ഗ്രീക്ക് സാഹിത്യകാരനും ദാർശികനുമായ നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള എഴുതിയ ‘ദൈവത്തിൻറെ നിസ്വൻ (God’s Pauper)’ എന്ന പുസ്തകത്തിലെ വളരെ ഹൃദയസ്പർശിയായ രംഗമുണ്ട്. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സന്യാസത്തിന്റെ ജീവിതരീതി തിരഞ്ഞെടുത്ത പുണ്യവാളനെ കാണാൻ എത്തുന്നതാണ് ക്ലാര . ഒരു കാലത്ത് തന്നെ സ്നേഹിച്ച ആ പുരുഷനെ വിചാരണ ചെയ്യും വിധം പരുഷമായി അവൾ സംസാരിക്കുന്നു. ഒടുവിൽ തന്റെ ഉടുപ്പിൽ കുത്തിയിരിക്കുന്നചുവന്ന റോസാപ്പൂ ഊരി ഫ്രാൻസിസിനെ നേരെ എറിഞ്ഞുകൊണ്ട് അവൾ പറയുന്നു “നീചനായ ഫ്രാൻസിസ് , നീ ഇതെടുത്തോ…., എൻറെ ഓർമ്മയ്ക്ക്; ഈ ലോകത്തിൻറെ ഓർമ്മയ്ക്ക്“. ഫ്രാൻസിസിന്റെ കാൽക്കൽ തന്നെ വന്നു വീഴുന്ന ആ പുഷ്പം എടുക്കാൻ തുനിഞ്ഞ തൻറെ അരുമ ശിഷ്യൻ ലിയോയോട് ഫ്രാൻസിസ് ഇപ്രകാരം പറയുന്നുണ്ട് ” ലിയോ, അത് എടുക്കേണ്ട; അത് ആ ഓടയിലേക്ക് വലിച്ചെറിയൂ. എന്നിട്ട് തിരിഞ്ഞു നോക്കാതെ എന്റെ ഒപ്പം വരൂ….”

ഈശ്വരന്റെ കാലടികളെ പിന്തുടരാൻ തീരുമാനിച്ച ഒരു മനുഷ്യന്റെ ഉപേക്ഷകളുടെ തീവ്രതയെ വളരെ മനോഹരമായിട്ട് കഥാകൃത്ത് വരച്ചു കാണിക്കുന്ന ഒരു രംഗമാണിത്.

ഒരു പുരോഹിതനോ സന്യാസിനിക്കോ പ്രണയമുണ്ടെന്ന് കേട്ടാൽ നെറ്റി ചുളിക്കുന്ന മനുഷ്യർ തന്നെയാണ് നമുക്ക് ചുറ്റും. ഏതൊരു കാലത്തെയും പോലെ അത്തരം ചില മാനുഷിക വികാരങ്ങൾ ഈ ‘ദൈവ മനുഷ്യർ’ ക്കുണ്ട് എന്ന് അംഗീകരിക്കാൻ പോലും നമുക്കാവുന്നില്ല. മണ്ണിൽ നിന്നും ഉയർത്തി പുണ്യവാന്മാർക്കും മാലഖമാർക്കും ഗന്ധർവന്മാർക്കും ഒപ്പമൊക്കെയാണ് നമ്മിൽ പലരും പുരോഹിതരെയും സന്യസ്തരെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരമൊരു പ്രണയവിചാരങ്ങളൊന്നും തന്നെ അവരെ സ്പർശിക്കാൻ പാടില്ല എന്നുള്ളതാണ് ഒരു പൊതുമതം.

