കൂദാശകളുടെ ആഘോഷം: ശിരസ്സിൽ നിന്ന് വേർപെടുത്താനാവാത്ത ശരീരം പോലെ- വത്തിക്കാൻ രേഖ

വത്തിക്കാനിലെ വിശ്വാസ തിരുസംഘത്തിന്റെ കാര്യാലയം 2024 ഫെബ്രുവരി 2 ന് പ്രസിദ്ധീകരിച്ച ഒരു രേഖയാണ് “Gestis Verbisque” (“Gestures and Words”).ഈ രേഖയിൽ കൂദാശകളുടെ സാധുവായ (valid)പരികർമ്മത്തെക്കുറിച്ചും പൗരോഹിത്യ ശുശ്രൂഷയിൽ പുരോഹിതർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട് .

ഈ രേഖയുടെ ആമുഖത്തിൽ ശുശ്രൂഷകരായ വൈദികർ തങ്ങൾ ഒരിക്കലും സഭയുടെ ഉടമസ്ഥരാണെന്ന പ്രലോഭനത്തിന് അടിമപ്പെടാൻ പാടില്ല എന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. സഭ പുരോഹിതരെ ഏൽപ്പിച്ചു തന്നിരിക്കുന്ന കൂദാശകളാകുന്ന നിധികൾ തങ്ങളുടേതല്ലെന്നും സഭ നൽകുന്നതുപോലെ അത് സ്വീകരിക്കാൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്നും പുരോഹിതർ ഓർക്കണം. കൂദാശകളുടെ ആഘോഷം എപ്പോഴും മിശിഹായുടെ ആഗ്രഹത്തോട് ചേർന്ന് നിൽക്കുന്നതായിരിക്കണമെന്ന് ഇവിടെ സൂചിപ്പിക്കുന്നു. സഭയുടെ ശിരസ്സ് എന്ന നിലയിൽ ആഘോഷത്തിന്റെ യഥാർത്ഥ അധ്യക്ഷൻ മിശിഹാ മാത്രമാണെന്ന സത്യം പുരോഹിതർ സമൂഹത്തിന് മുമ്പാകെ വെളിപ്പെടുത്തേണ്ടതാണ്.

മെത്രാനും മെത്രാനോട് ചേർന്ന് നിൽക്കുന്ന പുരോഹിതരും ക്രിസ്തുവിന്റെ പ്രതിപുരുഷന്മാർ എന്ന നിലയിലും സഭയുടെ നാമത്തിലും ആണ് ആരാധനക്രമ ആഘോഷത്തിൽ ആധ്യക്ഷ്യം വഹിക്കേണ്ടതെന്ന് ഈ രേഖയിലെ 23 മുതൽ 27 വരെയുള്ള ഖണ്ഡികകൾ പ്രത്യേകമായി ഓർമ്മിപ്പിക്കുന്നു. ഇക്കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോൾ പുരോഹിതൻ ശിരസിനെപ്പോലെയാണെന്നോ പൗരോഹിത്യ ശുശ്രൂഷ എന്നത് തോന്നിയത് പോലെ പ്രയോഗിക്കപ്പെടേണ്ട അധികാരമാണെന്നോ ഇവിടെ അർത്ഥമാക്കുന്നില്ല എന്ന് ഈ രേഖ ചൂണ്ടിക്കാണിക്കുന്നു. മറിച്ച്, സഭയുടെ തലവനും ആഘോഷത്തിന്റെ ശരിയായ അധ്യക്ഷനും മിശിഹാ മാത്രമാണ്. അവിടുന്ന് ശരീരമായ സഭയുടെ ശിരസ്സാണ്. (കൊളോ 1 :18; എഫേ 5:25 -29).
പുരോഹിതന്റെ അധികാരം എന്നത് ശുശ്രൂഷയാണെന്ന് ഓർമിപ്പിക്കുന്ന ഈ രേഖ കൗദാശിക കൃപയാൽ മിശിഹായോട് അനുരൂപപ്പെടുന്ന പുരോഹിതർ ആരാധനക്രമത്തിലും മുഴുവൻ അജപാലക ശുശ്രൂഷയിലും വിളിക്കപ്പെട്ടിരിക്കുന്നത് ഇടയന്മാർ എന്ന നിലയിൽ അജഗണങ്ങളെ ഭരിക്കാനല്ലെന്നും മിശിഹായെപ്പോലെ ശുശ്രൂഷിക്കാനും ആടുകളുടെ നല്ല ഇടയന്മാരാകാനുമാണെന്നും ചൂണ്ടിക്കാണിക്കുന്നു .

