.

2023 മെയ് മാസത്തെ കത്തോലിക്കാ സഭ പത്രത്തിൽ കുട്ടികൾക്കായുള്ള കത്തിൽ അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് “നിങ്ങൾക്ക് അനുജന്മാരും അനുജത്തിമാരും ഉണ്ടാകാനായി പ്രാർത്ഥിക്കണ”മെന്ന് ആവശ്യപ്പെട്ടിരുന്നു .അതിനെ തുടർന്ന് പലരും വിമർശനാത്മകമായി പ്രതികരിച്ചതായും അറിഞ്ഞു.


കാലങ്ങളായി വിദ്യാഭ്യാസരംഗത്തും ആതുര ശുശ്രൂഷ രംഗത്തും പരസഹായ മേഖലകളിലും മുന്നിട്ടു നിന്നിരുന്ന ക്രൈസ്തവ സമുദായം പ്രത്യേകിച്ച് കത്തോലിക്കാ സമുദായം കഴിഞ്ഞ 50 വർഷം കൊണ്ട് കൊന്നുതീർത്ത നിഷ്കളങ്ക ഗർഭസ്ഥശിശുക്കളുടെ രോദനമാണ് അഭിവന്ദ്യ പിതാവിലൂടെ ഇത്തരത്തിൽ ഒരു അഭ്യർത്ഥന നടത്തുവാൻ ഇടയായിട്ടുള്ളതെന്ന് ഞാൻ വിശ്വസിക്കുന്നു.


കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ 2318 മുതൽ 2323 വരെയുള്ള ഖണ്ഡികകളിൽ ഏറ്റവും ക്രൂരമായ തിന്മ യെന്ന് വിശേഷിപ്പിച്ചിട്ടുള്ള ഭ്രൂണഹത്യയും കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങളും വഴി ഒരുപക്ഷേ ഏറ്റവും കൂടുതൽ മനുഷ്യക്കുരുതി നടത്തിയിട്ടുള്ളതുംജീവനെ പ്രതിരോധിച്ചിട്ടുള്ളതുമായ സമുദായ അംഗങ്ങൾ ഏതാണെന്ന് പരിശോധിച്ചാൽ നാമൊക്കെ എൻറെ പിഴ എൻറെ പിഴ എൻറെ വലിയ പിഴ എന്ന് ഏറ്റു ചൊല്ലേണ്ടി വരും.


അതുവഴി സ്വമേധയാ മഹറോൻ ശിക്ഷ ഏറ്റുവാങ്ങി സഭയിൽ നിന്നും സ്വമേധയാ പുറത്താക്കപ്പെട്ടിട്ടുള്ള നമ്മുടെ സമുദായ അംഗങ്ങളാണ് യാതൊരു ഉളുപ്പുമില്ലാതെ ദിവസംതോറും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ഈശോയെ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.


ചെയ്ത തെറ്റുകളെയോർത്ത് പശ്ചാത്തപിച്ച് കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു വിശുദ്ധ ബലിയെങ്കിലും അർപ്പിക്കാതെ ഇന്നും ഈ ഹീന പ്രവർത്തികൾ ചെയ്തുവരുന്ന സമുദായ അംഗങ്ങളാണ് നാം എന്ന തിരിച്ചറിവ് നമ്മെ ഭയപ്പെടുത്തേണ്ടതാണ്.


മാത്രമല്ല സ്വയം കുറ്റബോധം ഉള്ളതുകൊണ്ടുതന്നെ കത്തോലിക്കാ സഭയുടെ ഇത്തരം പ്രബോധനങ്ങൾ മനസാക്ഷിക്കുത്തില്ലാതെ വരും തലമുറയെ പഠിപ്പിക്കുവാൻ സഭാംഗങ്ങളെ ന്നവകാശപ്പെടുന്നവർക്കും സമുദായ നേതൃത്വത്തിനും മതാധ്യാപകർക്കും സാധ്യമാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഏറ്റവും അധികം അധ്യാപക സാന്നിധ്യമുള്ള നമ്മുടെ സമുദായത്തിൽ അപൂർവ്വം ചിലർക്കൊഴികെ മൂന്നിൽ കൂടുതൽ കുട്ടികൾ ഉള്ളതായി കാണുന്നില്ല.


