82-ാം വയസിൽ ഭീകരവാദബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു, 83-ാം ജന്മദിനം ഇരുമ്പഴിക്കുള്ളിൽ കടന്നു പോയി, തടവിൽ തുടരുമ്പോൾ 84-ാം വയസിൽ മരണപ്പെട്ടു – ഫാ. സ്റ്റാൻ സ്വാമിയുടെ ഭൗതീക ജീവിതത്തിൻ്റെ അവസാന നാളുകൾ ഇപ്രകാരമായിരുന്നു. നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ഒരു ക്രൈസ്തവന് ലഭിക്കാവുന്ന ഭാഗ്യകരമായ അന്ത്യം തൻ്റെ കർമഭൂമിയിൽ എരിഞ്ഞടങ്ങുക എന്നതാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഫാ. സ്റ്റാൻ സ്വാമി വിടവാങ്ങിയത്.

ബഹുമാന്യ വൈദികാ, അങ്ങ് ക്രിസ്തുവിൽ വിശ്രമിക്ക; ഭൂമിയിലെ പൊടിയില്‍ ഉറങ്ങുന്ന അനേകര്‍ നിത്യജീവനായും, ചിലര്‍ ലജ്ജയ്‌ക്കും നിത്യനിന്ദയ്‌ക്കുമായി ഉണരുന്ന നാളിൽ,ജ്ഞാനികൾ ആകാശവിതാനത്തിന്റെ പ്രഭപോലെയും അനേകരെ നീതിയിലേക്കു നയിക്കുന്നവന്‍ നക്ഷത്രങ്ങളെപ്പോലെയും പ്രകാശിക്കുന്ന നാളിൽ, “നല്ലവനും വിശ്വസ്തനുമായ ദാസനേ” എന്ന വിളിക്കായി ചെവിയോർത്ത് വിശ്രമിക്ക; വിട!

“ലോകത്തിൻ്റെ വെളിച്ചമാവുക” എന്നതാണ് ക്രൈസ്തവൻ്റെ വിളിയും ദൗത്യവും എന്ന് ഓർമിപ്പിക്കുന്നതായിരുന്നു ഫാ. സ്റ്റാൻ സ്വാമിയുടെ ജീവിതം. ഈ സത്യം ശക്തമായി അദ്ദേഹം തൻ്റെ കർമ്മഭൂമിയിൽ പ്രഘോഷിച്ചു. അതിനാൽ വാർദ്ധക്യത്തിൻ്റെ അവശതയിൽ തളർന്നിരിക്കുമ്പോഴും ഭരണകൂടം അദ്ദേഹത്തെ ഭയന്നു. കെട്ടിച്ചമച്ച കുറ്റങ്ങൾ ആരോപിച്ച് അവർ അദ്ദേഹത്തെ ജയിലിലടച്ചു. ഒരു പാർക്കിൻസൺ രോഗിക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കപ്പെട്ടു. എങ്കിലും, മരണത്തിന് അപ്പുറത്തേക്കു നീളുന്ന ജീവിതത്തിലുള്ള ക്രിസ്തീയപ്രത്യാശയ്ക്ക് തടയിടാൻ ഇതിനൊന്നും കഴിയില്ല എന്ന വിശ്വാസബോധ്യത്തോടെ അന്തിമനിമിഷം വരെയും അദ്ദേഹം നീതിക്കുവേണ്ടി ഏറെ വിശപ്പും ദാഹവും സഹിച്ചു; തൻ്റെ ഓട്ടം പൂർത്തിയാക്കി.

ബലഹീനമായ തൻ്റെ ഗാത്രത്തിൽ നിന്നും ഉയർന്ന ദുർബലമായ ശബ്ദത്തിന് തൻ്റെ നിരപരാധിത്വത്തെ സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഭരണകൂട ഭീകരതയാണ് ഫാ സ്വാമിയുടെ മരണത്തിന് കാരണമെന്ന് സകലരും പറയുമ്പോഴും യഥാർത്ഥ ക്രിസ്തുശിഷ്യനു പ്രതീക്ഷിക്കാവുന്ന ശ്രേഷ്ഠകരമായ അന്ത്യത്തിലേക്കാണ് താൻ നീങ്ങുന്നത് എന്ന യാഥാർത്ഥ്യം ക്രൈസ്തവ സഭയുടെ ചരിത്രത്തിൽ നിന്നും അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവും. അതിനാൽ, ക്രിസ്ത്വാനുകരണത്തിൻ്റെ അന്ത്യത്തിൽ മരണത്തെ സധൈര്യം നേരിട്ട പൗലോസിനെപ്പോലെ, ചങ്ങലയുടെ ബന്ധനത്തിൽ കഴിയവെ പരിഭവങ്ങളില്ലാതെയാണ്ഫാ. സ്വാമിയും സമയത്തിൻ്റെ പിടിയിൽ നിന്നും നിത്യതയുടെ വിശാലതയിലേക്ക് കടന്നുപോയിരിക്കുന്നത്.

മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരപരിവേഷങ്ങളില്ലാതെ, ആരാലും അറിയപ്പെടാതെ ഝാർഖണ്ഡിലെ ആദിവാസികളുടെ ഇടയിൽ നീതിക്കും മാനവികതയ്ക്കും തുല്യതയ്ക്കും വേണ്ടി മാനുഷിക പ്രത്യയശാസ്ത്രങ്ങളുടെ പിൻബലമില്ലാതെ ക്രിസ്തു ശിഷ്യത്വത്തിൽ നിലനിന്നുകൊണ്ടാണ് ഫാ. സ്റ്റാൻ പടനയിച്ചത്. ഇപ്രകാരമൊരു വൈദികൻ വടക്കേയിന്ത്യയിൽ ജീവിക്കുന്നു എന്ന് ലോകം അറിഞ്ഞത് താൻ അറസ്റ്റു ചെയ്യപ്പെട്ട ശേഷം മാത്രമായിരുന്നു. നിശ്ശബ്ദനായി സർവ്വവും സഹിച്ചുകൊണ്ട് ക്രിസ്തുവിൻ്റെ കാലടികളെ പിൻപറ്റിയ വിശ്വസ്തസാക്ഷിയായിരുന്നു ഫാ. സ്റ്റാൻ സ്വാമി.

ജാതീയമായ ഉച്ചനീചത്വങ്ങൾക്ക് അതീതമായി സകലമനുഷ്യനും ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന ക്രൈസ്തവ വിശ്വാസത്തിന് അദ്ദേഹം സാക്ഷ്യം വഹിച്ചു. സമൂഹം ഭ്രഷ്ട് കൽപ്പിക്കുന്നവരോടൊത്ത് ജീവിക്കുകയും അവരോടൊത്ത് ദിവ്യരക്ഷകൻ്റെ ശരീര-രക്തങ്ങളുടെ പന്തിഭോജനത്തിന് ഒത്തുകൂടുകയും ചെയ്തു. ജിവിക്കുന്നതും മരിക്കുന്നതും ക്രിസ്തുവിനായി എന്ന വചനം തൻ്റെ ജീവിതത്തിൽ അദ്ദേഹം സാക്ഷാത്കരിച്ചു.

പീഡിപ്പിക്കപ്പെടുന്നവരുടെ പക്ഷം ചേരുക എന്നത് സുവിശേഷ പ്രഘോഷണം പോലെ ക്രൈസ്തവന് പരമപ്രധാനമാണ് എന്ന വസ്തുതയാണ് ഫാ സ്റ്റാൻ സ്വാമിയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന ഓരോ ക്രൈസ്തവനും തിരിച്ചറിയേണ്ടത്. മനുഷ്യ ജീവിതത്തിൻ്റെ അടിസ്ഥാനമായി നിലകൊള്ളുന്ന ആത്മീകവും ഭൗതീകവുമായ രണ്ട് ഘടകങ്ങളെയും ഒരു പോലെ ഉൾക്കൊള്ളുകയും അവയെ സമന്വയിപ്പിച്ചുകൊണ്ടും മാത്രമേ ക്രൈസ്തവസന്ദേശത്തിൻ്റെ പൂർണതയെ ലോകത്തിന് കൈമാറാൻ കഴിയൂ. ഒന്നാം നൂറ്റാണ്ടിലെ ”തൂണിന്മേൽ ശിമയോന്മാരേപ്പോലെ” ലോകത്തോട് പൂർണമായി വേർപെട്ടുകൊണ്ടോ, ക്രിസ്തുവിനെ സാമൂഹിക നവോത്ഥാന നായകനാക്കി ചിത്രീകരിക്കുന്ന വിമോചന ദൈവശാസ്ത്ര വിപ്ളവകാരികളെപ്പോലെയോ യൈശവ സന്ദേശത്തെ ഭാഗികമായി മാത്രം ഉൾക്കൊണ്ടുള്ളതല്ല സുവിശേഷ പ്രഘോഷണം. ഇത് പ്രാർത്ഥനയുടെയും പ്രവൃത്തിയുടെയും സംഗമഭൂമിയാണ്. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു ക്രൈസ്തവ മിഷനുകൾ പ്രവർത്തിക്കുമ്പോൾ മാത്രമേ സുവിശേഷീകരണം ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരുകയുളളൂ.

