സ്വർഗീയ സൈന്യങ്ങളുടെ രാജകുമാരനും മുഖ്യദൂതനുമായ വിശുദ്ധ മിഖായേൽ, സാത്താനും ദുഷ്ടശക്‌തികൾക്കുമെതിരെയുള്ള പോരാട്ടത്തിൽ നമ്മുടെ ഉറച്ച സഹായമാണ്. ഈ അവസാനനാളുകളിൽ, കർത്താവിൻറെ രണ്ടാം വരവിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന മാനവകുലത്തെ രക്ഷകനിൽ നിന്നകറ്റാനുള്ള ഘോരയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സാത്താനെതിരെ യുദ്ധം ചെയ്യാൻ പരിശുദ്ധ അമ്മയുടെ കൊടിക്കീഴിൽ അണിനിരക്കുന്ന വിശുദ്ധരുടെ സൈന്യത്തിൻറെ സംരക്ഷകനും വിശുദ്ധ മിഖായേലാണ്. യുഗാന്ത്യസംഭവങ്ങളിൽ മുഖ്യദൂതനായ വിശുദ്ധ മിഖായേലിൻറെ പങ്കു നിർണായകമാണ് എന്ന തിരിച്ചറിവിൽ നിന്നാണു ലിയോ പതിമൂന്നാമൻ പാപ്പാ വിശുദ്ധ മിഖായേലിനോടുള്ള പ്രാർഥന രചിച്ചതും എല്ലാ കത്തോലിക്കാ ദൈവാലയങ്ങളിലും ആ പ്രാർഥന എല്ലാ ദിവസവും ചൊല്ലണം എന്നു നിർദേശിക്കുകയും ചെയ്തത്. നിർഭാഗ്യവശാൽ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷമുള്ള വർഷങ്ങളിൽ ഈ പ്രാർത്ഥനയുടെ പ്രാധാന്യം മനസിലാക്കുന്നതിൽ പലരും പരാജയപ്പെട്ടു. എന്നാൽ ഈ അടുത്ത കാലത്തായി വിശുദ്ധ മിഖായേലിനോടുള്ള ഭക്തിയിൽ വലിയൊരു ഉണർവു കാണുന്നുണ്ട് എന്നതു ശുഭോദർക്കമാണ്.

മുഖ്യദൂതന്മാരായ വിശുദ്ധ മിഖായേൽ, ഗബ്രിയേൽ, റഫായേൽ ദൂതന്മാരുടെ തിരുനാളിന് (സെപ്റ്റംബർ 29) ഒരുക്കമായി ഒൻപതു ദിവസത്തെ അനുദിനപ്രാർഥനകളിലൂടെ നമുക്കു വിശുദ്ധ മിഖായേലിൻറെ സംരക്ഷണം തേടാം.

ഒന്നാം ദിവസം (സെപ്റ്റംബർ 20)

ദൈവത്തെപ്പോലെ ആരുണ്ട്? ദൈവത്തിൻറെ ദൂതന്മാരുടെ നായകനായ വിശുദ്ധ മിഖായേലേ, അഹങ്കാരം കൊണ്ടു ദൈവത്തെ വെല്ലുവിളിച്ച ലൂസിഫറിനെയും അവൻറെ കൂട്ടുകാരെയും അനുഗമിച്ച്, അഹങ്കാരം എന്ന പാപത്താൽ സ്വയം നശിക്കുന്നവരെ ഓർത്തു പ്രാർഥിക്കുന്നു. ദൈവത്തെപ്പോലെ ആരുമില്ല എന്നും ദൈവത്തിൻറെ മുൻപിൽ മനുഷ്യന് അഹങ്കരിക്കാൻ ഒന്നുമില്ല എന്നുമുള്ള ബോധ്യം എല്ലാ മനുഷ്യരിലും ജനിപ്പിക്കണമേ.