അവരെല്ലാം കുട്ടികൾ ഉണ്ടാകാൻ സാദ്ധ്യതയില്ലാത്തതുകൊണ്ടാണ് ചുരുക്കി കളഞ്ഞതെന്ന് വിശ്വസിക്കുവാൻ ആകുന്നില്ല.


ഇത്തരം അധ്യാപകർ എങ്ങിനെ ധാർമികതയുടെ വക്താക്കളായി കുട്ടികളെ പഠിപ്പിക്കാൻ അർഹത നേടും.
ഭ്രൂണഹത്യ കൊലപാതകം തന്നെയാണെന്നും കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങൾ തെറ്റാണെന്നും പഠിപ്പിക്കുന്ന മത ബോധന ഗ്രന്ഥത്തിലെ ഭാഗങ്ങൾ ശരിയാംവണ്ണം പഠിപ്പിക്കാതെ ഒഴിഞ്ഞുമാറുന്ന ഒന്നും രണ്ടും കുട്ടികൾക്ക് മാത്രം ജന്മം നൽകി ഗർഭാശയം തന്നെ അടച്ചു കളഞ്ഞ എന്നാൽ ലൈംഗിക സുഖത്തിനായി ഏതു മാർഗ്ഗവും സ്വീകരിക്കുവാൻ തയ്യാറായിട്ടുള്ള കാറ്റക്കിസം അധ്യാപകർ വരെയുള്ള സമുദായം ഇനിയും പശ്ചാത്താപത്തോടെ അനുതപിച്ച് പ്രായശ്ചിത്തം എന്ന നിലയ്ക്ക് പ്രവർത്തന പദ്ധതികൾആവിഷ്കരിക്കേണ്ടതുണ്ടെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.


ഇനിയും അത്തരം നടപടികൾ എടുക്കുവാൻ വൈകുന്നത് ആത്മഹത്യാപരമായിരിക്കുമെന്നതും സമുദായം പാപികളുടെ സങ്കേതമായിത്തീരുമെന്നതും ഒരു യാഥാർത്ഥ്യമാണ്.


ഈ സാഹചര്യത്തിലാണ് മാതാപിതാക്കൾക്ക് ബോധ്യമാകാത്ത മനസ്സിലാകാത്ത ഇക്കാര്യം കുട്ടികളെങ്കിലും പ്രാർത്ഥനയിലൂടെ സാധ്യമാക്കട്ടെ യെന്ന് കരുതി അഭിവന്ദ്യ പിതാവ് കുട്ടികളോടായി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്.


നിഷ്കളങ്ക കുഞ്ഞുങ്ങളുടെ പ്രാർത്ഥന ദൈവത്തിൻറെ കർണ്ണ പടത്തിലെത്തുമെന്ന് വചനം സാക്ഷ്യം നൽകുന്നുണ്ട്.
ക്രൈസ്തവ സമുദായം രണ്ടുതരത്തിലാണ് ദൈവഹിതത്തിനെതിരെ നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഒന്നാമതായി ബഹു ഭൂരിപക്ഷം വരുന്ന സമുദായാംഗങ്ങൾ “നിങ്ങൾ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിച്ച് വിശ്വസിക്കുന്നവർക്ക് ജ്ഞാനസ്നാനം നൽകുവിൻ” എന്ന തിരുഹിതം നിറവേറ്റുന്നില്ല.


രണ്ടാമതായി തങ്ങൾക്ക് വിവാഹം എന്ന കൂദാശയിലൂടെ ലഭിക്കുന്ന കൃപാവരത്തിന്റെ സഹായത്താൽ ഉണ്ടാകാവുന്ന കുഞ്ഞുങ്ങൾക്ക് ജന്മം നൽകുവാനും ദൈവഹിത പ്രകാരം വളർത്തിയെടുക്കാനും സന്നദ്ധരാകുന്നില്ല.മറിച്ച് സ്വന്തം ബുദ്ധിയിലും കഴിവിലും ആശ്രയിച്ചുകൊണ്ട് ദൈവം തരുന്ന സമയത്തെ അവഗണിച്ച് തങ്ങളുടെ സൗകര്യപ്പെട്ട സമയത്ത് ഒന്നോ രണ്ടോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി അവരെ ഉത്തമ പൗരന്മാരായി വളർത്തിയെടുക്കാൻ ശ്രമിക്കുംതോറും കുട്ടികൾ കൂടുതൽ സ്വാർത്ഥരായി വഴിവിട്ട രീതിയിൽ ജീവിക്കുവാൻ തുടങ്ങിയിട്ടും നാം ആരും സുബോധത്തിലേക്ക് വരുന്നില്ല എന്നതാണ് വാസ്തവം.


