ദരിദ്രരും രോഗികളും ആകാശപറവകളുമായ മക്കളുടെ ഇടയിലേക്ക് 25 വർഷം മുൻപ് ജോലി ഉപേക്ഷിച്ചിറങ്ങുമ്പോൾ സമൂഹം അയാളെ തെറ്റിദ്ധരിച്ചു.

“എൻ്റെ ഏറ്റവും എളിയ സഹോദരരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തത് ” എന്ന ക്രിസ്തുമൊഴി നെഞ്ചിലേറ്റിയപ്പോൾ മതവും മാറിനിന്ന് പരിഹസിച്ചു.

കൂട്ടുകാരുമൊത്ത് അയാൾ ജപമാല ചൊല്ലി പട്ടണം ചുറ്റിയപ്പോൾ ‘ഇതിൻ്റെയൊക്കെ ആവശ്യമുണ്ടോ?’ എന്ന് ചിന്തിച്ചവരുമുണ്ട്. ചിലർ അയാളോട് കലഹിച്ചു, ചിലർക്ക് ഒന്നും മനസ്സിലായില്ല, ചുരുക്കം ചിലർ പറ്റിച്ചേർന്നുനിന്നു, വേറെ ചിലർ അയാളെ ക്രൂശിക്കാൻ നോക്കി. എന്നാൽ, ആ ജനക്കൂട്ടം കുരിശിൽ തറച്ചു കൊന്ന ക്രിസ്തുവിനു മാത്രം അയാളെ ശരിക്കും മനസ്സിലായി.

അവൻ്റെ സ്നേഹവും പേറി അയാൾ ഇന്നോളം ജീവിച്ചു. നിന്ദനങ്ങളും രോഗപീഡകളും സന്തോഷത്തോടെ സഹിക്കാൻ ആ സ്നേഹം അയാളെ നിർബന്ധിച്ചു. തന്നെപ്പോലെ ഒരു 100 എണ്ണത്തിനെ ആലുവയിൽ അവശേഷിപ്പിച്ചാണ് അയാൾ ഇന്ന് കടന്നുപോകുന്നത്. നിരവധി കുടുംബങ്ങളെ ക്രിസ്തുവിൻ്റെ പരസ്നേഹ പ്രവർത്തികൾ തുടരാൻ  പ്രാപ്തരാക്കി.

ആലുവ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തെരുവിലെ മക്കൾക്കും, ആഹാരം, വസ്ത്രം, മരുന്ന്, അഭയം, ജോലി, HIV ബാധിതരുടെ കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ്, നിർധനരായ കുടുംബങ്ങൾക്ക് രഹസ്യ ധനസഹായങ്ങൾ, അങ്ങനെ പലതും.. വ്യക്തികളെയും കുടുംബങ്ങളെയും കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ‘ആശ്വസാലയം’ എന്ന മുന്നേറ്റത്തിലൂടെ അയാൾക്ക് കഴിഞ്ഞു.

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടന്ന, കാരുണ്യകേരള സന്ദേശ യാത്രയുടെ മധുരിക്കുന്ന ഓർമ്മകൾ.

മനുഷ്യന് മാന്യനായി ജീവിക്കാനാണ് ക്രിസ്തു കുരിശിൽ മരിച്ചത് എന്ന് അയാൾ ഓർമ്മപ്പെടുത്തുന്നു. പിശാചിൻ്റെ തലയിൽ ചവിട്ടി, മതത്തിന് നട്ടെല്ല് പണയം വയ്ക്കാതെ, എങ്ങനെ ഒരു നല്ല ക്രിസ്ത്യാനിയായി ജീവിക്കാൻ കഴിയുമെന്ന് കൂടെനിന്ന ചെറുപ്പക്കാർക്ക് അയാൾ കാണിച്ചു കൊടുത്തു. ക്രിസ്തുവിൻ്റെ സ്നേഹത്താൽ അവരെ തീ പിടിപ്പിച്ചു.

 സഹോദരാ, എല്ലാറ്റിനും നന്ദി! 
പ്രവർത്തിയില്ലാത്ത വിശ്വാസം ചത്തതാണെന്ന് പഠിപ്പിച്ച് തന്നതിന്.. നാനാജാതി മതസ്ഥരായ മനുഷ്യസ്നേഹികളെ ചേർത്തുനിർത്തി ദൈവസ്നേഹം ഭക്ഷണമായി വിളമ്പിയതിന്..
 ചുറ്റുമുള്ള ദരിദ്രരെ മറന്ന് ഒരു ക്രിസ്ത്യാനിക്കും രക്ഷപെടാനാവില്ലെന്ന് ഓർമ്മപ്പെടുത്തിയതിന്.. 

            ക്രിസ്തുവിൻ്റെ പോരാളിക്ക്….
                പ്രണാമം🙏🏻

നിങ്ങൾ വിട്ടുപോയത്