പ്രാർഥന:

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, ഭീകര പോരാട്ടസമയത്ത് അങ്ങു ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ. പിശാചിൻറെ ദുഷ്ടതയിലും കെണിയിലും നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ദൈവം അവനെ ശാസിക്കട്ടെ എന്നു ഞങ്ങൾ എളിമയോടെ പ്രാർത്ഥിക്കുന്നു. ആത്മാക്കളെ നശിപ്പിക്കാനായി ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വർഗീയസൈന്യാധിപാ, അങ്ങു ദൈവത്തിൻറെ ശക്തിയാൽ ബന്ധിച്ചു നരകാഗ്നിയിലേക്കു തള്ളിക്കളയണമേ. ആമേൻ.

1 സ്വർഗ 1 നന്മ നിറഞ്ഞ 1 ത്രിത്വസ്തുതി

രണ്ടാം ദിവസം (സെപ്റ്റംബർ 21)

പ്രധാന ദൂതനായ മിഖായേൽ മോശയുടെ ശരീരത്തെച്ചൊല്ലി, പിശാചിനോടു തർക്കിച്ചപ്പോൾ അവനെ കുറ്റപ്പെടുത്തി ഒരു നിന്ദാവചനം പോലും ഉച്ചരിക്കാൻ തുനിഞ്ഞില്ല. പിന്നെയോ കർത്താവ് നിന്നെ ശാസിക്കട്ടെ എന്നു മാത്രം പറഞ്ഞു (യൂദാസ് 1:9). സാത്താനെതിരെപ്പോലും നിന്ദാവചനം ഉച്ചരിക്കാതെ നാവിനെ സൂക്ഷിച്ച വിശുദ്ധ മിഖായേലേ, മറ്റുള്ളവരെ നിന്ദിക്കുകയും പരിഹസിക്കുകയും പുച്ഛിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്നതിൽ നിന്നു ഞങ്ങളെ തടയണമേ.

പ്രാർഥന :

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, ഭീകര പോരാട്ടസമയത്ത് അങ്ങു ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ. പിശാചിൻറെ ദുഷ്ടതയിലും കെണിയിലും നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ദൈവം അവനെ ശാസിക്കട്ടെ എന്നു ഞങ്ങൾ എളിമയോടെ പ്രാർത്ഥിക്കുന്നു. ആത്മാക്കളെ നശിപ്പിക്കാനായി ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വർഗീയസൈന്യാധിപാ, അങ്ങു ദൈവത്തിൻറെ ശക്തിയാൽ ബന്ധിച്ചു നരകാഗ്നിയിലേക്കു തള്ളിക്കളയണമേ. ആമേൻ.

1 സ്വർഗ 1 നന്മ നിറഞ്ഞ 1 ത്രിത്വസ്തുതി

മൂന്നാം ദിവസം ( സെപ്റ്റംബർ 22)

ലൂസിഫർ അഹങ്കാരം കൊണ്ടു നഷ്ടപ്പെടുത്തിയ സ്വർഗത്തിലെ ഉന്നതസ്ഥാനങ്ങളിൽ വസിക്കുന്ന മാലാഖമാരുടെ അധിപനായ വിശുദ്ധ മിഖായേലേ, സ്വർഗമാണു ഞങ്ങളുടെ പരമമായ ലക്‌ഷ്യം എന്ന ഉറച്ച ബോധ്യം ഞങ്ങളിൽ ജനിപ്പിക്കണമേ. ദൈവേഷ്ടത്തിനു കീഴ്‌വഴങ്ങാതിരിക്കാനും അങ്ങനെ ഞങ്ങൾക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സ്വർഗീയസൗഭാഗ്യം എന്നേയ്ക്കുമായി നഷ്ടപ്പെടുത്താനുമായി ഞങ്ങളെ പ്രലോഭിപ്പിക്കുന്ന പിശാചിൻറെ കെണികൾക്കെതിരെ ജാഗ്രതയുള്ളവരായിരിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ.

പ്രാർഥന

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, ഭീകര പോരാട്ടസമയത്ത് അങ്ങു ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ. പിശാചിൻറെ ദുഷ്ടതയിലും കെണിയിലും നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ദൈവം അവനെ ശാസിക്കട്ടെ എന്നു ഞങ്ങൾ എളിമയോടെ പ്രാർത്ഥിക്കുന്നു. ആത്മാക്കളെ നശിപ്പിക്കാനായി ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വർഗീയസൈന്യാധിപാ, അങ്ങു ദൈവത്തിൻറെ ശക്തിയാൽ ബന്ധിച്ചു നരകാഗ്നിയിലേക്കു തള്ളിക്കളയണമേ. ആമേൻ.

