ഫാ.ഡോ. ഡേവ് അക്കര കപ്പൂച്ചിൻ (MD psychiatry)
ഡോ. സിബി മാത്യൂസ് lPS (former DGP)
ഡോ. ചാക്കോ കാളംപ്പറമ്പിൽ (സീറോ മലബാർ സഭാ വക്താവ്)

അച്ചനും കന്യാസ്ത്രീയുമൊക്കെ ആത്മഹത്യ ചെയ്യുമോ?

ഡോ. ഫാ ഡേവ് അഗസ്റ്റിൻ അക്കര കപ്പൂച്ചിൻMD (Psychiatry)പലരും പല തവണ ചോദിച്ചിട്ടുള്ളതാണിത്.ഇന്നലെ ഒരു സന്യാസ സഹോദരി കൂടി അവിചാരിതമായി മരണപ്പെട്ടു എന്നു കേട്ട് വീണ്ടും ഇതേ ചോദ്യം ആവർത്തിക്കപെടുകയുണ്ടായി.

അനേകം വർഷത്തെ പരിശീലനം കഴിഞ്ഞ്, അനേകം ആളുകളെ അവരുടെ പ്രതിസന്ധികളിൽ നിന്ന് കൈപിടിച്ചു കയറ്റുകയും, ആത്മീയമായും മാനസികമായും ഒക്കെ മറ്റുള്ളവർക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുള്ള പുരോഹിതരും കന്യാസ്ത്രീകളും ഒക്കെ ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യം വളരെ യുക്തിസഹജമാണ്.

ചോദ്യം അല്പം സങ്കീർണമാണെങ്കിലും ഉത്തരം വളരെ ലളിതമാണ്! അതിതീവ്രമായ വിഷാദരോഗ അവസ്ഥ പോലുള്ള മാനസിക ആരോഗ്യ പ്രശ്നം വരുമ്പോൾ, നിങ്ങളോട് സംസാരിക്കുന്ന ഞാനും എന്നെ ശ്രവിക്കുന്ന നിങ്ങളിൽ പലരും ആത്മഹത്യ ചെയ്തേക്കാം. അതിൽ വൈദ്യൻ എന്നോ വൈദീകൻ എന്നോ നടൻ എന്നോ നടി എന്നോ പണ്ഡിതനും പാമരനും എന്നോ ധനവാനും ദരിദ്രനും എന്നോ വ്യത്യാസമില്ല.

ഇന്ത്യയിലെ ഒരു വർഷത്തെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തിൽ 10.2 ആയിരിക്കേ കേരളത്തിലെ അത് 24.3 ആണ്. അതായത് കേരളത്തിൽ ആയിരത്തിൽ രണ്ടുപേർ (2.43) വെച്ച് ആത്മഹത്യ ചെയ്യുന്നു എന്ന് അർത്ഥം. (നാഷണൽ ക്രൈം ബ്യൂറോ റെക്കോർഡ്സ് 2019 രേഖകൾ പ്രകാരം)ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏകദേശം ഒരുലക്ഷത്തോളം (99,635) കന്യാസ്ത്രീകൾ ഉണ്ട്.

ചില കണക്കുകൾ പ്രകാരം -വസ്തു നിഷ്ഠമല്ലെങ്കിലും – 1980 മുതൽ ഇന്നു വരെ ഏകദേശം 16 സമർപ്പിതർ ദുരൂഹ സാഹചര്യങ്ങളിൽ കേരളത്തിൽ മരണപെട്ടതായി റിപ്പോർട്ട് ചെയ്യപെട്ടിട്ടുണ്ട്. ഇതിൽ അവസാനത്തെ ആളാണ് ഇന്നലെ മരണപെട്ട സി. ജെസീന. സംസ്ഥാന ശരാശരി (24.3) അനുസരിച്ചുള്ള ആത്മഹത്യകൾ കന്യാസ്ത്രീമാരുടെ ഇടയിൽ നടന്നിരുന്നെങ്കിൽ സീറോ മലബാർ കത്തോലിക്കാ സന്യാസിനികളുടെ ഇടയിൽ മാത്രമായി വർഷത്തിൽ ഒമ്പത് ആത്മഹത്യകൾ എങ്കിലും നടക്കണമായിരുന്നു! കാരണം, അവരുടെ എണ്ണം 35,138 ഓളം വരുന്നുണ്ട്.