ഇനിയും കേരളത്തിലെയും ഭാരതത്തിലെയും ലോകരാഷ്ട്രങ്ങളിലെയും സെൻസസ് റിപ്പോർട്ടുകളും പഠനങ്ങളും എടുത്തു പരിശോധിച്ചാൽ അവ നമ്മെ ഞെട്ടിപ്പിക്കും.
2050-ാംആണ്ട് കഴിയുമ്പോഴേക്കും ലോകരാഷ്ട്രങ്ങളിൽ പകുതിയിലും മനുഷ്യർ കുറഞ്ഞു പോകുന്നതിന്റെ പേരിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്ന് കാണുന്നു. ഇപ്പോൾതന്നെ ചൈനയും യൂറോപ്പ്യൻ രാഷ്ട്രങ്ങളും ഈ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു.


ഇത്തരുണത്തിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ “ലൗ ദ തോസി “എന്ന ചാക്രിക ലേഖനത്തിൽ പറഞ്ഞുവെച്ചത് ശരിയാണെന്ന് നമുക്ക് ബോധ്യപ്പെടും.


“നമ്മുടെ ഗ്രഹത്തിൻറെ പ്രദേശങ്ങളെ സൂക്ഷ്മമായി പരിശോധിച്ചാൽ മനുഷ്യവംശം ദൈവത്തിൻറെ പ്രതീക്ഷകളെ നിരാശപ്പെടുത്തിയെന്ന് നിഷ്പ്രയാസം കാണാനാകും “.


വിശുദ്ധ ഗ്രന്ഥത്തിൽ ജെറെമിയ പ്രവാചകൻറെ പുസ്തകത്തിൽ നാലാം അധ്യായം 22 ആം വാക്യത്തിൽ പറയുന്നതുപോലെ “തിൻമ പ്രവർത്തിക്കാൻ അവർ സമർത്ഥരാണ്. നന്മ ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയില്ല”. അത്തരം സമൂഹമായി നാം മാറിയിരിക്കുന്നു.


എസെക്കിയേല്‍പ്രവാചകന്റെ പുസ്തകത്തിൽ പതിമൂന്നാം അധ്യായത്തിൽ നാം വായിക്കുന്നത് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു.

“സ്വാർത്ഥ ലാഭത്തിനുവേണ്ടി നിങ്ങൾ എൻറെ ജനത്തിന്റെ ജീവനെ വേട്ടയാടുകയും നിങ്ങളുടെ ജീവനെ രക്ഷിക്കുകയും അല്ലേ ?…..

ജീവിച്ചിരിക്കേണ്ടവരെ കൊല്ലുകയും ജീവിക്കാൻ പാടില്ലാത്തവരുടെ ജീവൻ പരിരക്ഷിക്കുകയും ചെയ്തു ” .


ദൈവം ദാനമായി നൽകുന്ന കുഞ്ഞുങ്ങൾക്ക് യഥാസമയം ജന്മം നൽകാൻ തയ്യാറാകാതെ സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾക്ക് ഉചിതമെന്ന് തോന്നുന്ന സമയത്ത് ജനിപ്പിക്കുന്ന കുഞ്ഞുങ്ങൾ വളർന്നുവരുമ്പോൾ സ്വാർത്ഥതയുടെ പ്രതിരൂപങ്ങളായി സഭയ്ക്കും സമൂഹത്തിനും ഉപകാരമില്ലാത്തവരായി രൂപപ്പെടുന്നില്ലേയെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.


