വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കുവേണ്ടി. ഫെബ്രുവരി ഒന്നിന് പ്രകാശംചെയ്ത പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗത്തിന്‍റെ വീഡിയോയില്‍ സ്ത്രീകൾ ശാരീരികവും മാനസികവും ലൈംഗികവും വാക്കാലുള്ളതുമായ പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ടെന്നും അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെ സമൂഹം തുണയ്ക്കുകയും അവരുടെ വേദനകള്‍ ലഘൂകരിക്കുവാൻ പരിശ്രമിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണമെന്നും പാപ്പ പറഞ്ഞു.

സ്ത്രീകൾ ഇന്നും എവിടെയും ശാരീരികവും മാനസികവും ലൈംഗികവും വാക്കാലുള്ളതുമായ പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ട്. അവർ മാനഭംഗം, മർദ്ദനം, ചൂഷണം എന്നിവയ്ക്ക് വിധേയരാക്കപ്പെടുന്നുണ്ട്. സ്ത്രീപീഡനം ഭീരുത്വത്തിന്‍റെ പ്രകടനവും മനുഷ്യത്വത്തിന് നിരയ്ക്കാത്ത പ്രവൃത്തിയുമാണ്. പീഡിതരായ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ തിരസ്ക്കരിക്കാനാവാത്ത രോദനമായി മാറ്റൊലിക്കൊള്ളുന്നു. അതിനാൽ സ്ത്രീപീഡനത്തിനെതിരെ നാം നിസംഗരാവരുത്. അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെ സമൂഹം തുണയ്ക്കുകയും അവരുടെ പീഡനങ്ങൾ ലഘൂകരിക്കുവാൻ പരിശ്രമിക്കുകയും വേണം. അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് ഒന്നര മിനിറ്റ് മാത്രം ദൈര്‍ഖ്യമുള്ള പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്.

കടപ്പാട് പ്രവാചക ശബ്‌ദം

നിങ്ങൾ വിട്ടുപോയത്