എന്തിനാണ് അച്ചാ ഇത്രയും റീത്തുകൾ ? നമ്മൾ പരസ്പരം അകലത്തില്ലെ ? വഴക്കിടില്ലേ ? എന്ന് നിങ്ങളുടെ മക്കൾ ചോദിക്കുന്നു എന്ന് ഇരിക്കട്ടെ. യേശുവിനെ കളങ്കപ്പെടുത്താത്ത ഒരു മറുപടി നൽകാൻ നിങ്ങള്ക്ക് ആകുമോ ? ഓരോ റീത്തിന്റെയും കുറച്ചു നന്മകൾ പറഞ്ഞു കൊടുക്കാനെങ്കിലും. കണ്ണഞ്ചിപ്പിക്കുന്ന ചില വിവരങ്ങൾ തരാം. ഒന്ന് വായിച്ചു നോക്കൂ

എന്റെ വീട്ടിൽ എല്ലാ റീത്തിലും പെട്ട വൈദീകർ വരികയും ഞാൻ എല്ലാ റീത്തിൽ പെട്ട വൈദീകരെയും സന്ദർശിക്കുകയും ചെയ്യുന്നു. കേരളത്തിലെ എല്ലാ റീത്തിൽപെട്ട രൂപതകളിലും ശുശ്രൂഷകൾ ചെയ്യുകയും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും വ്യത്യസ്ത രാജ്യങ്ങളിലും സഭയോടൊപ്പം സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ ദേശാടനം മനുഷ്യന്റെ കാഴ്ചപ്പാടിനെ വ്യത്യസ്തമാക്കും എന്നത് ശരിയാണെന്നാണ് യാഥാർഥ്യം

കേരളത്തിൽ നിന്നും ഉത്തരേന്ത്യൻ ജനതയ്ക്കുവേണ്ടി ജീവ ത്യാഗം ചെയ്ത മഹാ മിഷനറി ആയ സിസ്റ്റർ റാണി മാറിയ സീറോ മലബാർ സഭയിൽ നിന്നും മിഷനുവേണ്ടി ആവേശം സ്വീകരിച്ചു സീറോ മലബാറുകാർ അല്ലാത്തവരുടെ ഇടയിൽ പ്രവർത്തിച്ച മഹതി ആണ്.

ഞാൻ പരിചയപ്പെട്ട സീറോ മലബാർ വൈദീകനാണ് സൈമൺ ഇലവുത്തിങ്കൽ. അദ്ദേഹം തൃശൂർ രൂപതയിൽ ജനിച്ചു എന്ന് പറയുന്നതാകും ശരി. എന്നാൽ വൈദീകനായത് ലത്തീനിൽ. അതിശയകരം എന്ന് പറയട്ടെ മലങ്കര സഭയെക്കുറിച്ചും ഇവാനിയോസ് തിരുമേനിയെക്കുറിച്ചും ആഴത്തിൽ പഠിച്ചു മലങ്കര സഭയുടെ മിഷൻ പ്രവർത്തനങ്ങളെ സഹായിക്കാൻ ഉത്തരേന്ത്യയിൽ ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന കാലത്താണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഒരു മഹാ മിഷനറി

പാലാ പ്രവിത്താനത് ജനിച്ച ഫാ ജോസഫ് കുഴിഞ്ഞാലിൽ ഒരു മൺകൂരയിൽ താമസിച്ചുകൊണ്ട് മലങ്കര സഭയോടൊപ്പം ചേർന്ന് മിഷൻ പ്രവർത്തനം ചെയ്തു അതിനു സഹായിക്കുവാൻ ഡോട്ടേഴ്സ് ഓഫ് മേരി (DM ) എന്ന സന്യാസ സഭ സ്ഥാപിച്ചു. ഈ സന്യാസിനികളിൽ ഏറിയ പങ്കും മലങ്കര സഭയുടെ മിഷൻ പ്രവർത്തനങ്ങളെ സഹായിക്കാൻ എത്തിച്ചേർന്ന സീറോ മലബാർ സന്യാസിനികൾ ആയിരുന്നു.

ലണ്ടനിൽ വച്ച് ഞാൻ പരിചയപ്പെട്ട മറ്റൊരു സീറോ മലബാറുകാരനാണ് ഫാ ചാക്കോ പനത്തറ. അദ്ദേഹം ലത്തീൻ മിഷനറി സഭയിൽ വൈദീകനായി ആഫ്രിക്കയിലും മറ്റു ക്രൈസ്തവർ ഇല്ലാത്ത ഇടങ്ങളിലും യാത്ര ചെയ്തു 5000 ത്തോളം പേരെ ജ്ഞാനസ്നാനം നൽകിയ മഹാ മിഷനറി ആണ്. അന്ന് ലണ്ടനിൽ ലത്തീൻ മലയാളികളുടെ ഔദ്യോഗിക ഉത്തരവാദിത്വം മെത്രാൻ നൽകിയത് അദ്ദേഹത്തിനായിരുന്നു.

