നമ്മുടെ ആരാധനക്രമവർഷം ആരംഭിക്കുന്നത് യേശുവിന്റെ തിരുപ്പിറവിക്ക് ഒരുക്കകാലമായി ആചരിക്കുന്ന ആഗമനകാലം ( Advent season ) മുതലാണല്ലോ. ക്രിസ്മസ് കാർഡുകളിലും ക്രിസ്മസിനോടനുബന്ധിച്ചുള്ള അലങ്കാരങ്ങളിലും നമുക്ക് ഏറെ കണ്ടുപരിചയമുള്ള ഒന്നാണ് ആഗമനറീത്തുകൾ ( അഡ്വന്റ് റീത്തുകൾ). അതിന്റെ ഉത്ഭവം ജർമനിയിലാണ്. കഴിഞ്ഞ ചില നൂറ്റാണ്ടുകളായി ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ച് അത് കത്തോലിക്കപാരമ്പര്യത്തിന്റെ ഭാഗമായി.

മഞ്ഞുകാലത്ത് പോലും ഇലപൊഴിക്കാത്ത വിവിധ എവർഗ്രീൻ മരങ്ങളുടെ ഇലകളും ഹോളി ഓക്കും റെഡ് ബെറീസ് ബുഷും ഒക്കെ ചേർത്താണ് റീത്ത് ഉണ്ടാക്കുന്നത്. ഇതിന് നടുവിൽ 5 തിരികൾ ഉണ്ടായിരിക്കും. 3 തിരികൾ പർപ്പിൾ നിറങ്ങളിൽ , ഒന്ന് റോസ് നിറത്തിൽ, പിന്നെ മധ്യത്തിൽ ഒരു വെള്ള തിരിയും.

ഈ അഡ്വൻറ് റീത്തുകൾ മനോഹരമായ പ്രതീകങ്ങളാണ് ഉൾക്കൊള്ളുന്നത്. എവർഗ്രീൻ ( നിത്യഹരിത ) ഇലകൾ തന്നെ നിത്യതയെ ആണ് സൂചിപ്പിക്കുന്നത്. എവർഗ്രീൻ ഇലകളിൽ തന്നെ നമ്മുടെ വിശ്വാസജീവിതവുമായി ചേർന്നുനിൽക്കുന്ന സൂചനകൾ ഉണ്ട്‌. ലോറൽ ഇലകൾ, പീഡകളെ അതിജീവിച്ച വിജയത്തിനെ അനുസ്മരിപ്പിക്കുന്നു. പൈൻ, ഹോളി തുടങ്ങിയവ അനശ്വരതയെ സൂചിപ്പിക്കുന്നു. സെഡാർ സൗഖ്യത്തെയും. കുത്തിക്കൊള്ളുന്ന ഹോളി ഇലകൾ യേശുവിന്റെ മുൾമുടിയേയും അനുസ്മരിപ്പിക്കുന്നുണ്ട്.

തുടക്കമോ ഒടുക്കമോ ഇല്ലാത്ത അഡ്വൻറ് റീത്തിന്റെ വൃത്താകൃതി നിത്യനായ ദൈവത്തെയും ആത്മാക്കളുടെ അനശ്വരതയെയും യേശുക്രിസ്തുവിങ്കലുള്ള നമ്മുടെ നിത്യജീവിതത്തെയുമാണ് അർത്ഥമാക്കുന്നത്. അങ്ങനെ, എവർഗ്രീൻ കൊണ്ടുള്ള റീത്ത് പ്രതിനിധാനം ചെയ്യുന്നത്, ക്രിസ്തുവിൽ നമുക്ക് വാഗ്ദാനം ചെയ്യപ്പെട്ട നിത്യജീവിതവും നമ്മുടെ അനശ്വരമായ ആത്മാവും മനുഷ്യനായി ലോകത്തിലേക്ക് വന്ന് തന്റെ പീഡാനുഭവത്തിലൂടെയും മരണത്തിലൂടെയും ഉയിർപ്പിലൂടെയും പാപത്തെയും മരണത്തെയും പരാജയപ്പെടുത്തിയ ദൈവത്തിന്റെ മാറ്റമില്ലാത്ത നിത്യവചനങ്ങളുമാണ്.

മെഴുകുതിരികൾ ലോകത്തിനെ പ്രകാശമായി യേശു കടന്നുവന്നതിനെ സൂചിപ്പിക്കുന്നു. നാല് മെഴുതിരികൾ നാല് ആഴ്ചകളെ കാണിക്കുന്നു. പാരമ്പര്യം പറയുന്നത് ഓരോ ആഴ്ചയും ആയിരം വർഷങ്ങളെ വീതം, അതായത് ആദത്തിന്റെയും ഹവ്വയുടെയും സമയം മുതൽ രക്ഷകന്റെ ജനനം വരെയുള്ള വർഷങ്ങളെയും സൂചിപ്പിക്കുന്നു എന്നാണ്.

Advent റീത്തിലെ ആദ്യ ആഴ്ചയിൽ കത്തിക്കുന്ന പർപ്പിൾ നിറത്തിലുള്ള മെഴുതിരി, പ്രവാചക മെഴുതിരി അല്ലെങ്കിൽ പ്രത്യാശയുടെ തിരി എന്നാണ് അറിയപ്പെടുന്നത്. രക്ഷാവാഗ്ദാനം ലഭിച്ച പൂർവ്വപിതാക്കന്മാരെ, പ്രത്യേകിച്ച് യേശുവിന്റെ ജനനം ആദ്യമായി പ്രവചിച്ച ഏശയ്യ പ്രവാചകനെ അനുസ്മരിപ്പിക്കുന്ന ഈ തിരി മിശിഹാക്ക് വേണ്ടി പ്രത്യാശയോടെയുള്ള കാത്തിരിപ്പിനെ സൂചിപ്പിക്കുന്നു.

ഇന്ന് ആഗമനകാലത്തിലെ ആദ്യഞായറാഴ്ചയിൽ നമ്മൾ സത്യത്തിനെ തിരയുന്ന ഒരു പുതുവർഷം ആരംഭിക്കുന്നു.

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്