കർഷകന്റെ കണ്ണീരിനു എന്നും പുല്ലുവില മാത്രം !

ഓർമ്മയില്ലേ നമ്മുടെയെല്ലാം കണ്ണുനിറയിച്ച ഈ ചിത്രം ? മണ്ണിനെ സ്നേഹിച്ച മകന്റെ വിയർപ്പിൽ അലിഞ്ഞ മരണഗന്ധം ശ്വസിച്ച്, മകൻ അവസാന ദിവസം ക്ഷീണമകറ്റാൻ കിടന്ന അതേ കട്ടിലിൽ ആശ്രയം നഷ്ടപ്പെട്ട് , മരവിച്ച് , ഒരു വൃദ്ധ മാതാവ് കരഞ്ഞ് തളർന്ന് കിടക്കുന്ന ദയനീയ കാഴ്ച ? കഴിഞ്ഞ വർഷം ജൂലായ് മാസത്തിൽ പത്തനംതിട്ട ചിറ്റാറിൽ കണ്ടതാണ് ഈ വേദനകാഴ്ച . വനംവകുപ്പിന്റെ ഒരു നിരീക്ഷണ ക്യാമറ നശിപ്പിച്ചു എന്ന് പറഞ്ഞ് വനപാലകർ ഒരു പാവം കർഷകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയി കൊന്നു കിണറ്റിൽ തള്ളിയപ്പോൾ അനാഥമായത് ഒൻപത് അംഗങ്ങളുള്ള ഒരു കുടുംബമായിരുന്നു .

ഈ കട്ടിലിൽ നിന്നാണ് പൊന്നു എന്ന പാവം കർഷകനെ വനപാലകസംഘം വിളിച്ചിറക്കി കൊണ്ടുപോയി കൊന്നെറിഞ്ഞത് . പശുവിനെ കറന്ന് മിൽമ സെൻ്ററിൽ പാൽ കൊണ്ടു പോയി കൊടുത്ത് തളർന്ന് വന്ന് കിടന്നുറങ്ങിയ ഈ കട്ടിലിൽ നിന്ന് മകനെ വിളിച്ചിറക്കി കൊണ്ടുപോകുന്നത് കശാപ്പ് ചെയ്യാനാണ് എന്ന് ആ വൃദ്ധ മാതാവ് അറിഞ്ഞതേയില്ല. ഇണയും തുണയുമായിരുന്ന ഭാര്യയും അറിഞ്ഞില്ല, ഭർത്താവിനെ ഇനി ജീവനോടെ തിരിച്ചുകിട്ടില്ലെന്ന സത്യം. എട്ടും മൂന്നരയും വയസുള്ള രണ്ട് കുഞ്ഞുങ്ങളും അറിഞ്ഞില്ല തന്റെ പപ്പയുടെ പോക്ക് തിരിച്ചുവരില്ലാത്ത അവസാന പോക്കാണെന്ന്.

പൊന്നുവിന്റെ വീട് ഒന്ന് സന്ദർശിക്കാൻ പോലും അന്നത്തെ വനം മന്ത്രി കെ രാജു തയ്യാറായില്ലെന്നതാണ് ഏറെ വേദനിപ്പിക്കുന്ന മറ്റൊരു സത്യം . അതേ മന്ത്രിയും വനംവകുപ്പുമാണ് ഇപ്പോൾ കർഷകന്റെ പേരു പറഞ്ഞ് നടത്തിയ ശതകോടികളുടെ വനം കൊള്ളയിൽ ഉത്തരം നല്കാനാവാതെ ബബബ വച്ച് ജനങ്ങളെ പറ്റിക്കുന്നത്. ഏതു സർക്കാർ ഭരിച്ചാലും കർഷകന് എന്നും കണ്ണീർ മാത്രം.

Ignatious O M

നിങ്ങൾ വിട്ടുപോയത്