എറണാകുളം അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തിൽ കുടുംബകൂട്ടായ്മ കേന്ദ്രത്തിന്റെ സാരഥ്യത്തിൽ ആരംഭിക്കുന്ന ആയുസ് ഹെൽത്ത് ക്ലബ്ബുകളുടെ ഉദ്ഘാടനം 2021 3ന് നടത്തി. എറണാകുളം ആർച്ചുബിഷപ്പ് ഹൗസിൽ മാർ ആൻറണി കരിയൽ പിതാവിൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. ടി. ജെ. വിനോദ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.അതിരൂപതയിലെ കുടുംബ കൂട്ടായ്മകൾ വഴി മതഭേദമെന്യേ എല്ലാ കിടപ്പുരോഗികളുടെയും വൃദ്ധ ജനങ്ങളുടെയും സ്വഭവനങ്ങളിലെ പരിചരണം ലക്ഷ്യം വെച്ചുള്ള ഈ പദ്ധതിയിൽ അതാത് വീടുകളിലെ അഭ്യസ്തവിദ്യരും ആരോഗ്യദൃഢഗാത്രരുമായ വ്യക്തികൾക്കാണ്‌ പരിശീലനം നല്കുക. അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ലിസി, ലിറ്റിൽ ഫ്ളവർ ആശുപത്രികളിലെ വിദഗ്ധരുടെ നിരീക്ഷണത്തിൻ കീഴിൽ പരിശീലന സഹായിയായ കൈപുസ്തകവും, പരിശീലന വീഡിയോകളും, അതാത് ക്ലബ്ബുകളിലെ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നതെന്ന് കുടുംബ കൂട്ടായ്മകളുടെ അതിരൂപത ഡയറകട്ർ റവ. ഫാ. രാജൻ പുന്നക്കൽ അറിയിച്ചു.

ഇതിലൂടെ പെട്ടെന്നുണ്ടാകുന്ന മഹാമാരികളെ യഥാവിധി കൈകാര്യം ചെയ്യുവാനും, രോഗീശുശ്രൂഷകർ രോഗബാധിതരാകാതിരിക്കാനും, സമയവും പണവും ലാഭിക്കാനും, ആവശ്യസമയത്ത് ആൾ സഹായവും ശരിയായ നിർദ്ദേശങ്ങളും ലഭ്യമാക്കാനും, സർവ്വോപരി ആരോഗ്യമുള്ള കുടുംബവും സമൂഹവും രൂപപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.

3000 കുടുംബ കൂട്ടായ്മകളുള്ള അതിരൂപതയുടെ നേതൃത്വത്തിൽ നൽകുന്ന പരിശീലനം പൊതു ജനങ്ങൾക്ക് പ്രയോജനം ചെയ്യുമെന്നും സമൂഹത്തിൽ മാറ്റം കൊണ്ടുവരികയും മാതൃകയാവുകയും ചെയ്യുമെന്ന് ശ്രീ ടി ജെ വിനോദ് എംഎൽഎ ഉദ്ഘാടനശേഷം സംസാരിച്ചു. അതിരൂപതയുടെ ക്രിയാത്മക പ്രതികരണത്തിൻെറ പ്രതീകമായി ഈ ഉദ്യമത്തെ കണ്ട മാർ ആൻറണി കരിയിൽ പിതാവ് അതിരൂപതയുടെ കീഴിൽ ആരോഗ്യമേഖലയിൽ ഉള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ക്ലബ്ബിൻറെ ലോഗോ പ്രകാശനം ചെയ്തു. പരിശീലന സഹായി പ്രകാശനം ശ്രീ റോജി എം. ജോൺ എംഎൽഎയും, പരിശീലന വീഡിയോകളുടെ പ്രകാശനം അഡ്വ .എം അനിൽകുമാറും (കൊച്ചി മേയർ) നടത്തി. പരിശീലന സഹായിയുടെ കവർ ചിത്രം തയ്യാറാക്കിയ ഫാ. എബി ഇടശ്ശേരിക്ക് പുരസ്ക്കാരം നൽകി ആദരിച്ചു. വെരി. റവ. ഫാ. ഹോർമിസ് മൈനാട്ടി ( വികാരി ജനറാൾ എറണാകുളം-അങ്കമാലി അതിരൂപത), ശ്രീ ജിജോ ചിറ്റിനപ്പിള്ളി ( ജനറൽ സെക്രട്ടറി സെഹിയോൻപുരം), റവ. ഫാ. റെജു കണ്ണമ്പുഴ (അസിസ്റ്റൻറ് ഡയറക്ടർ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി) , റവ. ഫാ. ജെറി ഞാളിയൻ (അസിസ്റ്റൻറ് ഡയറക്ടർ ലിസി ഹോസ്പിറ്റൽ എറണാകുളം), റവ. ഫാ. പീറ്റർ തിരുത്തനത്തിൽ( ഡയറക്ടർ, ആത്മയോഗ ഇൻസ്റ്റിറ്റ്യൂട്ട്), റവ. ഫാ. ജിജു തുരുത്തിക്കര (അസി. ഡയറക്ടർ, ഫാമിലി അപ്പസ്തോലേറ്റ്), എന്നിവർ ആശംസകൾ അർപ്പിച്ചു.

നിങ്ങൾ വിട്ടുപോയത്