കുർബാന ഒരു ദിവ്യ രഹസ്യമാണ്,

നിർധാരണം ചെയ്യേണ്ട പ്രശ്നമല്ല

വി. കുർബാനയർപ്പണം എത്രയും വേഗം തീർത്താൽ ആളുകൾക്കു വളരെ ഇഷ്ടമാകും എന്നാണ് ചില വൈദികരുടെ വിചാരം. സീറോ മലബാർ കുർബാന 25 മിനിറ്റുകൊണ്ടു തീർക്കുമെന്നു അവർ അഭിമാനത്തോടെ പറയും.

പല പ്രാർത്ഥനകളും വിട്ടു കളയും, കൂദാശ പ്രാർത്ഥന( അനാഫൊറ)യിൽപ്പോലും ചില ഭാഗങ്ങൾ വിട്ടു കളയും. ചിലപ്പോൾ തക്സയിൽ ഇല്ലാത്ത പാട്ടുകൾ പാടി പ്രാർത്ഥനകൾ വിഴുങ്ങും. ഒരു ചടങ്ങ് തീർക്കുന്ന ലാഘവത്തോടെ എല്ലാം പെട്ടെന്ന് തീർക്കും. തങ്ങൾ പാരമ്പര്യങ്ങളുടെ തടവറയിൽ കഴിയുകയില്ല എന്നാണ് അവരുടെ വീരവാദം. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ കർമ്മം തീർത്തു പുറത്തു ചാടിയാലേ അവർക്കു ഒരു സമാധാനമുള്ളൂ.

വേറെ ചിലരുണ്ട്, കുർബാനയെപ്പറ്റി വലിയ അറിവില്ലാത്തവർ അല്ലെങ്കിൽ അതിൽ അറിയാൻ അധികം ഇല്ലെന്നു ചിന്തിക്കുന്നവർ. പ്രാർത്ഥനകളും വിശേഷണങ്ങളും ഇത്രയും ആവർത്തിക്കേണ്ടതുണ്ടോ എന്നാണ് അവർ ചോദിക്കുന്നത്. ‘ എല്ലാ അധരങ്ങളിലും നിന്നു സ്തുതിയും എല്ലാ നാവുകളിലും നിന്നു കൃതജ്ഞതയും എല്ലാ സൃഷ്ടികളിലും നിന്നു പുകഴ്ചയും അർഹിക്കുന്നു.’ എന്തിനാണ് ഇങ്ങനെ ആവർത്തിക്കുന്നത് എന്നാണു ചോദ്യം.

ഇതിനു ഉത്തരം പറയുന്നതിനു മുൻപ് ഹീബ്രുകവിതയുടെ ഒരു സവിശേഷത സൂചിപ്പിക്കട്ടെ. രണ്ടു പാദങ്ങളുള്ള കവിതയിൽ രണ്ടാമത്തെ വരി ആദ്യ വരിയുടെ ആശയം തന്നെ വേറെ വാക്കുകളിൽ ആവർത്തിക്കുകയാവും. സങ്കീർത്തനങ്ങളിൽ ധാരാളം ഉദാഹരണങ്ങൾ കാണാം. ‘ അത്യുന്നതന്റെ സംരക്ഷണത്തിൽ വസിക്കുന്നവനും

സർവശക്തന്റെ തണലിൽ കഴിയുന്നവനും ‘

വേറൊരു ഉദാഹരണം,

‘ ദൈവമേ,

അങ്ങയുടെ കാരുണ്യത്തിനൊത്തു എന്നോടു ദയ തോന്നണമേ!

അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്തു എന്റെ അതിക്രമങ്ങൾ മായിച്ചു കളയണമേ!

