ദൈവം മനുഷ്യനു നൽകുന്ന സൗജന്യമായ ഒരു ദാനമാണ് വിശ്വാസം. കാണപ്പെടാത്തവ ഉണ്ടെന്ന ഉറപ്പാണ് വിശ്വാസം. എല്ലാം നടത്തിതന്ന് ദൈവം കൈവെള്ളയിൽ കൊണ്ടുനടക്കുമ്പോഴല്ല നമ്മുടെ വിശ്വാസത്തിന്റെ ശക്തി നമുക്കുതന്നെ വെളിപ്പെട്ടുകിട്ടുന്നത്. ജീവിതത്തിന്റെ വിഷമഘട്ടങ്ങളിൽ, നമ്മെ കൈകളിൽനിന്നും താഴെവച്ച്, നമ്മുടെ പ്രതികരണം എന്തെന്ന് പരീക്ഷിക്കുന്ന ഒരു ദൈവമുണ്ട്. നമ്മെ താഴെവച്ചിട്ട്, നമ്മിൽ നിന്നകന്നു പോകുകയല്ല ദൈവം ചെയ്യുന്നത്, നമ്മോടു ചേർന്നുനിൽക്കുകയാണ്. പക്ഷേ ദൈവത്തിന്റെ ഈ സാമീപ്യം തിരിച്ചറിയുന്നതിൽ നമുക്ക് പലപ്പോഴും തെറ്റുപറ്റുന്നു.
ദൈവത്തിലുള്ള വിശ്വാസത്തെ ഉദാഹരണമായി പറഞ്ഞാൽ, നടക്കാൻ പഠിച്ചുതുടങ്ങിയ കുഞ്ഞിനോട് ഒരമ്മ എങ്ങിനെ പെരുമാറുന്നു എന്നതുമായിട്ടാണ്. കുഞ്ഞിനെ നിലത്തുവച്ചിട്ടു, വീണാൽ പിടിക്കുവാനായി നിവർത്തിപ്പിടിച്ച കരങ്ങളുമായി അമ്മ തൊട്ടുപുറകിൽ തന്നെ ഉണ്ടാവും. എന്നാൽ അതു മസസ്സിലാക്കാത്ത കുട്ടിയാവട്ടെ, അമ്മ തന്നെ താഴെ വച്ചിട്ടുപോയി എന്നു കരുതി ആകുലപ്പെടും. “നിന്റെ കാൽ വഴുതാൻ അവിടുന്ന് സമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല” (സങ്കീർത്തനം 121:3), എന്ന് ദൈവത്തിന്റെ വചനം നമുക്കുറപ്പ് നൽകുന്നുണ്ട്. അസത്യം പറയാൻ കഴിയാത്ത ദൈവവചനത്തിൽ വിശ്വസിച്ചു, കാറ്റിലും കോളിലും നിന്ന് നമ്മെ രക്ഷിക്കാൻ നമ്മോട് കൂടെയുള്ള യേശുവിൽ പ്രത്യാശ വയ്ക്കാൻ നമുക്കാവുന്നുണ്ടോ?
അമൂല്യമായ ഈ ദൈവദാനം നമുക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വിശുദ്ധ പൌലോസ് തിമോത്തെയോസിനെ ഉദ്ബോധിപ്പിക്കുന്നു: “വിശ്വാസത്തോടും നല്ല മനസാക്ഷിയോടുംകൂടെ നന്നായി പൊരുതുക; മനസാക്ഷിയുടെ സ്വരം നിരസിച്ചതിനാൽ ചിലരുടെ ‘വിശ്വാസനൗക’ തകർന്നുപോയിട്ടുണ്ട് (1 തിമോത്തി 1:18,19). വിശ്വാസമില്ലാത്തിടത്താണ് കൊടുങ്കാറ്റിൽപെട്ട തോണി തകർന്നു മുങ്ങുന്നത്. പ്രതികൂല സന്ദർഭങ്ങളിൽ ഭയപ്പെടാതെ, വിശ്വാസത്തിൽ ജീവിക്കുവാനും വളരുവാനുമുള്ള കൃപക്കായി കർത്താവിനോട് നമുക്കും യാചിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