കഴിഞ്ഞ അധ്യയന വർഷം എല്ലാദിവസവും മുടങ്ങാതെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത കുട്ടികളെ കോതമംഗലം ബിഷപ്പ് ഹൗസിൽ ഏപ്രിൽ 13 ശനിയാഴ്ച്ച അഭിവന്ദ്യ പിതാവ് സ്വീകരിച്ചു.

രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 600ലധികം കുട്ടികൾ പങ്കെടുത്തു. ഭാവിയിൽ ലോകത്ത് എവിടെയായിരുന്നാലും വിശുദ്ധരായി ജീവിക്കാനുള്ള ഊർജ്ജം എല്ലാദിവസത്തെയും വിശുദ്ധ കുർബാനയിലൂടെ ലഭിക്കുമെന്നും വിശുദ്ധ കുർബാന നമ്മുടെ ആത്മീയ ആയുധമാണെന്നും തിന്മയുടെ കെണികളിൽ നിന്നും വിശുദ്ധ കുർബാന നമ്മെ രക്ഷിക്കുമെന്നും അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.

രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ പയസ് മലേക്കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ നിശ്ചയദാർഢ്യത്തത്തെയും വിശ്വാസ തീഷ്ണതയും അഭിനന്ദിച്ച അഭിവന്ദ്യ പിതാവ് ജപമാലയും കുടയും ടീഷർട്ടും കുട്ടികൾക്ക് സമ്മാനമായി നൽകി. പരിപാടിയിൽ പങ്കെടുത്ത മൂന്നു പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് സൈക്കിൾ സമ്മാനമായി നൽകിയത് ശ്രദ്ധേയമായി. രൂപതാ വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ബലിയെൻ ബലം’എന്ന പേരിൽ നടന്ന പരിപാടിക്ക് വിജ്ഞാന ഭവൻ ഡയറക്ടർ ഫാ. ജോസഫ് കല്ലറയ്ക്കൽ നേതൃത്വം നൽകി. രൂപതാ കേന്ദ്രവും മൈനർ സെമിനാരിയും വിവിധ ഓഫീസുകളും കുട്ടികളെ പരിചയപ്പെടുത്തി. കോതമംഗലം രൂപതയ്ക്ക് വേണ്ടി വൈദിക പരിശീലനം നടത്തുന്ന വൈദിക വിദ്യാർഥികളുടെ സജീവ പങ്കാളിത്തവും വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. ധാരാളം വികാരിയച്ചന്മാരും സിസ്റ്റേഴ്സും മതാധ്യാപകരും പങ്കുചേർന്ന പരുപാടി സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി.

നിങ്ങൾ വിട്ടുപോയത്