ഇവിടത്തെ കവിത രസം ഉൾക്കൊണ്ടാലേ ആവർത്തനം ആസ്വദിക്കാൻ കഴിയൂ. സീറോ മലബാർ കുർബാന ക്രമത്തിനു ഹീബ്രു പാരമ്പര്യവുമായുള്ള അടുപ്പം വ്യക്തമാക്കുന്നതാണ് ഈ ആവർത്തനം. പദപ്രയോഗങ്ങളിലും ഘടനയിലും സീറോ മലബാർ കുർബാന ക്രമം, പ്രത്യേകിച്ച്, അദ്ദായി, മാറിയുടെ ക്രമം യഹൂദ പ്രാർത്ഥനകളെ പിൻപറ്റുന്നുണ്ട്.

ഇനി വിഷയത്തിലേക്ക് വരാം. വി. കുർബാന നിശ്ചിത ഫോർമുല ഉരുവിട്ടു പൂർത്തിയാക്കേണ്ട ഒരു കർമ്മമല്ല. ഉരുവിട്ടു കഴിഞ്ഞാൽ ഫലസിദ്ധിയുണ്ടാകുന്ന മന്ത്രവിധിയുമല്ലത്. ഇങ്ങനെ അതിനെ സമീപിച്ചാൽ എന്നെ കാര്യമായി ബാധിക്കാത്ത, എനിക്കു പുറത്തുള്ള ഒരു പ്രശ്നമായിട്ടാകും ഞാൻ അതിനെ കാണുന്നത്. ആ പ്രശ്നം എത്രയും വേഗം നിർധാരണം ചെയ്യാനാകും ഞാൻ ശ്രമിക്കുന്നത്. അങ്ങനെ വരുമ്പോഴാണ് ആവർത്തനം ഒഴിവാക്കി എത്രയും വേഗം കുർബാന തീർക്കാൻ ശ്രമിക്കുന്നത്.

വി. കുർബാന എളുപ്പം നിർധാരണം ചെയ്യേണ്ട പ്രശ്നമല്ല, നാം ആഴത്തിൽ ഇറങ്ങി ചെല്ലേണ്ട രഹസ്യമാണ്. ഞാനും കൂടി ഉൾക്കൊള്ളുന്ന രഹസ്യമാണത്. പെട്ടെന്ന് അതിന്റെ ആഴമറിയാൻ കഴിയുകയില്ല. അറിയുന്തോറും ഇനിയും അറിയാനുണ്ടെന്നു തോന്നിപ്പിക്കുന്നതാണു രഹസ്യം. സ്ത്രീ ഒരു രഹസ്യമാണ് എന്നൊക്കെ പറയാറുണ്ട്. അറിഞ്ഞു കഴിഞ്ഞു എന്നു ചിന്തിക്കാൻ തുടങ്ങുമ്പോഴേക്കും പുതിയ കാര്യങ്ങൾ വെളിപ്പെട്ടു വരും. സ്ത്രീയെപ്പറ്റി മാത്രമല്ല ഏതൊരു മനുഷ്യ വ്യക്തിയെപ്പറ്റിയും ഇങ്ങനെ പറയാം. രഹസ്യം മുഴുവൻ മനസ്സിലാക്കിയെന്നോ അതിന്റെ ആഴമളന്നുവെന്നോ ഒരിക്കലും പറയാൻ പറ്റില്ല. വി. കുർബാന ഒരു രഹസ്യമാണ് എന്നു പറയുമ്പോൾ ഇതാണ് ഉദ്ദേശിക്കുന്നത്. കുർബാനയർപ്പണത്തിൽ നാം ഒരു രഹസ്യത്തിലേക്കു പ്രവേശിക്കുകയാണ്. അതിൽനിന്ന് തിടുക്കത്തിൽ പുറത്തു ചാടുന്നതിൽ അർത്ഥമില്ല.

സീറോ മലബാർ ക്രമത്തിൽ കുർബാന ഒരു രഹസ്യമാണ് എന്നു ആവർത്തിച്ചു പറയുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ” അവിടുത്തെ വിശുദ്ധ പീഠത്തിന്മേൽ സ്തുത്യർഹവും… ദൈവികവുമായ രഹസ്യങ്ങൾ”

” നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീരരക്തങ്ങളുടെ രഹസ്യങ്ങളെ…”

” പരിശുദ്ധാത്മാവിന്റെ കൃപാവരത്താൽ സ്തുത്യർഹവും… ദൈവികവുമായ ഈ രഹസ്യങ്ങളെ..”

