സുറിയാനി സഭയുടെ മിഷൻ വാരം അവസാനിക്കുമ്പോൾ ഈ സഭയുടെ മക്കൾ ചെയ്ത പ്രവർത്തനങ്ങളെ വിസ്മരിക്കാൻ പാടില്ല. ആയിരക്കണക്കിന് മിഷനറിമാരെ നോർത്ത് ഈസ്റ്റിനു സമ്മാനിച്ചത്തിന്റെ ഫലം ഇവിടെ കാണാൻ കഴിയും. ആകസ്മികമായി സംഭവിച്ച ഒന്ന് ആയിരുന്നില്ല ഈ മാറ്റം, മറിച്ച് ചില ശില്പികളുടെ ബുദ്ധിപരമായ ഇടപെടലുകൾ ഇതിന് പിന്നിലുണ്ട്.

കോഹിമ രൂപതയുടെ പ്രധമ ബിഷപ്പ് എബ്രഹാം എലഞ്ഞിമറ്റത്തിന്റെ നേതൃപടവമാണ് വെറും 45 വർഷം കൊണ്ട് 87% ക്രിസ്ത്യൻസ്‌ ഉള്ള സംസ്ഥാനമായി നാഗാലാ‌ൻറ്റിനെ മാറ്റിയത്. അദ്ദേഹത്തിന്റെ സഹയാത്രികനായി പ്രവർത്തിച്ച ഫാ. പി. വി. ജോസഫിന്റെ അനുഭവങ്ങൾ ഈ ദിനത്തിന്റെ ചൈതന്യം ഉൾകൊള്ളാൻ നമുക്ക് പ്രചോതനമാകട്ടെ.

ചെങ്ങനാശ്ശേരി അതിരൂപതയിലെ പുരാതന ഇടവകയായ ഇടതുവായിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ ത്രേസ്യാമ്മ വർഗീസ് ദമ്പതികളുടെ മൂത്ത മകനായി ഔസേപ്പുഞ്ഞ് ജനിച്ചു. (1938 ഒക്ടോബർ 12). ആദ്യം ജനിച്ച മൂന്ന് പെൺകുട്ടികൾ ചെറുപ്പത്തിലേതന്നെ മരിച്ചു പോയിരുന്നു. അതിനാൽ വലിയ പ്രതീക്ഷയോടെ ആണ് ഔസെപ്പുഞ്ഞു വളർന്നത്.

കളരി മുതൽ നാലാം ക്ലാസ്സ്‌ വരെ St Alocious വിദ്യാലയത്തിൽ പഠിച്ചു. മാതാപിതാക്കൾ ഫ്രാൻസിസ്കൻ മൂന്നാം സഭയിൽ അംഗങ്ങൾ ആയിരുന്നതിനാൽ വിശുദ്ധ ഫ്രാൻസ് അസ്സസ്സീയുടെ പ്രത്യേക ഭക്തൻ ആയിരുന്നു ഔസേപുഞ്. പിതാവ് വര്ഗീസ് വീടിനടുത്തു ഒരു പലചരക്കു കട നടത്തിയിരുന്നു. വീട്ടിലെ മൂത്ത മകനായതിനാൽ പഠനത്തോടൊപ്പം പല ഉത്തരവാദിത്തങ്ങളും ഔസേപ് നോക്കിനടത്തിയിരുന്നു. സമയം കിട്ടുബോൾ പീഡികയിൽ സാധനം എടുത്തു കൊടുക്കുന്നതിനും കണക്ക് കൂട്ടി പണം വാങ്ങുന്നതിനും എല്ലാം പിതാവായ വർഗീസ്നെ സഹായിക്കുമായിരിന്നു. അങ്ങനെ ഒരു ദിവസം സാധനം എടുത്തു കൊടുക്കുന്നതിനിടെ ഒരു സുഹൃത്തു വന്ന് “ഔസെപ്പുഞ്ഞ് സെമിനാരിയിൽ പോകുന്നോ ” എന്ന് ചോദിച്ചു. ഒന്നും ആലോചിക്കാതെ “വീട്ടിൽ ചോദിച്ചിട്ടു പറയാം” എന്ന് മറുപടി പറഞ്ഞു. ഫാ. പീറ്റർ ബിയാഞ്ചി എന്ന സലേഷ്യൻ വൈദികൻ ആസ്സാം മിഷന്നായി കുട്ടികളെ കൊണ്ടു പോയിരുന്നത് ഈ സുഹൃത്തു വഴിയായിരുന്നു. ഒരാൾ പെട്ടന്ന് പിന്മായ ഒഴുവിലേക്ക് ആളെ തികയ്ക്കാനായി ഓടി നടക്കുന്നതിന് ഇടയിലാണ് ഈ ക്ഷണം നടത്തിയത്.

കടയിലെ കാര്യങ്ങൾ നോക്കിനടത്തിയിരുന്നതിനാൽ അപ്പച്ചൻ സമ്മതിക്കാൻ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് അമ്മച്ചി പറഞ്ഞു. എങ്കിലും പ്രതീക്ഷ കൈവെടിയാതെ അന്ന് വൈകുന്നേരം പതിവുപോലെ സാന്ത്യപ്രാത്ഥനയ്ക്ക് ശേഷം അത്താഴസമയത് കാര്യങ്ങൾ അവതരിപ്പിച്ചു. “നിനക്ക് ഇഷ്ടമാണെങ്കിൽ പൊയ്ക്കോളൂ ” എന്ന് ഒട്ടും പ്രേതീക്ഷിക്കാത്ത മറുപടിയും ലഭിച്ചു. പിന്നെ ഒന്നും നോക്കിയില്ല, ഉടനെ തന്നെ കൽക്കട്ടിൽ എത്തി, 1953 ബത്തേൽ സെമിനാരിയിൽ ചേർന്ന് പഠനം ആരംഭിച്ചു. രണ്ട് വർഷത്തിന് ശേഷം അവധിക്കു നാട്ടിൽ വന്നപ്പോൾ തിരിച്ചു പോകാൻ അപ്പൻ സമ്മതിച്ചില്ല. കുടുംബം നോക്കി നടത്തേണ്ടവൻ നഷ്ടപ്പെടുമോ എന്ന സാധാരണ പിതാവിന്റെ സ്വാർത്ഥത ആയി മാത്രം ഇതിനെ കണ്ടാൽ മതി. അങ്ങനെ കടയിലെ ജോലികളുമായ് ഒരു വർഷം കഴിഞ്ഞു. ഒരു ആൺകുട്ടി ഉണ്ടായാൽ അപ്പൻ സമ്മതിക്കും എന്ന് വിചാരിച്ചു അന്നു മുതൽ പ്രാത്ഥന ആരംഭിച്ചു. അങ്ങനെ ഇരിക്കെ അമ്മച്ചി വീണ്ടും ഗർഭിണി ആയി. അന്നത്തെ ഇടതുവാ വികാരിയച്ഛൻ ഫാ. ആലഞ്ചേരിയുടെ അടുത്ത് പ്രാത്തിക്കാനായി നിറവയറുമായി അമ്മ പോയപ്പോൾ തന്നെയും കൊണ്ടുപോയി. മകന് സെമിനാരിയിൽ ചേരാനുള്ള ആഗ്രഹവും, ആൺകുഞ്ഞ് ഇല്ലാത്തതിനാൽ അപ്പച്ചൻ സമ്മതിക്കാത്തതും, കടയിലെ ആവശ്യങ്ങളുമെല്ലാം അമ്മച്ചി വേദനയോടെ പറഞ്ഞു. അന്ന് ആ ആത്മീയ പിതാവ് അമ്മച്ചിയെ അനുഗ്രഹിച്ചു കൊണ്ട് പറഞ്ഞു ” മകന്റെ ആഗ്രഹം ദൈവം കണ്ടിരിക്കുന്നു, ഈ വയറ്റിൽ വളരുന്ന കുഞ്ഞ് ആണ് ആയിരിക്കും ” പിന്നീട് അച്ഛൻ പറഞ്ഞത് സത്യമായി.

