വാക്കും പ്രവർത്തിയും ഒന്നായിരിക്കണമെന്ന് ആഗ്രഹിക്കുകയും അതിന്റെ പൂർത്തീകരണത്തിനായി ആത്മാർത്ഥമായി പരിശ്രമിക്കുകകയും അതിൽ വിജയിക്കുകയും ചെയ്ത അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു ഇ. ഡി. പോളച്ചൻ. പോളച്ചനെ കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടി എത്തുന്ന ചിത്രവും ഇതാണ്.2020 ജനുവരി 20 ആം തിയതി നമ്മെ വിട്ടുപിരിഞ്ഞ പോളച്ചൻ തന്റെ സ്വർഗ്ഗീയ പ്രവേശനത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുമ്പോൾ പോളച്ചനെ കുറിച്ചുള്ള ധന്യവും ദീപ്തവുമായ ഓർമ്മകൾക്ക് മുന്നിൽ ഓരോ കുഞ്ഞുമിഷനറിമാരോടൊപ്പം ഞാനും പ്രണാമം അർപ്പിക്കുന്നു. സ്വർഗത്തിൽ ആയിരുന്നുകൊണ്ട് ഞങ്ങളുടെ വിശുദ്ധീകരണത്തിനായും സ്വർഗ്ഗരാജ്യ പ്രവേശനത്തിനായും ഈശോയുടെ പക്കൽ മാധ്യസ്ഥം വഹിക്കണമേ എന്ന് ഞങ്ങൾ യാചിക്കുകയും ചെയ്യുന്നു.
1984-85 കാലഘട്ടത്തിൽ കൂടലാപ്പാട് ശാഖയുടെ പ്രസിഡന്റ്‌ ആയി മേഖല മാനേജിങ് കമ്മിറ്റികളിൽ പങ്കെടുക്കുവാൻ ചെല്ലുമ്പോൾ വിമലഗിരി ശാഖയുടെ പ്രസിഡന്റ്‌ ആയി പോളച്ചനും അവിടെ ഉണ്ടായിരുന്നു. അന്നുമുതൽ തുടങ്ങിയ 37 വർഷം നീണ്ട സൗഹൃദം ആണ് പോളച്ചനുമായി എനിക്ക് ഉണ്ടായിരുന്നത്. എന്റെ സൗഹൃദ കാലയളവിൽ ഒരിക്കൽ പോലും പോളച്ചനുമായി പിണങ്ങേണ്ടി വന്നിട്ടില്ല എന്നത് പോളച്ചന്റെ മഹത്വം ഒന്നുകൊണ്ടു മാത്രം ആണെന്ന് ഞാൻ ഇന്ന് തിരിച്ചറിയുന്നു.
മരിക്കാത്ത എത്രയോ ഓർമ്മകൾ ആണ് പോളച്ചനുമായി ഞങ്ങളുടെ തലമുറയിൽ പെട്ടവർക്ക് ഉണ്ടാവുക എന്ന് ഞാൻ ചിന്തിച്ചു പോകുന്നു. പരിചയപെട്ടവരുടെ ഒക്കെ ഹൃദയങ്ങളിൽ കയറിപ്പറ്റാൻ പോളച്ചന് ഒരു പ്രത്യേക കഴിവ് തന്നെ ഉണ്ടായിരുന്നു.പോളച്ചൻ തനിക്കൊപ്പം പ്രവർത്തിച്ചിരുന്നവരുടെ മാത്രം പ്രചോദനം ആയിരുന്നില്ല തനിക്ക് മുന്നേ നടന്നവർക്കും തന്നോടൊപ്പം പ്രവർത്തിച്ചിരുന്നവർക്കും തനിക്ക് ശേഷം പലതലമുറകളിൽ നിന്ന് വന്നു പ്രവർത്തിച്ചവർക്കും പോളച്ചൻ എന്നും പ്രചോദനം ആയിരുന്നു. ഞങ്ങടെ തലമുറക്ക് പോളച്ചനും അടുത്ത തലമുറക്ക് പോളച്ചൻ ചേട്ടനും തുടർന്ന് വന്നവർക്ക് പോളച്ചൻ സാറുമായി പരിചയപ്പെട്ട ഓരോ മിഷൻലീഗ്കാരിലും മരിക്കാതെ ജീവിക്കുകയാണ് ഇ. ഡി. പോളച്ചൻ എന്ന് നിസ്സംശയം പറയാൻ എനിക്ക് കഴിയും.
