We know that our old self was crucified with him in order that the body of sin might be brought to nothing, so that we would no longer be enslaved to sin. (Romans 6:6)

ലോകം മുഴുവൻ യേശുവിന്റെ ക്രൂശുമരണം ആചരിച്ചു. ഓരോ മനുഷ്യരും ദിവസങ്ങളോളം ഉപവസിക്കുകയും ഭക്ഷണസാധനങ്ങൾ വർജിക്കുകയും ചെയ്തു. എന്നാൽ നമ്മുടെ പാപത്തിൽ അധിഷ്ഠിതമായ ജഡ ശരീരം അവനോടു കൂടി ക്രൂശിക്കപ്പെടുന്നുണ്ടോ? ക്രിസ്തു നമുക്ക് വേണ്ടി ക്രൂശിൽ മരിച്ചു. അതുപോലെ നമ്മുടെ പാപ പൂർണമായ ശരീരവും ക്രിസ്തുവിനോടു കൂടി ക്രൂശിക്കപ്പെടണം. നാം പലപ്പോഴും പാപ പൂർണമായ ശരീരത്തെ ക്രിസ്തുവിനോട് കൂടെ ക്രൂശിച്ചു എന്ന് പറയുന്നുണ്ടെങ്കിലും അത് പ്രവർത്തിയിൽ കൊണ്ടുവരാൻ സാധിക്കാറില്ല. നാം നമ്മോടു തന്നെ മരിക്കണം. അതായത്, നമ്മുടെ മോഹങ്ങളും ആഗ്രഹങ്ങളും മരിക്കുകയും, ദൈവഹിതത്തിന് അനുസൃതമായി ജീവിക്കുകയും ചെയ്യണം

നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല സാഹചര്യങ്ങളും മൂലം, നമ്മുടെ പാപത്തിൽ അധിഷ്ഠിതമായ ശരീരത്തെ ക്രിസ്തുവിനോടുകൂടെ മരിക്കാൻ വിട്ടുകൊടുക്കുവാൻ പലപ്പോഴും സാധിക്കാതെ വരുന്നുണ്ട്. ക്രൂശിൽ
കിടന്നപ്പോൾ ഭടൻമാർ യേശു മരിച്ചുവോ എന്ന് അറിയുവാൻ കുന്തം കൊണ്ട് യേശുവിന്റെ ശരീരത്തിൽ കുത്തി നോക്കിയപ്പോൾ യേശുവിന്റെ ശരീരത്തിൽ ചലനം ഉണ്ടായില്ല. അപ്പോൾ അവർക്ക് മനസ്സിലായി യേശു മരിച്ചു എന്ന്. അതുപോലെ നാം യേശുവിനോടു കൂടി ക്രൂശിൽ മരിച്ചു എന്ന് നമുക്ക് എങ്ങനെ മനസ്സിലാക്കാം? നമ്മുടെ ജീവിത യാത്രയിലും നാം ഓരോരുത്തരെയും പലരും കുന്തം കൊണ്ട് കുത്താം. കുന്തം എന്ന് ഇവിടെ ഉദ്ദേശിച്ചത് പലരുടെയും പ്രവർത്തികളും വാക്കുകളും ആണ്.

നമ്മളെ കുന്തം കൊണ്ട് കുത്തുന്നത് പലപ്പോഴും നമ്മുടെ കുടുംബക്കാർ, ശത്രുക്കൾ, സ്നേഹിതർ ഇങ്ങനെ പലരും ആകാം. മറ്റുള്ളവർ തങ്ങളുടെ വാക്കുകളും പ്രവർത്തികളുമാകുന്ന കുന്തം കൊണ്ട് നമ്മളെ കുത്തുമ്പോൾ നാം ക്രിസ്തുവിന്റെ സ്വഭാവം ആണോ അതോ നമ്മുടെ സ്വഭാവം ആണോ പ്രദർശിപ്പിക്കുന്നത്. നാം നമ്മുടെ സ്വഭാവമാണ് പ്രദർശിപ്പിക്കുന്നത് എങ്കിൽ നാം ക്രിസ്തുവിനോട് കൂടി മരിച്ചിട്ടില്ല. ജീവിതത്തിൽ ഉടനീളം ക്രിസ്തുവിന്റെ മരണത്തോട് ഐക്യപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നുള്ള പരീക്ഷണം നേരിടേണ്ടിവരും. നാമോരോരുത്തരും ക്രിസ്തുവിനോട് കൂടി ക്രൂശിക്കപ്പെട്ടവർ ആകയാൽ നമുക്ക് ജീവിതത്തിലെ ഏതു സന്ദർഭങ്ങളിലും ക്രിസ്തുവിൻറെ സ്വഭാവം പ്രദർശിപ്പിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.