ഇതിനിടയിൽ വീട്ടിൽ കല്യാണ ആലോചന ആരംഭിച്ചു. ഒരു ദിവസം കടയിൽ നിൽക്കുമ്പോൾ അപ്പച്ചെന്റ കൂട്ടുകാരൻ വന്ന് വരുന്ന ഞായറാഴ്ച നമുക്ക് പെണ്ണ് കാണാൻ പോകണം എന്ന് പറഞ്ഞു. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് തോന്നിയതിനാൽ ആരോടും പറയാതെ ഒളിച്ചോടാൻ തീരുമാനിച്ചു. കൂട്ടുകാരെ വീട്ടിൽ അറിയിക്കേണ്ട വിവരങ്ങൾ പറഞ്ഞ് ഏൽപ്പിച്ച ശേഷം നേരെ കൽക്കറ്റയ്ക്കു തിരിച്ചു. അങ്ങനെ മെട്രിക് പഠനം കഴിഞ്ഞു, നോവിസിയേറ്റ് തീർത്ത്, ളോഹ കിട്ടിയതിനു ശേഷമാണ് വീട്ടിൽ വന്നത്. (അതിനിടയിൽ കടയിൽ സഹായിക്കാൻ ശിവൻ എന്ന വിശ്യസ്തനായ ആളിനെ ലഭിച്ചതിനാൽ അപ്പച്ചൻ സന്തോഷവാനായി) എഴുപത് വർഷത്തിന് ശേഷം ഈ സംഭവം പറയുമ്പോൾ അൽപ്പം കാല്പനികതയോടെ അന്നത്തെ ആ പെൺകുട്ടിയെ കാണാനുള്ള ആഗ്രഹം അച്ഛൻ പ്രേകടിപ്പിച്ചത് കണ്ടു.

സിലിഗുരിയിലും സോനാടയിലുമായി പ്രവൃത്തി പരിശീലനം പൂർത്തിയാക്കി കോട്ടഗിരിയിൽ ദൈവശാസ്ത്ര പഠനം ആരംഭിച്ചു. രണ്ടാം വർഷത്തെ അവധിക്കു ഷില്ലോങ്ങിൽ വന്നപ്പോൾ തിരുനാളിൽ സഹായിച്ചുകൊണ്ടിരിക്കുബോളാണ് പ്രൊവിൻഷ്യൽ വന്ന് റോമിൽ പഠിക്കാൻ പോകുവാൻ ആവശ്യപ്പെട്ടത്. ആ സമയത്ത് ഗോവണിയിൽ നിന്ന് ഇറങ്ങി വന്നാണ് അറിയിപ്പ് സ്വീകരിച്ചത്‌. ഇറ്റലിയൻ ഭാഷ പരിശീലിക്കാതെ നടത്തിയ ദൈവശാസ്ത്ര പഠനം മണ്ടൻ തീരുമാനം ആയിരുന്നു എന്ന് ഇന്ന് തോന്നുന്നു. വളരെ കഷ്ടപ്പെട്ടാണ് ഭാഷയോട് പൊരുത്തപ്പെട്ടത്. റോമിൽ പഠിക്കുന്ന സമയത്ത് ഫാ മരക്കിനോ പലപ്പോഴും കാണാൻ വരുമായിരുന്നു. പാർക്കുകളിൽ ഇരുന്ന് മണിക്കൂറുകൾ അദ്ദേഹവുമായി സംസാരിക്കുമായിരുന്നു. ഇറ്റലിയൻ ആയതിനാൽ നാഗാലാ‌ൻറ്റിൽ നിന്നും മടങ്ങേണ്ടി വന്ന മിഷനറി ആയിരുന്നു അദ്ദേഹം. താൻ ആരംഭിച്ച വില്ലേജ് കളിലെ വിശേഷം ആവേശത്തോടെ അറിയാൻ ആ വൈദികൻ ആഗ്രഹിക്കുന്നത് കാണാൻ കഴിഞ്ഞു. “എനിക്ക് എങ്ങനെ എങ്കിലും കോഹിമയ്ക്കു പോകണം ” എന്ന് പറഞ്ഞു കരഞ്ഞത് ഓർക്കുന്നു. അദ്ദേഹവുമൊത്തു ചിലവിട്ട നിമിഷങ്ങൾ മിഷനറി ചൈതന്യം പകരാൻ ഇടയാക്കി. പഠനത്തിൽ കഴിവ് തെളിയിക്കാൻ കഴിഞ്ഞില്ല്ലെങ്കിലും ഇങ്ങനെ ഉള്ള നല്ല ആളുകളെ പരിചയപ്പെടാൻ കഴിഞ്ഞു. പഠനം പൂർത്തിയാക്കി 1968 റോമിൽ വച്ച് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് റോമിലെ ഗ്രേഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 1971 ൽ മിസൈയോളജിയിൽ ബിരുദാനന്തര ബിരുദം നേടി നാട്ടിൽ തിരിച്ചു വന്നു.