ആരാധനക്രമ ആഘോഷത്തിൽ ആധ്യക്ഷ്യം വഹിക്കുന്ന പുരോഹിതൻ സഭയുടെ നാമത്തിലാണ് ഇത് പരികർമ്മം ചെയ്യുന്നത്. ഇതിനർത്ഥം പുരോഹിതൻ മിശിഹായാകുന്ന ശിരസിനെ അവിടത്തെ ശരീരമാകുന്ന സഭയുടെ മുമ്പാകെ അവതരിപ്പിക്കുന്നു എന്നാണ്. അതുപോലെതന്നെ സഭയാകുന്ന ശരീരത്തെ മിശിഹായാകുന്ന ശിരസ്സിനു മുമ്പാകെ അവതരിപ്പിക്കുകയും ചെയ്യുന്നു. സഭ ഒരു കൂദാശ ആഘോഷിക്കുമ്പോൾ ശിരസ്സിൽ നിന്ന് വേർപെടുത്താനാകാത്ത ശരീരം പോലെ ആഘോഷിക്കുകയാണ് ചെയ്യുന്നത്. ഇവിടെ ശിരസ്സും ശരീരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കൂദാശകൾ ആഘോഷിക്കുമ്പോൾ ഒരു പുരോഹിതന് സഭയുടെ ഉദ്ദേശ്യം എന്താണെന്നത് ഒരിക്കലും നഷ്ടപ്പെടുത്താൻ സാധിക്കില്ലെന്ന് ഈ രേഖ വ്യക്തമാക്കുന്നു.

ആരാധനക്രമപരമായ പ്രവൃത്തികൾ (Liturgical actions) എന്നത് ഒരിക്കലും സ്വകാര്യ പ്രവൃത്തികൾ അല്ലെന്നും അവ സഭയുടെ ആഘോഷമാണെന്നും ഈ രേഖ പ്രത്യേകം എടുത്തുപറയുന്നു. അതായത് ആരാധനക്രമ പ്രവൃത്തികൾ സഭ മുഴുവന്റെയും ആണ്. ഇക്കാരണത്താൽ ആധികാരികമായ ആരാധനക്രമ ആഘോഷം എന്നത് ഈശോയുടെ പ്രഥമ സ്ഥാനത്തെ ഉയർത്തിക്കാട്ടുന്നതും ആരാധനാ സമൂഹത്തിന്റെ സജീവമായ ഭാഗഭാഗിത്വം പ്രകാശിപ്പിക്കുന്നതും ആരാധനക്രമ രീതികളോട് എളിമ നിറഞ്ഞ അനുസരണം കാണിക്കുന്നതും ആയിരിക്കണമെന്ന് പുരോഹിതർ മനസ്സിലാക്കിയിരിക്കണം.

‘ആഘോഷിക്കുന്നതിന്റെ ഒരു കല’ നാം വളർത്തിയെടുക്കണമെന്ന്ഈ രേഖ ചൂണ്ടിക്കാണിക്കുന്നു. ‘ആഘോഷിക്കുന്നതിന്റെ ഈ കല’ ആദരിക്കപ്പെടുന്ന ഒരു അച്ചടക്കത്തിലേക്ക് നമ്മെ നയിക്കുന്നു. കൃത്യമായും ആധികാരികതയുള്ള ശിഷ്യന്മാരായി മാറുന്നതിന് ഇത് നമ്മെ സഹായിക്കുന്നു.
ക്രൈസ്തവ ആരാധനയുടെ സൗന്ദര്യം സജീവമായി കാത്തുസൂക്ഷിക്കണമെന്ന വസ്തുത പുരോഹിതർ ഉറപ്പു വരുത്തണമെന്നും അതിനെ ഉപരിപ്ലവമായോ ലളിതവൽക്കരിക്കുന്ന വിധത്തിലോ മനസ്സിലാക്കരുതെന്നും ഈ രേഖ ഓർമ്മിപ്പിക്കുന്നു.2022 ജൂൺ 29ന് പരിശുദ്ധപിതാവ് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച “ഞാൻ അതിയായി ആശിച്ചു”(Desiderio Desideravi)എന്ന അപ്പോസ്തോലിക ലേഖനത്തിലെ ഒരു വാക്യം ഈ രേഖയിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട് : “ആരാധനക്രമത്തിന്റെ മൂല്യത്തിന്റെ ഉപരിപ്ലവവും ദീർഘവീക്ഷണമില്ലാത്തതുമായ അറിവിലൂടെ ക്രൈസ്തവ ആചരണത്തിന്റെ സൗന്ദര്യവും സഭയുടെ ജീവിതത്തിൽ അനിവാര്യമായി ഉണ്ടാകേണ്ട അനന്തരഫലങ്ങളും നശിപ്പിക്കപ്പെടാൻ പാടില്ല”(“ഞാൻ അതിയായി ആശിച്ചു”,No.16).

