വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

രാമപുരം: സീറോ മലബാര്‍ സഭയുടെ സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി രാമപുരത്ത് സമുദായ സമ്മേളനം സംഘടിപ്പിച്ചു. പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ 227-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.


​സമൂഹത്തിന്റെയും സഭയുടെയും നവോത്ഥാനത്തിനായി ശാന്തമായും എന്നാൽ ഉറച്ച നിലപാടുകളോടെയും പ്രവര്‍ത്തിച്ച വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ മുദ്രാവാക്യം വിളിക്കാത്ത വിപ്ലവകാരിയാണെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷ പ്രസംഗത്തിൽ വിശേഷിപ്പിച്ചു. സഭയുടെ ചരിത്രത്തില്‍ രാമപുരത്തിനുള്ള വലിയ പ്രാധാന്യവും വിവിധ മതസ്ഥരുടെ സൗഹൃദവും അദ്ദേഹം എടുത്തുപറഞ്ഞു. ചെറിയ വിദ്യാഭ്യാസം മാത്രം നേടി യുവാക്കൾ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നതിലൂടെ അവരുടെ ബൗദ്ധികവും ആത്മീയവുമായ കഴിവുകള്‍ നഷ്ടപ്പെടുത്തുന്ന പ്രവണത വർദ്ധിക്കുന്നതിലെ ആശങ്കയും ബിഷപ്പ് പങ്കുവെച്ചു. സഭയ്ക്കും പള്ളികൾക്കുമായി പതിറ്റാണ്ടുകളോളം അധ്വാനിച്ച കാപ്യാരച്ചന്മാരുടെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നും, അവരുടെ ചിത്രങ്ങള്‍ സങ്കീര്‍ത്തിയില്‍ സ്ഥാപിക്കാന്‍ വൈദികര്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​സമ്മേളനത്തിന് മുന്നോടിയായി വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും പാറേമ്മാക്കല്‍ തോമാക്കത്തനാരുടെയും കബറിടങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഏറ്റുവാങ്ങി. സഭയ്ക്കും നാടിനും നൽകിയ മഹത്തായ സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് ഇരുവരുടെയും കുടുംബ പ്രതിനിധികളാണ് ദീപശിഖ കൈമാറിയത്.

രാമപുരം ഫൊറോനാപ്പള്ളി വികാരി വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, പാലാ രൂപത സിഞ്ചെല്ലൂസ് മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മദ്യവിരുദ്ധ സമിതി ഡയറക്ടർ റവ. ഫാ. ജോസഫ് വെള്ളമരുതുങ്കൽ, ഡി.സി.എം.എസ് പാലാ രൂപത പ്രസിഡന്റ് ബിനോയി ജോൺ അമ്പലംകട്ടയിൽ, മാതൃവേദി രൂപത പ്രസിഡന്റ് ഷേർലി ചെറിയാൻ മണ്ടപത്തിപറമ്പിൽ, സൺഡേ സ്കൂൾ ഹെഡ്‌മിസ്ട്രസ് ഷീബ ബിനോയി പള്ളിപ്പറമ്പിൽ, ഫൊറോന പള്ളി കൈക്കാരൻ സജി മിറ്റത്താനിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്