ആദ്യത്തെ ചുമതല ഡിബർഗർഡ്ലെ ഡോൺ ബോസ്കോ സ്കൂളിൽ സഹായിക്കാൻ ആയിരുന്നു. എന്നിരുന്നാലും അനൗദ്യോഗികമായി ബിഷപ്പ് റോബർട്ട്‌ നെ ഓഫീസ് കാര്യങ്ങൾക്ക് സഹായിച്ചിരുന്നു. രൂപതയുടെ പ്രവർത്തനം മനസ്സിലാക്കാൻ ഈ ബന്ധം പിന്നീട് ഉപകാരപ്പെട്ടു. 1973 ൽ നാഗാലാ‌ൻറ്റിലെ കോഹിമയിൽ സഹ വികാരിയായി നിയോഗിക്കപ്പെട്ടു. കോഹിമയിലെ സേമ എന്ന വർഗ്ഗക്കാർക്ക് വേണ്ടി കുർബാന ചൊല്ലാൻ പോകുമായിരുന്നു. ഫാ മറക്കിനോ എന്ന ഇറ്റലിയൻ അച്ഛൻ ആയിരുന്നു ആ മിഷൻ ആരംഭിച്ചത്. എല്ലാ ഞായറാഴ്ചകളിലും പോയിരുന്നതിനാൽ അവരുടെ ഭാഷ കുറെ പഠിച്ചു.

ആ സമയത്ത് ഡിബർഗർഡ്ലെ വികാരി ജനറൽ ആയിരുന്ന ഫാ അബ്രഹാം ഇലഞ്ഞിമറ്റം കോഹിമ-ഇമ്ഫൽ രൂപതയുടെ അദ്ധ്യഷനായി നിയോഗിക്കപ്പെട്ടു. നേരത്തെ പരിചയം ഉണ്ടായിരുന്നതിനാൽ പിതാവിന്റെ സ്ഥാനരോഹാണപരിപാടികൾ തന്നെയാണ് ഏല്പിച്ചത്. തുടർന്ന് നീണ്ട ഇരുപതു വർഷം പിതാവിന്റെ സെക്രട്ടറി ആയി സേവനം അനുഷ്ഠിച്ചു.

നാഗാലാ‌ൻറ്റിന്റെ പശ്ചാത്തലം

സുവിശേഷ വൽക്കരണം മാത്രമായിരുന്നില്ല ഒരു പുതിയ സംസ്കാരം രൂപപ്പെടുത്തുക കൂടി ആയിരുന്നു ബിഷപ്പ് എബ്രഹാം മിന്റെ ശൈലി. ചെറു കുട്ടികൾ പോലും കൊലപാതക രീതിയിൽ പെരുമാറിയിരുന്നു. ഒരിക്കൽ വില്ലേജ് കുട്ടികൾക്ക് ഒപ്പം കളിക്കുമ്പോൾ അവർ തമ്മിൽ പറയുന്നത് കെട്ടു “നമുക്ക് ഈ അച്ഛനെ കൊല്ലാം ” എന്ന്. തല വെട്ടുക (head hunting ) എന്നത് അവരുടെ സാധാരണ വിനോദങ്ങളിൽ ഒന്നായിരുന്നു. മൃഗങ്ങളെയും മനുഷ്യനെയും തമ്മിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എതിരാളികളുടെ വില്ലേജിൽ ചെന്ന് അമ്മയുടെ കൈയ്യിൽ നിന്നും കുഞ്ഞുങ്ങളെ പിടിച്ചുപറിച്ചു കൊല്ലുന്നത് വലിയ ധൈര്യമായി അവർ കരുതിയിരുന്നു. തനിയെ യാത്ര ചെയ്യുമ്പോൾ നാക്സൽ വിഭാവങ്ങൾ വന്ന് ആയുധം കാണിച്ചു പണം അപഹരിച്ച ഒത്തിരി അനുഭവങ്ങൾ ഉണ്ട്. നമ്മുടെ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ പോലും ഏത് ജീവിയെ കണ്ടാലും കൊല്ലുന്ന സ്വഭാവം ഉള്ളവർ ആയിരുന്നു. ഓരിക്കൽ ഹോസ്റ്റലിൽ വച്ച് ഗോണി പടിയുടെ അടിയിൽ നിന്ന് ഒരു പാമ്പിനെ കണ്ടു. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ആൺ കുട്ടി അതിനെ വാലിൽ പിടിച്ച് കറക്കി കൊന്നു.

കോഹിമ കത്തിഡ്രൽ

കോഹിമ രൂപതയിൽ അന്ന് 6 ഇടവകകളും, 24 വൈദികരും ആണ്‌ ഉണ്ടായിരുന്നത്, അതിൽ 20 പേരും സലേഷ്യൻസ്‌ ആയിരുന്നു. ബിഷപ്പ് അന്ന് താമസിച്ചിരുന്നത് ദിമാപുർലെ ഹോളി ക്രോസ് സ്കൂളിൽ ആയിരുന്നു. സ്വന്തമായ് ഒന്നും ഇല്ലാത്ത കാലം. നാഗാലാ‌ൻറ്, മണിപ്പൂർ എന്നീ രണ്ട് സംസ്ഥനങ്ങളിൽ ആയി വ്യാപിച്ചു കിടക്കുന്നു വലിയ പ്രദേശം. യാത്ര വലിയ ദുഷ്കരം, തുടർച്ചയായ മണ്ണൊലിച്ചിലും വെള്ളപ്പൊക്കവും കൊണ്ട്‌ ഏതു നിമിഷവും എന്തും പ്രധീഷിക്കാമായിരുന്നു. പട്ടിണി, രോഗം, പ്രകൃതി ദുരന്തം, ചൂഷണം എന്നിവ ആയിരുന്നു ആളുകളുടെ അവസ്ഥ. 1952 ൽ ആണ് അദ്ധ്യമായി കത്തോലിക്കാ മിഷനറിമാർ അവിടെയ്ക്കു കയറിതുടങ്ങിയത്. ആശുപത്രിയിൽ സേവനം ചെയ്യാൻ വന്ന “Sisters of Christ ” സന്യാസിനികളുടെ നിർദ്ദേശപ്രകരമാണ് വൈദീകർക്ക് അനുവദി ലഭിച്ചത്.

