എന്റെ അൽപം അകന്ന ഒരു ബന്ധുവാണ് …1970കളിൽ അങ്കമാലി പട്ടണത്തിലൂടെ സൈക്കിൾ ചവിട്ടി നടന്നിരുന്ന ഒരു പ്രീഡിഗ്രിക്കാരി. അപാരമായ ഗട്ട്സ് ഉണ്ടായിരുന്ന ചുണക്കുട്ടി . എല്ലാ കാര്യത്തിലും സകലകലാവല്ലഭ . നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടയിൽ പൂമ്പാറ്റ പോലെ പാറി പറന്നു നടന്നൊരാൾ. അവൾ മഠത്തിൽ ചേർന്നാൽ ചിറകറ്റു പോകുമെന്ന്കുറേ പേർ വിലപിച്ചു.

….. പക്ഷേ ചെന്നിടത്തെല്ലാം ഒരു പൂന്തോട്ടം സൃഷ്ടിക്കാൻ ഈ പൂമ്പാറ്റയ്ക്കു കഴിഞ്ഞിരുന്നു എന്നാണ് സഹസന്യാസിനിമാരുടെ സാക്ഷ്യം. കഴിഞ്ഞ നീണ്ട 42 വർഷക്കാലം മഠത്തിന്റെ ആവൃതി നിയമങ്ങൾ അനുസരിച്ചു കൊണ്ടു തന്നെ, ആതുര ശുശ്രൂഷാ രംഗത്തും സാമൂഹ്യ സേവന മേഖലയിലും സ്തുത്യർഹ സേവനം ചെയ്തപ്പോഴും സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടോ വാഹനമോ ഉണ്ടായിരുന്നില്ല എന്നതാണ് അത്ഭുതം!!

2012 മുതൽ ഇങ്ങോട്ട് ശ്വാസകോശ അർബുദ്ദത്തോട് മല്ലിട്ട് അവസാനം തലച്ചോറും കരളും അർബുദത്തിന്റെ കരാള ഹസ്തങ്ങൾ കീഴടക്കിയപ്പോഴും, അവസാന ദിവസങ്ങളിലെങ്കിലും വീട്ടുകാരെയും വേണ്ടപ്പെട്ടവരെയും ഒന്നു നേരിട്ടു കണ്ടു സംസാരിക്കാൻ വച്ചു നീട്ടിയ സ്മാർട്ട് ഫോൺ, അവൃതി നിയമങ്ങൾക്ക് എതിരാണ് എന്ന് മാത്രമല്ല, ഫോണില്ലാത്ത പലരും മഠത്തിലുണ്ട് എന്നും പറഞ്ഞ് സ്നേഹപൂർവ്വം നിരസിക്കുകയാണ് ചെയ്തത്.

അവസാന ദിനങ്ങളിലും തല ഉയർത്തി നിൽക്കാൻ ശേഷിയുള്ളപ്പോഴൊക്കെ, പൊതു ഉല്ലാസവും പ്രാർത്ഥനയും തുടങ്ങി സമൂഹത്തിലെ എല്ലാ ദിനചര്യകളിലും കൃത്യമായി പങ്കെടുത്തിരുന്നത്രേ ….അവസാന ശ്വാസം വരെ തന്റെ സന്യാസ സമൂഹത്തോടൊപ്പം ആയിരിക്കാൻ ആഗ്രഹിച്ച ആൾ, നിയമങ്ങളും പൊതു പ്രാർത്ഥനകളും കഴിവതും മുടക്കാതെ കൂട്ടായ്മയുടെ മാധുര്യവും ശക്തിയും അനുഭവിച്ച മാതൃകാ സന്യാസിനി

ക്രൈസ്തവ സന്യാസം ജീവിക്കുക സാധ്യമാണെന്ന് ജീവിതംകൊണ്ട് തെളിയിച്ച ഒരാൾ …ഉള്ളതു കൊണ്ട് തൃപ്തിപ്പെടുന്ന വർക്ക് മാത്രമേ ദൈവഭക്തി കൊണ്ട് നേട്ടമുള്ളൂ വായിച്ചതോർക്കുന്നു…ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന്‌ ദൈവഭക്തി വലിയൊരു നേട്ടമാണ്‌.

1 തിമോത്തേയോസ്‌ 6 : 6പ്രിയപ്പെട്ട സഹോദരിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു… വെല്ലുവിളികൾ നിറഞ്ഞ സമർപ്പിത ജീവിതത്തിലൂടെ, ആത്മാക്കളെ നേടുന്ന ആത്മാർത്ഥമായ പുഞ്ചിരിയിലൂടെ, അതിശയിപ്പിക്കുന്ന ത്യാഗ വഴികളിലൂടെ…ഇവൾ നടന്നു കയറിയത് മനുഷ്യ ഹൃദയങ്ങളിലേക്ക് ആണ്…. ദൈവപിതാവിന്റെ കരങ്ങളിലേക്ക് ആണ്….നന്ദി, ജീവിത സന്ദേശത്തിന്.. വീരോചിത മാതൃകകൾക്ക്…സ്വർഗത്തിൽ ഒന്നിക്കും വരെ ഞങ്ങളുടെ പ്രാർത്ഥനകളിൽ സഹോദരിയും ഉണ്ടാകും…

( True life story of Sr. Titta Mathew)

Dave Augustine

നിങ്ങൾ വിട്ടുപോയത്