കോട്ടയത്തു നിന്നും ബാലരാമപുരത്തേക്കുള്ള ഒരു യാത്രയ്ക്കിടയിലാണ് കാറിലെ റേഡിയോയിൽ ആ ചോദ്യം കേട്ടത്. “ഒന്നു വാവിട്ടു കരയണമെന്നു തോന്നിയ ഏതെങ്കിലും ഒരു സന്ദർഭം നിങ്ങൾക്കു ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?” ചോദ്യം ചോദിച്ചത് ആർ ജെ ജോസഫ് അന്നംകുട്ടി ജോസാണ്; കുറെ നാളുകൾക്കു മുമ്പ്, ഒരു സന്ധ്യയ്ക്ക് റേഡിയോ മിർച്ചി ‘സ്ട്രെയിറ്റ് ഫ്രം ദ ഹാർട്ടി’ൽ.

“വേദനയോ, നിരാശയോ, നിങ്ങൾക്കു സംഭവിച്ച ഏതെങ്കിലും നഷ്ടമോ കൊണ്ടുള്ള ഒരു സങ്കടമല്ല ഞാൻ ഉദ്ദേശിക്കുന്നത്, മറിച്ച്, മനസ്സു നിറഞ്ഞ സന്താഷം കൊണ്ട് ഒന്നു പൊട്ടിക്കരയണമെന്ന് നിങ്ങൾക്കു തോന്നിയ, എന്നാൽ പുറമേ കരയാതെ നിങ്ങൾ പിടിച്ചു നിന്ന, വളരെ പോസിറ്റീവായ, ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഏതെങ്കിലുമൊരു സന്ദർഭത്തെക്കുറിച്ചാണ് ഞാൻ ചോദിക്കുന്നത്.” ചോദ്യം അൽപ്പം കൂടി ജോസഫ് വിശദമാക്കി.

ആ ചോദ്യം എനിക്കു വല്ലാതെ ഇഷ്ടപ്പെട്ടു. കാരണം ആ പരിപാടിയുടെ പേരുപോലെ തന്നെ നേരിട്ടു ഹൃദയത്തിൽ നിന്ന് ഉത്തരം നൽകേണ്ട ഒരു ചോദ്യമായിരുന്നു അത്. ‘സ്ട്രെയിറ്റ് ഫ്രം ദ ഹാർട്ട്!’

അപ്പോൾത്തന്നെ ജോസഫിനെ ഒന്നു വിളിക്കണമെന്ന് എനിക്കു തോന്നി. പക്ഷെ മണിക്കൂറുകൾ നീണ്ട ആ യാത്രയ്ക്കിടയിൽ വല്ലാതെ ക്ഷീണിതനായിരുന്നതു കൊണ്ട് വിളിച്ചില്ല. പക്ഷെ ഓർമ്മകൾ വന്ന് ഹൃദയത്തിന്റെ വാതിലിൽ തെരുതെരെ മുട്ടിവിളിക്കാൻ തുടങ്ങി; തന്നോളം പ്രായമുള്ള ചില പച്ചകെടാത്ത ഓർമ്മകൾ!

1997 ൽ പതിനഞ്ചാം വയസ്സിൽ സെമിനാരിയിൽ ചേർന്നപ്പോൾ ഏറ്റവും നഷ്ടബോധവും ഗൃഹാതുരത്വവും തോന്നിയ കാര്യങ്ങളിൽ ഒന്നായിരുന്നു ജനിച്ചു വളർന്ന നാട്. കൊട്ടാരക്കരയിൽ നിന്നും അഞ്ചു കിലോമീറ്റർ വഴിയകലമുള്ള ഒരു ചെറിയ ഗ്രാമമായിരുന്നു അത്. ‘അലക്കുഴി’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന, ഒരാശുപത്രിയോ തപാലാപ്പീസോ ബസ് സർവീസുകളോ ഒന്നുമില്ലാതിരുന്ന, ചെമ്മൺ പാതകളാലും നാട്ടുവഴികളാലും സമൃദ്ധമായ ഒരിടം. പള്ളികളും പെരുന്നാളുകളും ക്ഷേത്രവും ഉത്സവങ്ങളും ഇടതു വലതു രാഷ്ട്രീയ പോരാട്ടങ്ങളും ഒക്കെച്ചേർന്ന് കുട്ടിക്കാലത്തിൽ കൗതുകം നിറച്ച ഒരിടം.