ബിഷപ്പ് എബ്രഹത്തിനൊപ്പം നടന്ന്‌ മാമ്മോദീസ, ലേപനം, വിവാഹം എന്നിവ കൂട്ടത്തോടെ നടത്തിയിരുന്നു. വിവാഹത്തിന്റെ സമയത്ത് നൂറുകണക്കിന് അർഥികൾ ഉള്ളതിനാൽ “ഇതാണോ നിന്റെത്?” എന്ന്‌ ചോദിച്ചു ഉറപ്പു വരുത്തിയത്തിന് ശേഷമായിരുന്നു അശീർവധിച്ചിരുന്നത്.

പുതിയ സംസ്കാരം

നോർത്ത് ഈസ്റ്റ് ജനങ്ങൾ പൊതുവെ സന്തോഷം നിറഞ്ഞ ആളുകളും, എല്ലാവരേയും സ്വീകരിക്കുന്നവരും ആയിരുന്നു. മൊത്തം മുന്നൂറ് റ്വ്യത്യസ്ത സംസ്കാരം, വിശ്വാസം, ജീവിത ക്രമം, ഭാഷ എന്നിവ പെറുന്നവരാണ് ഇവർ. നമുക്ക് മുമ്പ് വന്ന പ്രൊട്ടസ്റ്റന്റ് വിഭാഗത്തേക്കാൾ കത്തോലിക്കാ പ്രവർത്തകരെ അവർ സ്വീകരിച്ചു, കാരണം നമ്മൾ ജീവിക്കുന്നത് അവർക്കുവേണ്ടിയാണെന്ന് എല്ലാവരും മനസ്സിലാക്കി. സുവിശേഷവൽക്കരണം എന്നാൽ വചനവും യേശുവും മാത്രമല്ല, മാനവികതയിൽ ഊന്നിയ പുതിയൊരു സംസ്കാരം പരിശീലിപ്പിക്കുകയും കൂടിയാണെന്നു കത്തോലികർ കാണിച്ചു. നമ്മുടെ വിദ്യഭാസം കുട്ടികളിൽ വലിയ മാറ്റവും, മാതാപിതാക്കളിൽ പ്രധീക്ഷയും, സമൂഹത്തിൽ ചലനങ്ങളും സൃഷ്ടിച്ചു. മറ്റുള്ളവരിൽ നിന്ന് വ്യസ്തമായി കാത്തോലിക്കർ വന്നത് തങ്ങളുടെ ഉന്നമനത്തിനാണെന്ന് അവർക്ക് തോന്നി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പുതിയ പുതിയ തൊഴിൽ അവസരങ്ങളും ഉയർച്ചെയും കൈവന്നത് നോക്കിനിൽക്കുന്ന വേഗത്തിൽ കാണാൻ കഴിഞ്ഞു. അനേകം പുരോഹിതരും സന്യസ്തരും ജീവിതം മുഴുവനും സമർപ്പിച്ചു പ്രവർത്തിച്ചു. യേശു പറഞ്ഞത് പഠിപ്പിക്കുന്നവർ മാത്രമാകാതെ ജീവിക്കുന്നവരായി അവർ മാറി.

കോഹിമ രൂപതയിലെ സേവനരംഗം

ഡിബ്രുകർഹ് രൂപതയുടെ ഭാഗമായിരുന്ന നാഗാലാ‌ൻറ്-മണിപ്പൂർ പ്രേദേശംങ്ങൾ 1973 വിഭാജിച്ചാണ് കോഹിമ രൂപത രൂപീകൃതമായത്. പ്രധമ ബിഷപ്പ് എബ്രഹമീനൊപ്പം സെക്രട്ടറി ആയും പിന്നീട് വികാരി ജനറൽ ആയും നീണ്ട ഇരുപതിയേഴ് വർഷം ജോലി ചെയ്ത ദിനങ്ങൾ കഷ്ടപ്പാടുകൾ നിറഞ്ഞത് ആയിരുന്നു. ഒന്നും ഇല്യായ്മയിൽ നിന്ന് ആരംഭിച്ച് ഒരു രൂപതയുടെ അമരക്കാരനൊപ്പം ചേർന്ന് നിന്ന് പ്രവർതിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി ഇന്ന് കാണുന്നു. ആ നാളുകളിൽ പിതാവുമൊത്ത് യൂറോപ്പ് യാത്രകൾ നടത്തുമ്പോൾ കുർബാന മദ്ധ്യേ കുട്ടയുമായി ഇരുവരും നടന്ന് പിരിവ് നടത്തിയിരുന്നു. കിട്ടുന്ന പണം പള്ളിപണി, സ്കൂൾ, ആശുപത്രി, തൊഴിൽ ശാലകൾ എന്നിവയുടെ നിർമാണത്തിന് ഉപയോഗിച്ചിരുന്നു. എത്രയോ പള്ളികൾ നിർമ്മിക്കാമോ അത്രയും നിർമ്മിക്കുക എന്നതായിരുന്നു അന്നത്തെ ലഷ്യം. കാരണം ഓരോ പള്ളികളും ആ വില്ലേജിന്റെ വികസനത്തിന്റെ അടയാളമായിരുന്നു. പള്ളി വന്നാൽ എല്ലാം തനിയെ വന്നുകൊള്ളും എന്ന വിശ്വസം ആളുകൾക്ക്‌ കൊടുക്കാൻ കഴിഞ്ഞു. Missio, misserio, evangelistcs, swiss lenten fund എന്നീ സംഘടനകളുടെ സഹായങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ കർമപദ്ധതികൽ തയ്യാറാക്കി. പുതിയതായി ആരംഭിക്കുന്ന ഇടവകകൾ തോറും കർമപദ്ധതികൽ നടപ്പിലാക്കാൻ വളരെ അധികം യാത്രകൾ നടത്തേണ്ടി വന്നു, രാത്രിയെ പകലാക്കി ജോലിചെയ്യേണ്ടിവന്നു. ഒപ്പം ജോലി ചെയ്യുന്നവരെയും, മറ്റ് അഭിദേമാകാംഷികളെയും പരസ്പരം വിശ്വാസത്തിൽ എടുത്ത് മുന്നേറാൻ സാധിച്ചത്‌ വലിയ വിജയമായ് എന്ന് ഓർമ്മിപ്പിക്കുന്നു. ഒരു തരത്തിലുമുള്ള തിക്താനുഭവങ്ങളോ, ഞരുക്കാമോ, കലഹമോ ഇല്ലായിരുന്നു. വളരെ സമാധാനപരമായ അന്തരീക്ഷം ഏതൊരു പ്രവർത്തനത്തിന്റയും വിജയത്തിന് അനിവാര്യമാണ് എന്നതാണ് ഇതിലെ പാഠം.

