ഇന്ന് ലോക ജലദിനമാണ്. ഓരോ ഇറ്റു ജലവും നമ്മുടെ ജീവനാണ് എന്നു തിരിച്ചറിഞ്ഞു അതിനെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാകേണ്ട ദിവസം. ഈ ദിനത്തിൽ ഇയാളെ കുറിച്ചു പറഞ്ഞില്ലെങ്കിൽ പിന്നെ വേറെ ആരെ കുറിച്ചാണ് പറയേണ്ടത്.വരണ്ട ഭൂമികളെ ഫലദായകമാക്കി അവിടെ നിന്ന് പൊന്നു വിളയിക്കുന്ന ഒരു മിഷണറിയാണ് ഫാദർ ജോർജ്ജ് കാവുകാട്ടു. ഭൂമി സംരക്ഷണം പ്രേഷിത ദൗത്യം തന്നെയാണ്. ഇങ്ങനെ തരിശുഭൂമികളിലേക്കു ജലം ഒഴുക്കി അതിനെ വളക്കൂറുള്ളതാക്കുന്നത് സ്വന്തം കീശ നിറക്കാനാണ് എന്നു കരുതിയാൽ തെറ്റി. അതിൽ നിന്ന് ഉണ്ടാകുന്ന ഫലങ്ങൾ മുഴുവൻ സാധാരണക്കാരുടെയും ദരിദ്രരുടെയും ഉദരപൂരണത്തിനു കാരണമാകും എന്നു വിശപ്പ് നേരിട്ട് അനുഭവിച്ചിട്ടുള്ള ഫാ ജോർജ്ജിന് അറിയാം.

ക്രൈസ്തവ ദൈവവിളി ഏറ്റവും ശ്രേഷ്ഠമാണ് എന്നു ബോധ്യമുള്ളപ്പോഴും അധികാരക്കളിയുടെ ഇരുൾ പടർന്ന ജീവിതഭൂമിയിൽ വരൾച്ച ഒരു സ്വാഭാവിക പരിണതിയാണ് എന്നു മനസിലാക്കിയ വ്യക്തിയാണ് ഫാ. ജോർജ്ജ്. എന്നാൽ ജീവിതത്തെ വരൾച്ചക്ക് വിട്ടുകൊടുക്കാൻ അച്ചന് താല്പര്യം ഇല്ലായിരുന്നു; തന്റെയും മറ്റുള്ളവരുടെയും.

ഇപ്പോൾ മഹാരാഷ്ട്രയിലെ രത്നഗിരിയിലാണ് പ്രവർത്തനം. ആരോ ഏൽപിച്ച ഏതാനും ഏക്കർ ഭൂമിയെ നട്ടുനനക്കാൻ ഒരു കിണർ കുഴിക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ വർഷം. ലോക്ക് ഡൗണും സാമ്പത്തിക പരാധീനതകളും പണിയെ തടസപ്പെടുത്തി. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ഈ കഥയൊക്കെ പറഞ്ഞിരുന്നു. എന്നാൽ ഇന്നലെ അയച്ചുതന്ന ചിത്രം അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു. കിണർ തേകി ചെളിയൊക്കെ കളഞ്ഞു ശുദ്ധവെള്ളമായി എന്ന അടിക്കുറിപ്പോടെ സന്തോഷത്തിൽ അയച്ച ചിത്രമാണ്. കഴിഞ്ഞ ആഴ്ച്ച 70 തികഞ്ഞ വയോധികൻ 17 ന്റെ ഊർജ്ജതോടെ കിണറിൽ സ്വയം ഇറങ്ങി വൃത്തിയാക്കിയ ചിത്രമാണ്. (അത് വേണ്ട എന്നു ഞാൻ ശാസിച്ചിട്ടുണ്ട്.) ജലദിനത്തെ കുറിച്ചു ഓർക്കുകയോ, അത് ആഘോഷിക്കുകയോ ചെയ്യാൻ നോക്കാതെ ആകസ്മികമായി അയച്ചുതന്ന ചിത്രം. മുംബ് മഹാരാഷ്ട്രയിലെ തന്നെ അസ്സൻഗാവിൽ ഊഷരമായ ഭൂമിയെ ഒരു തടയണ പണിത് ജലം ഒഴുക്കി ആദിവാസികൾക്ക് വേണ്ടി ഫലപ്രാപ്തിയിൽ എത്തിച്ചിട്ടുണ്ട്. ഒരു നേരത്തിന് അന്നം ഇല്ലാതിരുന്ന അവർക്ക് ഇപ്പോൾ കപ്പ വിളയിക്കാനും ഒക്കെ നന്നായി അറിയാം. ഇത്തരത്തിലുള്ള നൂറു കണക്കിന് മനുഷ്യരാണ് ഭൂമിയിലെ ജലത്തെ സംരക്ഷിച്ചു നിർത്തുന്നത്.

ഭൂമി സംരക്ഷണം ഒരു മുൻഗണന ആണെങ്കിലും കോർപ്പറേറ്റ് മാതൃകയിൽ തന്റെ അറിവിനെ എക്കറുകണക്കിന് ഭൂമിയിലേക്ക് സന്നിവേശിപ്പിച്ചു ഹീറോ ആകാൻ അച്ചൻ ഇല്ല. ജലസംരക്ഷണം എ സി മുറിയുടെ സുഖശീതളിമയിൽ ഇരുന്ന് ഫേസ്‌ബുക്കിലൂടെ പ്രസരിപ്പിക്കേണ്ട ഒന്നല്ല എന്നും അച്ചനറിയാം. അതിന് ഭൂമിയിലേക്ക് നിങ്ങളുടെ കാലുകൾ കുത്തണം. ഭൂമിക്ക് സുവിശേഷമാകുന്ന ആ മിഷണറിയുടെ പാദങ്ങൾ എത്ര സുന്ദരമായിരിക്കും. അതുപോലെ, ഭൂമി സംരക്ഷണം അച്ചന്റെ പ്രവർത്തനങ്ങളുടെ ഒരു ഭാഗം മാത്രമാണ്. അച്ചൻ സംരക്ഷിക്കുന്ന എത്രയോ ജീവിതങ്ങൾ വേറെ ഉണ്ട്!കഥകളുടെ രാജകുമാരനും, സംസാരപ്രിയനുമായ ജോർജ്ജ് അച്ചനെ വിളിച്ചു ഒന്ന് അഭിനന്ദിക്കുന്നത് നല്ലതാണ്.82757 82010

Jose Vallikatt

Message

നിങ്ങൾ വിട്ടുപോയത്