‘വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്‌ഷിക്കണമോ?’  (മത്തായി 11 : 3)

നമ്മൾ പോലും സംശയിച്ചു പോകും സ്നാപകന്റെ ഈ സംശയം കാണുമ്പോൾ.  എന്നുവച്ചാൽ ‘ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്‌നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്‌മാവ്‌ ഇറങ്ങിവന്ന്‌ ആരുടെമേല്‍ ആ വസിക്കുന്നത്‌ നീ കാണുന്നുവോ, അവനാണു പരിശുദ്‌ധാത്‌മാവുകൊണ്ടു സ്‌നാനം നല്‍കുന്നവന്‍.
ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ്‌ എന്നു സാക്‌ഷ്യപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.’ (യോഹന്നാന്‍ 1 : 33-34) എന്നുള്ള ഈ വിദ്വാന്റെ സാക്ഷ്യം

 കൂടി വിലയ്ക്കെടുത്താണല്ലോ നാം വിശ്വാസത്തിലേക്കു പ്രവേശിച്ചത്.  എന്നിട്ടിപ്പോൾ ദേ, അങ്ങേരു തന്നെ സംശയിച്ചാൽ ആ സംശയം അങ്ങിനെ വെറുതേയങ്ങു തള്ളിക്കളയാൻ നമുക്കാവില്ല.  ആ സംശയത്തിൽ വല്ല കഴമ്പുമുണ്ടോ?  അല്ലെങ്കിൽ സ്നാപകൻ അങ്ങിനെ സംശയിക്കാൻ കാരണമെന്ത്? ഒരന്വേഷണം ആവശ്യപ്പെടുന്നുണ്ട്  ഈ സാഹചര്യം.
കാരാഗൃഹത്തിൽ കുറച്ചു ദിവസം കിടന്നപ്പോൾ ഉണ്ടായ വിഹ്വലതയാണോ സ്നാപകനേ ഈ പതനത്തിലെത്തിച്ചത്? അങ്ങനെ വിഹ്വലതയിൽപ്പെട്ട ഒരുവന് കൊടുക്കേണ്ട മറുപടി അല്ല യേശു സ്നാപക ശിഷ്യന്മാരോട് പറഞ്ഞു വിടുന്നതായി കാണുന്നത്.  അവരോട് യേശു പറഞ്ഞു വിടുന്നതിതാണ്:  ‘നിങ്ങൾ കേൾക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാർ കാഴ്ച പ്രാപിക്കുന്നു, മുടന്തന്മാർ നടക്കുന്നു, കുഷ്ട രോഗികൾ ശുദ്ധരാക്കപ്പെടുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയർത്തപ്പെടുന്നു.  ദരിദ്രരോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നു.’ (മത്താ.11/4, 5)  ഇതത്രയും തന്നെക്കുറിച്ച് ഏശയ്യാ പത്തെഴുനൂറു വർഷം മുമ്പു പ്രവചിച്ച കാര്യങ്ങളാണ്.  സ്നാപകന് എന്താണ് പറ്റിയത് എന്നു കൃത്യമായി മനസ്സിലാക്കി അതിനുള്ള മരുന്നാണ് യേശു കൊടുത്തു വിടുന്നത്.  എന്താണ് സ്നാപകനു പറ്റിയത്?
യേശുവിനെ ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുവാൻ നിയുക്തനായിരുന്നു സ്നാപകൻ.  യേശുവിനെ തിരിച്ചറിയാനുള്ള അടയാളങ്ങളും അദ്ദേഹത്തിനു നൽകിയിരുന്നു. അതെല്ലാം കൃത്യമായി സംഭവിച്ചു.  ക്രിസ്തുവിനെ വിജയകരമായി പരിചയപ്പെടുത്തുകയും ചെയ്തു.  ഇനി അവൻ വളരുകയും താൻ കുറയുകയുമാണ് വേണ്ടതെന്ന ഉറച്ച ബോദ്ധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു താനും.  അപ്പോഴാണ് അദ്ദേഹത്തിന് അടുത്ത ദൗത്യം കിട്ടുന്നത്:  ഹേറോദേസിന്റെ അരമനയിൽ പോയി അയാളുടെ തെറ്റു ചൂണ്ടിക്കാണിച്ചു കൊടുക്കുക.  പണ്ട് ദാവീദിന്റെ അരമനയിൽ പോയി നാഥാൻ നിർവ്വഹിച്ച അതേ കാര്യം.  