ശൈലികൾ

വിദ്ധാഭ്യാസം, അതുരസേവനം, സാമൂഹികയുന്നമനം, സാംസ്‌കാരിക ബോധവൽക്കരണം എന്നിവയിൽ ഊന്നിയ സുവിശേഷവത്കരണമാണ് കോഹിമ രൂപതയിൽ നടപ്പിലാക്കാൻ ശ്രമിച്ചത്. പ്രധാനപ്പെട്ടവ ചുവടെ ചേർക്കുന്നു.

പ്രാർത്ഥനയിൽ ഊന്നിയ ജീവിതാശൈലി

ദിവസത്തിന്റെ ആരംഭത്തിലും അവസാനത്തിലും പ്രാർത്ഥനയ്ക്കു വളരെ സ്ഥാനം കൊടുത്തുള്ള ജീവിതം നയിച്ചിരുന്നതിനാൽ ഇവ കാണുന്നവരും അപ്രകാരം പിന്തുടർന്നു. ഡോൺ ബോസ്കോയുടെ ജീവിതത്തിലെ പരിശുദ്ധ അമ്മയോടുള്ള ഭക്തിയും, ജപമാലയിലുള്ള ആശ്രയവും ആളുകളെ കൂടുതൽ ആകർഷിച്ചു. നമ്മുടെ ആത്മീയത അവരിൽ കൂടുതൽ ചൈതന്യം വളർത്തുന്നതിന് കാരണമായി.

വില്ലേജ് സന്ദർശനം

വർഷത്തിൽ ഒരിക്കൽ മാത്രം ടൂറിങ്ങിൻെറ ഭാഗമായി നടത്തുന്ന ഭാവന സന്ദർശം ആയിരുന്നില്ല അന്ന് നടത്തിയിരുന്നത്, മറിച്ച് തുടർച്ചയായി വില്ലേജുകൾ തോറും സംഘമായി പോയിരുന്നു. രോഗികൾ ഉള്ള വീടുകളിൽ പ്രേത്യേക പ്രാർത്ഥന നടത്തി. നമ്മൾ പ്രാത്ഥിച്ചു മടങ്ങുമ്പോൾ രോഗം മാറിയിരുന്നു, പിന്നീട് ആ വീട്‌ മുഴുവനും മനസാന്തരപ്പെടുകയും, ക്രമേണ വില്ലേജ് പൂർണ്ണമായും കത്തോലിക്കാ വിശ്വാസം സ്വീകരിച്ച സംഭവങ്ങൾ അനേകം ഉണ്ട്.

ബോർഡിങ് സ്കൂൾ

നാഗാലാ‌ൻറ്റിൽ ആ കാലഘട്ടത്തിൽ യാത്ര സൗകര്യം വളരെ കുറവായിരുന്നു. അകലെ ഉള്ള ഗ്രാമങ്ങളിൽ നിന്ന് സ്കൂളിൽ വന്ന് പഠിക്കുക പ്രായോഗികം ആയിരുന്നില്ല. അതിനാൽ കുട്ടികളിൽ പലരും ബോർഡിങ്ങിൽ നിന്നാണ് പഠിച്ചിരുന്നത്. ഇങ്ങനെ ഉള്ളവർക്ക് ജാതിമത ഭേദം കത്തോലിക്കാ പരിശീലനം കൊടുക്കാൻ കഴിഞ്ഞു. അവർ വർഷാവതിക്കു വീട്ടിൽ പോകുമ്പോൾ മിഷനറി പ്രവർത്തനം നടത്തുകയും വൈദ്ധീകരെയും സന്യാസിനികളെയും ക്ഷണിക്കുകയും സുവിശേഷവൽക്കരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തിരുന്നു.

ജീവിതം മാതൃകയാക്കി

ബോർഡിങ്ങിൽ നമ്മോടൊപ്പം ഉണ്ടായിരുന്ന കുട്ടികൾക്ക് നമ്മുടെ ജീവിതത്തിൽ നിന്ന് ഒത്തിരി പഠങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞു. ക്രിസ്ത്യൻ കൂട്ടായ്മയും സ്നേഹവും അവർ കണ്ടു പരിശീലിച്ചു. എവിടെയും കുടുംബത്തിന്റെ അന്തരീഷം അവർ അനുഭവിച്ചു. സഭയിലെ വിശുദ്ധന്മാരെ അവർക്ക് പരിചയപ്പെടുത്തി.

പ്രെസ്സ്

ആ കാലഘട്ടത്തിൽ പ്രെസ്സുകൾ ആരാംഭിച്ച് ഓരോ ഗോത്രങ്ങളുടെയും ഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്‌തു. എല്ലാ ഭവനങ്ങൾക്കും ബൈബിൾ എന്ന പദ്ധതി വളരെ ഫലപ്രതമായ നടപ്പിലാക്കാൻ കഴിഞ്ഞു. ബൈബിൾ പഠിക്കുവാൻ വില്ലേജ്കാർ വലിയ ആവേശം കാട്ടിയിരുന്നു. ബൈബിളിൽ പറയുന്ന പല കാര്യങ്ങളും തങ്ങളുടെ അനുദിന ജീവിതവുമായി ബന്ധപ്പെടുത്താൻ അവർക്കു കഴിഞ്ഞു.

അവരുടെ സംസ്കാരത്തെ കൂടുതൽ മഹത്വം ആയി കണ്ടു

നോർത്ത് ഈസ്റ്റ്ലെ ജനങ്ങൾ ആഘോഷങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്നവർ ആണ്. അവരുടെ ആഘോഷവേളകളിൽ പന്നിയെയും മറ്റ് മൃഗങ്ങളെയും വാങ്ങിച്ചു കൊടുത്തിരുന്നു. ഭാഷയ്ക്ക് ഉപരിയായ ചില സാന്നിധ്യമായി ഇത്തരം പ്രേവർത്തനങ്ങൾ മാറി. എത്ര നിസ്സാര കാര്യങ്ങളും വളരെ ആഘോഷമായാണ് അവർ നടത്തിയിരുന്നത്‌. അതിനാൽ നമ്മുടെ സമ്മേളനങ്ങളിൽ ഗോത്രങ്ങളുടെ കലാരൂപങ്ങൾ അവതരിക്കപ്പെട്ടിരുന്നു. നാടൻ നൃത്തവും പാട്ടുമെല്ലാം പ്രകടിപ്പിക്കാനുള്ള വേദികളായി പല സമ്മേളനങ്ങളും മാറിയത് എല്ലാവർക്കും വലിയ പ്രചോദനമായി. കോഹിമ കത്തീണ്ട്രൽ നിർമ്മിച്ചപ്പോൾ 25 ഗോത്രങ്ങളുടെ പ്രേത്യേകതകൾ അനാവരണം ചെയ്തു. പ്രൊട്ടസ്റ്റാന്റസ്‌ ആളുകളെ തമ്മിൽ വേർതിരിക്കാൻ പരിശ്രമിച്ചപ്പോൾ കത്തോലിക്കാ സഭ ഒരുമിപ്പിക്കാൻ ശ്രമിച്ചതിന്റെ അടയാളമാണ് ഈ ദൈവാലയം.

