്രജ്ഞരായിരുന്നു. അതായത് വിശ്വസ്തരായ ദൈവശാസ്ത്രജ്ഞരെന്ന് തങ്ങൾ കരുതിയവരെ കൂടെ കൊണ്ടുപോയ ബിഷപ്പുമാർ അവരുടെ നിർദേശങ്ങൾ അനുസരിക്കാൻ തയ്യാറായി.

ദൈവശാസ്ത്രജ്ഞരുടെ പഠനങ്ങളും നിഗമനങ്ങളും കാഴ്ചപ്പാടുകളും അവർ സഭയുടെ ഔദ്യോഗിക കാഴ്ചപ്പാടായി പ്രഖ്യാപിച്ചു.

2005 ജൂണിൽ ലോകയുവജന സംഗമത്തിന് ജർമനിയിലെ കൊളോണിൽ എത്തിയ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ കൊളോണിലെ കത്തെഡ്രലിന് മുൻപിൽ വച്ച് വിനയപൂർവം തന്റെ ചെറുപ്പകാലത്തെ ആശയങ്ങൾ കൗൺസിൽ ചിന്തകളായി പരിണമിച്ച കാര്യം സൂചിപ്പിച്ചുതാനും.

വ്യത്യസ്തങ്ങളായ ആശയങ്ങൾ നിലനിന്നിരുന്ന സാഹചര്യത്തിൽ പുരോഗമനപരവും യാഥാസ്ഥിതികവും ആയ ആശയങ്ങളുടെ ഒരു സമന്വയമാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണ രേഖകൾ എന്ന് പറയുന്ന ചിന്തകരും ഉണ്ട്. എന്റെ അഭിപ്രായത്തിൽ ഒരു സമന്വയം എന്നതിലുപരി എല്ലാവരെയും എല്ലാ ദൈവശാസ്ത്ര ദർശനങ്ങളെയും ഉൾക്കൊള്ളാനുള്ള ഒരു വിശാല മനസ്സാണ് കൗൺസിൽ പ്രമാണ രേഖകളിൽ പ്രതിഫലിക്കുന്നത്. അതുകൊണ്ടു കൗൺസിൽ പ്രമാണരേഖകളെ വ്യാഖ്യാനിക്കേണ്ടതുണ്ട്. അടിസ്ഥാന പ്രമാണങ്ങളിൽ ഊന്നി കാലത്തിനനുസൃതം വ്യാഖ്യാനിച്ചാൽ മാത്രമേ പ്രമാണരേഖകൾ പ്രസക്തമാകുകയുള്ളു.

ബിഷപ്‌സ് കോണ്ഫറൻസുകളും സിനഡുകളും തുടങ്ങിയത് ഈ രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷമാണ്. കർദിനാൾ സംഘത്തിന്റെ കാലാകാലങ്ങളിലുള്ള സമ്മേളനങ്ങളും മെത്രാൻ സിനഡുകളും മാർപ്പാപ്പയുടെ ഉപദേശ സംഘങ്ങളായി ഇന്ന് നിലനിൽക്കുന്നു.

യുദ്ധം, പരിസ്ഥിതി, കമ്പ്യൂട്ടർ, തീവ്രവാദം, ഓയിൽ, രാജ്യങ്ങളുടെ കടബാധ്യത, സാറ്റലെറ്റ് ധാർമ്മികത, ജനസംഖ്യാവർദ്ധന തുടങ്ങിയ വിഷയങ്ങൾ രണ്ടാം വത്തിക്കാൻ കൗൺസിലിൽ ചർച്ചാവിഷയം ആയില്ല. ഒരുപക്ഷെ ഇനിയൊരു എക്‌മെനിക്കൽ കൗൺസിൽ നടന്നാൽ ഈ വിഷയങ്ങൾ ചർച്ചാ വിഷയം ആയേക്കാം. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ വഴി ദരിദ്ര രാജ്യങ്ങളോടുള്ള സഭയുടെ ഔദ്യോഗിക സമീപനം പാടെ മാറി. കാപ്പിറ്റലിസ്റ്റ് രാജ്യങ്ങളുടെ സമ്മേളനത്തിനും നയത്തിനും വിരുദ്ധമാണ് ഇതെന്നതും സഭയുടെ ക്രൈസ്തവ ചൈതന്യത്തിലേക്കുള്ള തിരിഞ്ഞുനടപ്പാണ് ഇതെന്നതും ഒട്ടേറെ പ്രതീക്ഷ നൽകുന്നുണ്ട്.

രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം ജർമ്മനി പോലുള്ള രാജ്യങ്ങളിൽ മിസിയോ (Missio), മിസരിയോർ (Miserior) അദ്വാനിയാത്ത് (Advaniat) തുടങ്ങിയ ബിഷപ്‌സ് കോണ്ഫറൻസ്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ദരിദ്ര രാജ്യങ്ങളിലെ മനുഷ്യരെ സഹായിക്കാൻ സംഘടനകൾ തുടങ്ങി എന്നതും ഇത്തരം സംഘടനകൾ ഇതിനകം അത്ഭുതാവഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു എന്നതും ശ്രദ്ധേയമാണ്.

4 . കൗൺസിലുളവാക്കിയ ചലനങ്ങൾ

പല രാജ്യങ്ങൾ, പല ഭാഷകൾ, പല നിറങ്ങൾ: ഓർബിസ് കാതോലിക്കൂസ് (Orbis catholicus). 2500 മെത്രാന്മാർ വിവിധ രാജ്യങ്ങളിൽ നിന്നും സാർവത്രിക സഭയുടെ പിതാക്കന്മാരായി, നായകരായി റോമിലൂടെ നടന്നപ്പോൾ റോമാക്കാർ അത്ഭുതപ്പെട്ടു കാണും.

സഭ യൂറോപ്പ് മാത്രമല്ല. സഭാസംസ്കാരം പാശ്ചാത്യൻ സംസ്ക്കാരം മാത്രമല്ല. കത്തോലിക്കാ സഭ സാർവത്രികമാണെന്ന് യൂറോപ്യൻ ജനതക്ക് തോന്നിയ നാളുകളായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ നാളുകൾ.

റോമിലെ തെരുവുകളിൽ വർണ്ണവസ്ത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്ന മെത്രാന്മാരും കര്ദിനാളന്മാരും കൗൺസിലിന് ശേഷം അപ്രത്യക്ഷരായി. കറുത്ത പാദം വരെ നീണ്ട കാസക്കിന് പകരം റോമൻ കോളറിൽ വൈദിക വസ്ത്രത്തിന്റെ അടയാള ചിഹ്നം ഒതുങ്ങി.

ജർമനി പോലുള്ള രാജ്യങ്ങളിൽ റോമൻ കോളർ പോലും അപ്രത്യക്ഷമായി. റോമൻ കോളർ കഴിഞ്ഞ പത്തോ പന്ത്രണ്ടോ വർഷങ്ങളായി കർത്തോലിക്ക പുരോഹിതരുടെ വസ്ത്രത്തിൽ വീണ്ടും കണ്ടുതുടങ്ങി എന്നതും യാഥാർഥ്യം. ഒന്നാം വത്തിക്കാൻ കൗൺസിലിന് ശേഷം “പഴയ കത്തോലിക്കർ” (Old Catholics) എന്നൊരു പുതിയ സമൂഹം ജർമനിയും ഹോളണ്ടും കേന്ദ്രീകരിച്ച ഉദയം ചെയ്തതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം ബിഷപ് ലെഫെബറിന്റെ (Marcel Lefebvre 1905 -1991) പുതിയ സഭ ഫ്രാൻസ്, സ്വിറ്റ്സർലാൻഡ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകൃതമായി സെന്റ് പയസ് 10 പുരോഹിതസംഘം രൂപീകൃതമായി. പിന്നീട് അതൊരു പുതിയ സഭാസമൂഹവും ആയി മാറി.