ദൈവപുത്രനേ ലോകത്തിനു വെളിപ്പെടുത്താൻ തന്നേ നിയോഗിച്ച അതേ സ്വരം തന്നെ വീണ്ടും അടുത്ത നിയോഗം തന്നിരിക്കുന്നു എന്ന കാര്യത്തിൽ സ്നാപകനു തെല്ലും സംശയമില്ല. വിശേഷിച്ചും മുമ്പത്തേ നിയോഗത്തിൽ എല്ലാം അച്ചട്ടായി നടന്ന പശ്ചാത്തലത്തിൽ.  എന്നാൽ ഇവിടെ പണി പാളി.  ഹേറോദേസ് മാനസാന്തരപ്പെട്ടില്ലെന്നു മാത്രമല്ല,  തന്റെ വാസം ജയിലിലുമായി.  എവിടെയാണ് തെറ്റിയത്?  ഇതു ദൈവം തന്നോടു പറഞ്ഞതായിരുന്നില്ലേ?  ഇല്ല, ആദ്യ നിയോഗം തനിക്കു തന്ന അതേ സ്വരം തന്നെയാണ് ഇതും തന്നെ ഏൽപിച്ചത്.  അപ്പോൾ ഇതു തെറ്റിയെങ്കിൽ അതും തെറ്റിയിരിക്കില്ലേ?  അതാകട്ടെ,  അങ്ങിനെയങ്ങു തെറ്റിപ്പോകാൻ പാടുള്ള കാര്യമാണോ?  തെറ്റിയിട്ടില്ല എന്നു ഉറപ്പിക്കേണ്ടത്  അത്യാവശ്യം.  അതുകൊണ്ടാണ് ശിഷ്യന്മാരെ അടിയന്തരമായി അയക്കുന്നത്.  സ്നാപകനു സ്വന്തം പ്രവചനത്തെ വിശ്വസിക്കാനാവാതായതാണ് പ്രശ്നമെന്നു തിരിച്ചറിഞ്ഞ യേശു വിശുദ്ധ ലിഖിതങ്ങളിൽ തന്നെക്കുറിച്ചുള്ള പ്രവചനങ്ങൾ നിറവേറുന്നതു തെളിവായി സ്നാപകനു അയച്ചു കൊടുക്കുന്നു. കൂടെ ശക്തമായ ഒരു താക്കീതും – എന്നിൽ ഇടർച്ച തോന്നാത്തവൻ ഭാഗ്യവാൻ.  അടുത്ത ദിവസങ്ങളിൽ തല നഷ്ടമാകുമ്പോൾ  സ്നാപകൻ അവിശ്വാസിയായിരിക്കുക എന്നത് എത്ര നിർഭാഗ്യകരം.  യേശു അദ്ദേഹത്തെ ആ ദുരന്തത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു.
എന്താണ് സ്നാപകനു പറ്റിയത്?  ഇന്നും ദൈവനിയോഗത്തിനു കാതോർത്തു പ്രവർത്തിക്കുന്ന ഏവനും പറ്റാവുന്നതു തന്നെയാണ് അദ്ദേഹത്തിനും പറ്റിയത് എന്നതുകൊണ്ട് അതൊന്നു വിശകലനം ചെയ്യുക നമുക്കും അത്യന്താപേക്ഷിതമായിത്തീരുന്നു.  നിങ്ങളും കല്‍പിക്കപ്പെട്ടവയെല്ലാം ചെയ്‌തതിനുശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്‍മാരാണ്‌; കടമ നിര്‍വഹിച്ചതേയുള്ളു എന്നു പറയുവിന്‍.
(ലൂക്കാ 17 : 10) എന്ന നിർദ്ദേശം ദൈവനിയോഗാനുസൃതം പ്രവർത്തിക്കുന്ന ഏവരും ഹൃദയപൂർവ്വം സ്വീകരിക്കേണ്ടതാണ്.  എന്നു വച്ചാൽ പറമ്പു കിളയ്ക്കാൻ നിയോഗം കിട്ടിയവൻ പറഞ്ഞതുപോലെ കിളച്ചാൽ മതി, തെങ്ങു കായ്ചതിൽ അവകാശം ഉന്നയിക്കേണ്ട എന്നു സാരം.  അങ്ങിനെയാകുമ്പോൾ വിജയപരാജയങ്ങൾ അയാളേ ബാധിക്കില്ല.  പറയുവാൻ വളരെ എളുപ്പമാണ്. പ്രയോഗത്തിലാക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതും.  പ്രത്യേകിച്ച് മുൻ വിജയങ്ങളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് അടുത്ത ദൗത്യത്തിനിറങ്ങുന്നവർക്ക്.  ദൈവനിയോഗത്തിൽ പ്രവർത്തിക്കുന്നവർ അതിനുള്ള ഊർജ്ജ° സ്വീകരിക്കേണ്ടതും ദൈവത്തിൽ നിന്നു തന്നെ. സത്യത്തിൽ ഒരോ ദൈവ നിയോഗവും അതു നിറവേറ്റാനുള്ള ഊർജ്ജം കൂടി ഉൾക്കൊള്ളുന്നതാണ്.  കൽക്കത്തയിലെ വിശുദ്ധ മദർ തെരേസയുടെ ഈ മഹദ്വചനം ഓരോ ദൈവ നിയുക്തനും സ്വന്തമാക്കേണ്ടതാണ്.
‘വിജയിയാകാനല്ല, എപ്പോഴും വിശ്വസ്തയായിരിക്കാനാണ് ദൈവം എന്നെ വിളിച്ചിരിക്കുന്നത്.’

ജോർജ് ഗ്ലോറിയ

നിങ്ങൾ വിട്ടുപോയത്

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.