തപസ്സ് കാലം ഒന്നാം ഞായർവിചിന്തനം:- പ്രലോഭനവും പ്രഘോഷണവും (മർക്കോ 1:12-15)

ക്രിസ്തു കടന്നു പോയ പ്രലോഭനങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യ ഭാഗം. പക്ഷേ മർക്കോസ് ആ പ്രലോഭനങ്ങളെ കുറിച്ച് ഒന്നും വിശദമായി പറയുന്നില്ല എന്നതാണ് ഏറ്റവും രസകരം. ജോർദാനിലെ സ്നാനത്തിനു ശേഷം ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കാനയിക്കുന്നു. അവിടെ 40 ദിവസം അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു. ആത്മസംഘർഷത്തിന്റെ ചില ചോദ്യങ്ങളായിരിക്കാം സ്വർഗ്ഗത്തിന്റെ പ്രിയപുത്രൻ നേരിട്ടുട്ടുണ്ടായിരിക്കുക: ഞാനെന്താണ് ആയിത്തീരേണ്ടത്? ശുശ്രൂഷിക്കാനാണോ ശുശ്രൂഷിക്കപ്പെടാനാണോ ഞാൻ വന്നിരിക്കുന്നത്? ഭരിക്കാനാണോ അതോ സ്വർഗ്ഗത്തിന് വിധേയനായി നിൽക്കാനാണോ?

മരുഭൂമി പ്രതീകാത്മകമാണ്. ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ഇടം. ജീവനോ മരണമോ ഏതു വേണമെന്ന് തീരുമാനിക്കേണ്ട ഇടം. എല്ലാവർക്കുമുണ്ട് ഒരു മരുഭൂമി. സ്വത്വത്തെ സ്പർശിക്കുന്ന ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ഒരു ഇടം.

നാല്പതു രാവും നാല്പതു പകലും സ്വർഗ്ഗ തീക്ഷണയാൽ മനവും മാനവും തപിച്ച ദിനങ്ങൾ. എന്നിട്ട് സുവിശേഷകൻ കുറിക്കുന്നു; “അവൻ വന്യമൃഗങ്ങളോടു കൂടെയായിരുന്നു. ദൈവദൂതൻമാർ അവനെ ശുശ്രൂഷിച്ചു” (v.13). വലിയൊരു സന്ദേശമാണിത്. പ്രലോഭിക്കപ്പെടുന്നവൻ ഒരിക്കലും ഒറ്റയ്ക്കല്ല. പ്രകൃതി മുഴുവനും അവനോടൊപ്പമുണ്ട്. സഹായകരായി ദൈവദൂതന്മാരും കൂടെയുണ്ടാകും. വേണ്ടത് അവരെ കാണുവാനുള്ള ഉൾക്കാഴ്ച മാത്രമാണ്. ആരും ഒറ്റയ്ക്ക് പരീക്ഷിക്കപ്പെടുന്നില്ല. സ്വർഗ്ഗവും ഭൂമിയും അവരോടൊപ്പമുണ്ട്.

പ്രലോഭനം എന്നത് രണ്ടു വിപരീത സ്നേഹങ്ങളുടെ ഇടയിൽ അകപ്പെട്ടു പോകുന്ന അവസ്ഥയാണ്. ഏതെങ്കിലും ഒരു സ്നേഹം തിരഞ്ഞെടുക്കാതെ നിനക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല. ശരിയാണ്, സ്വർഗ്ഗവും ഭൂമിയും നിന്നോടൊപ്പമുണ്ട്. അപ്പോഴും തീരുമാനിക്കേണ്ടത് നീ മാത്രമാണ്. കാരണം നിന്റെ ആന്തരിക സ്വാതന്ത്ര്യം എന്ന മഹത്തായ ചതുരംഗത്തിലെ പ്രധാന കരുവാണ് പ്രലോഭനം. നന്മയ്ക്കും തിന്മയ്ക്കും ഇടയിൽ നിന്നു കൊണ്ട് നീ തന്നെ ഒരു തീരുമാനമെടുക്കണം. ഇവിടെ നിസ്സംഗത പാടില്ല. നിഷ്ക്രിയത മരണത്തിനു തുല്യമാണ്. തീരുമാനിക്കുക. മരുഭൂമിയിൽ വസന്തം വിരിയുന്ന തരത്തിലുള്ള ഒരു തീരുമാനമെടുക്കുക. വെറുപ്പിന്റെ മുള്ളുകൾക്ക് പകരം സ്നേഹത്തിന്റെ പൂക്കളെ തിരഞ്ഞെടുക്കുക. വർഗീയതയ്ക്ക് പകരം മാനുഷികതയെ വരിക്കുക. മരണത്തിനു പകരം ജീവനെ പരിപോഷിപ്പിക്കുക.

