ഈ ലോക മുറിയുടെ വാതിൽ തഴുതിട്ട് , താക്കോൽ തിരിച്ചേൽപ്പിച്ച്
” പടിയച്ചൻ ” യാത്രയായി .

സംഘാടന മികവിലും , അത്മായ – പുരോഹിത ബന്ധത്തിലും കരുത്തുള്ള കണ്ണിയായിരുന്നു പടിയച്ചൻ എന്ന – സ്നേഹത്തോടെ നമ്മൾ വിളിക്കുന്ന,
മോൺ: ജോസഫ് പടിയാരം പറമ്പിൽ .

മനുഷ്യ സ്നേഹത്തിന്റെ നേർസാക്ഷ്യമായിരുന്ന പടിയച്ചൻ , ജാതി മത ഭേദമന്യേ സാധാരണ മനുഷ്യരുടെ ജീവിതത്തിൽ ആശ്രയത്തിന്റെ അത്താണിയായിരുന്നു.

കലൂർ ഇടവകയിൽ നിന്നുള്ള വിവാഹ , ഇതര സഹായങ്ങൾക്ക് ഇയുള്ളവൻ പലപ്പോഴായി നിർദ്ദേശിച്ച അർഹതയുള്ളവർക്ക് അദ്ദേഹം ആവുന്നതു നല്കിയത് നന്ദിയോടെ ഓർക്കുന്നു.

അഭിവന്ദ്യ ഡാനിയേൽ പിതാവിന്റെ ആഗ്രഹ പ്രകാരം സ്ഥാപിതമായ അതിരൂപത വിദ്യാഭ്യാസ നിധി
” നവദർശന്റെ “ഇപ്പോഴുള്ള സമ്പാദ്യത്തിൽ
6 കോടി രൂപയോളം
മോൺ : പടിയച്ചന്റെയും ഏതാനും അത്മായ
നേതാക്കളുടെയും വിയർപ്പിന്റെ ചേരുവയാണെന്ന സത്യം നമ്മൾ
തിരിച്ചറിയുമ്പോഴാണ്, സമുദായ ബോധം എന്നത്
അദ്ദേഹത്തിന് പ്രസംഗമായിരുന്നില്ല, മറിച്ച്‌,
പടിയാരം പറമ്പിലച്ചനിൽ ജ്വലിച്ചു നിന്ന സമുദായ സ്നേഹത്തിന്റെ , ബോധത്തിന്റെ
ചൂടും ചൂരും ആയിരുന്നു എന്ന് നമുക്ക് ബോധ്യപ്പെടുക.

ES SS. – ലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും അടിസ്ഥാന വിഭാഗത്തിന് പ്രത്യേക പരിഗണയുണ്ടായിരുന്നു എന്നതു അനുഭവം സാക്ഷ്യം.

കുടിവെള്ളക്ഷാമം മൂലം പൊറുതി മുട്ടിയ വൈപ്പിൻ നിവാസികളെ എറണാകുളത്തേക്ക് സമരത്തിനിറക്കി, രണ്ടു പാലങ്ങളിലേക്കും സമരം വ്യാപിപ്പിച്ച് അധികാരികളുടെ കണ്ണു തുറപ്പിച്ച , പ്രശ്ന പരിഹാരത്തിലേക്കെത്തിച്ച സമര നേതാവുകൂടിയാണ് , വൈപ്പിൻ സ്വദേശിയായ പടിയച്ചൻ.ആ അനുഭവങ്ങൾ ജ്വലിക്കുന്ന ഓർമ്മകളാണ്.

കഴിഞ്ഞു പോയ തദ്ദേശ സ്വയം ഭരണ, തിരഞ്ഞെടുപ്പിൽ സമുദായാംഗങ്ങൾക്ക് അർഹമായ പങ്കാളിത്തം നേടിയെടുക്കുന്നതിനായ് രാഷ്ടിയ കാര്യസമിതിയിലും, പുറത്തും അദ്ദേഹം സജീവമായിരുന്നു.

ബൈബിൾ കലോത്സവം ജനകീയ വൽക്കരിച്ചതും മോൺ: പടിയാരം പറമ്പിലായിരുന്നു.

മത്സരങ്ങളിൽ പ്രശ്നങ്ങളുണ്ടാകുമെന്നു കരുതി കലോത്സവം അവസാനിപ്പിക്കുകയായിരുന്നില്ല പടിയച്ചൻ , മറിച്ച് പ്രശ്നങ്ങളെ എങ്ങിനെ ക്രിസ്തുമാർഗ്ഗത്തിൽ പരിഹരിക്കാമെന്നും, മുന്നോട്ടു പോകാമെന്നും, അനുഭവം കൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച “ആ കലോത്സവ നാളുകൾ ” ഉൾപുളകങ്ങളുടെതാണ് !

കരുത്തുറ്റ നേതൃപാടവും, ആസൂത്രണവും, കർമ്മ പദ്ധതികളെ പ്രാവർത്തികമാക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും ഇനി ഓർമ്മകൾ മാത്രം !

മൂന്നു പതിറ്റാണ്ടോളമായി അദ്ദേഹവുമായി ഒത്തു പ്രവർത്തിച്ച അവസരങ്ങൾ നിരവധി. ചരിത്രബോധം തുടിച്ചു നില്‌ക്കുന്ന, പടിയച്ചനോടൊത്തുള്ള അതിരൂപതാ “സിനഡ് ” വേറിട്ട അനുഭവമാണ്.

ചേർത്തുപിടച്ച, ചൂണ്ടിപ്പറഞ്ഞ , ദിശ കാണിച്ച ആ സാമീപ്യം നഷ്ടമായിരിക്കുന്നു.

“തണ്ണി ” എന്ന ,
എനിക്കു മാത്രം സ്വന്തമായുള്ള ആ വിളിയുടെ സ്വരനഷ്ടം തീർത്തും ഒരു ശുന്യതയുളവാക്കുന്നു.

“പടിയച്ചന്മാരേ ” കൂടുതലായി ആവശ്യമുള്ള

കാല- നേരങ്ങളിലാണ് , ഇനിയും നടന്നു മുന്നേറാൻ വഴിത്താരയുള്ളപ്പോൾ തന്നെ ,
മോൺ: ജോസഫ് പടിയാരം പറമ്പിലച്ചന്റെ ആകസ്മികമായ വേർപാട്.

ഓർമ്മകൾക്കു മുൻപിൽ പ്രാർത്ഥനകളോടെ …………..

ലൂയിസ് തണ്ണിക്കോട്

നിങ്ങൾ വിട്ടുപോയത്