താൻ വളരുന്നതിനേക്കാൾ താൻ കൊണ്ടു വന്നവരും തനിക്ക് ശേഷം വന്നവരും വളരുന്നത് കണ്ടു ആത്മസംതൃപ്തി അടയുന്ന വ്യക്തി ആയിരുന്നു പോളച്ചൻ.1990 കളിൽ ഞാൻ മേഖല സെക്രട്ടറി ആകുമ്പോൾ ഓർഗനൈസർ ആയി എനിക്ക് താങ്ങും തണലും ആയത് ബഹുമാനപ്പെട്ട പോളച്ചൻ ആയിരുന്നു. അതിനു ശേഷം ഞാൻ രണ്ട് വട്ടം കാഞ്ഞൂർ മേഖല പ്രസിഡന്റ്‌ ആയപ്പോഴും ഒരു ഭാരവാഹി പോലും അല്ലാത്തിരുന്നിട്ടും കലോത്സവങ്ങളുടെയും ക്യാമ്പുകളുടെയും സെമിനാറുകളുടെയും വിജയകരമായ നടത്തിപ്പിൽ പോളച്ചൻ നൽകിയിട്ടുള്ള പിന്തുണ ഒട്ടും ചെറുതായിരുന്നില്ല. അരങ്ങത്ത് വന്നു നേതൃത്വം കൊടുക്കുന്നതിനേക്കാൾ അണിയറയിൽ ജോലിയെടുത്ത് തളർന്നു ഇല്ലാതാകാൻ ഒരു പോളച്ചൻ ഉണ്ടായിരുന്നതാണ് അന്നത്തെ ഞങ്ങളുടെ സംഘടനാ പ്രവർത്തനത്തിന്റെ ശക്തിയും പ്രചോദനവും.
മറ്റുള്ളവരുടെ അഭിപ്രായം കേൾക്കാനും അതിലെ ശരി ഉൾക്കൊള്ളാനും ആ ശരി മറ്റുള്ളവരെ മനസ്സിൽ ആക്കാനും എതിരഭിപ്രായം ഇല്ലാതെ എല്ലാരേയും ഒരുമിച്ചു കൊണ്ടു പോകാനും പോളച്ചൻ കാണിച്ചിട്ടുള്ള വൈഭവം എടുത്തു പറയേണ്ടത് തന്നെ ആണ്. തനിക്ക് ശേഷം വന്നവർ സംഘടനയിൽ ഉന്നത പദവികളിൽ എത്തിയപ്പോഴും പരാതികളില്ലാതെ അവർക്ക് പിന്നിൽ ആത്മാർത്ഥമായി പണിയെടുത്തിരുന്ന പോളച്ചൻ എത്രയോ വർഷങ്ങൾക്ക് ശേഷം ആണ് ഒരു തവണയെങ്കിലും കാഞ്ഞൂർ മേഖല പ്രസിഡന്റ്‌ ആയത് എന്നതും നാം മനസ്സിലാക്കേണ്ടത് ആണ്.
