“ജോസഫ് വാസ് വിശ്വാസത്താൽ തീ പിടിച്ചവനായിരുന്നു…” 1995 ൽ കൊളംബോയിൽ വെച്ച് വിശുദ്ധ ജോസഫ് വാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കവേ പോപ്പ് ജോൺ പോൾ രണ്ടാമൻ പറഞ്ഞു.”ദ്വീപിൽ അങ്ങോളമിങ്ങോളം, നഗ്നപാദനായി,തന്റെ കത്തോലിക്കാവിശ്വാസത്തിന്റെ അടയാളമായി ഒരു ജപമാല കഴുത്തിലിട്ടുകൊണ്ട് യാത്ര ചെയ്ത അദ്ദേഹം തന്റെ ഗുരുവിനെ പിഞ്ചെല്ലാനാഗ്രഹിച്ചു. യഥാർത്ഥ ക്രിസ്തുശിഷ്യനായി, എണ്ണിയാലൊടുങ്ങാത്ത സഹനങ്ങൾ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും സ്വീകരിച്ച അദ്ദേഹത്തിനറിയാമായിരുന്നു ആ സഹനങ്ങളിലും ദൈവത്തിന്റെ പദ്ധതിയാണ് നിറവേറുന്നതെന്ന് “. പാപ്പ പറഞ്ഞു.

” നിങ്ങളുടെ പൂർവികർ അവരുടെ വിശ്വാസത്തിൽ ഫാദർ വാസിനെ സന്തോഷത്തോടെ സ്വീകരിച്ചു. കത്തോലിക്കാസഭ പീഡനം നേരിട്ടിരുന്ന, ദേവാലയങ്ങൾ തകർത്ത് പുരോഹിതരെ നാടുകടത്തിയിരുന്ന, ആ സമയത്ത് ശ്രീലങ്കയിലെ കത്തോലിക്കർ നിരാശരായില്ല. അവർ സ്വീകരിച്ച സുവിശേഷത്തോട് വിശ്വസ്തരായി അവർ നിലകൊണ്ടു. ദൈവം അവരെ കൈവെടിഞ്ഞില്ല. നിങ്ങളുടെ രാജ്യത്ത് സഭയെ വീണ്ടും പടുത്തുയർത്തുന്നതിൽ ജോസഫ് വാസിന്റെ കൂടെ ഇവിടത്തെ അൽമായരുണ്ടായിരുന്നു., ക്രിസ്തുവിന്റെ ചിതറിക്കപ്പെട്ട ആടുകൾക്ക് കഠിനസാഹചര്യങ്ങളിൽ വഴി തെളിക്കാനായി അൽമായനേതാക്കളെ അദ്ദേഹം പരിശീലിപ്പിച്ചു”…. പരിശുദ്ധ പിതാവ് ജനങ്ങളെ ഓർമിപ്പിച്ചു.

പതിനേഴാം നൂറ്റാണ്ടിൽ, ശ്രീലങ്ക സിലോൺ എന്നറിയപ്പെട്ടിരുന്ന സമയത്ത് അവിടെ എത്തിച്ചേർന്ന ഡച്ച് കുടിയേറ്റക്കാർ തീവ്രകാൽവിനിസ്റ്റുകളായിരുന്നു. കത്തോലിക്കാവിശ്വാസം ഇല്ലാതാക്കാൻ പറ്റുന്നതൊക്കെ അവർ ചെയ്തു.യൂറോപ്യൻ കത്തോലിക്കാമീഷനറിമാരെ നാടുകടത്തി, പോർച്ചുഗീസ് തുറമുഖങ്ങൾ നശിപ്പിച്ചു, ദേവാലയങ്ങൾ തകർത്തു. കടുത്ത നിയമങ്ങൾ കൊണ്ടുവന്നു. തങ്ങളുടെ കുടുംബത്തിന്റെ നിലനിൽപ്പിനായി, കത്തോലിക്കർക്ക് അവരുടെ മക്കളെ ഡച്ച് കാൽവിനിസ്റ്റ് സ്‌കൂളുകളിൽ വിടേണ്ടിവന്നു.