എല്ലാ നിലയിലും ലോകത്തിന് പ്രകാശമാകുവാൻ വിളിക്കപ്പെട്ടവരുടെ കൂട്ടമാണ് സഭ. സാമൂഹികവും വിദ്യാഭ്യാസപരവും രാഷ്ടീയപരവും… എന്നു വേണ്ട മനുഷ്യ ജീവിതത്തിൻ്റെ സമസ്ത മേഖലകളെയും സ്പർശിക്കേണ്ട ക്രിസ്തീയതയാണ് സഭയിൽ വെളിപ്പെടേണ്ടത്. “ഇതാ സകലവും ഞാൻ നവീകരിക്കുന്നു” (വെളി 21: 5) എന്നു പറയുന്നവൻ്റെ ശരീരമായ സഭ, സകലത്തെയും നവീകരിക്കാൻ കഴിയുന്ന ഒരു കർമപദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്ന് ഭൂമിയിൽ ആയിരിക്കുന്നത്. സഭക്രിസ്തുവിൽ സംലഭ്യമായ രക്ഷയെ പ്രഘോഷിക്കുമ്പോൾ അതിലൂടെ ഉയരേണ്ടത് മനുഷ്യൻ്റെ സമ്പൂർണമായ വിമോചനത്തിൻ്റെ പ്രഖ്യാപനമായിരിക്കണം. ഈ വിമോചന ദൗത്യത്തിൽ മനുഷ്യൻ്റെ ആത്മീയോത്കർഷം മാത്രമല്ല ഭൗതീക ജീവിതവും മെച്ചപ്പെടണം. ഈ തിരിച്ചറിവ് ഭാരതത്തിലെ എല്ലാ ക്രൈസ്തവ സഭകൾക്കുമുണ്ട്. അത് ഇനിയും ശക്തമാക്കേണ്ടിയിരിക്കുന്നു. വിശന്നിരിക്കുന്നവനോട് തീ കാഞ്ഞ് തണുപ്പകറ്റുക, സമാധാനത്തോടെ പോവുക എന്നു പറയുന്നതോടെ സഭയുടെ ദൗത്യം പൂർത്തിയാകുന്നില്ല. പകർച്ച വ്യാധിയുടെ സമയത്ത് ലക്ഷക്കണക്കിന് ബ്രഡ് ഉണ്ടാക്കി വിതരണം ചെയ്യുന്ന ബ്രസീലിലെ ഫാത്തിമ മാതാ ദേവാലയത്തിലെ ദൈവജനത്തെപ്പോലെ സമൂഹത്തിൻ്റെ പക്ഷത്ത് എല്ലാ അർത്ഥത്തിലും നിലയുറപ്പിക്കുക എന്ന മഹത്തരമായ ക്രൈസ്തവികതയെയാണ് നമുക്കിന്ന് പ്രഘോഷിക്കാനുള്ളത്.

ലോകത്തിൽ നിങ്ങൾക്ക് പീഡകൾ ഉണ്ടാകും എന്നു യേശു പറഞ്ഞപ്പോൾ പീഡകൻ തീർച്ചയായും ഉണ്ടായിരിക്കണം; ശത്രുവിനെ സ്നേഹിക്കണമെങ്കിൽ ക്രിസ്തീയതയെ അംഗീകരിക്കാത്ത നിരവധിപ്പേർ ശത്രുക്കളായും ഉണ്ടാകും. ഈ യാഥാർത്ഥ്യത്തെ ഉൾക്കൊളളുമ്പോൾ മാത്രമേ ക്രിസ്തീയത സമൂഹത്തിൻ്റെ മധ്യത്തിൽ നിർവ്വഹിക്കേണ്ട കടമയാണെന്ന് വെളിവാകയുള്ളൂ. ശത്രുക്കളുടെ മുമ്പാകെ വിരുന്നൊരുക്കുന്ന സർവ്വശക്തൻ്റെ സാക്ഷ്യമാണ് സഭയിൽ ഉയരേണ്ടത്.

ചങ്ങല ധരിക്കുമ്പോഴും ക്രിസ്തുവിൻ്റെ സ്ഥാനാപതിയാണെന്നുള്ള ബോധ്യമാണ് ക്രൈസ്തവൻ്റെ ആത്മബലം. ഇതായിരുന്നു ഫാ. സ്റ്റാൻ സ്വാമിയെ അന്തിമ നിമിഷം വരെ മുന്നോട്ടു നയിച്ചത്. സുവിശേഷികരണ രംഗത്ത് പ്രവർത്തിക്കുന്ന ഓരോ ക്രൈസ്തവനും ഫാ. സ്റ്റാൻ സ്വാമിയുടെ കർമ്മരംഗം മാതൃകയാകട്ടെ! അദ്ദേഹത്തിൻ്റെ ജീവിതം ഇന്ത്യൻ മിഷനുകളെ ശക്തമാക്കട്ടെ!

മാത്യൂ ചെമ്പുകണ്ടത്തിൽ

https://facebook.com/story.php?story_fbid=490397712035095&id=100031946115349

നിങ്ങൾ വിട്ടുപോയത്