1990 കളിലാണ് സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ടു ഞാൻ വിമലഗിരിയിൽ എത്തുന്നത്.12 മണി വരെ വാണിഭത്തടം പള്ളിയിലും ഹാളിലും സൺഡേ സ്കൂൾ കഴിഞ്ഞു നടക്കുന്ന ദിവ്യബലിക്ക് ശേഷം കൂടുന്ന CML മീറ്റിങ്ങിൽ പോളച്ചന്റെ നേതൃത്വത്തിൽ നൂറു കണക്കിന് കുട്ടികൾ ആണ് പങ്കെടുത്തിരുന്നത്. വിമലഗിരിയിലെ ആ തലമുറയിലേക്ക് കടന്നു കയറാനുള്ള ഗോവണി ആയിരുന്നു എനിക്ക് പോളച്ചൻ. മറ്റുള്ളവരെ പരിചയപ്പെടുത്താനും അവരെക്കുറിച്ച് പറയാനും ഒക്കെ പോളച്ചൻ കാണിച്ച മിടുക്കാണ് വിമലഗിരിയിലെ എന്റെ വലിയൊരു സൗഹൃദനിര. വിമലഗിരിയിലെ 35-50 വയസ്സിനിടയിലുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതിലും അവരെ പള്ളിയോട് ചേർത്തു നിറുത്തിയതിലും പോളച്ചന്റെ പങ്ക് എനിക്ക് വിസ്മരിക്കാനാവില്ല.
എന്നും സഭയുടെ ഭാഗം ആയിരുന്നു പോളച്ചൻ.സഭയുടെ വിശുദ്ധിക്ക് നിരക്കാത്ത ഒരു വാക്കോ പ്രവർത്തിയോ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തെറ്റുകണ്ടാൽ അതിനെതിരെ ശക്തമായി പ്രതികരിക്കുമ്പോഴും കാര്യങ്ങൾ അതിരുവിടാതെ നോക്കാൻ നീതിയുടെ വശത്ത് തന്നെ നിൽക്കാൻ പോളച്ചൻ എന്നും ശ്രദ്ധിച്ചിരുന്നു. ഇടവക വികാരിമാരും മറ്റു വൈദീകരും സന്യസ്തരുമായിട്ട് ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിക്കുന്നതിൽ എപ്പോഴും ജാഗ്രത കാട്ടിയിരുന്ന വ്യക്തിത്വം ആയിരുന്നു പോളച്ചൻ.
ഏകദേശം മൂന്നര പതിറ്റാണ്ട് കാലം ഒരു മതാധ്യാപകനായിരുന്ന പോളച്ചനെ ഒരിക്കലെങ്കിലും ഒരു മാതാധ്യാപകന്റെ വിശുദ്ധിക്ക് നിരക്കാത്ത മേഖലയിൽ കണ്ടുമുട്ടുവാൻ ഒരു വിദ്ധ്യാർത്ഥിക്കും കഴിഞ്ഞിട്ടില്ലെങ്കിൽ എത്രയോ വിശുദ്ധിയോടെ ആണ് മതാധ്യാപകൻ എന്ന റോൾ അദ്ദേഹം നിറവേറ്റിയിരുന്നത് എന്ന് നാം മനസ്സിൽ ആക്കണം. മതബോധനകേന്ദ്രം സെക്രട്ടറി, ഹെഡ്മാസ്റ്റർ, കൌൺസിൽ അംഗം എന്നീ നിലകളിലും പോളച്ചന്റെ പ്രവർത്തനങ്ങൾ എന്നും മാതൃകപരമായിരുന്നു എന്നതിൽ സംശയം ഇല്ല.
കുടുംബത്തെ തന്നെ പൂർണ്ണമായും സഭയുടെ ഭാഗവും സംഘടനാപ്രവർത്തനത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകവും ആക്കിയ വ്യക്തി ആയിരുന്നു പോളച്ചൻ. സംഘടനാ റാലികളിലും മറ്റും കുടുംബസമേതം പങ്കെടുക്കുന്ന പോളച്ചൻ മകൾ അതിരൂപതാ വൈസ് പ്രസിഡന്റ്‌ ആയത് കണ്ടാണ് ഈ ലോകത്തോട് വിട പറഞ്ഞത്. CML സ്ഥാപക നേതാവ് കുഞ്ഞേട്ടനോടൊപ്പം എടുത്ത് സൂക്ഷിച്ചിട്ടുള്ള ഫോട്ടോ പോളച്ചന്റെ ഏറ്റവും വിലപ്പെട്ട വസ്തുക്കളിൽ ഒന്ന് മാത്രം ആയിരുന്നു.