പഴയ കത്തോലിക്കർ മാർപ്പാപ്പയുടെ അപ്രമാദിത്യ സങ്കല്പത്തത്തെ എതിർത്തും പ്രതിഷേധിച്ചും ആയിരുന്നു കത്തോലിക്കാ സഭ വിട്ടുപോയതെങ്കിൽ ലെഫെബർ കൗൺസിലിന്റെ പുരോഗമന ചിന്ത കൂടിപ്പോയി എന്ന പരാതിയിലായിരുന്നു പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.

തെറ്റിപ്പിരിഞ്ഞുപോയ ലെഫെബറും അദ്ദേഹത്തിന്റെ പിൻഗാമികളും മാത്രമല്ല കത്തോലിക്കാ സഭയുടെ വിശ്വസ്തരായ വിശ്വാസികളിൽ പോലും ഒരുപറ്റം കൗൺസിലിന്റെ പുരോഗമനം കൂടിപ്പോയി എന്ന് പറയുന്നവരുണ്ട്. എന്നാൽ ഒട്ടനവധി വിശ്വാസികളും ദൈവശാസ്ത്രജ്ഞരും കൗൺസിലിന്റെ പുരോഗമനം ആവശ്യത്തിനായില്ല എന്ന് പറയുന്നവരും ആണ്.

ലത്തീൻ ഭാഷയുടെ നിഷേധത്തിലൂടെ പൊതുവായ ഒരു കത്തോലിക്കാ ഭാഷ ഇല്ലാതായി എന്ന് മാത്രമല്ല, തൽസ്ഥാനത്ത് അത്ര മഹത്വമൊന്നും അവകാശപ്പെടാനില്ലാത്ത ഇറ്റാലിയൻ ഭാഷ കടന്നു കൂടാൻ ശ്രമിക്കുന്നു എന്ന കാര്യം നിസ്സാരമായി കാണാവുന്ന കാര്യമല്ല.

ലത്തീൻ, സുറിയാനി, ഗ്രീക്ക് തുടങ്ങിയ പുരാതന ഭാഷകളെ മാതൃഭാഷപോലെ കൈകാര്യം ചെയ്തിരുന്ന ഭാരതത്തിലെ പല കത്തോലിക്കാ വൈദികരും ഈ ഭാഷകളെ പൂർണ്ണമായും അവഗണിച്ചപ്പോൾ ഭാരത പുരാതന ഭാഷയായ സംസ്കൃതമെങ്കിലും പഠിച്ചിരുന്നുവെങ്കിൽ കുറെയൊക്കെ നീതീകരിക്കാമായിരുന്നു.

ഭാഷാപാണ്ഡിത്യം എന്ന മഹത്വം കത്തോലിക്കാ വൈദികരുടെ തനിമയുടെ ഒരംശം കൂടി ആയിരുന്നു ഒരുകാലത്ത്. എന്നാൽ ഇന്നത് നഷ്ട്ടപ്പെട്ടു. യൂറോപ്യൻ രാജ്യങ്ങളിൽ കത്തോലിക്കാ പുരോഹിതരുടെ ഹീബ്രു, ലത്തീൻ, ഗ്രീക്ക് ഭാഷകളുടെ പഠനം ഏറെ ആഴമുള്ളതാണെന്ന് ഇത്തരുണത്തിൽ എടുത്തു പറയേണ്ടി ഇരിക്കുന്നു. അതുകൊണ്ടു ഭാരത സഭയിലും വൈദിക പരിശീലനത്തിൽ പുരാതന ഭാഷകളുടെ പഠനം പുനർജീവിപ്പിക്കണം എന്നാണെന്റെ അഭിപ്രായം.

ഭാരതീയ സംസ്ക്കാരം മനസിലാക്കാനും ഭാരതീയ തത്വചിന്തയെ പഠിച്ചു ഭാരതീയ ദൈവശാസ്ത്രം വളർത്തിയെടുക്കാനും ഭാരതീയ അദ്ധ്യാൽമികത പരിപോഷിപ്പിക്കാനുമുള്ള ശ്രമം ഭാരതസഭയിൽ കൗൺസിലിന് ശേഷം പ്രകടമായിരുന്നു.