മരുഭൂമിയിൽ നിന്നാണ് ജീവിതത്തെക്കുറിച്ചുള്ള സ്വപ്നം യേശുവും പരുവപ്പെടുത്തുന്നത്. മരുഭൂമിയിലെ കൽതാഴ്‌വരകൾക്കും വരണ്ട കാറ്റിനുമൊന്നും അവന്റെ ഉള്ളിലെ വസന്തത്തിന്റെ ഊർവരതയെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. ഉള്ളിൽ ദൈവം ഒരു ചിരാതായുള്ളവർക്ക് സാത്താന്റെ പ്രലോഭനമൊ രാജാവിന്റെ ഭീഷണിയൊ ഒരു തടസ്സമായി അനുഭവപ്പെടില്ല. അവർ ദൈവത്തിന്റെ സുവിശേഷവുമായി ഇറങ്ങി പുറപ്പെടുക തന്നെ ചെയ്യും. അങ്ങനെയാണ് യേശുവും ഗലീലിയിലേക്ക് വരുന്നത്.

സാത്താന്റെ പ്രലോഭനങ്ങൾ അതിജീവിച്ചവനു പ്രഘോഷിക്കാനുള്ളത് ദൈവത്തിന്റെ സുവിശേഷമാണ്. എന്താണ് യേശു പ്രഘോഷിച്ച ദൈവത്തിന്റെ സുവിശേഷം? ഉത്തരമിതാണ്: “സമയം പൂർത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു”. അതിന് നമ്മൾ എന്ത് ചെയ്യണം? അവൻ പറയുന്നു; “അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുക”. സമയത്തിന്റെ പൂർത്തീകരണവും ദൈവരാജ്യത്തിന്റെ സാമീപ്യവുമാണ് ദൈവത്തിന്റെ സുവിശേഷം. യേശു എന്ന വ്യക്തിയിൽ ഇതു രണ്ടും യാഥാർഥ്യമാകുന്നുണ്ട്. ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിൽ സമയം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. അവന്റെ മഹത്വീകരണത്തിലൂടെ ദൈവരാജ്യം ഒരു തൊട്ടനുഭവമാകുകയും ചെയ്യും. അതായത് യേശു തന്നെയാണ് ദൈവത്തിന്റെ സുവിശേഷം. അതുകൊണ്ടാണ് അടുത്തവരിയിൽ അവൻ പറയുന്നത് അനുതപിച്ച് സുവിശേഷത്തിൽ (അവനിൽ) വിശ്വസിക്കുക എന്ന്. ദൈവത്തിന്റെ സുവിശേഷമായ യേശുവിനെക്കുറിച്ചുള്ള വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളാണ് പുതിയനിയമത്തിലെ 27 പുസ്തകങ്ങളും. ദൈവം പ്രപഞ്ചത്തിനു നൽകിയ നല്ല വിശേഷമാണ് യേശു. യേശു ആകുന്ന നല്ല വിശേഷത്തിൽ അപര വിദ്വേഷത്തിന്റെയൊ അടിച്ചമർത്തലിന്റെയൊ അപ്രമാദിത്വത്തിന്റെയൊ ഒരു കണിക പോലും കാണില്ല. കാരണം ആർദ്രതയുള്ള ദൈവത്തിന്റെ കാണപ്പെടുന്ന മുഖമാണ് അവൻ.

ദൈവം എങ്ങനെയിരിക്കും എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് യേശു.

(ഈ വചന ഭാഗത്തെ ആസ്പദമാക്കി ക്രിസ്തു പ്രഘോഷിച്ച ദൈവത്തിന്റെ സുവിശേഷം ഇസ്ലാമാണെന്നും പുതിയ നിയമത്തിലെ 27 പുസ്തകങ്ങൾ അത് എഴുതിയവരുടെ മാത്രം സുവിശേഷമാണെന്നും എം എം അക്ബർ എന്ന വ്യക്തി വാദിക്കുന്നുണ്ട്. അതൊരു അബദ്ധധാരണ മാത്രമാണ്. ലോജിക്കലായി പറയുകയാണെങ്കിൽ argumentum ad ignorantiam എന്ന ഫാലസിയാണ് ആ വാദം. ഒറ്റവാക്കിൽ അജ്ഞതയുടെ ആധികാരികത എന്ന് പറയാം).

യേശു നടന്ന വീഥികളും ഇടനാഴികളും കാണുക. അവിടെ ദൈവികമായ ഒരു പരിമളം തളംകെട്ടി കിടക്കുന്നുണ്ട്. ആനന്ദത്തിന്റെ ചിരിയലകൾ അവിടെ പ്രതിധ്വനിക്കുന്നത് കേൾക്കാം. അഴകിന്റെ വർണ്ണങ്ങൾ പ്രതീക്ഷയുടെ മഴവിലൊരുക്കുന്നത് കാണാം. അവൻ ഒരു സാധ്യതയാണ് നമ്മുടെ മുന്നിലേക്ക് വച്ച് നീട്ടുന്നത്: ദൈവം സ്വപ്നം കാണുന്ന തരത്തിലുള്ള ഒരു ജീവിതം നമുക്കും സാധിക്കും. അനുതപിക്കുക. തീനാളം അരികിലുള്ളപ്പോൾ എന്തിന് തണുപ്പിലിരുന്നു മരവിക്കണം? വെളിച്ചത്തിലേക്ക് തിരിയുക. സൂര്യകാന്തി സൂര്യനെയെന്നപോലെ. അപ്പോൾ ദൈവം ലാവണ്യമായി നിന്നിൽ ശോഭിക്കും.

///ഫാ മാർട്ടിൻ N ആന്റണി ///

നിങ്ങൾ വിട്ടുപോയത്