  1. ഈശോയുടെ പ്രഥമ സ്ഥാനം ഉയർത്തി കാണിക്കണം.
  2. ആരാധനാ സമൂഹത്തിന്റെ സജീവമായ ഭാഗഭാഗിത്വം പ്രകാശിപ്പിക്കണം.
  3. ആരാധനക്രമ രീതികളോട് എളിമ നിറഞ്ഞ അനുസരണം കാണിക്കണം.

ഈ രേഖ സമകാലിക സീറോ മലബാർ സഭയെ വളരെയധികം കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്.പരിശുദ്ധ കുർബാനയിലെ യഥാർത്ഥ അധ്യക്ഷൻ മിശിഹാ മാത്രമാണെന്ന കാര്യം ഈ രേഖ അടിവരയിട്ടു പ്രഖ്യാപിക്കുന്നു.മാത്രമല്ല, ശുശ്രൂഷകനായ പുരോഹിതൻ
ആരാധനക്രമ രീതികളോട് എളിമ നിറഞ്ഞ അനുസരണം കാണിക്കണമെന്നും രേഖ വ്യക്തമാക്കുന്നു.

ആരാധനക്രമത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ഉപരിപ്ലവവും ദീർഘവീക്ഷണമില്ലാത്തതുമായ മനോഭാവങ്ങൾ ഇന്ന് സഭയിൽ വളരെയധികം അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്.ആരാധനക്രമം തങ്ങളുടെ അവകാശമാണെന്നും കുർബാന തങ്ങളുടെ ഇഷ്ടം പോലെ ചൊല്ലുമെന്നുമുള്ള ചില പ്രദേശങ്ങളിലെ അവകാശവാദങ്ങൾ തീർച്ചയായും സഭാവിരുദ്ധവും വിശ്വാസവിരുദ്ധവുമാണ്. ഇത്തരം മനോഭാവങ്ങളുടെ പരിണിതഫലമെന്നോണം ചില പ്രദേശങ്ങളിലെ ദൈവാലയങ്ങളിൽ വിശുദ്ധ കുർബാന മുടങ്ങുന്നത് ഏറെ വേദനാകരവും നിർഭാഗ്യകരവുമാണ്! അതുപോലെതന്നെ സിനഡ് സീറോ മലബാർ സഭയിലാകമാനം നടപ്പിലാക്കിയ ഏകീകൃത ബലിയർപ്പണ രീതിയെ അവഗണിച്ചും വെല്ലുവിളിച്ചും ഒരു കൂട്ടർ മുന്നോട്ടു നീങ്ങുന്നത് സഭയെ മുറിവേല്പിക്കുന്നതിന് തുല്യമാണ്! സഭയോട് മറുതലിച്ചുകൊണ്ട് ഇപ്രകാരം കൂദാശകൾ പരികർമ്മം ചെയ്യുകയെന്നത് കൂദാശകളുടെ ആഘോഷം ശിരസ്സിൽ നിന്ന് വേർപെടുത്താനാവാത്ത ശരീരം പോലെയാണെന്ന ഈ രേഖയിലെ ദൈവശാസ്ത്രദർശനത്തിന് കടകവിരുദ്ധമാണ്.സഭ നൽകുന്നതുപോലെ കൂദാശകൾ സ്വീകരിക്കുവാൻ വിശ്വാസികൾക്ക് അവകാശമുണ്ടെന്ന് പുരോഹിതരെ ഓർമിപ്പിക്കുന്ന ഈ രേഖ സഭയോട് വിഘടിച്ചു നിൽക്കുന്നവരുടെ കണ്ണു തുറപ്പിക്കേണ്ട ഒന്നാണ്.ഈ രേഖയുടെ ചൈതന്യം ഉൾക്കൊണ്ട് ഐക്യത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയെ സമീപിക്കാൻ എല്ലാവർക്കും സാധിക്കട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം

ഫാ. ജോസഫ് കളത്തിൽ,
താമരശ്ശേരി രൂപത.

നിങ്ങൾ വിട്ടുപോയത്