ആവർത്തിച്ചു പറഞ്ഞുകൊണ്ട് ദിവ്യ രഹസ്യങ്ങളിലേക്കു ഇറങ്ങി ചെല്ലാനാണു സഭ നമ്മോടു ആഹ്വാനം ചെയ്യുന്നത്.

ഫ്രഞ്ചു ചിന്തകനായ ഗബ്രിയേൽ മർസേൽ പ്രശ്നവും രഹസ്യവും എന്ന വിഷയത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്.

പ്രശ്നവും രഹസ്യവും തമ്മിലുള്ള വ്യത്യാസങ്ങൾ അദ്ദേഹം എടുത്തു പറയുന്നു.

1. രഹസ്യം എനിക്കു പുറത്തുള്ളതാണ് . എന്റെ വഴിയിൽ സംഭവിക്കുന്നതാണ് അത്. ഉദാഹരണത്തിന്, എന്റെ മുന്നിൽ ഒരു പൈപ്പ് ലീക്കു ചെയ്തു കിടക്കുന്നു. എനിക്കു ആ ലീക്കു പരിഹരിക്കാം, അല്ലെങ്കിൽ ഒരു വിദഗ്ധന്റെ സഹായം തേടാം. എന്നാൽ രഹസ്യത്തിൽ ഞാനും കൂടി ഉൾച്ചേർന്നിരിക്കുന്നു. എന്നെ മാറ്റി നിർത്തി അതിനെ വിശദീകരിക്കാൻ കഴിയില്ല.

2. പ്രശ്നത്തിനു ഒരു പരിഹാരമുണ്ട്. എന്നാൽ രഹസ്യത്തിനു പരിഹാരമില്ല. രഹസ്യത്തെപ്പറ്റിയുള്ള ചോദ്യങ്ങൾ നിരന്തരം ഉയരും. വസ്തുനിഷ്ഠമായി അവയ്ക്കു പരിഹാരം കാണാൻ കഴിയില്ല.

3. ഏതൊരാൾക്കും പ്രശ്നത്തിനു പരിഹാരം കാണാൻ ശ്രമിക്കാം. രഹസ്യത്തിനു ഒരാൾ വ്യക്തിപരമായി ഉത്തരം കണ്ടെത്താൻ ശ്രമിക്കണം.

4. പ്രശ്നത്തിനു പരിഹാരം കാണുന്നതു വഴി മനുഷ്യൻ പ്രകൃതിയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു. രഹസ്യമാകട്ടെ, അവനെ വലയം ചെയ്യുന്നു, തന്നെക്കാൾ വലിയ ഒന്നിനെ അവൻ അനുഭവിക്കുന്നു.

വി. കുർബാനയിൽ പങ്കെടുക്കുന്പോൾ ഒരാൾക്ക് താൻ വലിയ ഒരു രഹസ്യത്തിലേക്കു ഉൾപ്രവേശിക്കുകയാണെന്നും ആ രഹസ്യം തന്നെ വലയം ചെയ്യുകയുമാണെന്ന അവബോധം ഉണ്ടാകണം. ഈ ദിവ്യ രഹസ്യം എനിക്കു വിധേയമാണ്, ഞാൻ അതിന്റെ മുകളിൽ അവരോധിതനാണ് എന്നു ചിന്തിക്കുന്നതു അല്പത്തരമാകും. ചോദ്യം ചെയ്യുന്നതല്ല, വിധേയമാകുന്നതാകും ഉചിതം.

ഫാ . ജോർജ് നെല്ലിശ്ശേരി (എറണാകുളം അങ്കമാലി അതിരൂപത )

നിങ്ങൾ വിട്ടുപോയത്