മറ്റൊരു റീത്തിൽ നിന്നും കാണാൻ ആകാത്ത അത്രയും അത്മായ മിഷനറിമാരെ സംഭാവന ചെയ്ത റീത്താണ് സീറോ മലബാർ. ആലപ്പുഴക്കാരനായ ചങ്ങനാശേരി രൂപതക്കാരൻ എന്റെ പ്രിയ സുഹൃത് അനിയും ഭാര്യ മഞ്ജുവും കുട്ടികളോടൊപ്പം ആഫ്രിക്കയിലെ ലത്തീൻ സഭയിൽ പോയി അവിടെ താമസിച്ചു ശുശ്രൂഷ ചെയ്യുന്നു. അനി എം എ സൈക്കോളജി ബിരുദധാരിയാണ്. അവിടുള്ള ലത്തീൻ ബിഷപ് ആലപ്പുഴയിൽ അനിയുടെ വീട്ടിൽ വന്നിട്ടുണ്ട് എന്ന് പറയുമ്പോൾ അവരുടെ സേവനം ആ ലത്തീൻ ബിഷപ്പിനു എത്ര പിടിച്ചു എന്ന് നിങ്ങൾ ഊഹിക്കൂ

ഒന്നല്ല പത്തല്ല നൂറു കണക്കിന് ഉന്നത വിദ്യാഭ്യാസമുള്ള സീറോ മലബാർ കുടുംബങ്ങൾ ആഫ്രിക്കയിൽ ഉൾപ്പെടെ ലത്തീൻ സഭയിൽ മിഷനറി മാരായി ജോലി ചെയ്യുന്നു. അവരുടെ മക്കൾ പരിമിതമായ സാഹചര്യത്തിൽ വളരുന്നു

ഉത്തരേന്ത്യയിൽ ഞാൻ സന്ദർശിച്ച ലത്തീൻ മേഖലകളിലെല്ലാം മിഷൻ ചെയ്യുന്ന ബഹുഭൂരിപക്ഷം കന്യാസ്ത്രീകളും വൈദീകരും സീറോ മലബാർ സഭയിൽ ജനിച്ചു വളർന്നവരാണ്. മറ്റു റീത്തുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ എന്ന് പറഞ്ഞാൽ പോരാ വളരെ വളരെ കൂടുതൽ എന്ന് പറയേണ്ടി വരും.

ഉത്തരേന്ത്യയിൽ ലത്തീൻ സഭയിലുള്ള ഇതര ഭാഷ വിശ്വാസികൾക്ക് ഏറ്റവും കൂടുതൽ ബൈബിൾ അച്ചടിച്ച് വിതരണം ചെയ്യുന്ന ഫിയത് മിഷൻ തുടങ്ങിയത് തൃശൂർ രൂപതക്കാരനായ സീറ്റിലി ആണ്.

ഞാൻ ആയിരിക്കുന്ന പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും വിദേശ മിഷനറിമാർ കേരളത്തിലും ഭാരതത്തിലും ചെയ്ത നന്മകളുടെ കണക്കുകൾ നിരത്തി ഏറെ അഭിമാനം കൊള്ളുന്ന യുവാക്കളിൽ ബഹുഭൂരിപക്ഷവും സീറോ മലബാർ റീത്തുകാർ തന്നെ.

ചെറുപുഷ്പം മിഷൻ ലീഗ് എന്താണെന്നു ഞാൻ ആരോടും പറഞ്ഞു തരണ്ടല്ലോ അല്ലെ ?