ഗോത്രവഴക്കുകൾ

നൂറുകണക്കിന് ഗോത്രകളായി വേർതിരിക്കപ്പെട്ട വിഭാവങ്ങൾ തമ്മിൽ വഴക്കുകൾ സാധാരണമായിരുന്നു. സമാധാനപരമായി നാം എടുത്തിരുന്ന നിലപാടുകൾ പലരെയും നമ്മിലേക്ക്‌ ആകർഷിക്കുന്നതിന് കാരണമായി. കുറെയൊക്കെ നഷ്ടം സഹിച്ചുകൊണ്ട് സമാധാനത്തിന് പ്രാധാന്യം കൊടുത്തത് സമൂഹത്തിൽ വലിയ മാറ്റം വരുത്തുന്നതിനു കാരണമായി. പ്രശ്നപരിഹാരത്തിനായി ഗോത്രനേതാക്കളുടെ നേതൃത്വത്തിൽ ചേരുന്ന യോഗങ്ങളിൽ നമ്മുടെ തീരുമാനങ്ങൾ ആയിരുന്നു ജനങ്ങൾക്ക്‌ സ്വീകാര്യമായിരുന്നത്.

വിവിധ പദ്ധതികൾ

ഒരു സമൂഹത്തിന്റെ പൂർണമായ വളർച്ചയ്ക്കു ചുക്കാൻ പിടിച്ചപ്പോൾ പലതരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കി. സ്കൂൾ, ആതുരാലയം, പ്രെസ്സുകൾ, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയ്ക്കുവേണ്ടി രാവുകളെ പകലുകളാക്കി പദ്ധതികൾ തയ്യാറാക്കി വിവിധ സംഘടനകളിലേയ്ക്കു അയച്ചു. പലർക്കും നിഷേധിക്കാൻ കഴിയാത്തവിതം ആവശ്യങ്ങളിൽ ഊന്നിയ പദ്ധതികൾ ആയതിനാൽ എല്ലാം തന്നെ അഗീകരിച്ചു കിട്ടി.

യുവജന കേദ്രീകൃത സുവിശേഷ വൽക്കരണം

ഡോൺ ബോസ്‌കോ യുവജനങ്ങൾക്കു വേണ്ടി ജീവിച്ച വിശുദ്ധനായതിനാൽ പിൻഗാമികളായ സലേഷ്യൻസും യുവജന കേന്ത്രീകൃത സുവിശേഷ വൽക്കരണ ശൈലി സ്വീകരിച്ചത് വലിയ വിജയത്തിന് കാരണമായി. വിദ്ധ്യഭാസത്തിന് അവസരങ്ങൾ ഒരുക്കിയത് യുവജനകളെ പ്രേത്യേകം ആകർഷിച്ചു. ശരിയായ വിദ്ധ്യാഭാസം ലഭിച്ചപ്പോൾ പുതിയ ജീവിത ശൈലികൾ അവർ പരിശീലിച്ചു. ഇത് നിലവാരം കുറഞ്ഞ പഴയത് പലതും ഉപേക്ഷിക്കുന്നതിനും സമൂഹത്തിൽ വലിയ മാറ്റത്തിനും കാരണമായി. എല്ലാത്തിനെയും വികസനത്തിന്റെ കണ്ണിലൂടെ നോക്കുവാൻ യുവ തലമുറയെ ഒരുക്കുവാൻ വിദ്യാഭാസത്തിന് കഴിഞ്ഞു. യുവജനങ്ങളിൽ കേന്ത്രീകരിച്ച് വിദ്ധ്യാഭാസം കൊടുക്കാൻ കഴിഞ്ഞതിനാൽ എല്ലാ ഗ്രാമങ്ങളിലും യഥേഷ്ടം കടന്നുചേല്ലാൻ ആഹായിച്ചു. മിഷനരിമാർ വരുന്നത് തങ്ങളെ വളർത്താനാണ് എന്ന വിശ്വാസം എല്ലാവർക്കും ഉണ്ടായി. അതോടൊപ്പം യുവജനങളുടെ ഇടയിൽ പൂർണമായും സൗഹൃദത്തിന്റെ ശൈലി സ്വീകരിച്ചത് കൂടുതൽ പ്രേയോജനപ്പെട്ടു.

ഗവേഷണങ്ങൾ

ആ കാലഘട്ടത്തിൽ മിഷനരിമാരുടെ നേതൃത്വത്തിൽ വളരെയധികം പഠനകളും ഗവേഷണങ്ങളും നടന്നു. മതനിരപേഷമായ ഇത്തരം പ്രേവർത്തനങ്ങൾക്കു പൊതുസമൂഹത്തിന്റെ പിന്തുണ ലഭിച്ചിരുന്നു. നിഷ്പക്ഷമായി ബാപ്ടിസ്ന്റെ ഇടയിൽ നടത്തിയ പഠനങ്ങൾ പ്രതേക പ്രസംശയ്ക്കു കാരണമായി. ബിഷപ്പ് മാരങ്ങോയുടെ “The Missionary” എന്ന പുസ്തകം എല്ലാവർക്കും ആശ്രയിക്കാവുന്ന ഒരു വിഷയാനുബന്ധം ആയിരുന്നു.