അഞ്ചു പതിറ്റാണ്ടോളം ഒരൊറ്റ കത്തോലിക്കാ പുരോഹിതൻ പോലും ശ്രീലങ്കയിൽ ഉണ്ടായില്ല. അങ്ങനെയിരിക്കെയാണ് പരിശുദ്ധാത്മാവിനാൽ പ്രചോദിതനായി തന്റെ ജീവൻ പണയം വെച്ച് ഇന്ത്യയിലെ ഒരു യുവപുരോഹിതൻ, ഫാദർ ജോസഫ് വാസ് ശ്രീലങ്കയിൽ എത്തുന്നത്. ശ്രീലങ്കയിൽ ഇന്നുള്ള കത്തോലിക്ക സഭയുടെ സാന്നിദ്ധ്യം ഈ വിശുദ്ധനോട് കടപ്പെട്ടിരിക്കുന്നു.ശ്രീലങ്കയിലെ കാത്തലിക് ബിഷപ്പുമാർ 1987 നവംബർ 13ന് ഇറക്കിയ അപ്പസ്തോലിക എഴുത്തിൽ അവരുടെ കൃതജ്ഞത വെളിപ്പെടുത്തി, ” മാനുഷികമായി പറഞ്ഞാൽ, എങ്ങുനിന്നും ഒരു സഹായം ഇല്ലാതിരുന്നപ്പോൾ ദൈവം അവന്റെ ദയയാൽ പ്രതീക്ഷിക്കാതെ ഒരു സഹായമയച്ചു. ഇന്ത്യയിൽ നിന്ന് ഒരു അപ്പസ്തോലനെ അവൻ ഞങ്ങൾക്കായി അയച്ചു”.

1651 ഏപ്രിൽ 21ന് ഗോവയിൽ ജനിച്ച ജോസഫ് വാസിന്റെ മാതാപിതാക്കൾ ക്രിസ്റ്റഫർ വാസും മരിയ ഡി മിരാൻഡയും ആയിരുന്നു. അവരുടെ മേൽനോട്ടത്തിൽ ദൈവസ്നേഹത്തിൽ വളർന്ന ജോസഫ് ചെറുപ്രായത്തിൽ തന്നെ പാവപ്പെട്ട കുട്ടികളെ സംരക്ഷിക്കാൻ തുടങ്ങിയിരുന്നു.’ എന്റെ കൊച്ചു വിശുദ്ധൻ ‘ എന്നാണ് അവന്റെ അമ്മ അവനെ വിളിച്ചത്.സെന്റ് പോൾ ജെസ്യൂട്ട് കോളേജിൽ നിന്ന് ഹ്യുമാനിറ്റീസിൽ ബിരുദമെടുത്ത ജോസഫ് ഡോമിനിക്കൻസ് നടത്തിയിരുന്ന സെന്റ് തോമസ് അക്വീനാസ് അക്കാദമിയിൽ പൗരോഹിത്യപഠനത്തിനായി ചേർന്നു. 1676 ൽ വൈദികനായി. ഒരു സന്യാസിയെപ്പോലെ തീക്ഷ്‌ണപ്രാർത്ഥനയിൽ മുഴുകി, നഗ്നപാദനായി നടന്ന അദ്ദേഹം കഠിനജീവിതരീതിയാണ് പിന്തുടർന്നത്. പരിശുദ്ധ അമ്മയോട് തീവ്രഭക്തിയുണ്ടായിരുന്ന അദ്ദേഹം അവളുടെ പുത്രൻ മനസ്സാകുന്നതെന്തും ചെയ്തുകൊള്ളാമെന്ന് പറഞ്ഞ് തന്നെത്തന്നെ അടിമയായി വെച്ചു. ആ സമയത്ത് ശ്രീലങ്കയിലെ കാര്യങ്ങൾ അറിഞ്ഞ ജോസഫ് വാസ് ശ്രീലങ്കയിലേക്ക് പോകാൻ മേലധികാരികളോട് അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇടവക വികാരിയാവേണ്ടി വന്നു.