വിശുദ്ധനായ ജോൺപോൾ രണ്ടാമൻ മാർപാപ്പ ദിവംഗതനാകും മുമ്പ് 2004 ൽ പൊതുജനത്തിനായുള്ള അഭിസംബോധനയിൽ വിറയ്ക്കുന്ന കൈകളോടെ കസേരയിലിരുന്ന് പറഞ്ഞു വെച്ച വാചകങ്ങൾ ശ്രദ്ധേയമാണ്.


“ഇന്ന് മാനവികത നേരിടുന്ന വലിയ വെല്ലുവിളി ജീവനെതിരെ നടക്കുന്ന ക്രൂരതയാണ്. അതിൽ പ്രധാനം കുഞ്ഞുങ്ങളെ കൊല്ലുന്നത്. ജനിക്കാൻ അനുവദിക്കാതെ നിഷ്കരുണം കൊല്ലുന്നത് “
.


ഓരോ കുഞ്ഞും ദൈവത്തിന് ഭൂമിയോടുള്ള സ്നേഹത്തിന്റെ അടയാളമാണെന്ന ലോകോത്തര കവി രവീന്ദ്രനാഥ ടാഗോറിന്റെ വരികളും നാം മറന്നു പോയിരിക്കുന്നു.


ഒരുകാലത്ത് തൃശ്ശൂരിലെ തന്നെ പ്രമുഖ വ്യാപാരികളും വ്യവസായികളുമായിരുന്ന നമ്മുടെ ക്രൈസ്തവ സമുദായ അംഗങ്ങൾ ഇന്ന് എവിടെ ?


ജെറമിയ പ്രവാചകന്റെ പുസ്തകത്തിൽ ഏഴാം അധ്യായത്തിൽ പറയുന്നതുപോലെ പ്രവർത്തിച്ചാൽ ഒരു തിരിച്ചുവരവിന് സാധ്യമാകുമെന്ന് നാം വിശ്വസിക്കേണ്ടതുണ്ട്.


“നിങ്ങളുടെ മാർഗങ്ങളും പ്രവർത്തിയും തിരുത്തിയാൽ , അയൽക്കാരനോട് യഥാർത്ഥ നീതി പുലർത്തിയാൽ (ഗർഭസ്ഥശിശുവും തന്റെ ഏറ്റവും അടുത്ത അയൽക്കാരനാണെന്ന് വിശുദ്ധ ജോൺപോൾ രണ്ടാമൻ ജീവന്റെ സുവിശേഷം എന്ന ചാക്രിക ലേഖനത്തിൽ പറഞ്ഞുവെക്കുന്നുണ്ട് )ഇവിടെ നിഷ്കളങ്ക രക്തം ചിന്താതെയുമിരുന്നാൽ ….

ഇവിടെ നിങ്ങളുടെ പിതാക്കന്മാർക്ക് ഞാൻ നൽകിയ ഈ ദേശത്ത് എന്നേക്കും വസിക്കുവാൻ ഞാൻ നിങ്ങളെ അനുവദിക്കാം ” .
ഇന്ന് മാതാപിതാക്കൾ മക്കൾ തങ്ങളെ വേണ്ടവണ്ണം ശ്രദ്ധിക്കുന്നില്ല പരിപാലിക്കുന്നില്ല എന്ന് വിലപിക്കുന്നുണ്ടെങ്കിൽ സുഭാഷിതം 21-ാം അധ്യായത്തിൽ 23-ാംവാക്യം സംഭവിക്കുന്നതായി മനസ്സിലാക്കാം .


“നിസ്സഹായന്റെ നിലവിളിക്ക് ചെവി കൊടുക്കാത്തവൻ നിലവിളിക്കാൻ ഇടവരും. അപ്പോൾ അവന്റെ നിലവിളി ആരും ശ്രദ്ധിക്കുകയില്ല”.


അനേകം കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയും ജനിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്ത മാതാപിതാക്കൾക്ക് എങ്ങിനെ സംരക്ഷണം ലഭിക്കും !
തനിക്കു മാത്രമേ തന്റെ കുഞ്ഞിനെ ഭൂമിയിൽ പിറപ്പിക്കാനാകൂവെന്ന് തിരിച്ചറിഞ്ഞ ജിയന്ന ബരാത്ത മുള്ള എന്ന വിശുദ്ധയെപ്പോലെ ,തൃശൂർ അതിരൂപതാംഗം ആയിരുന്ന ചിറ്റാട്ടുകരയിലെ സ്വപ്ന ജോജു വെന്ന 8 മക്കളുടെ മാതാവിനെ പോലെ, സ്വജീവൻ ത്യജിച്ചും കുഞ്ഞുങ്ങൾക്ക് ജന്മം നൽകുവാൻ തയ്യാറാകുന്ന സ്ത്രീപുരുഷന്മാരെയാണ് സഭയ്ക്ക് ഇന്നാവശ്യം.
ഇവിടെയാണ് സഭയിലെ ആധുനിക വലിയ കുടുംബങ്ങളുടെ പ്രസക്തി.