എന്നാൽ ഉള്ളിൽ ദൈവസ്നേഹത്തിന്റെ കനലെരിയുന്ന ഒരാൾക്കെങ്ങിനെയാണ് മറ്റൊരാളെ സ്നേഹിക്കാതിരിക്കാൻ ആവുക? എന്നാൽ

അസീസിയിലെ പുണ്യവാളനെപോലെ തൻറെ ദൈവികമായ നിയോഗത്തിനു വേണ്ടി ചിലതെല്ലാം ഉപേക്ഷിക്കുന്നിടത്താണ് ഒരു സന്യാസിയുടെ ജീവിതത്തിന്റെ ആത്മ സാക്ഷാത്കാരം സംഭവിക്കുന്നത്. കവി അയ്യപ്പൻറെ വരികൾ പോലെ

“വീട് ഉപേക്ഷിച്ചവന് എല്ലാ വീട്ടിലും അത്താഴം

ഓരോ പുതപ്പും മൂടുന്നത്

അവൻറെ ശരീരത്തിലെ തണുപ്പകറ്റാനാണ്”.

അതായത് ഒരു സന്യാസിയുടെ ഉപേക്ഷകൾ കൂടുതൽ ഉദാത്തമായ ചില ബന്ധങ്ങളിലേക്ക് അവനെ നയിക്കുന്നു എന്നു സാരം. അവൻ വീട് ഉപേക്ഷിക്കുന്നില്ല , മറിച്ചു അവന്റെ വീടിന്റെ മേൽക്കൂര പയ്യെ പയ്യെ വലുതാക്കുന്നു. ചുവരുകൾക്ക് വിസ്തൃതി കൂടുന്നു. ഒടുവിൽ ലോകമേ തറവാട് ആയി മാറുന്നു…!!!

എല്ലാത്തിനെയും ഉപേക്ഷിക്കുന്നു എന്ന് കരുതി ഒരു സന്യാസിക്കു ഉള്ളിൽ പ്രണയം സൂക്ഷിക്കാൻ അവകാശമില്ല എന്നല്ല . കാരണം എല്ലാം ഉപേക്ഷിച്ചവന് എല്ലാത്തിനോടും തീരാത്ത പ്രണയമാണ്. പക്ഷേ ഒന്നിനെയും സ്വന്തമാക്കാതെ എല്ലാത്തിനോടും ഒരുപോലെ മമത നിലനിർത്തുവാൻ അവൻ പരിശീലിക്കുന്നു. ശിഷ്യൻ ഗുരുവിനോട് ചോദിക്കുന്ന പോലെ “ഗുരോ, എന്താണ് ഇഷ്ടവും സ്നേഹവും തമ്മിലുള്ള വ്യത്യാസം ?”

ഒരു വേള നിശബ്ദനായി നിന്ന ഗുരു പറയുന്നുണ്ട് ” നിനക്ക് ഒരു തോട്ടത്തിലെ പൂവ് ഇഷ്ടപ്പെട്ടു എന്നു കരുതുക , നീ ആ പൂവ് തോട്ടത്തിൽ നിന്നും പറിച്ചെടുക്കുന്നു. എന്നാൽ നീ ആത്മാർത്ഥമായി അതിനെ സ്നേഹിക്കുന്നുണ്ടെങ്കിൽ അതിനെ വെള്ളമൊഴിച്ച് പരിചരിക്കുന്നു. ഇതാണ് ഇഷ്ടവും സ്നേഹവും തമ്മിലുള്ള വ്യത്യാസം. “

എന്തിനെയെങ്കിലും സ്നേഹിക്കാതെ ഒരാൾ മുന്നോട്ടു പോവുക എളുപ്പമല്ല. യാത്രകളെ, പുസ്തകത്തെ, സിനിമയെ, മത്സരങ്ങളെ, വ്യക്തികളെ ദൈവത്തെ…. അങ്ങനെ എന്തിനോടെങ്കിലും പ്രണയമുള്ളപ്പോഴാണ് ജീവിതം കുറയും കൂടി ഊഷ്മളമാകുന്നത്. അത്തരത്തിൽ ദൈവത്തോടുള്ള അഗാധമായ സ്നേഹമാണ് സന്യാസത്തിന്റെ ഉറവിടം . അതിനു വേണ്ടി തനിക്കു പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിക്കാൻ ഒരുവൻ തയ്യാറാകുന്നു.