വല്യപ്പച്ചൻ തന്റെ നാലു ജ്യേഷ്ഠാനുജൻമാരോടൊത്ത് വർഷങ്ങൾക്കു മുമ്പ് കുടിയേറിപ്പാർത്ത സ്ഥലമാണത്. അഞ്ച് വല്യപ്പൻമാരും അവരുടെ മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെയായി നാലഞ്ചു തലമുറ അങ്ങനെ സ്നേഹിച്ചും കലഹിച്ചും മണ്ണിനോടു മല്ലിട്ടും കാലയാപനം ചെയ്തു കൊണ്ടിരിക്കുന്ന ദേശം!

വല്യപ്പച്ചൻ മരണപ്പെട്ട് തന്റെ പിതാക്കൻമാരോടു ചേർന്ന ശേഷം ആദ്യം ജനിച്ച ആൺതരിയായതുകൊണ്ടാവും വല്യപ്പച്ചന്റെ ഓർമ്മയിൽ ആ പേരു തന്നെയാണ് എനിക്കു സ്നാനപ്പേരായത് – ദാനിയേൽ! അങ്ങനെ വല്യപ്പച്ചനാൽ മുദ്രിതമായ അസ്തിത്വവും പേറി ഓടിക്കളിച്ചു നടന്ന ആ നാട് അത്രമേൽ ഇഴപിരിക്കാനാവാത്തവണ്ണം ഹൃദയത്തോട് മെല്ലെ ഒട്ടിച്ചേർന്നു. പിരിയേണ്ടി വന്നപ്പോഴാണ് ഞാൻ പോലും അതിന്റെ ആഴം തിരിച്ചറിഞ്ഞത്!

സെമിനാരിക്കാലത്ത് അവധി കിട്ടുമ്പോഴൊക്കെ നാട്ടിലേക്കും വീട്ടിലേക്കും ഓടിയെത്തുക എന്നത് പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷമായിരുന്നു. അങ്ങനെ വല്ലപ്പോഴും വന്നും പോയും പരിശീലനത്തിന്റെ പതിനൊന്നു വർഷങ്ങൾ കടന്നുപോയി. ഇതിനിടയിൽ ചില്ലറ പരിഷ്കാരങ്ങളൊക്കെ നാട്ടിൽ വന്നു. പുതിയ കച്ചവട സ്ഥാപനങ്ങൾ വന്നു. പഴയ ചെമ്മൺ പാതകൾക്കു പകരം ടാറിട്ട പുതിയ റോഡുകൾ വന്നു. ബസുകൾ ഓടിത്തുടങ്ങി. പക്ഷെ മണ്ണും മനുഷ്യരും ഒരു മാറ്റവുമില്ലാതെ അവശേഷിച്ചു!

2008 ഏപ്രിൽ രണ്ടിനായിരുന്നു പട്ടം കത്തീഡ്രൽ പള്ളിയിൽ വച്ച് ഞങ്ങൾ പത്തുപേരുടെ പൗരോഹിത്യ സ്വീകരണം. പിന്നെ മാതൃ ഇടവകകളിൽ വച്ച് പുത്തൻ കുർബാന. ഏപ്രിൽ 4 നായിരുന്നു അലക്കുഴി ഇടവകപ്പള്ളിയിൽ ഞാൻ ആദ്യമായി വിശുദ്ധ ബലിയർപ്പിച്ചത്.