ശാസ്ത്രീയമായ പഠനങ്ങൾ പ്രകാരം ആത്മഹത്യ ചെയ്ത 95 ശതമാനം ആളുകളും ഏതെങ്കിലും തരത്തിലുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണ്. ഈ 95 ശതമാനത്തിൽ 80 ശതമാനവും ആളുകൾ വിഷാദരോഗ അവസ്ഥ ഉള്ളവരാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. കുറച്ച് നാളുകൾക്കു മുമ്പ് മരണമടഞ്ഞ വൈദീക സഹോദരനെക്കുറിച്ച് അന്വേഷിക്കുമ്പോൾ കൃത്യമായും മനസ്സിലാകുന്നത് സാഹചര്യ സമ്മർദ്ദങ്ങളെക്കാൾ ഉപരിയായി അദ്ദേഹത്തിന് കടുത്ത വിഷാദ രോഗാവസ്ഥ ഉണ്ടായിരുന്നു എന്നാണ്. ഇത്തരം കടുത്ത വിഷാദരോഗം ഉള്ള ആളുകൾ ആത്മഹത്യാശ്രമം നടത്തുമ്പോൾ ഏതുവിധേനയും ആ ശ്രമം വിജയിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തും.അതുകൊണ്ടാണ് നന്നായി നീന്തൽ അറിയാവുന്ന അദ്ദേഹം തന്റെ ഇരുകൈകളും കൂട്ടിക്കെട്ടി വെള്ളത്തിലേക്ക് ചാടിയത്. സൈക്കോളജിക്കൽ ഓട്ടോപ്സിയിൽ അതിനെ “Intent to Die” എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് മരണം ഉറപ്പാക്കാൻ എത്രത്തോളം തീവ്രമായി ആഗ്രഹിച്ചിരുന്നു എന്ന കാര്യം.

ആത്മഹത്യാ പ്രവണത ഒരു സൈക്യാട്രിക് എമർജൻസി / മാനസികാരോഗ്യ അത്യാഹിതം തന്നെ ആണ് . കൃത്യസമയത്ത് ഇടപെടുകയും ചികിത്സിക്കുകയും ചെയ്യുകയാണെങ്കിൽ വിലപ്പെട്ട ഒരു ജീവനെ നമുക്ക് രക്ഷിക്കാൻ സാധിക്കും. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ, ദുരഭിമാനികളായ മലയാളികൾ പലരും നെഞ്ചുവിരിച്ച് ഒരു ഹൃദ്രോഗ വിദഗ്ധനെ കാണാൻ പോകുമ്പോൾ, പലരും തലയിൽ മുണ്ടിട്ടു കൊണ്ടാണ് തങ്ങളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾക്കായി ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുന്നത്.

മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് നമ്മുടെ നാട്ടിൽ അത്രയധികം അയിത്തം ഉണ്ട് . മാനസിക ആരോഗ്യ പ്രശ്നങ്ങൾ സന്യാസ സമർപ്പിതരിൽ കാണപെടുമ്പോൾഅതു തിരിച്ചറിയാനോ വേണ്ട വിധം ശാസ്ത്രീയ ചികിത്സകൾ തേടാനോ വൈമുഖ്യം ഉണ്ടെന്ന കാര്യം തീർച്ചയാണ്. പലപ്പോഴും പ്രാർത്ഥിച്ചു മാറ്റാനും, പൊതു സമൂഹത്തിൽ നിന്ന് മാറ്റി നിർത്താനുമുളള പ്രവണതകളാണ് പൊതുവേ കണ്ടിട്ടുള്ളത്. ഇത്തരത്തിലുള്ള വിവേചനം എന്ന് മാറുന്നുവോ അന്ന് മാത്രമേ മലയാളിയുടെ മാനസിക ആരോഗ്യ നിലയെ മെച്ചപ്പെടുത്താനും ആത്മഹത്യകളെ വേണ്ടവണ്ണം പ്രതിരോധിക്കാനും നമുക്ക് സാധിക്കുകയുള്ളൂ.

മാനസിക രോഗങ്ങളെ പറ്റി മലയാളി മനസ്സിൽ സൂക്ഷിക്കുന്ന ഒരു തെറ്റിദ്ധാരണ മാനസിക രോഗങ്ങൾ എല്ലാം തന്നെ പിശാചുബാധകളാണ് എന്നുള്ളതാണ്.ഇതുമൂലം രണ്ട് പ്രധാന പ്രശ്നങ്ങളുണ്ട്; ഒന്നാമത്തെ കാര്യം, മാനസിക രോഗം ഉള്ള ആൾ ധാർമികമായും ആത്മീയമായും മൂല്യച്യുതി ഉള്ള ആളായതുകൊണ്ടാണ് അദ്ദേഹത്തിന് ഈ പിശാചുബാധ വന്നതെന്ന് പൊതുസമൂഹം അനുമാനിക്കുന്നു. അതുകൊണ്ടുതന്നെ അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനും പുച്ഛത്തോടെ വീക്ഷിക്കാനും ഇടവരുന്നു.

സമർപ്പിതരുടെ ഇടയിൽ ഇങ്ങനെ മാനസിക ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി വിലയിരുത്തപെടുന്ന വ്യക്തികളെ പലപ്പോഴും ദൈവവിളിയിൽ താൽപര്യം നഷ്ട്ടപെട്ടവരായി കരുതി പാഴ് ജന്മങ്ങളായി മുദ്രകുത്തി ജീവിതം വെറുതെ ജീവിച്ചു തീർക്കാൻ ഉഴിഞ്ഞു വയ്ക്കപെട്ടേക്കാം. രണ്ടാമതായി, മാനസികരോഗങ്ങൾ ബാധ ശല്യം ആണെന്നുള്ള തെറ്റിദ്ധാരണ ഉള്ളതുകൊണ്ട് ആർക്കെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങൾ വരുമ്പോൾ അവർ സ്വാഭാവികമായും അതിന് ശാസ്ത്രീയമായ ചികിത്സാരീതികൾ അവലംബിക്കാതെ സ്വയം ചികിത്സയോ അല്ലെങ്കിൽ അശാസ്ത്രീയമായ മറ്റു മാർഗ്ഗങ്ങളോ തേടുന്ന ദുരവസ്ഥ ഉണ്ടാകുന്നു.