ആഴമായ പ്രാർത്ഥനയുടെ മനുഷ്യൻ ആയിരുന്നു പോളച്ചൻ.2005-ൽ ഓപ്പറേഷന് വിധേയനായി നീണ്ട കാലം കഴിഞ്ഞപ്പോഴും ഒരിക്കൽ പോലും തന്റെ രോഗത്തെ പ്രതി നിരാശ പ്രകടിപ്പിക്കാതെ എപ്പോഴും പ്രത്യാശയോടെ നോക്കിക്കാണാനുള്ള പോളച്ചന്റെ മനോഭാവം എടുത്തു പറയേണ്ടത് തന്നെ ആണ്. അന്ത്യനാളുകളിൽ ICU വിൽ പോയി കണ്ടപ്പോഴും ഞാൻ തിരിച്ചു വരും വീണ്ടും ഉഷാറാകണം എന്ന് തന്നെ ആണ് അദ്ദേഹത്തിന് പറയാൻ ഉണ്ടായിരുന്നത്.
തികച്ചും മാതൃകാപരമായ ഒരു ജീവിതത്തിന്റെ ഉടമ ആയിരുന്നു ഇ. ഡി. പോളച്ചൻ. ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റവും നന്നായി ചെയ്തു തീർക്കണമെന്ന വാശി പോളച്ഛനുണ്ടായിരുന്നു. പോളച്ചന്റെ ജീവിതമാതൃക അനേകർക്ക് പ്രചോദനം ആകേണ്ടതാണ് എന്നതിൽ സംശയം ഇല്ല. ഒരു വിശ്വാസി എന്നപോലെ തന്നെ ഒരു സമൂഹജീവി കൂടിയായിരുന്നു പോളച്ചൻ.മലയാറ്റൂർ -നീലിശ്വരം സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമായി സ്തുത്യർഹമായ സേവനം ചെയ്ത പോളച്ചന്റെ കൂടി ശ്രമഫലമാണ് ബാങ്കിന്റെ കാടപ്പാറ ശാഖ. പഴയ വിമലഗിരിയിൽ നിന്നും ഇന്നത്തെ വിമലഗിരിയിലേക്കുള്ള പരിണാമത്തിൽ പോളച്ചനെ ഒഴിവാക്കി നിറുത്തി വിമലഗിരിയുടെ ചരിത്രം രചിച്ചാൽ ആ ചരിത്രം പൂർണ്ണമാകുമോ?
പോളച്ചന്റെ കുടുംബത്തെ കുറിച്ച് കൂടി പറയാതെ പോയാൽ ഈ കുറിപ്പ് അപൂർണ്ണമാകും എന്ന് എനിക്കുറപ്പുണ്ട്. വിമലഗിരി ശാഖയിൽ സന്ദർശനത്തിനു വന്നാൽ പോളച്ചന്റെ മാതാവ് സ്നേഹത്തോടെ വിളമ്പി തന്ന ഭക്ഷണം കഴിക്കാതെ ഞാൻ പോന്നിട്ടില്ല. എത്ര പ്രാവശ്യം ആ വീട്ടിൽ ഞാൻ പോയിരിക്കുന്നു. ആ കുടുംബവുമായും സഹോദരി -സഹോദരന്മാരുമായും ഒരാത്മബന്ധം തന്നെ എനിക്കുണ്ടായിരുന്നു. പോളച്ചന്റെ ജീവിതത്തിലെ ഒട്ട് മിക്ക ചടങ്ങുകളിലും എന്റെ സാന്നിധ്യം ഉണ്ടായിരുന്നിട്ടുണ്ട്. പോളച്ചന്റെ സഹധർമ്മിണി മോളി ഒരു അസാധാരണ വ്യക്തിത്വത്തിന്റെ ഉടമയാണ്. എപ്പോഴും ഭർത്താവിനോട് ചേർന്നു നിന്ന് ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ നിറവേറ്റുന്നതിൽ വളരെ ശ്രദ്ധാലുവായിരുന്നു. വിവാഹത്തിന്റെ മധുരനാളിൽ തന്നെ ഭർത്താവ് രോഗിയാവുകുക, ബാക്കി ജീവിതം മുഴുവൻ ഭർത്താവിന്റെ ചികിത്സക്കായി നീക്കിവയ്‌ക്കേണ്ടി