ഹൈന്ദവ വിശ്വാസ സംഹിതയനുസരിച്ച് ഒരു മനുഷ്യൻ കടന്നുപോകുന്ന നാല് വ്യത്യസ്ത ജീവിത തലങ്ങളിൽ ( 4 Ashramas) ഏറ്റവും അവസാനത്തേതാണ് സന്യാസം .ആദ്യം ബ്രഹ്മചാരിയായും പിന്നീട് ഗൃഹസ്ഥനായും അതിന് ശേഷം വാനപ്രസ്ഥവും സ്വീകരിച്ചു കൊണ്ടാണ് ഒരാൾ ഒടുവിൽ സന്യാസിയായി മാറുന്നത്. തന്റെ ജീവിതത്തിലെ ധർമ്മ, കാമ, അർത്ഥ തലങ്ങൾ പിന്നിട്ടുകൊണ്ടാണ് ഒരാൾ മോക്ഷത്തിലേക്ക് പ്രവേശിക്കുന്നതും

എന്ന് പറഞ്ഞാൽ പരിപൂർണ്ണമായ ഉപേക്ഷയാണ് ബ്രഹ്മസാക്ഷാത്കരത്തിന്റെ കാതൽ എന്ന് പറയുന്നത്. സൃഷ്ടാവിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സൃഷ്ടികളിൽ നിന്നും പിന്തിരിപ്പിയാൻ ഒരുവനെ പ്രേരിപ്പിക്കുന്നത് എന്നു ചുരുക്കം

എന്നാൽ അതേസമയം സൃഷ്ടാവിനോടുള്ള അഗാധമായ ഈ പ്രണയം ചിലപ്പോഴെങ്കിലും സൃഷ്ടികളിൽ ഒതുങ്ങി പോകുന്നു എന്നൊരു അപകടം ഒരു സന്യാസിയുടെ ജീവിതത്തിൽ എപ്പോഴും ഉണ്ട്. അതുകൊണ്ടു തന്നെ ചില പ്രണയത്തിൻറെ കുരുക്കുകളിലേക്ക് അയാൾ എളുപ്പം വീണു പോകുന്നു. കാരണം ഓരോ മനുഷ്യനും ഒരു കൂട്ട് ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അതിനു വേണ്ടിയുള്ള പ്രലോഭനങ്ങളിൽ അവൻ എളുപ്പം വീണുപോകാൻ സാധ്യതയുണ്ട്. തൻറെ ഏകാന്തതയെ, സൗഹൃദങ്ങളുടെ അകമ്പടി സേവിച്ചുകൊണ്ട മറികടക്കാൻ ഒരു സന്യാസി ശ്രമിക്കുന്നുണ്ടെകിലും ചിലപ്പോഴെങ്കിലും ആ സൗഹൃദത്തിൻറെ ഇടഭിത്തി തകർന്നുവീണു അത് പ്രണയത്തിലേക്ക് വഴിമാറി പോകുന്നു എന്നുള്ളതാണ് ഒരപകടം. പിന്നെ സൗഹൃദവും പ്രണയവും വേർതിരിക്കാനാകാത്ത വിധം കൂടിച്ചേർന്നു പോകുന്നു. അതുകൊണ്ട് ഈ കാര്യത്തിൽ ഒരു നിദാന്ത ജാഗ്രത സന്യാസിക്ക് ആവശ്യമാണ് ഒപ്പം അവനോട് ഇടപഴകുന്നവർക്കും. കാരണം ക്ലാരയുടെ പ്രണയത്തെ നിരസിക്കുകയും അവളെ കുറെ കൂടി ഉദാത്തമായ ദൈവിക പ്രണയത്തിലേക്കു

ഉയർത്തിയതുപോലെ ഉയർന്നു ചിന്തിക്കാനും പെരുമാറുവാനും പുരോഹിത -സന്യാസി ശ്രേഷ്ഠന്മാർ എല്ലാവരും ഫ്രാൻസിസ് പുണ്യാളന്മാരാല്ലല്ലോ, അവനോടിടപഴകുന്നവർ ക്ലാരമാരും….!!