എന്നാലത് കുറെയൊക്കെ ഏകപക്ഷീയമായിരുന്നോ എന്നും സംശയിക്കണം. കാരണം ഭാരതീയ ദർശനത്തിനു ഒരു മുഖം മാത്രമല്ല ഉള്ളത്. അതിപുരാതന കാലം മുതൽ ദ്രാവിഡകാലവും ആര്യകാലഘട്ടവും കഴിഞ്ഞുള്ള വിവിധ പരിണാമങ്ങളും ഭാരതീയദർശനം അഭിമുഖീകരിച്ചു. എന്നാൽ ഇന്ന് അതൊക്കെ ഏതാണ്ട് അപ്രത്യക്ഷമായ മട്ടാണ്.

ഒരു സഭ, ഒരു രാജ്യം, ഒരു രീതി എന്ന ദർശനവും അധികനാൾ നിലനിന്നില്ല.

റീത്തുകളുടെ ദൈവശാസ്ത്രത്തിൽ കൗൺസിലിന് ശേഷം പിന്നീടുണ്ടായ ഊന്നൽ സിറോ മലബാർ, മലങ്കര സഭകളിൽ ദൃശ്യമാണ്. വിഭാഗീയതക്കും തനതായ പൈതൃകത്തിനും ഇടയിലുള്ള ഒരു ഞാണിന്മേൽ കളിയാണ് ചിലപ്പോഴെങ്കിലും സിറോ മലബാർ സഭയിൽ ഇത്. ഐക്യത്തിലേക്ക് വളരാൻ സിറോ മലബാർ സഭക്ക് ഇനിയും ആയിട്ടില്ല.

ദൈവ മക്കളുടെ സ്വാതന്ത്ര്യത്തിൽ ഈശോ നിർദേശിച്ചപോലെ മെത്രാൻമാരും വൈദികരും വളരുകയും ഒരു അനുഭവമാകുകയും ചെയ്യുന്ന നല്ല നാളെക്കായി ഞാൻ സ്വപ്നങ്ങൾ നെയ്യുന്നു.

ലത്തീൻ അമേരിക്കൻ സഭ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയതും ലത്തീൻ അമേരിക്കൻ വിമോചന ദൈവശാസ്ത്രം ഉൽഭവിച്ചതും ആഗോള ശ്രദ്ധ കൈവരിച്ചതും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വിശാല വീക്ഷണത്തിന്റെ ഫലമാണ്. 1962 സെപ്റ്റംബർ 11 -ന് ഇരുപത്തി മൂന്നാം യോഹന്നാൻ മാർപ്പാപ്പ തെക്കേ അമേരിക്കൻ സഭയെ “തെക്കൻ രാജ്യങ്ങളിലെ ദരിദ്രയായ സഭ” എന്ന് വിശേഷിപ്പിച്ചത് തെക്കൻ ദൈവശാസ്ത്രത്തിന്റെ തുടക്കമിടാൻ കാരണമായി.

ഫ്രാൻസിലെ നവീന ദൈവശാസ്ത്രവും ജോൺ ബാപ്റ്റിസ്റ്റ് മെറ്റ്സിന്റെ (Johan Baptist Metz 1928 – 2019 ) രാഷ്ട്രീയ ദൈവശാസ്ത്രവും യുർഗൻ മോൾട്ട്മാന്റെ (Jürgan Moltmann 1926 – ) സാമൂഹ്യപ്രതിബദ്ധദൈവശാസ്ത്രവും വിമോചന ദൈവശാസ്ത്രത്തിന് പ്രേരകമായി. ബ്രസീലിലും പെറു, അർജന്റീന തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ക്രൈസ്തവ അടിസ്ഥാന സമൂഹങ്ങൾക്ക് തുടക്കമിട്ടതും (Basic Christian Communities ) രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രചോദനത്താലാണ്.

ലത്തീനമേരിക്കാൻ വിമോചന ദൈവശാസ്ത്ര ദർശനങ്ങൾ ലത്തീനമേരിക്കാൻ സഭയുടെ ആത്മബോധം തൊട്ടുണർത്തി. ആഗോള സഭയെത്തന്നെ ലത്തീൻ അമേരിക്കൻ വിമോചന ദൈവശാസ്ത്രം ആവേശഭരിതമാക്കുകയും ഔദ്യോഗിക സഭാനേതൃത്വത്തെ അത് ഒന്നമ്പരിപ്പിക്കുകയും ചെയ്തു.

