ആഗമനകാലറീത്തിലെ രണ്ടാമത്തെ ആഴ്ചയിലെ തിരി, ബേദ്ലഹേം തിരി അല്ലെങ്കിൽ ഒരുക്കത്തിന്റെ തിരി ആണ്. “കർത്താവിന്റെ വഴി ഒരുക്കുവിൻ. അവന്റെ പാത നേരെയാക്കുവിൻ..” ( മാർക്കോസ്.1:3) ആദ്യ ആഴ്ചയിലെ പ്രവാചകതിരി പ്രത്യാശ എന്ന ആത്മീയപുണ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത് പോലെ, ബെദ്ലഹേം തിരി സമാധാനം എന്ന പുണ്യമാണ് സൂചിപ്പിക്കുന്നത്.

ഈശോയ്ക്ക് വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന്റെ സ്ഥാനത്ത്, സഭ ഇപ്പോൾ പറയുന്നത് നമ്മൾ കേൾക്കുന്നുണ്ടോ, നമ്മുടെ പാതകൾ നേരെയാക്കുവാൻ? ആന്തരിക സമാധാനമുണ്ടാവണമെങ്കിൽ ‘സാധിക്കുന്നേടത്തോളം എല്ലാവരോടും സമാധാനത്തിൽ വർത്തിക്കുകയും വേണം’. സഭ നിർദ്ദേശിക്കുന്നത് അനുസരിക്കാതെ, സഭാതലവന്റെ അപേക്ഷ പോലും മാനിക്കാതെ തന്നിഷ്ടം പ്രവർത്തിച്ചാൽ, മറ്റുള്ളവരെ അതിനായി സ്വാധീനിച്ചാൽ, നമ്മുടെ ഉള്ളിൽ ഈശോക്കായി വഴി ഒരുങ്ങുമോ? സമാധാനം സഭയിൽ നിലനിൽക്കുമോ ? നമ്മുടെ ന്യായങ്ങൾ, ഇഷ്ടങ്ങൾ എന്ത് തന്നെ ആയിക്കോട്ടെ, ഈ ക്രിസ്മസ് കാലത്ത് അനുരഞ്ജനത്തിന്റെ, സമാധാനത്തിന്റെ, സന്തോഷത്തിന്റെ പാത തിരഞ്ഞെടുക്കാം. സഭയെ മൂടിനിൽക്കുന്ന കാർമേഘങ്ങൾ പെയ്തൊഴിയട്ടെ.

ഒന്നാം ലോകമഹായുദ്ധകാലത്ത് ക്രിസ്മസ് രാവിൽ, അങ്ങോട്ടുമിങ്ങോട്ടും നിറയൊഴിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് – ജർമൻ പട്ടാളക്കാർ വെടിനിർത്തി, ക്രിസ്മസ് ഗാനങ്ങൾ പാടി, കെട്ടിപ്പിടിച്ച് ഒന്നിച്ച് കളിച്ചും ചിരിച്ചും ക്രിസ്മസിന്റെ ആനന്ദം പങ്കിട്ടിട്ടുണ്ട്. ക്രിസ്മസ് എന്നും സമാധാനത്തിന്റെ വേദിയായിരുന്നു. എങ്കിൽ കൂടി, യഥാർത്ഥ ബെദ്ലഹേമിൽ ഇക്കുറി ഇസ്രായേൽ – പാലസ്തീൻ യുദ്ധം മൂലം അവർക്ക് ക്രിസ്മസ് ആഘോഷമില്ലാത്തത് വേദനിപ്പിക്കുന്ന വസ്തുതയാണ്. അവിടങ്ങളിലെ സമാധാനത്തിനായി നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.