1 സ്വർഗ 1 നന്മ നിറഞ്ഞ 1 ത്രിത്വസ്തുതി

നാലാം ദിവസം ( സെപ്റ്റംബർ 23)

അനന്തരം, സ്വർഗത്തിൽ ഒരു യുദ്ധമുണ്ടായി. മിഖായേലും അവൻറെ ദൂതന്മാരും സർപ്പത്തോടു പോരാടി. സർപ്പവും അവൻറെ ദൂതന്മാരും എതിർത്ത് യുദ്ധം ചെയ്തു, എന്നാൽ അവർ പരാജിതരായി (വെളി.12: 7-8).

പിശാചിനും അവൻറെ ദൂതന്മാർക്കുമെതിരെയുള്ള പോരാട്ടത്തിൽ വിജയം വരിച്ച വിശുദ്ധ മിഖായേലേ, ലോകം, പിശാച്, ശരീരം എന്നീ ത്രിവിധശത്രുക്കളുമായുള്ള യുദ്ധത്തിൽ ഞങ്ങൾക്കു വിജയം വാങ്ങിത്തരണമേ. ഞങ്ങളുടെ ആത്മാവിനെ നശിപ്പിക്കുന്ന സാത്താൻറെ എല്ലാ ശക്തികളെയും അങ്ങയുടെ ശക്തിയേറിയ സംരക്ഷണത്തിൻറെ പരിചയാൽ പരാജയപ്പെടുത്താൻ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ.

പ്രാർഥന :

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, ഭീകര പോരാട്ടസമയത്ത് അങ്ങു ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ. പിശാചിൻറെ ദുഷ്ടതയിലും കെണിയിലും നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ദൈവം അവനെ ശാസിക്കട്ടെ എന്നു ഞങ്ങൾ എളിമയോടെ പ്രാർത്ഥിക്കുന്നു. ആത്മാക്കളെ നശിപ്പിക്കാനായി ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വർഗീയസൈന്യാധിപാ, അങ്ങു ദൈവത്തിൻറെ ശക്തിയാൽ ബന്ധിച്ചു നരകാഗ്നിയിലേക്കു തള്ളിക്കളയണമേ. ആമേൻ.

1 സ്വർഗ 1 നന്മ നിറഞ്ഞ 1 ത്രിത്വസ്തുതി

അഞ്ചാം ദിവസം ( സെപ്റ്റംബർ 24)

പേർഷ്യാ രാജ്യത്തിൻറെ കാവൽ ദൂതൻ ഇരുപത്തൊന്നു ദിവസം എന്നോട് എതിർത്തുനിന്നു; എങ്കിലും പ്രധാനദൂതന്മാരിൽ ഒരാളായ മിഖായേൽ എൻറെ സഹായത്തിനെത്തി. അതുകൊണ്ട്, അവനെ പേർഷ്യാരാജ്യത്തിൻറെ കാവൽദൂതനോട് എതിരിടാൻ വിട്ട്, വരാനിരിക്കുന്ന നാളുകളിൽ നിൻറെ ജനത്തിന് എന്തു സംഭവിക്കുമെന്നു നിന്നെ ഗ്രഹിപ്പിക്കാൻ ഞാൻ വന്നിരിക്കുന്നു (ദാനി 10:13-14).

വിശുദ്ധ മിഖായേലേ, പിശാചിൻറെ ദൂതന്മാർ ഞങ്ങളെ ആക്രമിക്കുകയും പിടിച്ചുനിൽക്കാൻ ശേഷിയില്ലാതെ ഞങ്ങൾ പതറിപ്പോവുകയും ചെയ്യുമ്പോൾ ഞങ്ങളുടെ സഹായത്തിനെത്തണമേ. അങ്ങു ഞങ്ങളോടൊപ്പം യുദ്ധം ചെയ്യുമെങ്കിൽ ഞങ്ങൾക്കൊന്നും ഭയപ്പെടാനില്ലല്ലോ.