സാൽവദോറിലെ ഈശോസഭാംഗമായ ജോൺ സോബ്രിനോയും (Jon Sobrino 1938 -) പെറുവിലെ ഗുസ്താവോ ഗുട്ടിയെരസും (Gustavo Guttierrez 1928 -) ബ്രസീലിലെ ലിയനാർഡോ ബൊഫും (Leonardo Boff 1938 -) മറ്റും യുവിവേഴ്സിറ്റികളിലെ ചുമരുകൾക്കുള്ളിൽ നിന്നും ദൈവശാസ്ത്ര ചിന്തകളെ മോചിപ്പിച്ചു; അതിന് ഗ്രാമീണ ജീവിതത്തിന്റെയും നഗരത്തിലെ “സ്ലം” ജീവിതത്തിന്റെയും ഗന്ധം നൽകി. സഭയുടെ പ്രവാചക ദൗത്യത്തെക്കുറിച്ചുള്ള ബോദ്ധ്യവും സഭ ദൈവജനമാണെന്ന ഔദ്യോഗിക പ്രഖ്യാപനവും വിമോചന ദൈവശാസ്ത്രത്തിന്റെ പ്രചോദകമായി.

ദരിദ്രരുടെ സഭ എന്ന പേരിൽ തെക്കേ അമേരിക്കയിലെ കത്തോലിക്കർ യൂറോപ്പിൽ അറിയപ്പെടുന്നതും ഒട്ടേറെ ഔദ്യോഗികവും അനൗദ്യോഗികവും ആയ സംഘടനകളും വ്യക്തികളും ലത്തീൻ അമേരിക്കൻ സഭയെ സാമ്പത്തികമായി സഹായിച്ചു വരുന്നതും കൗൺസിലിന്റെ ഫലമാണ്.

ഏതാണ്ട് അഞ്ചര നൂറ്റാണ്ടുകൾക്ക് മുൻപ് തെക്കേ അമേരിക്കയിൽ വിശ്വാസം അടിച്ചേൽപ്പിച്ചതും തനതായ “മായാ” (Maya ) “ഇങ്ക” (Imka ) തുടങ്ങിയ പുരാതന റെഡ് ഇന്ത്യൻ സംസ്കാരങ്ങൾ തകർത്തത്തിനും റെഡ് ഇന്ത്യക്കാർ മനുഷ്യരോ മൃഗങ്ങളോ അവർക്ക് ആത്മാവുണ്ടോ തുടങ്ങിയെ ചില അധീശശക്തികളുടെ ചിന്തകൾക്കും ക്രൂരമായ വാദപ്രതിവാദങ്ങൾക്കും സഭയുടെ ഭാഗത്തു നിന്നുള്ള പ്രായശ്ചിത്ത പ്രവർത്തിയായും ഈ മനോഭാവമാറ്റത്തെ കാണാനാകും. എന്നിരുന്നാലും ലത്തീൻ അമേരിക്കൻ സഭയിൽ യൂറോപ്യൻ കടന്നു കയറ്റത്തിലൂടെ തകർന്ന തെക്കേ അമേരിക്കൻ മതങ്ങളും സംസ്ക്കാരവും പുനരുദ്ധരിക്കാനുള്ള ശ്രമമൊന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ നാളുകളിൽ “അമേരിന്ത്യൻ ദൈവശാസ്ത്ര”ത്തിന്റെ ധ്വനികൾ ചിലയിടങ്ങളിൽ മുഴങ്ങിയെങ്കിലും പാവങ്ങൾക്ക് മുൻഗണന എന്ന തത്വം ലത്തീനമേരിക്കൻ കൗൺസിലിലും ലത്തീനമേരിക്കൻ ബിഷപ്‌സ് കോണ്ഫറന്സിലും അടിസ്ഥാന തത്വമായി അംഗീകരിക്കപ്പെട്ടത് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സംഭാവനയാണ്.