ജോസഫിന്റെയും മേരിയുടെയും ബേദ്ലഹേമിലേക്കുള്ള യാത്രയെ ആണ് ഈ ആഴ്ചയിൽ ഓർമ്മിക്കുന്നത്. സാധാരണ മനുഷ്യന്റെ കാഴ്ച്ചപ്പാടിൽ ടെൻഷനും കഷ്ടപ്പാടും നിറഞ്ഞ യാത്രയായിരുന്നു അത്. ഒരു കഴുതയുടെ പുറത്തിരുന്ന്, അറിയാത്ത നാട്ടിലേക്ക് പോകുന്ന ഒരു പൂർണ്ണഗർഭിണി! ‘ഈ കഴുത ഓടാതെ മെല്ലെ പോകുമോ? തട്ടാതെ മുട്ടാതെ, വീഴാതെ അവിടെ എത്തുമോ? അവിടെ താമസിക്കാനും സമയമാകുമ്പോൾ പ്രസവിക്കാനും സ്ഥലം കിട്ടുമോ? പ്രസവമെടുത്തു പരിചയമുള്ള ഏതെങ്കിലും വയറ്റാട്ടിയെ കിട്ടുമോ?’ എന്നൊക്കെ ഉള്ള നൂറ് സംശയങ്ങളും പരിഭ്രമവും നമുക്കാണെങ്കിൽ ഉണ്ടായേനെ. പക്ഷേ അവരുടെ യാത്ര സമാധാനം നിറഞ്ഞതായിരുന്നു. കൗമാരം പിന്നിട്ടിട്ടില്ലാത്ത മേരിക്ക് പരിഭ്രമവും പരാതികളും ഇല്ലായിരുന്നു.

‘എല്ലാ ധാരണകളെയും അതിലംഘിക്കുന്ന സമാധാനം’ അവർക്ക് ലഭിച്ചത് ദൈവഹിതത്തിനു അവരെത്തന്നെ വിട്ടു കൊടുത്തപ്പോഴാണ്. നമ്മെ കരുതുന്ന ദൈവം എന്തിനും മതിയായവനാണെന്നും നമ്മുടെ ഭാവി അവന്റെ കയ്യിൽ ഭദ്രമാണെന്നും ആത്യന്തികമായി നമ്മുടെ നന്മയാണ് അവൻ ലക്‌ഷ്യം വെക്കുന്നതെന്നും ഉറപ്പുണ്ടെങ്കിൽ പ്രതികൂലസാഹചര്യങ്ങൾ നമ്മെയും തളർത്തില്ല. ജോസഫിനും മേരിക്കും ദൈവാശ്രയത്വബോധം വേണ്ടുവോളം ഉണ്ടായിരുന്നല്ലോ.

ആന്തരികസമാധാനം നേടുക എന്നാൽ സമാധാനത്തിന്റെ ദൈവത്തിന് ഒരു ഭവനം ( സക്രാരി ) ഹൃദയത്തിൽ പണിയുക, അങ്ങനെ ദൈവത്തിന്റെ ആലയമായി മാറുക എന്നതാണ്. അത് പണിയേണ്ടത്‌ ദൈവം തന്നെയാണ്. “കർത്താവ് ഭവനം പണിയുന്നില്ലെങ്കിൽ വേലക്കാരുടെ അദ്ധ്വാനം നിഷ്ഫലമാണല്ലോ”.

എളിമയും സമാധാനവും ശാന്തതയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഹൃദയത്തിൽ സമാധാനമുള്ളവർ എളിമയുള്ളവരായിരിക്കും. എളിമയുള്ളവർ ശാന്തശീലരുമായിരിക്കും. അതുകൊണ്ടാണ് “ഞാൻ ശാന്തശീലനും വിനീതഹൃദയനും ആകയാൽ എന്നിൽ നിന്നും പഠിക്കുവിൻ” എന്ന് ഈശോ പറഞ്ഞത്.

നമുക്കും ഈശോയുടെ പിറവിക്കായുള്ള ഈ ഒരുക്കകാലത്ത് എളിമക്കും ശാന്തതക്കുമായി ആഗ്രഹിക്കാം. അനുസരണത്തിലൂടെ കർത്താവിന് പാതയൊരുക്കാം.

“എല്ലാ മനുഷ്യരുടെ ഹൃദയത്തിലേക്കും ആനന്ദവും സമാധാനവും കൊണ്ടുവരുന്ന ബെദ്ലഹേമിലെ മിന്നിത്തിളങ്ങുന്ന പ്രകാശകിരണം പോലെ ആകാം നമുക്ക് ഈ ലോകത്തിൽ ” പോപ്പ് ഫ്രാൻസിസ്.

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്