‘ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്’ – മഹാത്മാഗാന്ധിയുടെ ഈ വാക്കുകള്‍ പ്രസിദ്ധമാണ്.

കണ്ണിന് ചാരുത പകരുന്ന പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളും മനസ്സിനും ശരീരത്തിനും കുളിര്‍മയേകുന്ന വയലുകളും വ്യത്യസ്ത ധാന്യങ്ങളുടെ വിളനിലവും ഭാരത മണ്ണിന്റെ മാത്രം പ്രത്യേകതയാണ്. കൊറോണകാലത്ത് മിക്ക കുടുംബങ്ങളും കൃഷിയിലേക്ക് തിരിഞ്ഞു. പക്ഷേ ഇക്കാലത്തു തന്നെയാണ് ഡല്‍ഹിയില്‍ മൂന്നുലക്ഷത്തോളം കര്‍ഷകര്‍ സമരം തുടങ്ങിയത്. കര്‍ഷകസമരം ഇന്നേക്ക് രണ്ടു മാസത്തിലേറെ പിന്നിട്ടു. കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിറ്റുവരവിലൂടെയാണ് ഒട്ടുമിക്ക കുടുംബങ്ങളും ജീവിക്കുന്നത്. അപ്പമേകുന്നവനാണ് ഓരോ കര്‍ഷകനും എന്നു മനസ്സിലാക്കാതെ അവരുടെ കരങ്ങളെ തകര്‍ക്കുന്ന നിയമങ്ങളാണ് ഇന്ത്യയില്‍ നിലവില്‍ വന്നിരിക്കുന്നത്. വിശുദ്ധ ലിഖിതം പറയുന്നു : ‘ധാന്യങ്ങള്‍ ചവിട്ടിമെതിക്കുന്ന കാളയുടെ വായ് മൂടികെട്ടരുതെന്നും വേലചെയ്യുന്നവന്‍ കൂലിക്ക് അര്‍ഹനാണെന്നും മനസ്സിലാക്കുക’ (1 തിമോ 5:8). ‘അധ്വാനിക്കുന്ന കര്‍ഷകനാണ് വിളവിന്റെ ആദ്യ പങ്ക് ലഭിക്കേണ്ടത്’ (2തിമോ 2:2-6) വിശുദ്ധ ഗ്രന്ഥം കര്‍ഷകരേയും കാര്‍ഷിക വിളകളെയും കുറിച്ച് പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്. കര്‍ഷക സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതു നമ്മുടെ രൂപതയുടെ കടമയാണ്. രൂപതയിലെ ഭൂരിഭാഗം ഇടവകകളും ഗ്രാമപ്രദേശങ്ങളിലാണ്. കര്‍ഷകര്‍ക്ക് ന്യായമായ അവകാശങ്ങള്‍ നേടികൊടുക്കുക, അവരെ സംരക്ഷിക്കുക എന്നത് നമ്മുടെ ദൗത്യമാണ്.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം നടത്തുന്നത്:

1. ഫാര്‍മേഴ്‌സ് എംപവര്‍മെന്റ് ആന്‍ഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷന്‍ അഷ്വറന്‍സ് & ഫാം സര്‍വീസ് ബില്‍ 2020

.2. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ബില്‍ 2020.

3. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് 2020.

ഈ മൂന്ന് നിയമങ്ങള്‍ക്കും എതിരെയാണ് കര്‍ഷകരുടെ സമരം. ഇത് ഒരു രാഷ്ട്രീയ സമരമല്ല, മറിച്ച് ജീവിക്കാനുള്ള അഭ്യര്‍ഥനയാണ്. 70 ശതമാനം ജനങ്ങളും കാര്‍ഷികവൃത്തി ചെയ്തു ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. അതില്‍ 86 ശതമാനം ജനങ്ങളും ചെറുകിട കര്‍ഷകരാണ്. ഇവരെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ സമൂഹത്തെയും ബാധിക്കും.കുത്തകകള്‍ ഈ രംഗത്ത് നിലയുറപ്പിക്കുമ്പോള്‍ വിലക്കയറ്റം രൂക്ഷമാകും. സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് മാര്‍ക്കറ്റിങ്ങ് കമ്മിറ്റികള്‍ (എപിഎംസി) വഴിയാണ് കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഇതില്‍ ഏജന്റുമാരും ഉണ്ടാകും. അവര്‍ക്കാണ് കര്‍ഷകര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കുക. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. എന്നാല്‍, ഫാം സര്‍വീസ് ബില്‍ നടപ്പാക്കുന്നത് വഴി എപിഎംസി കള്‍ക്ക് അധികാരം നഷ്ടപ്പെടുകയും കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കേണ്ടി വരുകയും ചെയ്യുന്നു. ഇതുവഴി അവര്‍ക്ക് അര്‍ഹമായ വില ലഭിക്കാതെ വരും. ഭക്ഷ്യവസ്തുക്കള്‍ വന്‍കമ്പനികള്‍ നല്‍കുന്ന വിലയ്ക്ക് ജനങ്ങള്‍ വാങ്ങേണ്ടിവരും. ഇതിലൂടെ കോര്‍പ്പറേറ്റുകള്‍ക്ക് കര്‍ഷകരെ ചൂഷണം ചെയ്യുവാനും കൃഷിഭൂമി അവരുടെ ഇഷ്ടാനുസരണം ഉപയോഗിക്കുവാനും ഇടവരും.