പല ലത്തീനമേരിക്കാൻ മെത്രാന്മാരുടെ സെമിനാരികളിലും പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടുകളിലും വിമോചന ദൈവശാസ്ത്രം സ്വീകാര്യമായപ്പോൾ ചിലർക്ക് അത് അനഭിമതമായെന്ന കാര്യവും സ്മരിക്കണം.

വിമോചന ദൈവശാസ്ത്രജ്ഞനായിരുന്ന എൽ സവദോറിലെ വെടിവച്ചുകൊല്ലപ്പെ ബിഷപ്പ് ഓസ്കാർ റൊമേരോയെ (1917 -1980 ) വിശുദ്ധനായി (1918 ഒക്ടോബർ 14 ) പ്രഖ്യാപിച്ചത് വിമോചന ദൈവശാസ്ത്രത്തോടുള്ള സഭയുടെ സമീപനത്തിന്റെ അടയാളമായിക്കൊടിയായി കണക്കാക്കണം.

ആഫ്രിക്കൻ സഭ ആയിരുന്നു ആദ്യ നൂറ്റാണ്ടുകളിലെ കൗൺസിലുകളിൽ നിറഞ്ഞു നിന്നിരുന്നത്. വടക്കേ ആഫ്രിക്കൻ ദൈവശാസ്ത്രവും ആത്മീയതയും എന്നും റോമൻ ദൈവശാസ്ത്രത്തിനും ആദ്ധ്യാല്മികതയ്ക്കും അതീതമായി നിലകൊണ്ടിരുന്നു.

മുസ്‌ലിം ആധിപത്യത്തോടെ വടക്കേ ആഫ്രിക്കൻ സഭയുടെ പ്രസക്തി ഇല്ലാതായി. അവിടെ സഭ നാമമാത്രമായി. വടക്കേ ആഫ്രിക്ക ഒഴിച്ചുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ പണ്ട് ക്രിസ്തുമതം അന്യമായിരുന്നുതാനും.

ഇന്ന് സഭയവിടെ, കറുത്ത ആഫ്രിക്കയിൽ, തഴച്ചു വളരുന്നു. ആദ്യ കൗൺസിലുകൾ സ്വാധീനിച്ച ആഫ്രിക്കൻ സഭ ഒന്നാം വത്തിക്കാൻ കൗൺസിലിൽ അപ്രസക്തമായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രഖ്യാപിച്ചപ്പോഴും കൗൺസിലിന്റെ ആദ്യ ഘട്ട സമ്മേളനങ്ങളിലും ആഫ്രിക്കൻ സഭക്ക് യാതൊരു നവ പ്രതീക്ഷയും ലഭ്യമായിരുന്നില്ല. എന്നാൽ ക്രമേണ കൊളോണിയലിസത്തിൽ നിന്നും സ്വതന്ത്രമാകാനുള്ള ആഫ്രിക്കൻ ജനതയുടെ ആവേശത്തോടൊപ്പം സ്വതന്ത്ര സഭയെന്ന സങ്കൽപ്പവും ഉടലെടുത്തു.

ആഫ്രിക്കയെ സംബന്ധിച്ചിടത്തോളം ആഫ്രിക്കൻ സംസ്ക്കാരം നിറഞ്ഞു നിൽക്കുന്ന അദ്ധ്യാത്മികതയും ദൈവശാസ്ത്രവും ആരാധനാക്രമവും വളർത്തിയെടുക്കാനുള്ള പ്രചോദനം രണ്ടാം വത്തിക്കാൻ കൗൺസിലിന് നൽകാനായി.

സഭയുടെ ഹയരാർക്കിയുടെ അന്തർദേശീയതയും അധികാര വികേന്ദ്രീകരണവും ആവശ്യമായി ചില ആഫ്രിക്കൻ പിതാക്കന്മാർ എടുത്തു കാട്ടിയപ്പോൾ സഭയുടെ ഐക്യം നിലനിർത്താനും വളർത്താനും റോമാ കേന്ദ്രീകൃതമായ ഭരണത്തിന്റെ ആവശ്യകത മറ്റു ചിലർ ഊന്നിപ്പറഞ്ഞു.

രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷമുള്ള ആഫ്രിക്കൻ സഭയിൽ ലത്തീനമേരിക്കൻ സഭയിലെന്നപോലെ ദേശീയതയും പ്രാദേശീകതയും പ്രഥമമായി കാണുന്നവരും “റോമാകേന്ദ്രീകൃതഭരണം” പ്രഥമമായി കാണുന്നവരും എന്ന രണ്ടു ചേരികളുണ്ടായി.

റോമൻ കുരിയ ഈ ഇരു ചേരികളിൽ ഏതിന് പ്രാധാന്യം കൊടുക്കുന്നുവെന്നത് സഭയുടെ ഭാവി നിശ്ചയിക്കുന്ന നിലപാടുകളിൽ പ്രധാനപ്പെട്ടതായിരിക്കും. ആഫ്രിക്കൻ പിതാക്കന്മാരിലൂടെ സഭ ഹയരാർക്കിയുടെ സാർവർത്രികത എന്ന ആശയം പ്രാവർത്തികമാക്കിയാൽ വിവിധ രാജ്യങ്ങളിൽ നിന്നും സഭയുടെ നേതാക്കന്മാർ വത്തിക്കാനിൽ ഭരണം നടത്തുന്നതിനും തദ്വാര സഭയുടെ സാർവർത്രികത പ്രകടമാകുന്നതിനും കാരണമാകും.

ഫ്രാൻസിസ് മാർപ്പാപ്പയുടെ സമീപനവും നടപടികളും നിലപാടുകളും ഈ ദർശനം ഉൾക്കൊണ്ടും ഇത് പ്രാവർത്തികമാക്കാൻ തീരുമാനിച്ചതും ആണെന്നു വേണം കരുതാൻ. ഫ്രാൻസിസ് മാർപ്പാപ്പയുടെ പല പുതിയ തീരുമാനങ്ങളും ഇങ്ങനെ ചിന്തിക്കാൻ ന്യായം നൽകുന്നു.

ഉപസംഹാരം

കഴിഞ്ഞ അറുപത് വർഷങ്ങളുടെ കൗൺസിൽ ചരിത്രം പരിശോധിച്ചാൽ പല വിപ്ലവകരമായ കാഴ്ചപ്പാടുകളും സഭ വച്ചുപുലർത്തിയെന്നും ക്രൈസ്തവ സഭയുടെ ആദിമ ചൈതന്യവും മൂല്യ ബോധവും വീണ്ടെടുക്കാൻ ശ്രമം ഉണ്ടായി എന്നും നിസംശയം പറയാം.

എന്നാൽ വ്യവസ്ഥതിയുടെ സുരക്ഷിത ചട്ടക്കൂട് സംരക്ഷിക്കാനും സഭാഘടന ശക്തമായി നിലനിർത്താനുമുള്ള വ്യഗ്രതയിൽ കൗൺസിലിന്റെ കാഴ്ചപ്പാട് പലപ്പോഴും പല കാര്യങ്ങളിലും കടലാസ്സിൽ മാത്രമായി നിലകൊണ്ടു താനും.

ഒരു മൂന്നാം വത്തിക്കാൻ കൗൺസിൽ ആവശ്യമാണോ എന്ന് ചോദിച്ചാൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വിപ്ലവകരവും ക്രൈസ്തവവും ആയ ചൈതന്യം സഭയിൽ ആദ്യം നിറയട്ടെ എന്നെ ഭൂരിപക്ഷം ക്രൈസ്തവരും പറയുകയുള്ളൂ എന്നാണെന്റെ അഭിപ്രായം.

കാലഹരണപ്പെട്ട പഴയ ദർശനം ഉപേക്ഷിക്കുക എന്നാണ് ചിലർ പറയുന്നത്. മറ്റു ചിലർ പറയുന്നത് അറുപതു വര്ഷങ്ങള്ക്കു മുൻപ് നടന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ചൈതന്യത്തിലേക്ക് തിരിച്ചു പോകുക എന്നും.

ഫാ . ജോസഫ് പാണ്ടിയപ്പള്ളിൽ

നിങ്ങൾ വിട്ടുപോയത്