ഇങ്ങനെ സ്വന്തം നാടും വീടും ഉപേക്ഷിച്ചു ഇത്രമാത്രം ലത്തീനിലും മലങ്കരയിലും ശുശ്രൂഷ ചെയ്യുവാൻ സീറോ മലബാറിൽ ജനിച്ചു വളർന്ന കുട്ടികൾക്ക് ആവേശമുണ്ടാകാൻ കാരണം എന്തായിരിക്കും എന്ന് ആലോചിച്ചു നോക്കൂ. കേരളത്തിൽ സീറോ മലബാർ സഭയിൽ വൈദീകരും മാതാപിതാക്കളും മതാധ്യാപകരും മിഷനറിമാരെക്കുറിച്ചും സഭയുടെ മിഷൻ പ്രവർത്തനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നതിന്റെ ഫലമാണ് ലോകം മുഴുവൻ മിഷൻ ചെയ്യാൻ അവർ ഓടി എത്തുന്നതെന്ന് ആർക്കാണ് മനസിലാക്കാത്തത്

ഞാൻ ഈ പറഞ്ഞിടത്തെല്ലാം ലത്തീൻ സഭ മിഷൻ ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. പലയിടത്തും അംഗബലത്തിലുള്ള കുറവ് മിഷനുകളെ പുറകോട്ടടിക്കുന്നുണ്ട് താനും. അവിടെയാണ് കൈത്താങ്ങായി സീറോമലബാർ മക്കൾ എത്തുന്നത്.

കേരളത്തിലെത്തിയ വിദേശ മിഷനറിമാർ ഒന്നുകൂടെ തിരിച്ചു വന്നാൽ തങ്ങളെ നയിച്ച സുവിശേഷ പ്രഘോഷണത്തിന്റെ ആനന്ദം ഇന്നും കെടാതെ കാത്തു സൂക്ഷിക്കുന്ന സീറോമലബാർ കുടുംബങ്ങളെ നോക്കി പുളകിതരാകും എന്ന് സത്യസന്ധതയോടെ കാര്യങ്ങളെ വീക്ഷിക്കുന്നവർക്കു പറയാനാകും. വിദേശ മിഷനറിമാർ സീറോ മലബാർ സഭയ്ക്ക് നൽകിയ സംഭാവന വലുതാണ്. അതുപോലെ തന്നെ അത് രണ്ടു കയ്യും നീട്ടി വാങ്ങിയ സീറോ മലബാർ മക്കൾ അതിനേക്കാൾ പതിന്മടങ്ങു തീക്ഷ്ണത തിരികെ നൽകി എന്ന് പറയാതെ വയ്യ.

ഇങ്ങനെ പരസ്പരം സുവിശേഷത്തിന്റെ ആവേശം പകരാനും ബലം പകരാനും പ്രയോജനപ്പെടാനുമാണ് മകനെ ദൈവം റീത്തുകൾ ഉണ്ടാകാൻ അനുവദിച്ചത് എന്ന് കുഞ്ഞിനോട് പറഞ്ഞുകൊടുക്കാൻ നമുക്ക് ആകണം. അല്ലാതെ നല്ല ഫലങ്ങൾക്കിടയിൽ വളർന്നു നിൽക്കുന്ന കളകൾ എണ്ണാൻ അവരെ പഠിപ്പിക്കരുത്.

പ്രസ്താവനകൾ കരുതലോടെ നടത്തേണ്ടവയാണ്. അതിനുള്ള മറുപടിയും കരുതലോടെ തന്നെ പറയേണ്ടതാണ്. എന്നാൽ അതിനേക്കാൾ ഏറെ കരുതേണ്ടത് നന്മകൾ മറന്നുകളയാതിരിക്കാനാണ്. രാഷ്ട്രീയക്കാരാണ് സംഘടനകൾ കളിക്കുക. എന്നാൽ ക്രിസ്ത്യാനികൾ ശുശ്രൂഷ ചെയ്യുന്നവരാണ്. സ്നേഹത്തിന്റെ സാക്ഷികളാണ്.

നമ്മുടെ വീട്ടിൽ വൃദ്ധരായ മാതാപിതാക്കളെ ശുശ്രൂഷിക്കാൻ അടുത്തുള്ള ഒരു അമ്മച്ചിയും മക്കളും നമ്മോടൊപ്പം രാപകൽ കഷ്ടപ്പെട്ട് എന്നിരിക്കട്ടെ. ഒരു ദിവസം അവരുടെ കയ്യിൽ നിന്ന് അബദ്ധത്തിൽ ഒരു ഗ്ലാസ് വീണു പൊട്ടി. ഉടനെ അവരുടെ കരണത്ത് ആഞ്ഞടിക്കാമോ ? യോജിക്കാനാവില്ല. കാരണം ഞാൻ ഒരു ക്രിസ്ത്യാനി ആണ്. തിന്മ മാത്രം ചെയ്യുന്നവനെപ്പോലും അടിക്കാൻ ക്രിസ്ത്യാനിക്ക് ആകില്ല. അപ്പോഴാണ് നന്മകൾ മറന്നു പരസ്പരം ഉള്ള അടി.

നിങ്ങൾ വിട്ടുപോയത്