പുത്തൻ കുർബാനയ്ക്കായി അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ തിരുമേനിക്കൊപ്പം നാട്ടിലേക്ക് ആദ്യമായി ചെന്ന ദിവസം നല്ല ഓർമ്മയുണ്ട്. ഇടവകപ്പള്ളിയിൽ നിന്ന് ഇരുനൂറു മീറ്റർ അകലെ നിന്നും ഇടവകക്കാരും മറ്റുള്ളവരും ചേർന്ന് ഒരു സ്വീകരണം സംഘടിപ്പിച്ചിരുന്നു. തിരുമേനിയുടെ കാറിൽത്തന്നെയാണ് സ്വീകരണ സ്ഥലത്തെത്തിയത്.

കറുത്ത പുറങ്കുപ്പായം ധരിച്ച് കാറിനു പുറത്തേക്കിറങ്ങിയപ്പോൾ സത്യത്തിൽ അമ്പരന്നു പോയി. കൊടിതോരണങ്ങൾ കൊണ്ട് ആ വഴി മുഴുവൻ അലങ്കരിച്ചിരിക്കുന്നു. നവവൈദികന്റെ ചിത്രം ആലേഖനം ചെയ്ത്, സ്വാഗതവും ആശംസകളും നേർന്നുകൊണ്ടുള്ള ബാനറുകൾ. മാലകൾ, പൂച്ചെണ്ടുകൾ, ശബ്ദഘോഷങ്ങൾ! സർവ്വത്ര ഒരാഘോഷമയം! അപ്പോഴും നാലുപേരുടെ മുന്നിൽ നിന്നാൽ മുട്ടുവിറയ്ക്കുന്ന ഒരു ചെറുപ്പക്കാരന്റെ ഹൃദയത്തിന് അതു താങ്ങാൻ കഴിയുമായിരുന്നില്ല.

എന്നാൽ എന്നെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചത് ആ വഴിക്കിരുവശവും തിങ്ങിനിറഞ്ഞ ജനക്കൂട്ടമാണ്. ഇടവകക്കാരും ബന്ധുക്കളും മാത്രമല്ല, നാട്ടുകാർ മുഴുവനുമുണ്ട്. അക്കൂട്ടത്തിൽ ഞാനിതുവരെ കണ്ടിട്ടില്ലാത്തവരും എന്നെ അറിയാത്തവർ പോലുമുണ്ടായിരുന്നു. ഒരു നാടിന്റെ ആഘോഷമായി അതവർ ഏറ്റെടുത്ത പോലെ! ജീവിതത്തിൽ ഇനി ഒരിക്കലും ആവർത്തിക്കാത്ത ഒരു നിമിഷമായിരുന്നു അത്. പ്രതീക്ഷയോടും സന്തോഷത്തോടും കൂടെ എന്നെ മാത്രം ഉറ്റുനോക്കുന്ന ആ ജനത്തിന്റെ സ്നേഹത്തിനു മുമ്പിൽ ഇടറുന്ന കാലുകളോടെ ഞാൻ നിന്നു. ജനങ്ങളുടെ ഹൃദയവികാരങ്ങൾക്കൊപ്പം കാൽച്ചുവട്ടിലെ മണൽത്തരികൾ പോലും അപ്പോൾ ആർത്തു വിളിക്കുന്ന പോലെ എനിക്കു തോന്നി.

