വിശുദ്ധനായ വൈദികൻ വിശുദ്ധ അൽഫോൻസ് ലിഗോരി വൈദികപട്ടം സ്വീകരിക്കവേ രണ്ട് തീരുമാനങ്ങൾ എടുത്തു. അപ്പവും വീഞ്ഞും കൂദാശാവചനങ്ങൾ ഉച്ചരിക്കുമ്പോൾ ഈശോയുടെ തിരുശരീരരക്തങ്ങൾ ആകുന്നതോർത്ത് അദ്ദേഹം പറഞ്ഞു, “ദൈവം എന്റെ വാക്കുകളെ അനുസരിക്കും, ഞാൻ അവന്റെയും”. ഒരു പുരോഹിതന്റെ മാഹാത്മ്യം ഓർത്തുകൊണ്ട് പറഞ്ഞു, “തിരുസഭ എന്നെ ആദരിക്കും. ഞാൻ എന്റെ ജീവിതവിശുദ്ധി കൊണ്ട് അവളെയും ആദരിക്കും”.അന്നൊക്കെ പുരോഹിതർ ജനത്തിന്റെ ആദരവും കയ്യടിയും ലഭിക്കാനായി ആലങ്കാരികമായാണ് പ്രസംഗങ്ങളിൽ സംസാരിച്ചിരുന്നത്. പക്ഷേ അൽഫോൻസ് ലളിതമായും, ഹൃദയങ്ങളോട് നേരിട്ടെന്ന പോലെയും സംസാരിച്ചിരുന്നത് കൊണ്ട് വിദ്യാഭ്യാസമില്ലാത്ത കൃഷിക്കാർക്ക് പോലും എല്ലാം മനസ്സിലായിരുന്നു.

“താങ്കളുടെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. താങ്കൾ സ്വയം മറന്ന് യേശുക്രിസ്തുവിനെ പ്രഘോഷിക്കുന്നു “, അവർ പറഞ്ഞു.

അദ്ദേഹം ഇരിക്കുന്ന കുമ്പസാരകൂട്ടിലേക്ക് ജനം പ്രവഹിച്ചു. കഠിനപാപികൾ മാനസാന്തരപ്പെട്ടു കൂദാശജീവിതത്തിലേക്ക് തിരിച്ചുവന്നു, ശത്രുക്കൾ രമ്യതയിലായി. അക്കാലത്ത് ജാൻസനിസം പടർന്നു പിടിച്ചിരുന്നത് കൊണ്ട് പുരോഹിതർ കഠിനമായ പ്രായശ്ചിത്ത രീതികളാണ് കുമ്പസാരിക്കുന്നവർക്ക് നൽകിയിരുന്നത്. എന്നാൽ അൽഫോൻസ് സൗമ്യമായി, അക്ഷോഭ്യനായി അവരോട് കരുണാപൂർവ്വം സംസാരിച്ചു. പാപമോചനം ഒരാൾക്ക് പോലും നിഷേധിച്ചില്ല.

പോപ്പ് ക്ലമെന്റ് എട്ടാമൻ അൽഫോൻസിനെ സാന്തഗാത്ത ദെ ഗൊത്തിയിൽ ബിഷപ്പായി നിയമിക്കുന്ന സമയത്ത് ആ ചെറിയ രൂപതയെ പറ്റി ഒട്ടും നല്ല അഭിപ്രായം ആയിരുന്നില്ല പരക്കെ ഉണ്ടായിരുന്നത്.അവിടെ നവീകരണത്തിനുള്ള ശ്രമങ്ങളായി പിന്നെ. അശ്രദ്ധമായി കുർബ്ബാന അർപ്പിക്കുന്നത് നിർത്താൻ വൈദികരോട് ആവശ്യപ്പെട്ടു. “ഈ രീതിയിൽ കുർബ്ബാന അർപ്പിക്കുന്ന കാഴ്ച തന്നെ മതി ചിലരുടെ വിശ്വാസം നഷ്ടപ്പെടാൻ ” അദ്ദേഹം പറഞ്ഞു. സ്വന്തം ഇഷ്ടം ബലികഴിച്ച്, ദൈവസ്നേഹത്തെ പ്രതി അവന്റെ ഹിതത്തിന് കീഴ്പ്പെടുന്നതും മേലധികാരികളെ അനുസരിക്കുന്നതും സഹനത്തെ ദൈവകരങ്ങളിൽ നിന്ന് സ്വീകരിക്കുന്നതും വിശുദ്ധിയിലേക്കുള്ള ചവിട്ടുപടിയായി കാണിച്ചുതന്ന വിശുദ്ധൻ. “ആത്മാവിന്റെ എല്ലാ വിശുദ്ധിയും പൂർണ്ണതയും അടങ്ങിയിരിക്കുന്നത് , നമ്മുടെ ദൈവവും പരമനന്മയും രക്ഷകനുമായ യേശുക്രിസ്തുവിനോട് എത്രമാത്രം സ്നേഹം ഉണ്ടെന്നതിലാണ് “വിശുദ്ധ അൽഫോൻസ് മരിയ ലിഗോരിയെ ഇന്ന് സഭ അനുസ്മരിക്കുന്നു.

തിരുന്നാൾ മംഗളങ്ങൾ..

.ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്