വിശുദ്ധന്മാരെ മാതൃകയാക്കിയത്

ചെറുപ്പം മുതലെ വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയുടെ മാധ്യസ്ഥം യാചിച്ചിരുന്നതിനാൽ വിശുദ്ധന്മാരെ മാതൃകയാക്കുന്ന ശൈലി പ്രാവർത്തികമാക്കാൻ എപ്പോഴും പരിശ്രമിച്ചിരുന്നു. ക്രിസ്തുവിനെ അനുഗമിച്ചു ജീവിച്ച വിശുദ്ധന്മാരെ മാതൃകയാക്കുവാൻ അപരിഷകൃത വിഭാവങ്ങൾക്കു കൂടുതൽ എളുപ്പമായിരുന്നു. ഓരോ വിശുദ്ധന്മാരുടെയും ജീവിതം പരിചയപ്പെടുത്തി അതുപോലെ അനുവർത്തിക്കാൻ പരിശീലിപ്പിച്ചത് കത്തോലിക്കാ വിശ്വാസത്തെ കൂടുതൽ പ്രായോഗിക തലത്തിലേയ്ക്ക് കൊണ്ടുവരാൻ സഹായിച്ചു. ക്രിസ്തുവിനെ സ്നേഹിച്ചു ജീവിച്ച വിശുദ്ധർ പരിശുദ്ധ കുർബാനയോടും കൂദാശകളോടും കാട്ടിയിരുന്ന ഭക്തി ഗോത്രവിഭാഗത്തെ കൂടുതൽ ആകർഷിച്ചു. പൂർവീകരെ ദൈവങ്ങൾ ആയി കണ്ടിരുന്ന സ്ഥാനത്ത് വിശുദ്ധന്മാരെ പ്രതിഷ്ടിച്ചത് അവരുടെ പതിവ് വിശ്വാസ ശൈലികളെ കത്തോലിക്കാ ശൈലികളോട് അനുരൂപപ്പെടുത്താൻ സഹായിച്ചു. അതിനാൽ വിശുദ്ധന്മാരുടെ ആഘോഷങൾ നടത്തുന്നതിന്‌ വലിയതോതിൽ ജനപിന്തുണ ലഭിച്ചു. ക്രിസ്തുവിനെ പിന്തുടർന്ന വിശുദ്ധന്മാരെ മാതൃക ആക്കിയാൽ നമുക്കും വിശുദ്ധ ജീവിതം നയിക്കാൻ കഴിയുമെന്ന് ഇതുവഴി അവർ മനസ്സിലാക്കി. പ്രൊട്ടസ്റ്റന്റ്കാർ പരാജയപ്പെട്ട പല വില്ലേജ്കളിലും സ്ഥാനം ഉറപ്പിക്കാൻ കാത്തോലിക്കാ സഭയ്ക്കു കഴിഞ്ഞത് വിശുദ്ധന്മാരെ മാതൃകയാക്കുന്ന ശൈലി അവലംഭിച്ചതിനാൽ ആണ്.

കൂട്ടായ്മ വളർത്തിയ ശൈലി

എപ്പോഴും ആഘോഷങ്ങളുടെ ഒരു പ്രളയമായിരുന്നു അവരുടെ ജീവിതം. അതിനാൽ നിരന്തരം വിനോദങ്ങളും നാടകങ്ങളും വിരുന്നുകളും പാട്ടും നൃത്തവും ചേർന്ന് കൂട്ടായ്മയുടെ സമ്മേളനം ആയിരുന്നു സഭ. മനുഷ്യനിലെ കർമ്മശേഷി വളർത്താൻ ഇത് സഹായിച്ചു. ആദ്യ നാളുകളിൽ നമ്മുടെ സഹായം സ്വീകരിച്ചവർ പിന്നീട് ഉദ്യോഗസ്ഥരും വലിയ വ്യവസായികലും ആയി മാറി. അവരെ വേണ്ട വിധത്തിൽ സുവിശേഷവത്കരണത്തിന് ഉപയോഗിക്കാൻ കഴിഞ്ഞത് എടുത്തു പറയേണ്ട നേട്ടമാണ്. ഗവണ്മെന്റ് ഓഫീസിൽ ചെല്ലുമ്പോൾ അവരിൽ പലരും വലിയ സഹായമായിരുന്നു. നമ്മൾ എല്ലാവരും ഒന്നാണ് എന്ന തോന്നൽ അവർക്ക് ഉണ്ടായി. നമ്മുടെ കൂടെ ജീവിച്ച് കാതോലിക്കേ പരിശീലനം ലഭിച്ചവർ ആയതിനാൽ നമ്മുടെ ആവശ്യങ്ങളിൽ സഹായവുമായി അവർ മുന്നിൽ വരുമായിരുന്നു. ഒരു സമൂഹത്തെ വളർത്തുന്നത്തിന് ഉള്ള മാന്ത്രിക ജാലകമാണ് വിദ്ധ്യാഭാസം എന്ന് സമ്മതിക്കാതെ വയ്യ.

സുവിശേഷവൽക്കരണം ഉളവാക്കിയ മാറ്റം

നോർത്ത് ഈസ്റ്റിൽ മിഷണറിമാർ ചെയ്തത് പുതിയ ഒരു സംസ്കാരം രൂപപ്പെടുത്തുക കൂടിയായിരുന്നു. ഇത്‌ സാവധാനത്തിൽ രൂപപ്പെട്ടു വന്ന ഒന്നായിരുന്നു. ഏതൊക്കെ തലങ്ങളിൽ സാംസ്‌കാരിക ഉന്നമയം നടന്നു എന്ന് പരിശോധിക്കാം

യുക്തി ഭദ്രമായ വീഷ്ണം

ശാസ്ത്ര ജ്ഞാനം വളരെ കുറഞ്ഞ വിഭാഗമാണ് ഗോത്രവിഭാവങ്ങൾ. അതുകൊണ്ടുതന്നെ ഇന്നും കോളേജിൽ ശാസ്ത്ര വിഷയങ്ങൾക്ക് വളരെ കുറച്ചു കുട്ടികളേ ചേരാറുള്ളു. ശരിയായ വിധത്തിലുള്ള ശാസ്ത്രജ്ഞാനം വ്യക്തികളുടെയും സമുദായത്തിന്റെയും ഉയർച്ചയ്ക്കു അനിവാര്യമാണ്. നോർത്ത് ഈസ്റ്റിൽ ആദ്യനാളുകളിൽ വിദ്യഭാസം ലഭിച്ച വിഭാവങ്ങൾ ആണ് ഇന്ന് പല ഉന്നത ഓഫീസ്സുകളിൽ ഉദ്യോഗസ്ഥർ ആയിരിക്കുന്നത്. സർക്കാർ പരീക്ഷകൾ ജയിക്കാൻ മാത്രം യുക്തി ഭദ്രത ഇവർക്ക് നേടികൊടുക്കാൻ കഴിഞ്ഞു എന്നത് മാറ്റത്തിന്റെ അടയാളമായി കാണാം. ഇന്നും പിന്നോക്ക വിഭാവങ്ങൾ ആയി തുടരുന്നവർ ശാസ്ത്രംബോധം കുറഞ്ഞവർ ആണെന്ന് കരുതാൻ പ്രയാസമില്ല.