പ്രാർഥന:

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, ഭീകര പോരാട്ടസമയത്ത് അങ്ങു ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ. പിശാചിൻറെ ദുഷ്ടതയിലും കെണിയിലും നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ദൈവം അവനെ ശാസിക്കട്ടെ എന്നു ഞങ്ങൾ എളിമയോടെ പ്രാർത്ഥിക്കുന്നു. ആത്മാക്കളെ നശിപ്പിക്കാനായി ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വർഗീയസൈന്യാധിപാ, അങ്ങു ദൈവത്തിൻറെ ശക്തിയാൽ ബന്ധിച്ചു നരകാഗ്നിയിലേക്കു തള്ളിക്കളയണമേ. ആമേൻ.

1 സ്വർഗ 1 നന്മ നിറഞ്ഞ 1 ത്രിത്വസ്തുതി

ആറാം ദിവസം ( സെപ്റ്റംബർ 25)

ഞാൻ അവനെ തോൽപിച്ചുകഴിയുമ്പോൾ യവനരാജ്യത്തിൻറെ കാവൽദൂതൻ വരും. സത്യത്തിൻറെ ഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്നത് എന്തെന്നു ഞാൻ നിന്നോടു പറയാം. നിൻറെ കാവൽദൂതനായ മിഖായേൽ ഒഴികെ എൻറെ പക്ഷത്തുനിന്ന് ഇവർക്കെതിരെ പൊരുതാൻ ആരുമില്ല (ദാനി 10:21).

വിശുദ്ധ മിഖായേലേ, സത്യത്തിനു വേണ്ടി പോരാടുമ്പോൾ ഞങ്ങളോടൊപ്പം നിൽക്കാൻ അങ്ങല്ലാതെ വേറെയാരെയും ഞങ്ങൾ കാണുന്നില്ല. അസത്യം അത്രമേൽ വിജയം വരിക്കുന്നതായി കാണപ്പെടുന്ന ഈ നാളുകളിൽ ഞങ്ങളുടെ പക്ഷത്തു നിന്നു ലോകാരൂപിയ്‌ക്കെതിരെ പോരാടാൻ അങ്ങ് കടന്നുവരണമേ.

പ്രാർഥന:

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, ഭീകര പോരാട്ടസമയത്ത് അങ്ങു ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ. പിശാചിൻറെ ദുഷ്ടതയിലും കെണിയിലും നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ദൈവം അവനെ ശാസിക്കട്ടെ എന്നു ഞങ്ങൾ എളിമയോടെ പ്രാർത്ഥിക്കുന്നു. ആത്മാക്കളെ നശിപ്പിക്കാനായി ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വർഗീയസൈന്യാധിപാ, അങ്ങു ദൈവത്തിൻറെ ശക്തിയാൽ ബന്ധിച്ചു നരകാഗ്നിയിലേക്കു തള്ളിക്കളയണമേ. ആമേൻ.

1 സ്വർഗ 1 നന്മ നിറഞ്ഞ 1 ത്രിത്വസ്തുതി

ഏഴാം ദിവസം ( സെപ്റ്റംബർ 26)

അക്കാലത്ത് നിൻറെ ജനത്തിൻറെ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേൽ എഴുന്നേൽക്കും (ദാനി 12:1).

ദൈവജനത്തിൻറെ ചുമതല വഹിക്കുന്ന വിശുദ്ധ മിഖായേലേ, കർത്താവീശോമിശിഹായുടെ മഹത്വപൂർണമായ രണ്ടാം വരവിനായി ഞങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലത്തു ഞങ്ങളുടെ സഹായത്തിനായി എഴുന്നേൽക്കണമേ. ജനത രൂപം പ്രാപിച്ചതു മുതൽ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടതകൾ (ദാനി 12:1) ഉണ്ടാകും എന്നു പ്രവചിക്കപ്പെട്ടിരിക്കുന്നത് ഈ നാളുകളെക്കുറിച്ചാണല്ലോ.