1685 ൽ ചർച് ഓഫ് ഹോളി ക്രോസ്സ് ഓഫ് മിറാക്കിൾസ് ൽ വെച്ച് ഒരു കൂട്ടം വൈദികരെ കണ്ടെത്തിയ ജോസഫ് വാസ് വിശുദ്ധ ഫിലിപ്പ് നേരിയുടെ നിയമസംഹിത അവരെ പഠിപ്പിച്ചു ( Rule of Oratorians). അവരുടെ സുപ്പീരിയർ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം Institute of the Oratory യുടെ ഇന്ത്യയിലെ സ്ഥാപകനായി. 1686 ൽ, തന്നെ ഏല്പിച്ചിരുന്ന പദവികൾ രാജിവെച്ച് ടൂട്ടികൊറീനിലെ തുറമുഖത്തേക്ക് പോയി. മാർഗ്ഗമദ്ധ്യേ തമിഴ് പഠിച്ചു. തന്നോടൊപ്പം ചേർന്ന മറ്റൊരു ബാലനൊപ്പം ചുമട്ടുകാരന്റെ വേഷത്തിൽ ജാഫ്നയിലെത്തി.

ഭിക്ഷക്കാരനെപ്പോലെ അവിടങ്ങളിൽ കത്തോലിക്കർ ബാക്കിയുണ്ടോ എന്ന് തിരഞ്ഞുകൊണ്ട് അദ്ദേഹം ചുറ്റിനടന്നു. കഠിനമായ പരീക്ഷണങ്ങളുടെ ഇടയിലും തങ്ങളുടെ കത്തോലിക്ക വിശ്വാസം മുറുകെ പഠിച്ചിരുന്ന അവിടത്തെ കത്തോലിക്കർ അവരുടെ രാജ്യത്തേക്ക് വരാൻ ധൈര്യം കാണിച്ച പുരോഹിതന് ചുറ്റും കൂടി. അവരുടെ വീടുകളിൽ അദ്ദേഹത്തെ ഒളിപ്പിച്ചു, രഹസ്യമായി ഒത്തുചേർന്നു, അപകടമുണ്ടാകുമ്പോൾ മുന്നറിയിപ്പ് കൊടുത്തു. ശ്രീലങ്കയിൽ അപ്പോഴുണ്ടായിരുന്ന ഒരേയൊരു കത്തോലിക്കപുരോഹിതൻ ജോസഫ് വാസ് ആയിരുന്നു, അൽമായരുടെ അകമഴിഞ്ഞ സഹകരണം അദ്ദേഹത്തിനുണ്ടായി.

1692 ൽ ശ്രീലങ്കയുടെ അന്നത്തെ തലസ്ഥാനമായിരുന്ന കാൻഡിയെ തന്റെ അപ്പസ്തോലിക കേന്ദ്രമാക്കാൻ രാജാവിന്റെ അനുമതി തേടിയെങ്കിലും കാൽവിനിസ്റ്റുകൾ അദ്ദേഹത്തെ ജയിലിലെത്തിച്ചു.അവിടെ വെച്ച് സിംഹളഭാഷ പഠിച്ചു. തന്നോട് അവിടുള്ളവർക്കുണ്ടായ അനുഭാവം മുതലാക്കി ജയിൽമൈതാനത്ത് തന്നെ പരിശുദ്ധ അമ്മയുടെ പേരിൽ ഒരു ദേവാലയം തട്ടിക്കൂട്ടി.1696 ൽ കഠിനമായ വരൾച്ചയുണ്ടായി. ബുദ്ധമത സന്യാസികൾ അവരുടെ പ്രാർത്ഥനയാൽ മഴ പെയ്യിക്കുന്നതിൽ പരാജയപെട്ടപ്പോൾ രാജാവ് ജോസഫ് വാസിനെ വിളിപ്പിച്ചു. ഒരു അൾത്താരയുണ്ടാക്കി, കൊട്ടാരത്തിന് അഭിമുഖമായി ഒരു കുരിശ് നാട്ടിയ അദ്ദേഹം പ്രാർത്ഥിച്ചപ്പോൾ പേമാരി തകർത്തു പെയ്യാൻ തുടങ്ങി. രാജാവ് ജോസഫ് വാസിന് എവിടെയും സുവിശേഷം പ്രസംഗിക്കാനുള്ള അനുമതി നൽകി.

