മാനവികത പ്രയോഗവത്ക്കരിക്കാത്ത പ്രത്യയശാസ്ത്രങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിപ്രായപ്പെട്ടു. മാനവികത തൊട്ടുതീണ്ടാത്ത കാഴ്ചപ്പാടുകൾ ശക്തി പ്രാപിക്കുന്നതാണ് ഇന്ന് രാജ്യം നേരിടുന്ന വിപത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെതിരെയുള്ള ചെറുത്തു നില്പായാണ് ഇന്നത്തെ രാഷ്ട്രീയം മാറേണ്ടത്. തമ്പാൻ തോമസ് ഫൗണ്ടേഷൻ ഫോർ സോഷ്യലിസം ആൻ്റ് ലേബർ എംപവർമെൻ്റിൻ്റെ ആഭിമുഖ്യത്തിലുള്ള ലേബർ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിനനുസരിച്ചുള്ള ഉത്തരവാദിത്വങ്ങൾ ട്രേഡ് യൂണിയനുകൾ ഏറ്റെടുക്കണം. രണ്ടോ മൂന്നോ ദശകങ്ങൾ മുമ്പുള്ള വ്യവസായിക അന്തരീക്ഷവും തൊഴിൽ സാഹചര്യങ്ങളുമല്ല ഇന്ന് നിലവിലുള്ളത്. മാറിയ സാഹചര്യങ്ങൾ മനസ്സിലാക്കി സ്വയം മാറാൻ ട്രേഡ് യൂണിയനുകൾ തയാറാകണം.

രാജ്യത്തിൻ്റെയും രാജ്യത്തെ തൊഴിലാളികളുടെ താല്പര്യങ്ങളെയും കേന്ദ്ര സർക്കാർ ബലി കഴിക്കുകയാണെന്ന് എച്ച്എംഎസ് ദേശീയ പ്രസിഡൻ്റ് ഹർഭജൻ സിംഗ് സിദ്ദു അഭിപ്രായപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളും വ്യവസായങ്ങളും വിദേശ സ്വദേശ കുത്തകകൾക്ക് കൈമാറുന്നത് അപകടകരമാണ്. ജനാധിപത്യ മര്യാദകളും മൂല്യങ്ങളും നിരാകരിച്ചാണ് കേന്ദ്ര സർക്കാർ നയങ്ങൾ രൂപപ്പെടുത്തുന്നത്. സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അഡ്വ തമ്പാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. രാജ്യത്ത് ചങ്ങാത്ത മുതലാളിത്തം പിടിമുറുക്കുമ്പോൾ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ ഇന്നും പ്രസക്തമാണ്. സോഷ്യലിസ്റ്റ് മൂല്യങ്ങൾ അടിത്തറയാക്കുന്ന നേതാക്കൾ രാജ്യത്തിനാവശ്യമായിരിക്കുന്നുവെന്ന് അഡ്വ തമ്പാൻ തോമസ് ചൂണ്ടിക്കാട്ടി. പ്രൊഫ എം കെ സാനു, പ്രൊഫ സിറിയക് തോമസ്, ഡോ സോണിയാ ജോർജ്, എൻ പത്മനാഭൻ, അഡ്വ ടോം തോമസ്, ജോസഫ് ജൂഡ്, ടോമി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്