പ്രാർഥന:

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, ഭീകര പോരാട്ടസമയത്ത് അങ്ങു ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ. പിശാചിൻറെ ദുഷ്ടതയിലും കെണിയിലും നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ദൈവം അവനെ ശാസിക്കട്ടെ എന്നു ഞങ്ങൾ എളിമയോടെ പ്രാർത്ഥിക്കുന്നു. ആത്മാക്കളെ നശിപ്പിക്കാനായി ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വർഗീയസൈന്യാധിപാ, അങ്ങു ദൈവത്തിൻറെ ശക്തിയാൽ ബന്ധിച്ചു നരകാഗ്നിയിലേക്കു തള്ളിക്കളയണമേ. ആമേൻ.

1 സ്വർഗ 1 നന്മ നിറഞ്ഞ 1 ത്രിത്വസ്തുതി

എട്ടാം ദിവസം (സെപ്റ്റംബർ 27)

എന്തെന്നാൽ അധികാരപൂർണമായ ആജ്‌ഞാവചനം കേൾക്കുകയും പ്രധാനദൂതൻറെ ശബ്ദം ഉയരുകയും ദൈവത്തിൻറെ കാഹളധ്വനി മുഴങ്ങുകയും ചെയ്യുമ്പോൾ, കർത്താവ് സ്വർഗത്തിൽ നിന്ന് ഇറങ്ങിവരികയും ക്രിസ്തുവിൽ മരണമടഞ്ഞവർ ആദ്യം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും (1 തെസ 4:16).

കർത്താവു രക്ഷിച്ച ആത്മാക്കളെ സ്വർഗത്തിലേക്കു കൂട്ടിക്കൊണ്ടുപോകാൻ നിയുക്തനായിരിക്കുന്ന വിശുദ്ധ മിഖായേലേ, സ്വർഗത്തിൽ നിന്നിറങ്ങിവരുന്ന ക്രിസ്തുവിനെ സ്വീകരിക്കാനുള്ള ഞങ്ങളുടെ ഒരുക്കത്തിൽ തടസം നിൽക്കുന്ന എല്ലാ നാരകീയശക്തികളെയും അങ്ങയുടെ അധികാരപൂർണമായ ശബ്ദത്താൽ ബഹിഷ്കരിക്കണമേ എന്നു പ്രാർഥിക്കുന്നു.

പ്രാർഥന:

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, ഭീകര പോരാട്ടസമയത്ത് അങ്ങു ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ. പിശാചിൻറെ ദുഷ്ടതയിലും കെണിയിലും നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ദൈവം അവനെ ശാസിക്കട്ടെ എന്നു ഞങ്ങൾ എളിമയോടെ പ്രാർത്ഥിക്കുന്നു. ആത്മാക്കളെ നശിപ്പിക്കാനായി ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വർഗീയസൈന്യാധിപാ, അങ്ങു ദൈവത്തിൻറെ ശക്തിയാൽ ബന്ധിച്ചു നരകാഗ്നിയിലേക്കു തള്ളിക്കളയണമേ. ആമേൻ.

1 സ്വർഗ 1 നന്മ നിറഞ്ഞ 1 ത്രിത്വസ്തുതി

ഒൻപതാം ദിവസം ( സെപ്റ്റംബർ 28)

സ്വർഗത്തിൽ നിന്ന് ഒരു ദൂതൻ ഇറങ്ങുന്നത് ഞാൻ കണ്ടു. അവൻറെ കൈയിൽ പാതാളത്തിൻറെ താക്കോലും വലിയ ഒരു ചങ്ങലയും ഉണ്ട്. അവൻ ഒരു ഉഗ്രസർപ്പത്തെ – സാത്താനും പിശാചുമായ പുരാതനസർപ്പത്തെ- പിടിച്ച് ആയിരം വർഷത്തേക്കു ബന്ധനത്തിലാക്കി. അതിനെ പാതാളത്തിലേക്കെറിഞ്ഞു. വാതിൽ അടച്ചു മുദ്രവച്ചു. ( വെളി 20:1)