2004ൽ പുറത്തിറങ്ങിയഒരു കൊറിയൻ ചലച്ചിത്രമാണ് Love, So Divine . പൗരോഹിത്യ പരിശീലന കാലത്തു വരുത്തിയ അല്പം ചില കുരുത്തകേടുകൾക്കുള്ള ശിക്ഷയായി സെമിനാരിയിൽ നിന്നും പുറത്താക്കപ്പെട്ടു ഗ്രാമത്തിലെ ഒരു വികരിയച്ചനോടൊപ്പം പരിശീലനത്തിന് അയക്കപ്പെട്ട രണ്ടു പുരോഹിതർത്ഥികൾ. ആ വൃദ്ധപുരോഹിതന്റെ കർക്കശ്യങ്ങൾക്കിടയിൽ പരിശീലനം പൂർത്തിയാക്കാൻ അവർ നന്നേ ക്ലേശിക്കുന്നുണ്ട്. അതിനിടയിൽ ആ പുരോഹിതന്റെ ബന്ധുവായ ഒരു പെണ്കുട്ടിക്ക് ആ ചെറുപ്പക്കാരിൽ ഒരാളോട് കലശമായ പ്രണയം. അവളെ അതിൽ നിന്നും പിൻ വലിക്കാൻ അവൻ ആവുതും ശ്രമിക്കുന്നുണ്ട്. അവൾ തന്നിലേക്ക് അടുക്കുമ്പോഴെല്ലാം അയാൾ അതിൽ നിന്നും കുതറി മാറുന്നുണ്ട്. എന്നാൽ മാനുഷികമായ ചില വികാരങ്ങൾ പയ്യെ അയാളുടെ ഉള്ളിലും ഉദിക്കുന്നു. ഒടുവിൽ തന്നെ പരിശീലനം പൂർത്തിയാക്കി പൗരോഹിത്യം സ്വീകരിക്കാൻ നേരം ദേവാലയത്തിൽ വച്ചു അയാൾ ആ സത്യം മനസിലാക്കുന്നു. തൻറെയുള്ളിൽ ദൈവത്തിന് മാത്രം കൊടുക്കേണ്ട ആ സ്ഥാനം എപ്പോഴോ ആ പെൺകുട്ടി അപഹരിച്ചിരിക്കുന്നു !!! അതോടെ അസ്വസ്ഥനാകുന്ന അയാൾ തന്റെ പുരോഹിത വസ്ത്രം അവിടെ ദേവാലയത്തിൽ വച്ചു, അവിടെ നിന്നും പടിയിറങ്ങുകയാണ്. അതിനു കാരണമായി അയാൾ സ്വയം കരുതുന്നത് തന്റെ പങ്കു വയ്ക്കപ്പെട്ട ഹൃദയവും സ്നേഹവുമായി തനിക്ക് പൂർണമായി ദൈവത്തിന്റെതാകാനായി സാധിക്കില്ല എന്നുള്ളതാണ്. അത്തരം ചില പങ്കു വയ്ക്കലുകൾ സന്യാസ ജീവിതത്തിന്റെ ശോഭ കെടുത്തി കളഞ്ഞേക്കാം.

അതിനാൽ ദൈവാന്വേഷണത്തിന്റെ പാത സ്വീകരിക്കുന്നവർ തനിക്കു പ്രിയമായ ചിലത് ഉപേക്ഷിക്കുവാനുള്ള ധൈര്യം കാണിക്കേണ്ടതുണ്ട്. അതുകൊണ്ടാണ്

*Love is a Painful Exodus* എന്ന് ജിത്തു കൃഷ്ണമൂർത്തി പറയുന്നത്. അതുകൊണ്ടു തന്നെ

ഇഷ്ടമുള്ള ചിലതിനെ സ്വന്തമാക്കാതിരിക്കുന്നതിലാണ് സന്യാസ ജീവിതത്തിന്റെ ശ്രേഷ്ഠത. തന്റെ പവിത്രമായ ചില നിയോഗത്തിനു വേണ്ടി ചിലതെല്ലാം ബലി കഴിക്കാൻ അയാൾ ഒരുക്കമാകണം. അതു രക്ത ബന്ധങ്ങളാകാം, സൗഹൃദമാകാം, പ്രണയമാകാം …..

ഫാ.നൗജിൻ വിതയത്തിൽ

നിങ്ങൾ വിട്ടുപോയത്