ഉച്ചനീചിത്വം ഇല്യായ്മ

ഇന്ത്യയിലെ എല്ലാ വിഭാവങ്ങൾക്കും മാതൃകയാണ് നോർത്ത് ഈസ്റ്റിലെ സമുദായികമായ ഏറ്റക്കുറച്ചിൽ ഇല്യായ്മ. എല്ലാ വിഭാഗത്തിൽപെട്ട ഗോത്രങ്ങളും ഇവിടെ തുല്യരാണ്. ഏതൊരു വീട്ടിലും, സ്ഥാപനത്തിലും, സംഘടനയിലും ആർക്കും കടന്നു ചെല്ലാം. പൊതുപരിപാടികളിൽ വിഭാഗീതയുടെ പേരിൽ മാറ്റിനിർത്തുക എന്നത് ഇവിടെയില്ല. ജാതി വ്യവസ്ഥ എന്നത് ഇവരുടെ നിഗണ്ടുവിലെ ഇല്ല. മനുഷ്യൻ എന്ന ഒറ്റ വിഭാഗത്തിൽ ആണ് ഈ ജനത എല്ലാവരെയും കാണുന്നത്. എല്ലാത്തിലും ജാതിയുടെ അളവുകോൽ വച്ച് പരിശോധിക്കുന്ന മലയാളികൾ ഇവരിൽ നിന്ന് കുറെ പഠങ്ങൾ പഠിക്കാനുണ്ട്.

അന്തവിശ്വാസത്തിൽ നിന്നുള്ള മാറ്റം

ഓരോ ഗോത്രങ്ങൾക്കും അവരുടേതായ ദൈവങ്ങൾ ഉണ്ടായിരുന്നു. ക്രിസ്ത്യൻ വിശ്വവാസത്തിന്റെ ആവിർഭാവത്തോടെ ഏകദേവാവിശ്വസത്തിലേക്കു അവർ മാറി. മൃഗബലി നടത്തിയിരുന്ന സ്ഥാനത്ത് ക്രിസ്തുവിന്റെ ബലി പകരം വയ്ക്കാൻ കഴിഞ്ഞത് അവർക്ക് മനസ്സിലാക്കാൻ പ്രയാസമായില്ല. ദൈവം നമുക്കുവേണ്ടി സ്വയം ബലിയാകുമ്പോൾ അതിന്റെ അനുഗ്രഹവും ഫലവും നിത്യതയോളം നീളുന്നതാണെന്ന് അവർ വേഗത്തിൽ ഉൾക്കൊണ്ടു.

ഗോത്രവഴക്കുകൾ ഒഴിവായി

വിവിധ ഗോത്രങ്ങൾക്കിടയിലെ വഴക്കുകൾ ആദ്യനാളുകളിൽ സുവിശേഷവൽക്കരണത്തെ സാരമായി ബാധിച്ചിരുന്നു. എന്നാൽ നമ്മുടെ സമാധാനപരമായ സമീപനങ്ങൾ അവരിൽ ആകർഷണം ഉളവാക്കുകയും, തർക്കങ്ങൾ പരിഹരിക്കാൻ നമ്മെ അവർ സമീപിക്കുകയും ചെയ്തിരുന്നു. പൂർണമായും ക്രിസ്ഥീയമായ സമീപനസം പുലർത്താൻ കഴിഞ്ഞത് പിന്നീട് ഒത്തിരി പ്രയോജനപ്പെട്ടു.

ഷില്ലോങ്ങിലെ സേവനരംഗം

കോഹിമയിലെ സേവനത്തിനു ശേഷം നീണ്ട പതിനേഴു വർഷം ഷില്ലോങ്ങിലെ സെമിനാരിയിൽ പഠിപ്പിച്ചും നോർത്ത് ഈസ്റ്റിലെ വളരെ പ്രെധാനപ്പെട്ട ഡോൺ ബോസ്കോ മ്യൂസിയത്തിന്റെ അമരക്കാരനും ആയിരുന്നു. ഈ നാടിന്റെ സംസ്കാരത്തെ പൂർണമായും അനാവരണം ചെയ്ത ഒന്നാണ് ഈ സ്ഥാപനം. ഓരോ സംസ്ഥാനത്തിന്റെയും സാംസ്‌കാരിക പ്രാധാന്യം എന്താണെന്ന് ഇത് സന്ദർശിക്കുന്നവർക്കു മനസ്സിലാക്കാൻ കഴിയും.

ഉപസംഹാരം

പി വി എന്ന ജോസഫ് അച്ഛന്റെ നേതൃത്വം ഈ നാടിന് വിസ്മരിക്കാൻ കഴിയുന്ന ഒന്നല്ല. എണ്ണി എണ്ണി പറഞ്ഞാൽ ഇനിയും ഒത്തിരി പറയാൻ ഉണ്ട്. സീറോ മലബാർ സഭ മിഷൻ വാരം ആചരിക്കുന്ന ഈ വേളയിൽ ഉപരിപ്ലവാമല്ലാത്ത സ്ഥായിയായ ചില ചിന്തകൾ ചേർത്തുവയ്കുകയാനിവിടെ. ക്രിസ്തുവിനുവേണ്ടി ദാഹിക്കുന്നവർ ഇന്നും ലോകത്ത് അനേകരുണ്ട്. സ്ഥാപിത താല്പര്യങ്ങൾ മാറ്റിവച്ചുകൊണ്ട്‌ സുവിശേഷം പ്രഘോഷിക്കാൻ ഇറങ്ങിയാൽ ഇനിയും ലക്ഷങ്ങളെ ക്രിസ്തുവിലേക്ക് അടുപ്പിക്കാൻ നമുക്ക് കഴിയും. അതിനുള്ള വെല്ലുവിളിയും ആർജ്ജവത്യവും സ്വന്തമാക്കാൻ ഈ മിഷൻ വാചാരണം നമ്മെ സഹായിക്കട്ടെ

.ഫാ .റോബിൻ പേണ്ടാനത്ത്‌

നിങ്ങൾ വിട്ടുപോയത്