ദുഷ്ടാരൂപികളെ ബഹിഷ്കരിക്കുകയും ഇനിയൊരിക്കലും മനുഷ്യമക്കളെ വഞ്ചിക്കാതിരിക്കാനായി അവനെ പാതാളത്തിൽ ബന്ധിക്കുകയും ചെയ്യുന്ന വിശുദ്ധ മിഖായേലേ, ഞങ്ങളുടെ ആത്മാവിലും മനസിലും ശരീരത്തിലും പ്രവർത്തിക്കുന്ന എല്ലാ പൈശാചികശക്തികളിലും നിന്നു ഞങ്ങൾക്കു പൂർണവിടുതൽ നല്കണമേ. മേലിൽ ഒരിക്കലും ഞങ്ങളെ സ്പർശിക്കരുത് എന്ന ശാസനയോടെ എല്ലാ ദുഷ്ടാരൂപികളെയും എന്നെന്നേയ്ക്കുമായി ഞങ്ങളിൽ നിന്നു ബഹിഷ്കരിക്കണമേ. അപ്രകാരം വിശുദ്ധീകരിക്കപ്പെട്ട ഞങ്ങൾ പരിശുദ്ധാത്മാവിനാൽ നിറയുവാനും ക്രിസ്തുവിൻറെ അനുയായികൾക്ക് യോജിച്ച വിധത്തിൽ ജീവിക്കാനും ഉള്ള കൃപ അത്യുന്നതനായ ദൈവത്തിൽ നിന്നു വാങ്ങിത്തരണമേ.

പ്രാർഥന:

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ, ഭീകര പോരാട്ടസമയത്ത് അങ്ങു ഞങ്ങളുടെ തുണയും സഹായവുമായിരിക്കണമേ. പിശാചിൻറെ ദുഷ്ടതയിലും കെണിയിലും നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണമേ. ദൈവം അവനെ ശാസിക്കട്ടെ എന്നു ഞങ്ങൾ എളിമയോടെ പ്രാർത്ഥിക്കുന്നു. ആത്മാക്കളെ നശിപ്പിക്കാനായി ലോകമെങ്ങും ചുറ്റിനടക്കുന്ന സാത്താനെയും മറ്റെല്ലാ ദുഷ്ടാരൂപികളെയും അല്ലയോ സ്വർഗീയസൈന്യാധിപാ, അങ്ങു ദൈവത്തിൻറെ ശക്തിയാൽ ബന്ധിച്ചു നരകാഗ്നിയിലേക്കു തള്ളിക്കളയണമേ. ആമേൻ.

1 സ്വർഗ 1 നന്മ നിറഞ്ഞ 1 ത്രിത്വസ്തുതി

തിരുനാൾ ദിവസം ( സെപ്റ്റംബർ 29)

1. വിശുദ്ധഗ്രന്ഥവായന – ദാനി 10:7-21

2. വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥന (പൂർണ രൂപത്തിൽ )

3. മുഖ്യദൂതനായ വിശുദ്ധ മിഖായേലിനോടുള്ള പ്രതിഷ്ഠാജപം ( താഴെക്കൊടുക്കുന്നു)

‘ഓ, മാലാഖവൃന്ദങ്ങളുടെ മഹത്വപൂർണനായ രാജകുമാരനും

സർവശക്തനായ ദൈവത്തിൻറെ വീരപോരാളിയും

അവിടുത്തെ മഹത്വത്തിൻറെ തീക്ഷ്ണതയേറിയ സ്നേഹിതനും

അനുസരണമില്ലാത്ത മാലാഖമാർക്കു ഭയകാരണവും

സകല നീതിമാന്മാരുടെയും സ്നേഹവും ആനന്ദവുമായ

എൻറെ പ്രിയപ്പെട്ട മുഖ്യദൂതാ, വിശുദ്ധ മിഖായേലേ,

അങ്ങയുടെ ഭക്‌തദാസരുടെ ഗണത്തിൽ

എണ്ണപ്പെടാൻ ആഗ്രഹിച്ചുകൊണ്ട്

ഇന്നു ഞാൻ എന്നെ അങ്ങേയ്ക്കു സമർപ്പിക്കുകയും

പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. അതോടൊപ്പം

എന്നെയും എൻറെ കുടുംബത്തെയും

എനിക്കുള്ള സർവസ്വവും അങ്ങയുടെ

ഏറ്റവും ശക്തിയേറിയ സംരക്ഷണത്തിന്

ഏൽപ്പിക്കുകയും ചെയ്യുന്നു.

