‘
പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിൻ്റെ 100-ാം ജന്മദിന ആഘോഷം ബിഷപ്സ് ഹൗസിൽ നടന്നു

പാലാ: ആഴമായ ആധ്യാത്മികതയുടെ പ്രഭവ സ്രോതസും സഭയെ എക്കാലത്തും വഴിനടത്തിയ നക്ഷത്രവുമാണ് പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലെന്നും ആ നക്ഷത്ര ശോഭയിലൂടെയാണ് സഭ സഞ്ചരിക്കുന്നതെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിൻ്റെ 100-ാം ജന്മദിനത്തോടനുബന്ധിച്ച് പാലാ ബിഷപ്സ് ഹൗസിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പാലാ രൂപത സീറോ മലബാർ സഭയ്ക്ക് എക്കാലത്തും മാതൃകയാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.


കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാർ പള്ളിക്കാപറമ്പിൽ ശരിയായ പാത കാണിച്ചുതന്ന ആത്മീയ നേതാവാണെന്നും ആഗോള ക്രൈസ്തവ ദർശനമുള്ള ആത്മീയ ആചാര്യനാണെന്നും കർദിനാൾ പറഞ്ഞു.

മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും ചേർന്ന് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ് തോമ സ് മേനാംപറമ്പിൽ, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ല റങ്ങാട്ട്, മാർ ഔഗിൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ കേക്ക് മുറിച്ചു. ദൈവം നൽകിയ അവർണനീയമായ ദാനമാണ് തൻ്റെ ജീവിതമെന്നും ദൈവത്തിൻ്റെ കാരുണ്യത്തിനും എല്ലാവർക്കും നന്ദിപറയുന്നതായും മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.”താൻ ഇത്രയും കാലം ആയുസ്സോടെ മുന്നോട്ടുപോകുന്നതിന് പ്രധാനകാരണം മാർ ജോസഫ് കല്ലറങ്ങാട്ടാണെന്ന് ” -മാർ ജോസഫ് പള്ളിക്കാപറമ്പിൽപറഞ്ഞു
ആർച്ച് ബിഷപുമാർ, 40 ൽ അധികം ബിഷപുമാർ, വൈദികർ, മദർ സുപ്പീരിയർമാർ, കന്യാതീകൾ, അൽമായ പ്രതിനിധികൾ, ജനപ്രതിനിധികളായ ജോസ് കെ. മാണി എം.പി, ഫ്രാൻസീസ് ജോർജ് എം.പി, മോൻസ് ജോസഫ് എം.എൽ.എ, മുനിസിപ്പൽ ചെയർപഴ്സൺ ദിയ ബിനു തുടങ്ങി ഒട്ടേറെ പേർ സമ്മേളനത്തിൽ പങ്കെടുത്തു.
സമ്മേളനത്തിനു മുന്നോടിയായി അരമന ചാപ്പലിൽ സായാഹ്ന പ്രാർത്ഥന നടന്നു. രാവിലെ അരമന ചാപ്പലിൽ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരുന്നു.