ചില സമയമങ്ങളിൽ സന്യസ്തരുടെ ഇടയിൽ കാണപെടുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങളെ പിശാചുബാധയാണെന്ന് തെറ്റിദ്ധരിക്കുന്ന അധികാരികൾ അവരെ ധ്യാനങ്ങൾക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും മാത്രം അയച്ച് മാനസാന്തരപെടുത്താൻ പരിശ്രമിക്കാറുണ്ട്. ഇത് തീർച്ചയായും തിരുത്തപെടേണ്ട പ്രവണതയാണ്.

നമ്മൾ ചെയ്യേണ്ടത് മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ഒരാളെ കണ്ടാൽ നമ്മൾ നൽകേണ്ട സൈക്കോളജിക്കൽ ഫസ്റ്റ് (Psychological First aid) എയ്ഡ് അഥവാ മാനസിക പ്രാഥമിക ചികിത്സ എന്താണെന്ന് ലോക ആരോഗ്യ സംഘടന (WHO) വ്യക്തമായ നിർദ്ദേശം നൽകുന്നുണ്ട്; ലുക്ക്- ലിസൺ- ലിങ്ക് (Look-Listen – Link ) എന്ന മൂന്ന് ഇംഗ്ലീഷ് വാക്കുകളിൽ അതിനെ ചുരുക്കി നിർവ്വചിക്കാം.

(നോക്കുക -ശ്രവിക്കുക -ബന്ധപെടുത്തുക)1 ലുക്ക് അഥവാ നോക്കുക നമ്മുടെ ചുറ്റുമുള്ളവരുടെ മേൽ ജാഗ്രതയുടെ ഒരു കണ്ണ് എപ്പോഴും സൂക്ഷിക്കുക എന്നുള്ളത്.. തുറന്ന മനസ്സോടെ മാനസിക ക്ലേശം അനുഭവിക്കുന്നവരെ കണ്ടെത്താനും മനസ്സിലാക്കാനും നമുക്ക് സാധിക്കണം.

2 ലിസൺ- ശ്രവിക്കുകഇത്തരം മാനസിക അസ്വാസ്ഥ്യം ഉള്ളവരെ കണ്ടാൽ, അവരോടൊപ്പം സമയം ചെലവഴിക്കാനും അവരെ കേൾക്കാനും നാം തയ്യാറാകണം. ചിലപ്പോൾ അവർ ഒന്നുംതന്നെ പറഞ്ഞില്ലെങ്കിലും നമ്മൾ കൂടെയുണ്ട്, ശ്രവിക്കാൻ ഞാൻ തയ്യാറാണ് എന്നുള്ള ഉറപ്പ് എങ്കിലും കൊടുക്കാൻ സാധിക്കണം.

3 ലിങ്ക് – ബന്ധപ്പെടുത്തുകഒരാൾക്ക് മാനസിക ആരോഗ്യ പ്രശ്നം ഉണ്ടെന്ന് മനസ്സിലായാൽ അവരെ ഉത്തരവാദിത്തപ്പെട്ട മാനസികാരോഗ്യ പ്രവർത്തകരുമായി ഉടനെ ബന്ധപ്പെടുത്തുക എന്നുള്ളതാണ് – ഒരു കൗൺസിലറുമായോ, ക്ലിനിക്കൽ സൈക്കോളജിസ്റ്റോ, സൈക്യാട്രിസ്റ്റുമായോ ഇവരെ ബന്ധപ്പെടുത്തുക.നമ്മുടെ ഇടയിൽ നടക്കുന്ന ആത്മഹത്യകൾ പരിശോധിച്ചാൽ ഈ മൂന്നു തലങ്ങളിലും വീഴ്ചകൾ സംഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കും.മാനസിക ആരോഗ്യം ഇല്ലാതെ പൂർണ്ണ ആരോഗ്യം സാധ്യമല്ല എന്ന മുദ്രാവാക്യം നമുക്ക് മറക്കാതിരിക്കാം. നമ്മുടെയും നമ്മുടെ ചുറ്റുമുള്ളവരുടെയും മാനസിക ആരോഗ്യം നിലനിർത്താൻ നമുക്ക് പരിശ്രമിക്കാം. അടുത്തൊരു ആത്മഹത്യ തടയാൻ നമുക്ക് ജാഗ്രതയോടെ ആയിരിക്കാം.

*ലേഖകൻ തൃശ്ശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിഭാഗം ഡിപ്പാർട്ട്മെൻറ് സീനിയർ റെസിഡൻറ് ഡോക്ടറാണ്.

നിങ്ങൾ വിട്ടുപോയത്