ഏറ്റം നികൃഷ്ടപാപിയായ ഞാൻ

അങ്ങയുടെ ദാസനെന്ന നിലയിൽ

സമർപ്പിക്കുന്നവയുടെ നിസാരത

കണക്കിലെടുക്കരുതേ എന്നും

മറിച്ച് ഈ സമർപ്പണം നടത്തുമ്പോഴുള്ള

എൻറെ ഹൃദയപൂർവമായ സ്നേഹത്തെ

സൗമനസ്യത്തോടെ വീക്ഷിക്കണമെന്നും

അങ്ങയോടു ഞാൻ യാചിക്കുന്നു.

ഇപ്രകാരം ഇന്നുമുതൽ ഞാൻ അങ്ങയുടെ

സംരക്ഷണത്തിനു കീഴിലായതിനാൽ

എൻറെ ജീവിതകാലമത്രയും

അങ്ങ് എന്നെ സഹായിക്കുകയും

എൻറെ എണ്ണമറ്റതും ദാരുണവുമായ

പാപങ്ങൾക്കും അതിക്രമങ്ങൾക്കും

പൊറുതി വാങ്ങിത്തരുകയും

ചെയ്യേണ്ടതാണെന്ന് അങ്ങ് ഓർക്കണമേ.

പൂർണ ഹൃദയത്തോടെ എൻറെ ദൈവവും

എൻറെ പ്രിയരക്ഷകനുമായ യേശുവിനെയും

എൻറെ എത്രയും മാധുര്യമുള്ള അമ്മയായ

മറിയത്തെയും സ്നേഹിക്കാനുള്ള കൃപയും,

എൻറെ മഹത്വത്തിൻറെ കിരീടം

നേടിയെടുക്കാനാവശ്യമായ

എല്ലാ സഹായവും വാങ്ങിത്തരുകയും

ചെയ്യേണ്ടതാണെന്നും അങ്ങ് ഓർക്കണമേ.

എൻറെ എല്ലാ ആത്‌മീയശത്രുക്കളിൽ നിന്നും വിശിഷ്യാ

എൻറെ ജീവിതത്തിൻറെ അവസാന നിമിഷങ്ങളിൽ

എനിക്കു നേരിടേണ്ടിവരുന്ന ആത്മീയശത്രുക്കളിൽ നിന്നും

അങ്ങ് എനിക്കു പ്രതിരോധം തീർക്കണമേ.

ഓ മഹത്വപൂർണനായ രാജകുമാരാ,

എൻറെ അവസാനപോരാട്ടവേളയിൽ

അങ്ങ് എൻറെയടുക്കൽ വന്ന്

എനിക്കു സഹായമരുളുകയും,

സ്വർഗ്ഗത്തിലെ യുദ്ധത്തിൽ

അങ്ങ് ഒരിക്കൽ പരാജയപ്പെടുത്തിയ നുണയനെ

അങ്ങയുടെ ശക്തമായ ആയുധത്താൽ എന്നിൽ നിന്നുമകറ്റി

നരകക്കുഴികളിലേക്കു ബഹിഷ്കരിക്കുകയും ചെയ്യണമേ.

മുഖ്യദൂതനായ വിശുദ്ധ മിഖായേലേ,

നിത്യം വാഴുന്ന ദൈവത്തിന് അങ്ങയോടും

സകല മാലാഖമാരോടുമൊപ്പം സ്തുതിയുടെയും

ആരാധനയുടെയും മഹത്വത്തിൻറെയും കീർത്തനങ്ങൾ

ആലപിക്കാനായി എൻറെ മരണനിമിഷത്തിൽ

ദൈവത്തിൻറെ സിംഹാസനത്തിനു മുൻപിലേക്ക്

എന്നെ അനുധാവനം ചെയ്യുകയും ചെയ്യണമേ. ആമേൻ’.

നിങ്ങൾ വിട്ടുപോയത്