താങ്ങുവില ഇല്ലാതാകും എന്നുള്ളതാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന നിയമത്തിലെ മറ്റൊരു അപകടം. ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഒരു ഉത്പന്നത്തിന് വിലകുറഞ്ഞാല്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയില്‍ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനാകും എന്നതാണ് നിലവിലുള്ള സ്ഥിതി. എന്നാല്‍, താങ്ങുവില ഇല്ലാതാകുന്നതോടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാതെ കര്‍ഷകര്‍ പിന്നെയും കടക്കെണിയിലാകും.

സംഭരിക്കാവുന്ന വിളകളുടെ പരിധി എടുത്തുകളഞ്ഞു എന്നുള്ളതാണ് വിവാദ നിയമത്തിലെ മറ്റൊരു അപാകത. സ്റ്റോക്കു ചെയ്യാവുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് പരിധി ഉണ്ടാകില്ല. അതിനാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് പരിധിയില്ലാതെ സ്റ്റോക്ക് ചെയ്യാം. എന്നാല്‍ ആവശ്യം കൂടുന്ന സാഹചര്യത്തില്‍ കൂടിയ വിലയ്ക്ക് അത് വില്‍ക്കാം. കാര്‍ഷിക വിപണിയില്‍ കൂടി കോര്‍പറേറ്റുകള്‍ക്ക് കൈകടത്തുവാനുള്ള അവസരം ഒരുക്കുകയാണ് അധികാരികള്‍.

പ്രതിവര്‍ഷം പന്ത്രണ്ടായിരത്തോളം കര്‍ഷകര്‍ വിവിധ സംസ്ഥാനങ്ങളില്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്ക്. അതിലൂടെ പട്ടിണിയിലാകുന്നത് അവരുടെ കുടുംബാംഗങ്ങളാണ്. മണ്ണിനോട് പോരാടിയും ദൈവം നല്‍കിയ ആരോഗ്യത്തെ കഠിനാധ്വാനത്തിലൂടെ വിനിയോഗിക്കുകയും ചെയ്യുന്ന മഹത്‌വ്യക്തിത്വങ്ങളാണ് കര്‍ഷകര്‍. അവരോടൊപ്പം ആയിരിക്കേണ്ടത് നമ്മുടെ കടമയാണ്. അന്നന്ന് വേണ്ട അപ്പം നാം ഭക്ഷിക്കുന്നുവെങ്കില്‍ അതിന്റെ പുറകില്‍ നിരവധി കര്‍ഷകരുടെ അധ്വാനമുണ്ട്. കര്‍ഷകര്‍ ഇല്ലാത്ത കാലത്തെക്കുറിച്ച് ചിന്തിക്കുവാന്‍ പോലും സാധ്യമല്ല.

ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം ഒരു രാജ്യത്തിന്റെ ദുഃഖമായി മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ലോകരാജ്യങ്ങളില്‍ പലരും ഇതിനെ അപലപിച്ചത്. നീതി, ന്യായവ്യവസ്ഥ പോലും ഇതേപ്പറ്റി മൗനം പൂണ്ടിരിക്കുമ്പോള്‍ ഏറെ ഭയപ്പെടണം. എന്നിട്ടും ധീരതയോടെ അവര്‍ പോരാടുന്നുവെങ്കില്‍ അതില്‍ സത്യമുള്ളതിനാലാണ്.

ഡല്‍ഹിയില്‍ ആരംഭിച്ച കര്‍ഷകസമരം ഇപ്പോള്‍ പല സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. കേരള കത്തോലിക്കാ സഭയിലെ പല രൂപതകളും നമ്മുടെ രൂപതയും മിക്ക ഇടവകകളും സീറോമലബാര്‍ സിനഡും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുടണ്ട്. സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളിലെല്ലാം നീതിയും ന്യായവും സംജാതമാകട്ടെ.

മാര്‍ പോളി കണ്ണൂക്കാടൻ

( ഇരിങ്ങാലക്കുട രൂപത മെത്രാൻ )

കടപ്പാട് :

നിങ്ങൾ വിട്ടുപോയത്