സാമ്പത്തിക ശാരീരിക പ്രതിബന്ധങ്ങൾഅവഗണിച്ചുകൊണ്ട് ദൈവഹിതമാണെന്ന തിരിച്ചറിവിൽ സമൂഹത്തിന്റെയും സഭയുടെയും നന്മയ്ക്കായും നിലനിൽപ്പിനായും ദൈവം തരുന്ന മക്കളെ ഇരുകൈയും നീട്ടി സ്വീകരിക്കുവാൻ തയ്യാറായിട്ടുള്ള അനേകം കുടുംബങ്ങൾ ഇന്ന് സഭയ്ക്ക കത്തുണ്ട് എന്നത് മാത്രമാണ് ആശ്വാസകരമായി കാണുന്നത്.
എന്നാൽ അത്തരത്തിൽ ചിന്താശേഷിയുള്ള സന്മനസ്സുള്ള യാഥാർത്ഥ്യബോധമുള്ള ജീവനെ സ്നേഹിക്കുന്ന അനേകം ദമ്പതികൾ ധീരതയോടെ മുന്നോട്ട് വരേണ്ടതുണ്ട് എന്നതും തിരിച്ചറിയണം.


വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ കുടുംബങ്ങൾക്ക് ഒരു എഴുത്ത് എന്ന പേരിൽ 1994 ൽ എഴുതിയ കത്തിൽ ഇപ്രകാരം പറയുന്നു .

“പ്രിയ കുടുംബങ്ങളെ നിങ്ങൾ ഭയമില്ലാത്തവരായിരിക്കണം. അപകടസാധ്യതകളെ പറ്റി ഭയപ്പെടരുത്. ദൈവത്തിന്റെ ശക്തി എപ്പോഴും നിങ്ങളുടെ പ്രയാസങ്ങളേക്കാൾ വലുതാണ്. പ്രബലതരമാണ്. എല്ലാറ്റിനേക്കാളും പ്രബലമായ അതുല്യമായ ഒന്നാണ് കുർബാനയുടെ ശക്തി .


പ്രിയ ഭർത്താക്കന്മാരെ ഭാര്യമാരെ മാതാപിതാക്കളെ കുടുംബങ്ങളെ വിശുദ്ധ കുർബാന നിങ്ങൾക്കുള്ളതാണ്. നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനും നിങ്ങൾക്ക് തന്നെ പഠിക്കാനും തക്കതായ മറ്റൊരു ശക്തിയോ വിജ്ഞാനമോ ഇല്ല.

ദിവ്യകാരുണ്യത്തിന്റെ വിദ്യാഭ്യാസപരമായ ശക്തി തലമുറകളിലൂടെയും നൂറ്റാണ്ടുകളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. “
ജീവന്റെ സുവിശേഷം എന്ന ചാക്രികലേഖനത്തിൽ വീണ്ടും പറയുന്നു “ദമ്പതികളെ നിങ്ങൾ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും ഉള്ള മനുഷ്യ ജീവനുക
ളെ ഭൂമിയിൽ സൃഷ്ടിക്കുവാൻ വിളിക്കപ്പെട്ടവരാണ്”.


കൂടുതൽ മക്കളും വലിയ കുടുംബങ്ങളും നാടിന്റെ നന്മയ്ക്കാണെന്ന തിരിച്ചറിവ് ഏവർക്കും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.

ജെയിംസ് ആഴ്ചങ്ങാടൻ,


സംസ്ഥാന ജനറൽ സെക്രട്ടറി,കെ സി ബി സി പ്രോ ലൈഫ് സമിതി

നിങ്ങൾ വിട്ടുപോയത്