വരിക, സമ്പാദ്യം ഒന്നും ഇല്ലാതാവുക, തൊഴിലിനുപോലും ശരിയാവിധത്തിൽ പോകാൻ കഴിയാതെ വരിക ഏതൊരു സ്ത്രീയും തകർന്നുപോകുമായിരുന്നു. അവൾ പിടിച്ചു നിന്നത് ദൈവാശ്രയ ബോധം ഒന്ന് കൊണ്ടു മാത്രം ആയിരുന്നു. പോളച്ചന്റെ അവസാന നാളുകളിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ വാശിപിടിക്കുമ്പോഴും എല്ലാം ചെയ്തു കൊടുത്തു കൂടെ തന്നെ മോളി ഉണ്ടായിരുന്നു. മകൾ അലീന പ്രായത്തിൽ കവിഞ്ഞ പക്വതയോടെ അവളുടെ അപ്പക്ക് ഒപ്പം ആയിരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഒരു ഭാര്യ എന്ന നിലയിലും ഒരു മകൾ എന്ന നിലയിലും എങ്ങനെ ഒക്കെ കടമകൾ നീർവ്വഹിക്കണമോ അതിലേറെ മോളി തന്റെ ഭർത്താവിനോടും അലീന തന്റെ അപ്പയോടും പെരുമാറുന്നത് എന്റെ കണ്ണുകളെ ഈറൻ അണിയിച്ചിട്ടുണ്ട്..കൂടാതെ രണ്ട് അനിയന്മാരും അളിയൻ വർഗീസും ആ കുടുംബത്തിനൊപ്പം താങ്ങായി എപ്പോഴും ഉണ്ടായിരുന്നു. കാരണം അവർക്ക് എന്നും ഒരു വല്യേട്ടൻ തന്നെ ആയിരുന്നു പോളച്ചൻ. നിങ്ങൾ പോളച്ചനോട് കാട്ടിയ സ്നേഹ ബഹുമാനങ്ങൾക്കും പരിചരണത്തിനും ദൈവം പ്രതിഫലം തരാതിരിക്കില്ല എന്ന് മാത്രമേ പറയാനുള്ളൂ.


പ്രിയ കൂട്ടുകാരാ നിന്നെ അറിയുന്നവർക്ക് എല്ലാം നിന്നെക്കുറിച്ച് പറയാൻ ഏറെ ഉണ്ടാകും. ഒരു ഉത്തമ വിശ്വാസി, CML അംഗം, മതാധ്യാപകൻ, സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ നിന്റെ പ്രവർത്തന മണ്ഡലത്തിൽ നിനക്ക് പകരം വയ്ക്കാനാവാത്ത വിധം മാതൃകാപ്രവർത്തനങ്ങളിലൂടെ കടന്നു പോയവനാണ് നീ. ആർക്കും മായ്ക്കാനാവാത്ത വിധം ഭൂമിയിൽ സ്വന്തം കയ്യൊപ്പ് പതിപ്പിച്ചു കടന്നുപോയവൻ. നീ തെളിച്ച മാതൃക എന്നും ഞങ്ങൾക്ക് പ്രചോദനം ആയിരിക്കും എന്നതിൽ സംശയം ഇല്ല. ദൈവം അനുഗ്രഹിച്ചാൽ നീ ആയിരിക്കുന്നിടത്തു വച്ചു നിന്നെ ഒരിക്കൽ കണ്ടുമുട്ടാം എന്ന വലിയ പ്രതീക്ഷയോടെ നിന്നെക്കുറിച്ചുള്ള ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ ഒരിക്കൽക്കൂടി പ്രണാമം അർപ്പിച്ചു കൊണ്ടു നിറുത്തട്ടെ

സ്നേഹത്തോടെ
സെബി ഇഞ്ചിപ്പറമ്പിൽ,
മുൻ പ്രസിഡന്റ്‌,
എറണാകുളം -അങ്കമാലി അതിരൂപതാ.
85471 88941.

നിങ്ങൾ വിട്ടുപോയത്

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.