ഗോവയിൽ നിന്നും കൂടുതൽ പുരോഹിതർ എത്തിച്ചേർന്നു.1697 ൽ വസൂരി പടർന്നുപിടിച്ചപ്പോൾ രോഗികളെ ശുശ്രൂഷിക്കാനും ഭക്ഷണം പാകം ചെയ്ത് ആവശ്യക്കാർക്ക് നല്കാനും മരിച്ചവരെ അടക്കാനുമൊക്കെ ഒക്കെ അവർ ജോസഫ് വാസിനെ സഹായിച്ചു. അവരുടെ അസാമാന്യധൈര്യം രാജാവിന്റെ ഹൃദയം തൊട്ടു. അവർക്ക് എല്ലാ പിന്തുണയും നൽകി. രാജാവിന്റെ മകൻ നരേന്ദ്രസിംഹയും അതിൽ കൂടുതൽ അവരെ പിന്തുണച്ചു.ശ്രീലങ്കയിലെ എല്ലായിടത്തും കത്തോലിക്ക ദേവാലയങ്ങൾ സ്ഥാപിക്കാൻ തന്റെ അവസാന ശ്വാസം വരെയും ജോസഫ് വാസ് പ്രയത്നിച്ചു. അവിടത്തെ സംസ്കാരത്തെ സുവിശേഷത്തിന്റെ യഥാർത്ഥ ആത്മാവുമായി കൂട്ടിയിണക്കാനുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികൾ മഹനീയമായിരുന്നു. 15 പള്ളികളും സ്‌കൂളിനോട് ചേർന്ന് 400 ചാപ്പലുകളും അനേകം ഡിസ്‌പെൻസറികളും ആശുപത്രികളും അദ്ദേഹത്തിന്റെ ശ്രമഫലമായി ഉണ്ടായി.

1710 ൽ ഒരു യാത്രക്ക് ശേഷം വണ്ടിയിൽ നിന്ന് വീണ ജോസഫ് വാസ് രോഗബാധിതനായി. 1711 ന്റെ തുടക്കത്തിൽ തന്റെ അന്ത്യം അടുത്തെന്ന് മനസ്സിലാക്കിയ അദ്ദേഹം അന്ത്യകൂദാശകൾ സ്വീകരിച്ചു. അപ്പോൾ എത്തിച്ചേർന്ന ഒരു മീഷനറിയെ അഭിവാദനം ചെയ്ത് സ്വീകരിച്ചു. ധ്യാനത്തിനായി ഏകാന്തത ആവശ്യപ്പെട്ടു. അന്ന് രാത്രി ജനുവരി 16, 1711 ന് കർത്താവിങ്കലേക്ക്നിത്യസമ്മാനത്തിനായി പോയി.

രാജാവ് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. കാൻഡിയിലെ ദേവാലയത്തിൽ അദ്ദേഹത്തെ അടക്കി.1995 ജനുവരി 21ന് ജോസഫ് വാസിനെ വാഴ്ത്തിപ്പെട്ടവനാക്കി ഉയർത്തിയ ജോൺപോൾ രണ്ടാമൻ പാപ്പ, ഏഷ്യയിലെ രാജ്യങ്ങളോടും ജനങ്ങളോടും, മിഷ്നറിയായ ഈ മകനെ അവിടേക്ക് അയച്ചതിന് ദൈവത്തെ സ്തുതിക്കുന്നതിൽ കോറസായി ചേരാൻ ആവശ്യപ്പെട്ടു. 2015 ജനുവരി 14ന് ഫ്രാൻസിസ് പാപ്പ ജോസഫ് വാസിനെ അൾത്താര വണക്കത്തിലേക്ക് ഉയർത്തി.

വിശുദ്ധ ജോസഫ് വാസിന്റെ തിരുന്നാൾ മംഗളങ്ങൾഏവർക്കും നേരുന്നു.

.ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്