കണ്ണും കാതും തുറന്ന് ഇന്നത്തെ സമൂഹത്തില്‍ ജീവിക്കുന്ന ക്രിസ്തീയ വിശ്വാസികളുടെ ഹൃദയം കലങ്ങിപ്പോകാനും അവര്‍ ചഞ്ചലിച്ചുപോകാനും പ്രേരിപ്പിക്കുന്ന എന്തെല്ലാമാണ് ഈ കാലത്തു നമ്മുടെ രാജ്യത്തു തന്നെ സംഭവിക്കുന്നത്?ലോകത്തിൽ മനുഷ്യന് എന്ത് വില കൊടുത്താലും ലഭിക്കാത്തത് ഒന്നേയുള്ളൂ അത് സമാധാനമാണ്. യഥാര്‍ത്ഥ സമാധാനത്തിന്റെ ഏക ഉറവിടം യേശുക്രിസ്തുവാണ്. ക്രിസ്തുവിനെക്കൂടാതെ, ലോകത്ത് ശരിയായ സമാധാനത്തിന്റെ യാതൊരു പ്രത്യാശയുമില്ല. ‘അവസാന അത്താഴ’ വേളയില്‍, യേശു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്; അവന്‍ പറഞ്ഞു: “എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്.” അവന്‍ നല്‍കുന്ന സമാധാനം ഉപരിപ്ലവമല്ല. മറിച്ച്, മനുഷ്യഹൃദയത്തിന്റെ അടിത്തട്ടില്‍ വരെ എത്തുന്നതാണ്.

ക്രിസ്തീയ ജീവിതത്തിൽ സമാധാനത്തിന്റെ വക്താക്കളായും സമാധാനത്തെ പകരുന്നവരായും തീരുന്നത് നമ്മുടെ പ്രധാനപ്പെട്ട ദൗത്യമാണ്. സമാധാനം ഉണ്ടാക്കുന്നവര്‍ ദൈവപുത്രന്മാരാണെന്ന് മലമുകളിലെ പ്രഭാക്ഷണത്തിൽ ക്രിസ്തു പ്രസ്താവിച്ചു. സമാധാനം ഉണ്ടാക്കേണ്ടതാണ്, അത് സ്വയമേ വരുന്നതല്ല. ദൈവത്തോട് ക്രിസ്തുവിലൂടെ സമാധാനം പ്രാപിച്ചവര്‍ മറ്റുള്ളവര്‍ക്കു സമാധാനം പകര്‍ന്നു കൊടുക്കേണ്ടവരാണ്. ദൈവം നമുക്കു നൽകുന്ന സമാധാനം സകല ബുദ്ധിയെയും കവിയുന്നതാണ്.

ലോകത്തിൽ സമാധാനം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് അവരുടെ ഹൃദയത്തിൽ സമാധാനം കണ്ടെത്തുകയാണ്. നമ്മുടെ ആത്മീയ ദാരിദ്ര്യം തിരിച്ചറിഞ്ഞ്, വിലാപത്തോടെ, ലാകീക വ്യഗ്രതകൾക്ക് അടിമയാകാതെ, ദൈവത്തിന്റെ നീതിയിൽ ആശ്രയിച്ച്, അവിടുത്തെ കരുണയിൽ പ്രത്യാശ വെച്ച്, ഹൃദയങ്ങളെ ദൈവത്തിന്റെ ശുദ്ധീകരണത്തിനായി തുറന്നു കൊടുക്കുമ്പോൾ മാത്രമേ നമ്മുടെ ഹൃദയം സമാധാനത്താൽ നിറയുകയുള്ളൂ. ദൈവത്തിന്റെ സമാധാനം ഭൂമിയിലെങ്ങും പരത്തി, ദൈവത്തിന്റെ പുത്രനെന്നും പുത്രിയെന്നും ഈ ലോകത്തിൽ വച്ചുതന്നെ വിളിക്കപ്പെടാനുള്ള ദൈവകൃപക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്