• പെസഹാവ്യാഴം
    ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമാണ് അന്ത്യ അത്താഴവേളയിൽ യേശു നടത്തിയ പാദക്ഷാളനം.
  • അടിമ-ഉടമ ബന്ധങ്ങൾ അതിശക്തമായിരുന്ന ഒരു സാമൂഹിക-സാംസ്ക്കാരിക പശ്ചാത്തലത്തിൽ നടന്ന ഈ ഒറ്റപ്പെട്ട സംഭവം ഏറെ ശ്രദ്ധേയമായി. അപ്പസ്തോലപ്രമുഖനായ പത്രോസിന്റെ എല്ലാ തടസ്സവാദങ്ങൾക്കും യുക്തിഭദ്രമായി തടയിട്ടുകൊണ്ടാണ് യേശു ഈ കർമ്മം നിർവ്വഹിച്ചത്. പത്രോസ് ഈ സംഭവത്തെ വെറും മാനുഷികതലത്തിൽമാത്രം വീക്ഷിക്കാൻ ശ്രമിച്ചപ്പോൾ യേശു അതിനപ്പുറത്തേക്കു കടന്ന്‌ ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ ഭാഗമായാണ് ഈ അനുഷ്ഠാനത്തെ അനുസന്ധാനം( സജ്ജീകരിക്കൽ) ചെയ്യാൻ .ശ്രമിച്ചത്.
  • പാപംമൂലം പടിയിറങ്ങിപ്പോയ ദൈവികചൈതന്യത്തെ മടക്കിക്കൊണ്ടുവരുവാനുള്ള ശ്രമത്തിന്റെ പ്രതീകാത്മക പ്രകടനമായിരുന്നു യേശുവിന്റെ കാലുകഴുകൽ ശുശ്രൂഷ. അത് അവിടുത്തെ കുരിശുമരണത്തോളം നീണ്ട് മനുഷ്യവർഗ്ഗത്തെയാകമാനം തന്റെ തിരുരക്തത്താൽ കഴുകി ശുദ്ധീകരിക്കുന്നതിന്റെ സൂചകമായിത്തീർന്നു. നഷ്ടപ്പെടുത്തിയ ദൈവിക ചൈതന്യത്തെ വീണ്ടെടുത്തു പ്രതിഷ്ഠിക്കുവാൻ ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലായിരുന്നു. ആ ചൈതന്യത്തെ നമ്മിൽ എന്നേക്കും കുടിയിരുത്തുവാൻവേണ്ടിയാണ് യേശു തന്റെ കരങ്ങളിൽ അപ്പവും വീഞ്ഞുമെടുത്ത് ആശീർവ്വദിച്ചുകൊണ്ടു് ഇതെന്റെ ശരീരരക്തങ്ങളാകുന്നു എന്നു പറഞ്ഞ് ശിഷ്യന്മാർക്കു ഭക്ഷ്യപാനീയങ്ങളായി പകുത്തു നൽകിയതു്. പരസ്യശുശ്രൂഷയുടെ അന്തിമഘട്ടത്തിൽ യേശുവിനു തന്റെ ശിഷ്യന്മാർക്കും ‘ലോകാവസാനത്തോളമുള്ള അനുയായികൾക്കും നൽകുവാനുണ്ടായിരുന്ന ഏക സമ്മാനം വി.കുർബാനയായിരുന്നു.
  • കാൽവരിക്കുന്നിൽ ഒരിക്കലർപ്പിച്ച പാപപരിഹാരബലി ആവർത്തിക്കാനാവാത്തതുകൊണ്ടും ഭൗതികമായി ശിഷ്യരോടൊപ്പം യേശുവിന് എക്കാലവും ആയിരിക്കാൻ ആവാത്തതുകൊണ്ടുമാണ് തന്റെ സ്നേഹത്തിന്റെ ശാശ്വതസ്മാരകവും അടയാളവുമായി ജീവന്റെ കൂദാശയായ വി.കുർബാന സ്ഥാപിച്ചത്. അപ്രകാരമാണ് വി.കുർബാന നമ്മുടെ ഓരോരുത്തരുടെയും വിശ്വാസജീവിതത്തിന്റെ കേന്ദ്രബിന്ദുവായിത്തീർന്നത് .മാത്രമല്ല, ദിഗന്തം മുഴുവൻ യേശുവിന്റെ ദിവ്യകാരുണ്യസ്നേഹം മാറ്റൊലിക്കൊള്ളുന്നതിന്റെ പ്രതീകവും പ്രതീക്ഷയുമാണ് പെസഹാ ഭോജനവും പാദക്ഷാളനവും. ഓരോ വ്യക്തിയുടെയും ആത്മീകജീവിതത്തിന് ഊർജ്ജവും ഉന്മേഷവും പകരുന്ന ഒരുമയുടെയും പെരുമയുടെയും അടയാളം കൂടിയാണ് വി.കുർബാന.
  • ഈ കുടുംബവർഷത്തിൽ വി.കുർബാനയോടുള്ള അതീവഭക്തിയിൽ നമ്മുടെ ഓരോ കുടുംബവും വളർന്നുവരുവാൻ ഈ വർഷത്തെ പെസഹാ യാചരണം നിമിത്തമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു……. ആശംസിക്കുന്നു.
    ഫാ.ആന്റണി പൂതവേലിൽ
  • നോമ്പുകാല വിചിന്തനം-43
    വി.യോഹന്നാൻ 13 : 1 – 14 +
    വി.മത്തായി 26 : 26 – 30

നിങ്ങൾ വിട്ടുപോയത്