അന്നും ഇന്നും നല്ലപോലെ അറിയാം, അതൊന്നും എന്റെ യോഗ്യതയേ ആയിരുന്നില്ല, മറിച്ച് ഇട്ടിരിക്കുന്ന തിരുവസ്ത്രത്തിന്റെ വിലയായിരുന്നു. വഴിക്കിരുവശവും തിക്കിത്തിരക്കി അവർ ഉറ്റുനോക്കിയത് എന്നെയായിരുന്നില്ല, ക്രിസ്തുവിനെയായിരുന്നു. അവന്റെ വസ്ത്രാഞ്ചലത്തിൽ സ്പർശിക്കാനായിരുന്നു അവർ കരങ്ങൾ നീട്ടിയത്. പുലരാനിരുന്ന ദു:ഖവെള്ളികൾക്കു മുമ്പുള്ള ഒരോശാന മാത്രമായിരുന്നു അത്. വ്യക്തിപരമായ ഒരു നേട്ടത്തിന്റേയും മുൻപിലല്ല, ക്രിസ്തുവിന്റെ പേരിൽ സ്വീകരിച്ചിരിക്കുന്ന പൗരോഹിത്യത്തിന്റെ മുന്നിലാണ് ആദരവോടെ അവർ കരങ്ങൾ കൂപ്പിയത്.

ഒക്കെ ഓർത്ത് ജനങ്ങൾക്കു മുന്നിൽ അങ്ങനെ നിന്നപ്പോൾ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വിങ്ങൽ. മൺപാത്രത്തിൽ ദൈവം വച്ചു തന്ന നിധിയെക്കുറിച്ചോർത്തപ്പോൾ ഉള്ളിൽ വല്ലാത്ത ആധി തോന്നി. അയോഗ്യതയുടെ പാനപാത്രത്തിൽ ആത്മാവ് തുള്ളിത്തുളുമ്പി. ദൈവത്തിന്റെ മുന്നിലെന്ന പോലെ പക്വതയെത്താത്ത വെറുമൊരു പച്ച മനുഷ്യന്റെ മുമ്പിൽ അവർ ശിരസ്സു നമിക്കുന്നതു കണ്ടപ്പോൾ കൈകാലുകൾ വിറച്ചു. ഹൃദയം വല്ലാതെ പിടയ്ക്കാൻ തുടങ്ങി. അപ്പോൾ സ്വർഗ്ഗത്തിലേക്കു നോക്കി ഉച്ചത്തിൽ ഒന്നു വാവിട്ടു നിലവിളിക്കണമെന്ന് എനിക്കു തോന്നി. ‘കർത്താവേ’ എന്നൊരു നിലവിളി തൊണ്ടയിൽ കുരുങ്ങി നിന്നു. പിന്നെ കണ്ണു നിറഞ്ഞു. മെല്ലെ മെല്ലെ കാഴ്ചകളും മറഞ്ഞു. അഭിവന്ദ്യ ബാവാ തിരുമേനിയുടെ കൈപിടിച്ച് അൾത്താരയിലേക്കു ഞാൻ നടന്നു കയറിയത് പിറന്ന നാടിന്റെ സ്നേഹക്കടലിൽ മുങ്ങിനിവർന്നാണ്. ആ നനവ് ആത്മശരീരങ്ങളിൽ ഇപ്പോഴും ബാക്കിനിൽക്കുന്നു!

കർത്താവിന്റെ അൾത്താരയിൽ ആദ്യമായി ബലിയർപ്പിച്ച ആ ഏപ്രിൽ 4 കഴിഞ്ഞിട്ട് ഇന്നു പതിമൂന്നു വർഷം! ഇനിയെത്ര വർഷം കഴിഞ്ഞാലും ക്രിസ്തുവിന്റേയും പൗരോഹിത്യത്തിന്റേയും വില കളയാതെ ജീവിക്കാൻ കഴിയണേ എന്ന ഒരു പ്രാർത്ഥനയേയുള്ളൂ! നന്ദി; പിറന്ന നാടിനും നാട്ടാർക്കും, അഭിഷേകം ചെയ്ത് അൾത്താരയിലേക്കു കൈപിടിച്ചു കയറ്റിയ ബാവാ തിരുമേനിക്കും പിന്നെ എല്ലാം ഒരിക്കൽകൂടി ഓർമ്മിപ്പിച്ച ജോസഫ് അന്നംകുട്ടി ജോസിനും!

Fr. Sheen Palakkuzhy

നിങ്ങൾ വിട്ടുപോയത്